കപടന്മാര്‍

[ 10 - Aya Sections Listed ]
Surah No:2
Al-Baqara
8 - 14
ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്ന ചില ആളുകളുണ്ട്‌ ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല.(8)അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ്‌ ചെയ്യുന്നത്‌. അവരത്‌ മനസ്സിലാക്കുന്നില്ല.(9)അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ്‌ അവര്‍ക്കുണ്ടായിരിക്കുക.(10)നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത്‌ എന്നായിരിക്കും അവരുടെ മറുപടി.(11)എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത്‌ മനസ്സിലാക്കുന്നില്ല.(12)മറ്റുള്ളവര്‍ വിശ്വസിച്ചത്‌ പോലെ നിങ്ങളും വിശ്വസിക്കൂ എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത്‌ പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത്‌ അറിയുന്നില്ല.(13)വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത്‌ തനിച്ചാകുമ്പോള്‍ അവരോട്‌ പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു.(14)
Surah No:3
Aal-i-Imraan
167 - 168
നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത്‌ നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന്‌ കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന്‌ പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌. അന്ന്‌ സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക്‌ അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട്‌ അവര്‍ പറയുന്നത്‌ അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്‌. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.(167)(യുദ്ധത്തിന്‌ പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന്‌ പോയ) സഹോദരങ്ങളെപ്പറ്റി, ഞങ്ങളുടെ വാക്ക്‌ സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല എന്ന്‌ പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന്‌ നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.(168)
Surah No:4
An-Nisaa
60 - 60
നിനക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിനക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌ ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക്‌ വിധിതേടിപ്പോകാനാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ്‌ അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. പിശാച്‌ അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു.(60)
Surah No:4
An-Nisaa
65 - 65
ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത്‌ പൂര്‍ണ്ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.(65)
Surah No:4
An-Nisaa
88 - 89
എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ്‌ രണ്ട്‌ കക്ഷികളാകുന്നത്‌? അവര്‍ സമ്പാദിച്ചുണ്ടാക്കിയത്‌ (തിന്‍മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്‌. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന്‌ ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.(88)അവര്‍ അവിശ്വസിച്ചത്‌ പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ്‌ അവര്‍ കൊതിക്കുന്നത്‌. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട്‌ വിട്ടുവരുന്നതു വരെ അവരില്‍ നിന്ന്‌ നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച്‌ പോകരുത്‌. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച്‌ നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന്‌ യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്‌.(89)
Surah No:4
An-Nisaa
138 - 145
കപടവിശ്വാസികള്‍ക്ക്‌ വേദനയേറിയ ശിക്ഷയുണ്ട്‌ എന്ന സന്തോഷവാര്‍ത്ത നീ അവരെ അറിയിക്കുക.(138)സത്യവിശ്വാസികളെ വിട്ട്‌ സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്‍. അവരുടെ (സത്യനിഷേധികളുടെ) അടുക്കല്‍ പ്രതാപം തേടിപ്പോകുകയാണോ അവര്‍? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു.(139)അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത്‌ വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച്‌ അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും.(140)നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ (കപടവിശ്വാസികള്‍) നിങ്ങള്‍ക്ക്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്‌. ഇനി അവിശ്വാസികള്‍ക്കാണ്‌ വല്ല നേട്ടവുമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും; നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന്‌ നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്ന്‌. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്‌. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക്‌ വഴി തുറന്നുകൊടുക്കുന്നതല്ല.(141)തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ്‌ വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന്‌ നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ്‌ നില്‍ക്കുന്നത്‌. കുറച്ച്‌ മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.(142)ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന്‌ പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല.(143)സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?(144)തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല.(145)
