ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളേറെ

[ 32 - Aya Sections Listed ]
Surah No:2
Al-Baqara
164 - 164
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച.(164)
Surah No:3
Aal-i-Imraan
190 - 190
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.(190)
Surah No:13
Ar-Ra'd
2 - 4
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌ കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന്‌ വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.(2)അവനാണ്‌ ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈ രണ്ട്‌ ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട്‌ പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(3)ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന്‌ പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന്‌ വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ്‌ അത്‌ നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(4)
Surah No:13
Ar-Ra'd
12 - 13
ഭയവും ആശയും ജനിപ്പിച്ച്‌ കൊണ്ട്‌ നിങ്ങള്‍ക്ക്‌ മിന്നല്‍പിണര്‍ കാണിച്ചുതരുന്നത്‌ അവനത്രെ. (ജല) ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.(12)ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍(അവിശ്വാസികള്‍) അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍.(13)
Surah No:15
Al-Hijr
19 - 23
ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ്‌ നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.(19)നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.(20)യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത്‌ ഇറക്കുന്നതല്ല.(21)മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌ അത്‌ കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത്‌ സംഭരിച്ച്‌ വെക്കാന്‍ കഴിയുമായിരുന്നില്ല.(22)തീര്‍ച്ചയായും, നാം തന്നെയാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. (എല്ലാറ്റിന്‍റെയും) അനന്തരാവകാശിയും നാം തന്നെയാണ്‌.(23)
Surah No:21
Al-Anbiyaa
30 - 33
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?(30)ഭൂമി അവരെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വ്വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.(31)ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.(32)അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.(33)
Surah No:22
Al-Hajj
5 - 5
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച്‌ നോക്കുക:) തീര്‍ച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ ബീജത്തില്‍ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു.(5)
Surah No:23
Al-Muminoon
12 - 22
തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു.(12)പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു.(13)പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.(14)പിന്നീട്‌ തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.(15)പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌.(16)തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ മീതെ നാം ഏഴുപഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല.(17)ആകാശത്തു നിന്ന്‌ നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട്‌ നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത്‌ വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.(18)അങ്ങനെ അത്‌ (വെള്ളം) കൊണ്ട്‌ നാം നിങ്ങള്‍ക്ക്‌ ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. . അവയില്‍ നിങ്ങള്‍ക്ക്‌ ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.(19)സീനാപര്‍വ്വതത്തില്‍ മുളച്ചു വരുന്ന ഒരു മരവും (നാം സൃഷ്ടിച്ചു തന്നിരിക്കുന്നു.) എണ്ണയും, ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ കറിയും അത്‌ ഉല്‍പാദിപ്പിക്കുന്നു.(20)തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക്‌ അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്‌. അവയില്‍ നിന്ന്‌ (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.(21)അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു.(22)
Surah No:24
An-Noor
44 - 46
അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക്‌ ഒരു ചിന്താവിഷയമുണ്ട്‌.(44)എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.(45)(യാഥാര്‍ത്ഥ്യം) വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങള്‍ നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക്‌ നയിക്കുന്നു.(46)
Surah No:29
Al-Ankaboot
19 - 20
അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന്‌ അവര്‍ ചിന്തിച്ച്‌ നോക്കിയില്ലേ? തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെ.(19)പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന്‌ നോക്കൂ. പിന്നീട്‌ അല്ലാഹു അവസാനം മറ്റൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.(20)
Surah No:30
Ar-Room
8 - 11
