1) ഇംറാന്‍(റ) നിവേദനം: ഞാനൊരിക്കല്‍ നബി(സ)യുടെ അടുത്തു പ്രവേശിച്ചു. എന്റെ ഒട്ടകത്തെ വാതിലില്‍ ബന്ധിപ്പിച്ചു. അപ്പോള്‍ ബനുതമീമില്‍പ്പെട്ട ഒരു വിഭാഗം അവിടെ കയറി വന്നു. (ആവര്‍ത്തനം) ശേഷം യമനില്‍പ്പെട്ട ചിലര്‍ തിരുസന്നിധിയില്‍ കയറിവന്നു. ഞങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ചോദിക്കുവാന്‍ വന്നവരാണെന്ന് പറഞ്ഞു. നബി(സ) അരുളി: ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവുമുണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്ന് വെളളത്തിനു മീതെയാണ്. അങ്ങനെ അവന്‍ ഏട്ടില്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അവന്‍ ആകാശഭൂമികളെ സൃഷ്ടിച്ചു. ഈ അവസരത്തില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. ഹുസൈന്റെ മകനെ! നിന്റെ ഒട്ടകം ഓടിപ്പോയിരിക്കുന്നു. ഉടനെ ഞാന്‍ എഴുന്നേറ്റുപോയി. ആ ഒട്ടകം മരീചിക മുറിച്ചുകൊണ്ട് അതാ പോകുന്നു! അല്ലാഹു സത്യം ആ ഒട്ടകത്തെ ഉപേക്ഷിച്ച് നബി(സ)യുടെ മുമ്പിലിരുന്ന് അവിടുത്തെ ഉപദേശം കേട്ടിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്ന് എനിക്ക് ഖേദം തോന്നി. ത്വാരിഖ്(റ) പറയുന്നു: ഉമര്‍(റ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു. ഒരിക്കല്‍ തിരുമേനി(സ) ഞങ്ങളില്‍ പ്രസംഗിക്കുന്നവനായി എഴുന്നേറ്റു നിന്നു. എന്നിട്ട് പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ഞങ്ങളോട് അവിടുന്ന് വര്‍ത്തമാനം പറഞ്ഞു. അങ്ങനെ സ്വര്‍ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും നരകവാസികള്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതുവരെയുളള വിവരണം ഞങ്ങള്‍ക്ക് നല്‍കി. അതിനെ ഗ്രഹിച്ചവന്‍ ഗ്രഹിക്കുകയും വിസ്മരിച്ചവന്‍ വിസ്മരിക്കുകയും ചെയ്തു. (ബുഖാരി. 4. 54. 414) |
|
2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സൃഷ്ടിപ്പ് നിര്‍വ്വഹിച്ചുകഴിഞ്ഞപ്പോള്‍ എന്റെ കാരുണ്യം എന്റെ കോപത്തെ കവച്ചുവെക്കും എന്ന് തന്റെ ഏടില്‍ എഴുതിവെച്ചു. ആ ഏട് സിംഹാസനത്തിന്റെ മുകളില്‍ അവന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. (ബുഖാരി. 4. 54. 416) |
|
3) അബൂസലമ:(റ) നിവേദനം: അദ്ദേഹത്തിന്റെയും ഒരു സംഘത്തിന്റെയും ഇടയില്‍ ഒരു ഭൂമിയുടെ പ്രശ്നത്തില്‍ തര്‍ക്കം ഉല്‍ഭവിച്ച് ആയിശ:(റ) പറഞ്ഞു; അബൂസലമ: നീ ആ ഭൂമി ഉപേക്ഷിക്കുക. നിശ്ചയം തിരുമേനി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. വല്ലവനും ഒരു ചാണ്‍ ഭൂമി കവര്‍ന്നെടുത്താല്‍ തന്നെ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ് (ബുഖാരി. 4. 54. 417) |
|
