പരമാധികാരം അല്ലാഹുവിന്ന്‍

[ 9 - Aya Sections Listed ]
Surah No:2
Al-Baqara
255 - 255
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.(255)
Surah No:6
Al-An'aam
51 - 51
തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്‌ ഭയപ്പെടുന്നവര്‍ക്ക്‌ ഇത്‌ (ദിവ്യബോധനം) മുഖേന നീ താക്കീത്‌ നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.(51)
Surah No:6
Al-An'aam
70 - 70
തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട്‌ വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക്‌ തള്ളപ്പെടുമെന്നതിനാല്‍ ഇത്‌ (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന്‌ പുറമെ ആ ആത്മാവിന്‌ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത്‌ സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത്‌ വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക്‌ തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ്‌ അവര്‍ക്കുണ്ടായിരിക്കുക.(70)
Surah No:7
Al-A'raaf
53 - 53
അതിലുള്ളത്‌ പുലര്‍ന്ന്‌ കാണുക എന്നതല്ലാതെ മറ്റുവല്ലതുമാണോ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്‌? മുമ്പ്‌ അതിനെ മറന്നുകളഞ്ഞവര്‍ അതിന്‍റെ പുലര്‍ച്ചവന്നെത്തുന്ന ദിവസത്തില്‍ പറയും: ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ സത്യവും കൊണ്ട്‌ തന്നെയാണ്‌ വന്നത്‌. ഇനി ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ വല്ല ശുപാര്‍ശക്കാരുമുണ്ടോ? അതല്ല, ഞങ്ങളൊന്ന്‌ തിരിച്ചയക്കപ്പെടുമോ? എങ്കില്‍ ഞങ്ങള്‍ മുമ്പ്‌ ചെയ്തിരുന്നതില്‍ നിന്ന്‌ വ്യത്യസ്തമായി പ്രവര്‍ത്തിക്കുമായിരുന്നു. തങ്ങള്‍ക്ക്‌ തന്നെ അവര്‍ നഷ്ടം വരുത്തിവെച്ചു. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ട്‌ പോയിക്കളയുകയും ചെയ്തു.(53)
Surah No:10
Yunus
3 - 3
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട്‌ കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട്‌ സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന്‌ ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?(3)
Surah No:21
Al-Anbiyaa
28 - 28
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.(28)
Surah No:32
As-Sajda
4 - 4
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ (ഘട്ടങ്ങളില്‍) സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട്‌ അവന്‍ സിംഹാസനസ്ഥനായി. അവന്നു പുറമെ നിങ്ങള്‍ക്ക്‌ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച്‌ ഗ്രഹിക്കുന്നില്ലേ?(4)
Surah No:39
Az-Zumar
43 - 44
അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ (ശുപാര്‍ശക്കാര്‍) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും (അവരെ ശുപാര്‍ശക്കാരാക്കുകയോ?)(43)പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട്‌ അവങ്കലേക്ക്‌ തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്‌.(44)
Surah No:40
Al-Ghaafir
18 - 18
ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക്‌ മുന്നറിയിപ്പു നല്‍കുക. അതായത്‌ ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക്‌ ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല.(18)