അവരുടെ സ്വന്തത്തെപ്പറ്റി അവര്‍ ചിന്തിച്ച്‌ നോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരവും നിര്‍ണിതമായ അവധിയോട്‌ കൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതില്‍ വിശ്വാസമില്ലാത്തവരത്രെ.(8)അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുന്നില്ലേ? അവര്‍ ഇവരേക്കാള്‍ കൂടുതല്‍ ശക്തിയുള്ളവരായിരുന്നു. അവര്‍ ഭൂമി ഉഴുതുമറിക്കുകയും, ഇവര്‍ അധിവാസമുറപ്പിച്ചതിനെക്കാള്‍ കൂടുതല്‍ അതില്‍ അധിവാസമുറപ്പിക്കുകയും ചെയ്തു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായി. എന്നാല്‍ അല്ലാഹു അവരോട്‌ അക്രമം ചെയ്യുകയുണ്ടായിട്ടില്ല. പക്ഷെ, അവര്‍ തങ്ങളോട്‌ തന്നെ അക്രമം ചെയ്യുകയായിരുന്നു.(9)പിന്നീട്‌, ദുഷ്പ്രവൃത്തി ചെയ്തവരുടെ പര്യവസാനം ഏറ്റവും മോശമായിത്തീര്‍ന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച്‌ തള്ളുകയും അവയെപ്പറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.(10)അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട്‌ അത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവങ്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.(11)
Surah No:30
Ar-Room
50 - 51
അപ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജീവമായിരുന്നതിന്‌ ശേഷം എങ്ങനെയാണ്‌ അവന്‍ അതിന്‌ ജീവന്‍ നല്‍കുന്നത്‌? തീര്‍ച്ചയായും അത്‌ ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.(50)ഇനി നാം മറ്റൊരു കാറ്റ്‌ അയച്ചിട്ട്‌ അത്‌ (കൃഷി) മഞ്ഞനിറം ബാധിച്ചതായി അവര്‍ കണ്ടാല്‍ അതിന്‌ ശേഷവും അവര്‍ നന്ദികേട്‌ കാണിക്കുന്നവരായിക്കൊണേ്ടയിരിക്കുന്നതാണ്‌.(51)
Surah No:31
Luqman
10 - 10
നിങ്ങള്‍ക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത്‌ നിന്ന്‌ നാം വെള്ളം ചൊരിയുകയും, എന്നിട്ട്‌ വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു.(10)
Surah No:35
Faatir
9 - 9
അല്ലാഹുവാണ്‌ കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട്‌ ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക്‌ നാം തെളിച്ചുകൊണ്ട്‌ പോകുകയും, അതുമുഖേന ഭൂമിയെ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്‌.(9)
Surah No:35
Faatir
11 - 13
അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട്‌ ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ്‌ നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ്‌ നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ്‌ വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത്‌ അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത്‌ അല്ലാഹുവിന്‌ എളുപ്പമുള്ളതാകുന്നു.(11)രണ്ടു ജലാശയങ്ങള്‍ സമമാവുകയില്ല. ഒന്ന്‌ കുടിക്കാന്‍ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം, മറ്റൊന്ന്‌ കയ്പുറ്റ ഉപ്പു വെള്ളവും. രണ്ടില്‍ നിന്നും നിങ്ങള്‍ പുത്തന്‍മാംസം എടുത്ത്‌ തിന്നുന്നു. നിങ്ങള്‍ക്ക്‌ ധരിക്കുവാനുള്ള ആഭരണം (അതില്‍ നിന്ന്‌) പുറത്തെടുക്കുകയും ചെയ്യുന്നു. അതിലൂടെ കപ്പലുകള്‍ കീറിക്കടന്നു പോകുന്നതും നിനക്ക്‌ കാണാം. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നും നിങ്ങള്‍ തേടിപ്പിടിക്കുവാന്‍ വേണ്ടിയും നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമത്രെ അത്‌.(12)രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.(13)
Surah No:35
Faatir
27 - 28
നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത്‌ നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട്‌ വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്‌.(27)മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത്‌ അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(28)
Surah No:35
Faatir
44 - 45
അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കിയില്ലേ? അവര്‍ ഇവരെക്കാള്‍ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോല്‍പിക്കാനാവില്ല. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു.(44)അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ (ഉടനെതന്നെ) പിടിച്ച്‌ ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത്‌ ഒരു ജന്തുവെയും അവന്‍ വിട്ടേക്കുകയില്ലായിരുന്നു. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവരെ അവന്‍ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ (അവര്‍ക്ക്‌ രക്ഷപ്പെടാനാവില്ല.) കാരണം, തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.(45)
Surah No:36
Yaseen
33 - 41
അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌; നിര്‍ജീവമായ ഭൂമി. അതിന്‌ നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന്‌ നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട്‌ അതില്‍ നിന്നാണ്‌ അവര്‍ ഭക്ഷിക്കുന്നത്‌.(33)ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം ഉറവിടങ്ങള്‍ ഒഴുക്കുകയും ചെയ്തു.(34)അതിന്‍റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?(35)ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!(36)രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.(37)സൂര്യന്‍ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.(38)ചന്ദ്രന്‌ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്‌ പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.(39)സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.(40)അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട്‌ പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു.(41)