Surah No:9
At-Tawba
67 - 68
കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന്‌ വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ്‌ ധിക്കാരികള്‍.(67)കപടവിശ്വാസികള്‍ക്കും കപടവിശ്വാസിനികള്‍ക്കും, സത്യനിഷേധികള്‍ക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതു മതി. അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക്‌ സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്‌.(68)
Surah No:9
At-Tawba
73 - 80
നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.(73)തങ്ങള്‍ (അങ്ങനെ) പറഞ്ഞിട്ടില്ല എന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത്‌ പറയും, തീര്‍ച്ചയായും അവിശ്വാസത്തിന്‍റെ വാക്ക്‌ അവര്‍ ഉച്ചരിക്കുകയും, ഇസ്ലാം സ്വീകരിച്ചതിനു ശേഷം അവര്‍ അവിശ്വസിച്ച്‌ കളയുകയും അവര്‍ക്ക്‌ നേടാന്‍ കഴിയാത്ത കാര്യത്തിന്‌ അവര്‍ ആലോചന നടത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അവനും അവന്‍റെ ദൂതനും അവര്‍ക്ക്‌ ഐശ്വര്യമുണ്ടാക്കികൊടുത്തു എന്നതൊഴിച്ച്‌ അവരുടെ എതിര്‍പ്പിന്‌ ഒരു കാരണവുമില്ല. ആകയാല്‍ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതവര്‍ക്ക്‌ ഉത്തമമായിരിക്കും. അവര്‍ പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അല്ലാഹു അവര്‍ക്ക്‌ ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്‌. ഭൂമിയില്‍ അവര്‍ക്ക്‌ ഒരു മിത്രമോ സഹായിയോ ഉണ്ടായിരിക്കുകയുമില്ല.(74)അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന്‌ അവനുമായി കരാര്‍ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്‌.(75)എന്നിട്ട്‌ അവന്‍ അവര്‍ക്ക്‌ തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ നല്‍കിയപ്പോള്‍ അവര്‍ അതില്‍ പിശുക്ക്‌ കാണിക്കുകയും, അവഗണിച്ചുകൊണ്ട്‌ തിരിഞ്ഞുകളയുകയും ചെയ്തു.(76)അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ്‌ അതിന്‍റെ അനന്തരഫലമായി അവന്‍ അവര്‍ക്ക്‌ നല്‍കിയത്‌. അല്ലാഹുവോട്‌ അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത്‌ കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്‌.(77)അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ?(78)സത്യവിശ്വാസികളില്‍ നിന്ന്‌ ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും, സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്‌. അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണുള്ളത്‌.(79)(നബിയേ,) നീ അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്ക്‌ വേണ്ടി എഴുപത്‌ പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക്‌ പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിച്ചത്‌ കൊണ്ടത്രെ അത്‌. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(80)
Surah No:24
An-Noor
47 - 50
അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌. പിന്നെ അതിന്‌ ശേഷം അവരില്‍ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ.(47)അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു.(48)ന്യായം അവര്‍ക്ക്‌ അനുകൂലമാണെങ്കിലോ അവര്‍ അദ്ദേഹത്തിന്‍റെ (റസൂലിന്‍റെ) അടുത്തേക്ക്‌ വിധേയത്വത്തോട്‌ കൂടി വരികയും ചെയ്യും.(49)അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക്‌ സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്‍റെ റസൂലും അവരോട്‌ അനീതി പ്രവര്‍ത്തിക്കുമെന്ന്‌ അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍.(50)
Surah No:33
Al-Ahzaab
12 - 19
നമ്മോട്‌ അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.(12)യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന്‌ അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.(13)അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.(14)തങ്ങള്‍ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവര്‍ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.(15)(നബിയേ,) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല.(16)പറയുക: അല്ലാഹു നിങ്ങള്‍ക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക്‌ വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.(17)നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട്‌ ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്ന്‌ പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന്‌ ചെല്ലുകയില്ല.(18)നിങ്ങള്‍ക്കെതിരില്‍ പിശുക്ക്‌ കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ (യുദ്ധ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക്‌ കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട്‌ മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട്‌ അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.(19)