4) അബ്ദുല്ല(റ) നിവേദനം: പ്രവാചകന്‍ - അവിടുന്ന് സത്യസന്ധനും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമാണ് - അരുളി: നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പിനുളള തയ്യാറെടുപ്പ് നിങ്ങളുടെ മാതാവിന്റെ ഗര്‍ഭാശയത്തില്‍വെച്ച് 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിനുളളില്‍ അതു ഒരു രക്തപിണ്ഡമായി മാറുന്നു. അനന്തരം വേറൊരു 40 ദിവസത്തിനകം അതൊരു മാംസപിണ്ഡമായി മാറുന്നു. ശേഷം നാല് കല്‍പനകള്‍ നല്‍കിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവര്‍ത്തനങ്ങള്‍, അവന്റെ ആഹാരം, അവന്റെ ആയുസ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതിവെക്കാന്‍ അല്ലാഹു ആ മലക്കിനോട് നിര്‍ദ്ദേശിക്കും. അനന്തരം അവനില്‍ ആത്മാവിനെ ഊതുന്നതാണ്. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അവന്‍ ചിലപ്പോള്‍ സ്വര്‍ഗ്ഗത്തെ സമീപിക്കും. അവന്നും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുളളൂ. ആ ഘട്ടത്തില്‍ അവന്റെ കാര്യത്തിലുളള എഴുത്തു അവന്റെ കര്‍മ്മങ്ങളെ കവച്ച് വെക്കും. പിന്നീട് നരകവാസികളുടെ കര്‍മ്മമാണ് അവനാരംഭിക്കുക. അതുപോലെ മറ്റൊരു മനുഷ്യന്‍ പാപം ചെയ്ത് നരകത്തെ സമീപിക്കും അവസാനം അവന്നും നരകത്തിനുമിടയിലുളള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്റെ പ്രശ്നത്തിലുളള എഴുത്ത് അവന്റെ പ്രവര്‍ത്തനത്തെ കവച്ചു വെയ്ക്കും. അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. (ബുഖാരി. 4. 54. 430) |
|
5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു മനുഷ്യനെ സ്നേഹിച്ചാല്‍ ജിബ്രീല്‍ ഇപ്രകാരം വിളിച്ചു പറയും; അല്ലാഹു ഇന്നവനെ സ്നേഹിക്കുന്നു. അതുകൊണ്ട് നിങ്ങളും അവനെ സ്നേഹിച്ചുകൊളളുവിന്‍. അങ്ങനെ ജിബ്രീലും അവനെ സ്നേഹിക്കും. മാത്രമല്ല, വാനലോകനിവാസികളില്‍ ജിബ്രീലും ഇങ്ങനെ വിളിച്ചു പറയുക കൂടി ചെയ്യും. അല്ലാഹു ഇന്ന മനുഷ്യനെ സ്നേഹിക്കുന്നു. അതു കൊണ്ട് നിങ്ങളും അവനെ സ്നേഹിച്ചുകൊളളുക. അപ്പോള്‍ വാനലോക നിവാസികള്‍ അഖിലവും അവനെ സ്നേഹിക്കും. (ബുഖാരി. 4. 54. 431) |
|
6) ആയിശ(റ) നിവേദനം: നബി(സ) പറയുന്നത് അവര്‍ കേള്‍ക്കുകയുണ്ടായി. മലക്കുകള്‍ മേഘത്തിലായിക്കൊണ്ട് ഇറങ്ങും. അന്നേരം വാനലോകത്തുവെച്ച് തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ പിശാചുക്കള്‍ അതു കട്ട് കേള്‍ക്കും. പ്രശ്നം വെക്കുന്നവര്‍ക്ക് ആ വാര്‍ത്ത രഹസ്യമായി ആ പിശാചുക്കള്‍ അറിയിച്ചുകൊടുക്കും. പ്രശ്നക്കാര്‍(ജ്യോത്സ്യന്മാര്‍) ആ വാര്‍ത്തയോടൊപ്പം നൂറു കളളം സ്വന്തം കയ്യില്‍ നിന്ന് കൂട്ടിച്ചേര്‍ക്കും. (ബുഖാരി. 4. 54. 432) |
|
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. (ബുഖാരി. 4. 54. 434) |
|
8) ആയിശ(റ) നിവേദനം: ഒരിക്കല്‍ നബി(സ) അവരോട് പറഞ്ഞു. ആയിശ! ഇതാ ജിബ്രീല്‍ നിനക്ക് സലാം പറയുന്നു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: വഅലൈഹിസ്സലാം വറഹ്മത്തുല്ലാഹിവബറക്കാത്തൂഹൂ. ശേഷം ആയിശ തുടര്‍ന്നു: നബി(സ) കാണുന്നത് എനിക്ക് കാണാന്‍ കഴിയുകയില്ലല്ലോ. (ബുഖാരി. 4. 54. 440) |