Surah No:39
Az-Zumar
5 - 6
ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.(5)ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന്‌ അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ അതില്‍ നിന്ന്‌ അതിന്‍റെ ഇണയെയും അവന്‍ ഉണ്ടാക്കി. കന്നുകാലികളില്‍ നിന്ന്‌ എട്ടു ജോഡികളെയും അവന്‍ നിങ്ങള്‍ക്ക്‌ ഇറക്കിതന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്ന്‌ തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ്‌ ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ്‌ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?(6)
Surah No:39
Az-Zumar
42 - 42
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(42)
Surah No:40
Al-Ghaafir
21 - 22
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക്‌ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ ഇവര്‍ക്ക്‌ നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും ഭൂമിയില്‍ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടും ഇവരെക്കാള്‍ കരുത്തരായിരുന്നു. എന്നിട്ട്‌ അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ അവര്‍ക്ക്‌ കാവല്‍ നല്‍കാന്‍ ആരുമുണ്ടായില്ല.(21)അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട്‌ അവര്‍ അവിശ്വസിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അവന്‍ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ.(22)
Surah No:40
Al-Ghaafir
79 - 85
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌ വേണ്ടി കന്നുകാലികളെ സൃഷ്ടിച്ചു തന്നവന്‍. അവയില്‍ ചിലതിനെ നിങ്ങള്‍ വാഹനമായി ഉപയോഗിക്കുന്നതിന്‌ വേണ്ടി. അവയില്‍ ചിലതിനെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.(79)നിങ്ങള്‍ക്ക്‌ അവയില്‍ പല പ്രയോജനങ്ങളുമുണ്ട്‌. അവ മുഖേന നിങ്ങളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യത്തിലും നിങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്നു. അവയുടെ പുറത്തും കപ്പലുകളിലുമായി നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു.(80)അവന്‍റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക്‌ കാണിച്ചുതരികയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ എതൊന്നിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?(81)എന്നാല്‍ അവര്‍ക്ക്‌ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ കാണാന്‍ അവര്‍ ഭൂമിയില്‍ സഞ്ചരിച്ചു നോക്കിയിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ എണ്ണം കൂടിയവരും, ശക്തികൊണ്ടും ഭൂമിയില്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങള്‍ കൊണ്ടും ഏറ്റവും പ്രബലന്‍മാരുമായിരുന്നു. എന്നിട്ടും അവര്‍ നേടിയെടുത്തിരുന്നതൊന്നും അവര്‍ക്ക്‌ പ്രയോജനപ്പെട്ടില്ല.(82)അങ്ങനെ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ അവരുടെ പക്കലുള്ള അറിവുകൊണ്ട്‌ അവര്‍ തൃപ്തിയടയുകയാണ്‌ ചെയ്തത്‌. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അത്‌ (ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി.(83)എന്നിട്ട്‌ നമ്മുടെ ശിക്ഷ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും അവനോട്‌ ഞങ്ങള്‍ പങ്കുചേര്‍ത്തിരുന്നതില്‍ (ദൈവങ്ങളില്‍) ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു.(84)എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക്‌ പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. അവിടെ സത്യനിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു.(85)
Surah No:41
Fussilat
37 - 39
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.(37)ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. അവര്‍ക്ക്‌ മടുപ്പ്‌ തോന്നുകയില്ല.(38)നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട്‌ അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന്‌ ചലനമുണ്ടാവുകയും അത്‌ വളരുകയും ചെയ്യുന്നു. ഇതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന്‌ ജീവന്‍ നല്‍കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്‍കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.(39)
Surah No:41
Fussilat
53 - 53
ഇത്‌ (ഖുര്‍ആന്‍) സത്യമാണെന്ന്‌ അവര്‍ക്ക്‌ വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക്‌ കാണിച്ചുകൊടുക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ്‌ ഏത്‌ കാര്യത്തിനും സാക്ഷിയാണ്‌ എന്നതു തന്നെ മതിയായതല്ലേ?(53)
Surah No:45
Al-Jaathiya
3 - 3
തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.(3)
Surah No:45
Al-Jaathiya
6 - 6
അല്ലാഹുവിന്‍റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക്‌ അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്‍റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌?(6)
Surah No:50
Qaaf
6 - 11
അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക്‌ അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ്‌ നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന്‌ വിടവുകളൊന്നുമില്ല.(6)ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.(7)(സത്യത്തിലേക്ക്‌) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.(8)ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.(9)അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.(10)(നമ്മുടെ) ദാസന്‍മാര്‍ക്ക്‌ ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത്‌ മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്‌.(11)
Surah No:51
Adh-Dhaariyat
47 - 49
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.(47)ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത്‌ വിതാനിച്ചവന്‍ എത്ര നല്ലവന്‍!(48)എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട്‌ ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.(49)
Surah No:55
Ar-Rahmaan
7 - 25
ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ്‌ അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.(7)നിങ്ങള്‍ തുലാസില്‍ ക്രമക്കേട്‌ വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്‌.(8)നിങ്ങള്‍ നീതി പൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്‌.(9)ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു.(10)അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്‌.(11)വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്‌.(12)അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?(13)കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന്‌ മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.(14)തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന്‌ ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.(15)അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?(16)രണ്ട്‌ ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട്‌ അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.(17)അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?(18)രണ്ട്‌ കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.(19)അവ രണ്ടിനുമിടക്ക്‌ അവ അന്യോന്യം അതിക്രമിച്ച്‌ കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.(20)അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?(21)അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.(22)അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?(23)സമുദ്രത്തില്‍ (സഞ്ചരിക്കുവാന്‍) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു.(24)അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?(25)
Surah No:56
Al-Waaqia
57 - 74
നാമാണ്‌ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ്‌ (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്‌?(57)അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?(58)നിങ്ങളാണോ അത്‌ സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌?(59)നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.(60)(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക്‌ അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍(61)ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട്‌ ആലോചിച്ചു നോക്കുന്നില്ല.(62)എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?(63)നിങ്ങളാണോ അത്‌ മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത്‌ മുളപ്പിച്ച്‌ വളര്‍ത്തുന്നവന്‍?(64)നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത്‌ (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു;(65)തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.(66)അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌.(67)ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?(68)നിങ്ങളാണോ അത്‌ മേഘത്തിന്‍ നിന്ന്‌ ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍?.(69)നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത്‌ നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌?(70)നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?(71)നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?(72)നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക്‌ ഒരു ജീവിതസൌകര്യവും.(73)ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.(74)
Surah No:65
At-Talaaq
2 - 2
അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച്‌ നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക്‌ ഉപദേശം നല്‍കപ്പെടുന്നതത്രെ അത്‌. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും,(2)
Surah No:88
Al-Ghaashiya
17 - 20
ഒട്ടകത്തിന്‍റെ നേര്‍ക്ക്‌ അവര്‍ നോക്കുന്നില്ലേ? അത്‌ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.(17)ആകാശത്തേക്ക്‌ (അവര്‍ നോക്കുന്നില്ലേ?) അത്‌ എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.(18)പര്‍വ്വതങ്ങളിലേക്ക്‌ (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.(19)ഭൂമിയിലേക്ക്‌ (അവര്‍ നോക്കുന്നില്ലേ?) അത്‌ എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌(20)