അനുകരണം അന്ധമായി

[ 6 - Aya Sections Listed ]
Surah No:2
Al-Baqara
166 - 167
പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട്‌ ഒഴിഞ്ഞ്‌ മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്‌.)(166)പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും : ഞങ്ങള്‍ക്ക്‌ (ഇഹലോകത്തേക്ക്‌) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞ്‌ മാറിയത്‌ പോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക്‌ ഖേദത്തിന്‌ കാരണമായി ഭവിച്ചത്‌ അല്ലാഹു അവര്‍ക്ക്‌ കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന്‌ അവര്‍ക്ക്‌ പുറത്ത്‌ കടക്കാനാകുകയുമില്ല.(167)
Surah No:2
Al-Baqara
170 - 170
അല്ലാഹു അവതരിപ്പിച്ചത്‌ നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച്‌ മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)(170)
Surah No:14
Ibrahim
21 - 21
അവരെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ പുറപ്പെട്ട്‌ വന്നിരിക്കുകയാണ്‌. അപ്പോഴതാ ദുര്‍ബലര്‍ അഹങ്കരിച്ചിരുന്നവരോട്‌ പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ അല്‍പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന്‌ ഒഴിവാക്കിത്തരുമോ? അവര്‍ (അഹങ്കരിച്ചിരുന്നവര്‍) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട്‌ കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക്‌ യാതൊരു രക്ഷാമാര്‍ഗവുമില്ല.(21)
Surah No:17
Al-Israa
36 - 36
നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.(36)
Surah No:39
Az-Zumar
3 - 3
അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.(3)
Surah No:42
Ash-Shura
41 - 41
താന്‍ മര്‍ദ്ദിക്കപ്പെട്ടതിന്‌ ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ (കുറ്റം ചുമത്താന്‍) യാതൊരു മാര്‍ഗവുമില്ല.(41)