Related Sub Topics
Related Hadees | ഹദീസ്
Special Links
ജിന്ന്
[ 2 - Aya Sections Listed ]
Surah No:46
Al-Ahqaf
25 - 32
അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.(25)നിങ്ങള്‍ക്ക് നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത് അവരില്‍ വന്നുഭവിക്കുകയും ചെയ്തു.(26)നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാര്‍ സത്യത്തിലേക്കു മടങ്ങുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുകയും ചെയ്തു.(27)അല്ലാഹുവിന് പുറമെ (അവനിലേക്ക്) സാമീപ്യം കിട്ടുവാനായി അവര്‍ ദൈവങ്ങളായി സ്വീകരിച്ചവര്‍ അപ്പോള്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല? അല്ല, അവരെ വിട്ട് അവര്‍ (ദൈവങ്ങള്‍) അപ്രത്യക്ഷരായി. അത് (ബഹുദൈവവാദം) അവരുടെ വകയായുള്ള വ്യാജവും, അവര്‍ കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയിരുന്നതുമത്രെ.(28)ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി.(29)അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴി കാട്ടുന്നു.(30)ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്.(31)അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു.(32)
Surah No:72
Al-Jinn
1 - 15
നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.(1)അത് സന്‍മാര്‍ഗത്തിലേക്ക് വഴി കാണിക്കുന്നു. അതു കൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല.(2)നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.(3)ഞങ്ങളിലുള്ള വിഡ്ഢികള്‍ അല്ലാഹുവെപറ്റി അതിക്രമപരമായ പരാമര്‍ശം നടത്തുമായിരുന്നു.(4)ഞങ്ങള്‍ വിചാരിച്ചു; മനുഷ്യരും ജിന്നുകളും അല്ലാഹുവിന്‍റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്ന്. എന്നും (അവര്‍ പറഞ്ഞു.)(5)മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.(6)നിങ്ങള്‍ ധരിച്ചത് പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ലെന്ന് എന്നും (അവര്‍ പറഞ്ഞു.)(7)ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി എന്നും (അവര്‍ പറഞ്ഞു.)(8)(ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന് കണ്ടെത്താനാവും. എന്നും (അവര്‍ പറഞ്ഞു.)(9)ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്‍മയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞ് കൂടാ.(10)ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിതീര്‍ന്നിരിക്കുന്നു. എന്നും (അവര്‍ പറഞ്ഞു.)(11)ഭൂമിയില്‍ വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട് അവനെ തോല്‍പിക്കാനാവില്ലെന്നും ഞങ്ങള്‍ ധരിച്ചിരിക്കുന്നു(12)സന്‍മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. അപ്പോള്‍ ഏതൊരുത്തന്‍ തന്‍റെ രക്ഷിതാവില്‍ വിശ്വസിക്കുന്നുവോ അവന്‍ യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടി വരില്ല. എന്നും (അവര്‍ പറഞ്ഞു.)(13)ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു.(14)അനീതി പ്രവര്‍ത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക് ആയി തീരുന്നതാണ്. (എന്നും അവര്‍ പറഞ്ഞു.)(15)