|
9) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ നബി(സ) ജിബ്രീലിനോടരുളി: നിങ്ങള്‍ സാധാരണ സന്ദര്‍ശിക്കുന്നതില്‍ കൂടുതല്‍ പ്രാവശ്യം എന്തുകൊണ്ട് ഞങ്ങളെ സന്ദര്‍ശിക്കുന്നില്ല? ഇബ്നു അബ്ബാസ്(റ) പറയുന്നു: താങ്കളുടെ നാഥന്റെ കല്‍പനയനുസരിച്ചല്ലാതെ ഞങ്ങള്‍ ഇറങ്ങാറില്ല. ഞങ്ങളുടെ മുമ്പിലുളളതും പിന്നിലുളളതുമെല്ലാം നടക്കുന്നത് അവന്റെ ഹിതമനുസരിച്ചാണ് (19:64)എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചത് അപ്പോഴാണ്. (ബുഖാരി. 4. 54. 441) |
|
10) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: എനിക്ക് ജിബ്രീല്‍ ഒരു രീതിയില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തന്നു. അപ്പോള്‍ കൂടുതല്‍ രീതിയില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തരുവാന്‍ ജിബ്രീലിനോട് ഞാനാവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം കാണിച്ചു തന്നതനുസരിച്ച് ഏഴു രൂപത്തിലുളള ഓത്തുവരെ എത്തിച്ചേര്‍ന്നു. (ബുഖാരി. 4. 54. 442) |
|
11) അബുദര്‍റ്(റ) നിവേദനം: നബി(സ) അരുളി: ജിബ്രീല്‍ എന്നോട് പറഞ്ഞു: നിന്റെ സമുദായത്തില്‍ നിന്ന് ആരെങ്കിലും അല്ലാഹുവില്‍ ഒന്നിനെയും ശിര്‍ക്ക് ചെയ്യാതെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. അവന്‍ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും. (ബുഖാരി. 4. 54. 445) |
|
12) ഇബ്നു മസ്ഊദ്(റ) പറയുന്നു: "തന്റെ രക്ഷിതാവിന്റെ മഹത്തരങ്ങളായ ദൃഷ്ടാന്തങ്ങളില്‍ ചിലതു അദ്ദേഹം കണ്ടു'' (53:18)എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ ഉദ്ദേശ്യം ചക്രവാളത്തെ ആകെ മൂടിയതും പച്ചനിറത്തിലുളളതുമായ ഒരു വിരിപ്പ് നബി(സ) കണ്ടു എന്നതാണ്. (ബുഖാരി. 4. 54. 456) |
|
13) ആയിശ(റ) നിവേദനം: അവര്‍ പറഞ്ഞു: മുഹമ്മദ്(സ) തന്റെ നാഥനെ (അല്ലാഹുവിനെ) കണ്ടുവെന്ന് വല്ലവനും വാദിക്കുകയാണെങ്കില്‍ അവന്‍ വമ്പിച്ച കുറ്റാരോപണമാണ് അല്ലാഹുവിന്റെ പേരില്‍ ചുമത്തുന്നത്. തിരുമേനി(സ) കണ്ടത് ജിബ്രീലിനെയാണ്. ജിബ്രീലിന്റെ സ്വതവേയുളള രൂപത്തിലും സ്വഭാവത്തിലുമാണ് നബി(സ) കണ്ടതും. അന്നേരം ജിബ് രീല്‍ ചക്രവാളത്തെ മുഴുവനും മൂടിയിരുന്നു. (ബുഖാരി. 4. 54. 457) |
|
14) സമുറ:(റ) പറയുന്നു: നബി(സ) അരുളി: ഞാന്‍ രാത്രിയില്‍ എന്റെ അടുത്തു രണ്ട് മനുഷ്യന്മാര്‍ വരുന്നതു സ്വപ്നം കണ്ടു. അങ്ങിനെ അവര്‍ പറഞ്ഞു: നരകത്തെ സൂക്ഷിക്കുന്ന മാലിക്കാണ് നരകത്തെ ജ്വലിപ്പിക്കുക. ഞാന്‍ ജിബ്രീലാണ്. ഇതു മീക്കായിലും. (ബുഖാരി. 4. 54. 459) |
|
15) അബൂഹൂറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ തന്റെ ഇണയെ തന്റെ വിരിപ്പിലേക്ക് ക്ഷണിച്ച് അപ്പോള്‍ അവള്‍ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവന്‍ കഴിച്ചുകൂട്ടി. എങ്കില്‍ പ്രഭാതം വരേക്കും മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടേയിരിക്കും. (ബുഖാരി. 4. 54. 460) |
