ഇരുട്ടുംവെളിച്ചവും

[ 23 - Aya Sections Listed ]
Surah No:2
Al-Baqara
257 - 257
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന്‌ ഇരുട്ടുകളിലേക്കാണ്‌ ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.(257)
Surah No:4
An-Nisaa
174 - 174
മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക്‌ ഇറക്കിത്തന്നിരിക്കുന്നു.(174)
Surah No:5
Al-Maaida
15 - 16
വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ച്‌ വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന്‌ ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.(15)അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത്‌ മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക്‌ നയിക്കുന്നു. തന്‍റെ ഉത്തരവ്‌ മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന്‌ അവന്‍ പ്രകാശത്തിലേക്ക്‌ കൊണ്ടുവരുകയും, നേരായ പാതയിലേക്ക്‌ അവരെ നയിക്കുകയും ചെയ്യുന്നു.(16)
Surah No:5
Al-Maaida
44 - 44
തീര്‍ച്ചയായും നാം തന്നെയാണ്‌ തൌറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. (അല്ലാഹുവിന്‌) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക്‌ അതിനനുസരിച്ച്‌ വിധികല്‍പിച്ച്‌ പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും (അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു.) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക്‌ ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന്‌ സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക്‌ വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച്‌ തന്നതനുസരിച്ച്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍ .(44)
Surah No:6
Al-An'aam
22 - 22
നാം അവരെ മുഴുവന്‍ ഒരുമിച്ചുകൂട്ടുകയും, പിന്നീട്‌ ബഹുദൈവാരാധകരോട്‌ നിങ്ങള്‍ ജല്‍പിച്ച്‌ കൊണ്ടിരുന്ന നിങ്ങളുടെ വകയായുള്ള ആ പങ്കാളികള്‍ എവിടെയെന്ന്‌ നാം ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക.)(22)
Surah No:6
Al-An'aam
39 - 39
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും.(39)
Surah No:6
Al-An'aam
91 - 91
ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ്‌ അവര്‍ ചെയ്തത്‌. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ്‌ അവതരിപ്പിച്ചത്‌ ? നിങ്ങള്‍ അതിനെ കടലാസ്‌ തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും, (മറ്റു) പലതും ഒളിച്ച്‌ വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌. അല്ലാഹുവാണ്‌ (അത്‌ അവതരിപ്പിച്ചത്‌) എന്ന്‌ പറയുക. പിന്നീട്‌ അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക.(91)
Surah No:6
Al-An'aam
122 - 122
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട്‌ അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവന്‍റെ അവസ്ഥ, പുറത്ത്‌ കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്‍റെത്‌ പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക്‌ തങ്ങള്‍ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌ ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു.(122)
Surah No:7
Al-A'raaf
157 - 157
(അതായത്‌) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌ നബിയെ) പിന്‍പറ്റുന്നവര്‍ക്ക്‌ (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌.) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക്‌ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ്‌ വിജയികള്‍.(157)
Surah No:9
At-Tawba
32 - 32
അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.(32)
Surah No:13
Ar-Ra'd
6 - 6
(നബിയേ,) നിന്നോട്‌ അവര്‍ നന്‍മയേക്കാള്‍ മുമ്പായി തിന്‍മയ്ക്ക്‌ (ശിക്ഷയ്ക്ക്‌) വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ മുമ്പ്‌ മാതൃകാപരമായ ശിക്ഷകള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌ താനും. തീര്‍ച്ചയായും, നിന്‍റെ രക്ഷിതാവ്‌ മനുഷ്യര്‍ അക്രമം പ്രവര്‍ത്തിച്ചിട്ടുകൂടി അവര്‍ക്ക്‌ പാപമോചനം നല്‍കുന്നവനത്രെ, തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌.(6)
Surah No:14
Ibrahim
1 - 1
അലിഫ്‌ ലാം റാ മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക്‌ അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌.(1)
Surah No:14
Ibrahim
5 - 5
നിന്‍റെ ജനതയെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ട്‌ വരികയും, അല്ലാഹുവിന്‍റെ (അനുഗ്രഹത്തിന്‍റെ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന്‌ നിര്‍ദേശിച്ചുകൊണ്ട്‌ മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. തീര്‍ച്ച.(5)
Surah No:24
An-Noor
35 - 35
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക്‌ വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്‌. വിളക്ക്‌ ഒരു സ്ഫടികത്തിനകത്ത്‌ . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ്‌ അതിന്‌ (വിളക്കിന്‌) ഇന്ധനം നല്‍കപ്പെടുന്നത്‌. അതായത്‌ കിഴക്ക്‌ ഭാഗത്തുള്ളതോ പടിഞ്ഞാറ്‌ ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ്‌ വൃക്ഷത്തില്‍ നിന്ന്‌. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക്‌ താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക്‌ വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.(35)
Surah No:24
An-Noor
40 - 40
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.(40)
Surah No:33
Al-Ahzaab
43 - 43
അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും (കരുണ കാണിക്കുന്നു.) അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.(43)
Surah No:35
Faatir
20 - 20
ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.)(20)
Surah No:42
Ash-Shura
52 - 52
അപ്രകാരം തന്നെ നിനക്ക്‌ നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്‌ നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന്‌ നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്‌.(52)
Surah No:57
Al-Hadid
9 - 9
നിങ്ങളെ ഇരുട്ടില്‍ നിന്ന്‌ പ്രകാശത്തിലേക്ക്‌ കൊണ്ടുവരാന്‍ വേണ്ടി തന്‍റെ ദാസന്‍റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കുന്നവനാണ്‌ അവന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്‌ വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്‌.(9)
Surah No:57
Al-Hadid
13 - 13
കപടവിശ്വാസികളും കപടവിശ്വാസിനികളും സത്യവിശ്വാസികളോട്‌ (ഇങ്ങനെ) പറയുന്ന ദിവസം: നിങ്ങള്‍ ഞങ്ങളെ നോക്കണേ! നിങ്ങളുടെ പ്രകാശത്തില്‍ നിന്ന്‌ ഞങ്ങള്‍ പകര്‍ത്തി എടുക്കട്ടെ. (അപ്പോള്‍ അവരോട്‌) പറയപ്പെടും: നിങ്ങള്‍ നിങ്ങളുടെ പിന്‍ഭാഗത്തേക്കു തന്നെ മടങ്ങിപ്പോകുക. എന്നിട്ട്‌ പ്രകാശം അന്വേഷിച്ചു കൊള്ളുക! അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട്‌ മറയുണ്ടാക്കപ്പെടുന്നതാണ്‌. അതിന്‌ ഒരു വാതിലുണ്ടായിരിക്കും. അതിന്‍റെ ഉള്‍ഭാഗത്താണ്‌ കാരുണ്യമുള്ളത്‌. അതിന്‍റെ പുറഭാഗത്താകട്ടെ ശിക്ഷയും.(13)
Surah No:57
Al-Hadid
28 - 28
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്‍റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍റെ കാരുണ്യത്തില്‍ നിന്നു രണ്ട്‌ ഓഹരി അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതാണ്‌. ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക്‌ ഏര്‍പെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.(28)
Surah No:61
As-Saff
8 - 8
അവര്‍ അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.(8)
Surah No:66
At-Tahrim
8 - 8
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട്‌ മടങ്ങുക. നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച്‌ തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.(8)