അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥന

[ 24 - Aya Sections Listed ]
Surah No:1
Al-Faatiha
5 - 5
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.(5)
Surah No:2
Al-Baqara
186 - 186
നിന്നോട്‌ എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക്‌ ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.(186)
Surah No:6
Al-An'aam
40 - 41
(നബിയേ,) പറയുക: നിങ്ങളൊന്ന്‌ പറഞ്ഞുതരൂ; അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്ക്‌ വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക്‌ വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുമോ ? (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.(40)ഇല്ല, അവനെ മാത്രമേ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്‍റെ പേരില്‍ നിങ്ങളവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നുവോ അതവന്‍ ദൂരീകരിച്ച്‌ തരുന്നതാണ്‌. നിങ്ങള്‍ (അവനോട്‌) പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ (അപ്പോള്‍) മറന്നുകളയും.(41)
Surah No:6
Al-An'aam
52 - 52
തങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട്‌ രാവിലെയും വൈകുന്നേരവും അവനോട്‌ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്‌. അവരുടെ കണക്ക്‌ നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്‍റെ കണക്ക്‌ നോക്കേണ്ട യാതൊരു ബാധ്യതയും അവര്‍ക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നത്‌ ? അങ്ങനെ ചെയ്യുന്ന പക്ഷം നീ അക്രമികളില്‍ പെട്ടവനായിരിക്കും.(52)
Surah No:6
Al-An'aam
71 - 71
പറയുക: അല്ലാഹുവിന്‌ പുറമെ ഞങ്ങള്‍ക്ക്‌ ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ഞങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയതിനു ശേഷം ഞങ്ങള്‍ പുറകോട്ട്‌ മടക്കപ്പെടുകയോ? (എന്നിട്ട്‌) പിശാചുക്കള്‍ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട്‌ ഭൂമിയില്‍ അന്ധാളിച്ച്‌ കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?) ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്നു പറഞ്ഞുകൊണ്ട്‌ അവനെ നേര്‍വഴിയിലേക്ക്‌ ക്ഷണിച്ചു കൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട്‌ അവന്ന്‌. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ്‌ യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. ലോകരക്ഷിതാവിന്‌ കീഴ്പെടുവാനാണ്‌ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌.(71)
Surah No:7
Al-A'raaf
29 - 29
പറയുക: എന്‍റെ രക്ഷിതാവ്‌ നീതിപാലിക്കാനാണ്‌ കല്‍പിച്ചിട്ടുള്ളത്‌. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക്‌ തിരിച്ച്‌) നിര്‍ത്തുകയും കീഴ്‌വണക്കം അവന്‌ മാത്രമാക്കി കൊണ്ട്‌ അവനോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക്‌ തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു.(29)
Surah No:7
Al-A'raaf
55 - 56
താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക. പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.(55)ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക്‌ സമീപസ്ഥമാകുന്നു.(56)
Surah No:7
Al-A'raaf
180 - 180
അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.(180)
Surah No:10
Yunus
106 - 106
അല്ലാഹുവിന്‌ പുറമെ നിനക്ക്‌ ഉപകാരം ചെയ്യാത്തതും, നിനക്ക്‌ ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും.(106)
Surah No:13
Ar-Ra'd
14 - 14
അവനോടുള്ളതുമാത്രമാണ്‌ ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക്‌ യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത്‌ (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.(14)
Surah No:16
An-Nahl
20 - 20
അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20)
Surah No:17
Al-Israa
56 - 56
(നബിയേ,) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച്‌ പോന്നവരെ നിങ്ങള്‍ വിളിച്ച്‌ നോക്കൂ. നിങ്ങളില്‍ നിന്ന്‌ ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല.(56)
Surah No:18
Al-Kahf
14 - 14
ഞങ്ങളുടെ രക്ഷിതാവ്‌ ആകാശഭൂമികളുടെ രക്ഷിതാവ്‌ ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക്‌ പറഞ്ഞവരായി പോകും. എന്ന്‌ അവര്‍ എഴുന്നേറ്റ്‌ നിന്ന്‌ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ്‌ നല്‍കുകയും ചെയ്തു.(14)
Surah No:18
Al-Kahf
28 - 28
തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്‌ കാലത്തും വൈകുന്നേരവും അവനോട്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട്‌ നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌.(28)
Surah No:22
Al-Hajj
62 - 62
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ്‌ സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ്‌ നിരര്‍ത്ഥകമായിട്ടുള്ളത്‌. അല്ലാഹു തന്നെയാണ്‌ ഉന്നതനും മഹാനുമായിട്ടുള്ളവന്‍.(62)
Surah No:23
Al-Muminoon
117 - 117
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ്‌ വല്ല ദൈവത്തെയും വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന്‌ അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.(117)
Surah No:25
Al-Furqaan
68 - 68
അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.(68)
Surah No:31
Luqman
30 - 30
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ്‌ സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നതെല്ലാം വ്യര്‍ത്ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.(30)
Surah No:32
As-Sajda
16 - 16
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട്‌ അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌ അവര്‍ ചെലവഴിക്കുകയും ചെയ്യും.(16)
Surah No:40
Al-Ghaafir
14 - 14
അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അവിശ്വാസികള്‍ക്ക്‌ അനിഷ്ടകരമായാലും ശരി.(14)
Surah No:40
Al-Ghaafir
60 - 60
നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.(60)
Surah No:40
Al-Ghaafir
65 - 65
അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ നിങ്ങള്‍ അവനോട്‌ പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന്‌ സ്തുതി.(65)
Surah No:41
Fussilat
33 - 33
അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌?(33)
Surah No:46
Al-Ahqaf
5 - 5
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.(5)