അല്ലാഹുവിനു പങ്കുകാരില്ല

[ 17 - Aya Sections Listed ]
Surah No:2
Al-Baqara
255 - 255
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.(255)
Surah No:3
Aal-i-Imraan
2 - 2
അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.(2)
Surah No:3
Aal-i-Imraan
26 - 26
പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്‌. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.(26)
Surah No:6
Al-An'aam
18 - 18
അവന്‍ തന്‍റെ ദാസന്‍മാരുടെ മേല്‍ പരമാധികാരമുള്ളവനാണ്‌. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവന്‍.(18)
Surah No:6
Al-An'aam
56 - 56
(നബിയേ,) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന്‌ തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞാന്‍ പിഴച്ചു കഴിഞ്ഞു; സന്‍മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തില്‍ ഞാന്‍ ആയിരിക്കുകയുമില്ല.(56)
Surah No:6
Al-An'aam
161 - 161
പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ എന്നെ നേരായ പാതയിലേക്ക്‌ നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്‌. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്രാഹീമിന്‍റെ ആദര്‍ശത്തിലേക്ക്‌. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.(161)
Surah No:6
Al-An'aam
163 - 165
അവന്ന്‌ പങ്കുകാരേയില്ല. അപ്രകാരമാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌.(163)പറയുക: രക്ഷിതാവായിട്ട്‌ അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത്‌ വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക്‌ മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ്‌ നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്‌.(164)അവനാണ്‌ നിങ്ങളെ ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശികളാക്കിയത്‌. നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പദവികളില്‍ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു.(165)
Surah No:10
Yunus
32 - 32
അവനാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്‍ത്ഥമായുള്ളതിന്‌ പുറമെ വഴികേടല്ലാതെ എന്താണുള്ളത്‌? അപ്പോള്‍ എങ്ങനെയാണ്‌ നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്‌?(32)
Surah No:10
Yunus
104 - 105
പറയുക: ജനങ്ങളേ, എന്‍റെ മതത്തെ സംബന്ധിച്ച്‌ നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ മനസ്സിലാക്കുക;) അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല. പക്ഷെ നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌.(104)വക്രതയില്ലാത്തവനായിക്കൊണ്ട്‌ നിന്‍റെ മുഖം മതത്തിന്‌ നേരെയാക്കി നിര്‍ത്തണമെന്നും നീ ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരിക്കരുതെന്നും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.)(105)
Surah No:16
An-Nahl
51 - 51
അല്ലാഹു അരുളിയിരിക്കുന്നു: രണ്ട്‌ ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്‌. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ (ഏകദൈവമായ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍.(51)
Surah No:20
Taa-Haa
14 - 14
തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.(14)
Surah No:27
An-Naml
26 - 26
മഹത്തായ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല.(26)
Surah No:30
Ar-Room
30 - 30
ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്‍റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല.(30)
Surah No:43
Az-Zukhruf
82 - 82
എന്നാല്‍ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌, സിംഹാസനത്തിന്‍റെ നാഥന്‍ അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്ന്‌ എത്രയോ പരിശുദ്ധനത്രെ.(82)
Surah No:43
Az-Zukhruf
84 - 84
അവനാകുന്നു ആകാശത്ത്‌ ദൈവമായിട്ടുള്ളവനും, ഭൂമിയില്‍ ദൈവമായിട്ടുള്ളവനും.അവനാകുന്നു യുക്തിമാനും സര്‍വ്വജ്ഞനും.(84)
Surah No:64
At-Taghaabun
13 - 13
അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്‌.(13)
Surah No:109
Al-Kaafiroon
1 - 6
(നബിയേ,) പറയുക: അവിശ്വാസികളേ,(1)നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.(2)ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.(3)നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.(4)ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.(5)നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.(6)