|
16) ഖൈസ്(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തിലെ കൂടാരം ഉള്‍ഭാഗം ശൂന്യമായ പവിഴം കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. ഉപരിഭാഗത്തെ അതിന്റെ നീളം 30 മൈലാണ്. അതിന്റെ സര്‍വ്വ കോണുകളിലും സത്യവിശ്വാസിക്ക് കുടുംബമുണ്ടായിരിക്കും. മറ്റുളളവര്‍ അവരെ ദര്‍ശിക്കുകയില്ല. മറ്റൊരു നിവേദനത്തില്‍ 60 മൈല്‍ എന്നാണ്. (ബുഖാരി. 4. 54. 466) |
|
17) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറഞ്ഞു: പുണ്യകര്‍മ്മം അനുഷ്ഠിക്കുന്ന എന്റെ ദാസന്മാര്‍ക്ക് ഒരു കണ്ണും ദര്‍ശിക്കാത്തതും ഒരു ചെവിയും കേള്‍ക്കാത്തതും ഒരു മനുഷ്യന്റെ മനസ്സും നിരൂപിക്കാത്തതുമായവ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇപ്രകാരം പാരായണം ചെയ്യുക (കണ്‍കുളുര്‍മ്മയില്‍ നിന്ന് അവര്‍ക്ക് ഗോപ്യമാക്കപ്പെട്ടതു യാതൊരു മനസ്സും അറിയുകയില്ല). (ബുഖാരി. 4. 54. 467) |
|
18) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: ആദ്യമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ രൂപം പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്റേതായിരിക്കും. അവരവിടെ തുപ്പുകയോ മൂക്കുചീറ്റുകയോ വിസര്‍ജ്ജനം നടത്തുകയോ ചെയ്യുകയില്ല. സ്വര്‍ണ്ണമായിരിക്കും അവരുടെ തളികകള്‍. ചീര്‍പ്പുകള്‍ സ്വര്‍ണ്ണം കൊണ്ടും വെളളി കൊണ്ടുമുളളവയും. അവര്‍ സുഗന്ധദ്രവ്യങ്ങള്‍ പുകക്കുന്ന കുറ്റികളില്‍ ഊദ് ആണ് പുകയ്ക്കുക. കസ്തൂരിയുടേതായിരിക്കും അവരുടെ വിയര്‍പ്പിന്റെ മണം. അവര്‍ക്ക് രണ്ടു ഭാര്യമാര്‍ വീതമുണ്ടായിരിക്കും. സൌന്ദര്യാധിക്യത്താല്‍ അവരുടെ കണങ്കാലുകളിലെ മജ്ജപോലും പുറത്തുകാണും. അവര്‍ക്കിടയില്‍ യാതൊരുവിധ അഭിപ്രായഭിന്നതയോ വിദ്വേഷമോ ഉണ്ടായിരിക്കുകയില്ല. അവരുടെയെല്ലാം മനസ്സ് ഒരൊറ്റ മനുഷ്യന്റെ മനസ്സുപോലെയിരിക്കും രാവിലെയും വൈകീട്ടും അവര്‍ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തും. (ബുഖാരി. 4. 54. 468) |
|
19) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അവര്‍ക്ക് ശേഷം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ ഏറ്റവും ശക്തിയേറിയ നക്ഷത്രം പോലെ പ്രകാശിച്ചുകൊണ്ടിരിക്കും. അവരുടെ മനസ്സുകള്‍ ഒരൊറ്റ മനുഷ്യന്റെ മനസ്സുപോലെയായിരിക്കും. അവര്‍ക്കിടയില്‍ യാതൊരു ഭാര്യമാര്‍ വീതമുണ്ടായിരിക്കും. സൌന്ദര്യത്തിന്റെ വര്‍ദ്ധനവു കാരണം അവരുടെ കണങ്കാലുകളുടെ മാംസത്തിനുളളിലെ മജ്ജപോലും പിന്നിലൂടെ പുറത്തുകാണും. രാവിലെയും വൈകുന്നേരവും അവര്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കും. അവരെ ഒരിക്കലും രോഗം ബാധിക്കുകയില്ല. (ബുഖാരി. 4. 54. 469) |
|
20) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: എന്റെ സമുദായത്തില്‍ നിന്നും എഴുപതിനായിരം പേര്‍ അല്ലെങ്കില്‍ ഏഴുലക്ഷം പേര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും അവരെല്ലാവരും ഒന്നിച്ചായിരിക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. പതിനാലാം രാവിലെ പൂര്‍ണ്ണചന്ദ്രന്റെ രൂപത്തിലായിരിക്കും അവരുടെ മുഖങ്ങള്‍. (ബുഖാരി. 4. 54. 470) |
|
21) അനസ്(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ ഒരു വൃക്ഷമുണ്ട്. ഒരു വാഹനയാത്രക്കാരന്‍ നൂറുവര്‍ഷം സഞ്ചരിച്ചാലും അതിന്റെ തണല്‍ മുറിച്ചുകടക്കുകയില്ല. (ബുഖാരി. 4. 54. 474) |
|
22) അബുഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. ഒരു വാഹനയാത്രക്കാരന്‍ നൂറുവര്‍ഷം സഞ്ചരിച്ചാലും അതിന്റെ നിഴല്‍ കടന്നുപോകുകയില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇപ്രകാരം പാരായണം ചെയ്തുകൊളളുവിന്‍ (വ്യാപിച്ചു കിടക്കുന്ന തണലുകള്‍ക്കും. വളില്ലിന്‍ മംദൂദിന്‍). (ബുഖാരി. 4. 54. 475) |
|
23) അബൂസഈദില്‍ഖുദ്രി(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ അവര്‍ക്ക് മീതെയുളള മാളികമുകളിലെ നിവാസികളെ ആകാശത്തിന്റെ കിഴക്കോ അല്ലെങ്കില്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ ജ്വലിച്ചു പ്രകാശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ ദര്‍ശിക്കും. അവരുടെ ഇടയിലുളള പദവികള്‍ തമ്മിലുളള വ്യത്യാസം കാരണം. സഹാബിമാര്‍ ചോദിച്ചു. പ്രവാചകരേ! അതു പ്രവാചകന്മാരുടെ പദവികളായിരിക്കും. അവിടെ മറ്റാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുകയില്ലല്ലോ. നബി(സ) പ്രത്യുത്തരം നല്‍കി. അതെ, എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു സത്യം. അല്ലാഹുവില്‍ വിശ്വസിക്കുകയും പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്ത പുരുഷന്മാരാണിവര്‍. (ബുഖാരി. 4. 54. 478) |
|
24) അബൂജംറ:(റ) നിവേദനം: ഞാന്‍ ഇബ്നു അബ്ബാസിന്റെ അടുത്തു മക്കയില്‍ ഇരിക്കുകയാണ്. അപ്പോള്‍ എന്നെ പനി ബാധിച്ചു അദ്ദേഹം പറഞ്ഞു. സംസം വെളളം കൊണ്ട് നീ അതിനെ തണുപ്പിക്കുക. നിശ്ചയം. നബി(സ) അരുളി. പനി നരകത്തിന്റെ ആവിയില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ വെളളം കൊണ്ട് അതിനെ തണുപ്പിക്കുക അല്ലെങ്കില്‍ സംസംകൊണ്ട് നിവേദകനായ ഹമ്മാദ് ഇവിടെ സംശയിക്കുന്നു. (ബുഖാരി. 4. 54. 483) |
|
25) ആയിശ(റ) നിവേദനം: നബി(സ) അരുളി: പനി നരകത്തിന്റെ ആവിയില്‍പ്പെട്ടതാണ്. അതുകൊണ്ട് പനിയെ നിങ്ങള്‍ വെളളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി. 4. 54. 485) |
|
26) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ ഈ അഗ്നി നരകാഗ്നിയുടെ എഴുപതിലൊരു ഭാഗമാണ്. ദൈവദൂതരെ! ഈ അഗ്നി തന്നെ എല്ലാം കരിക്കുവാന്‍ മതിയാകുമല്ലോ എന്ന് പറയപ്പെട്ടു. നബി(സ) പ്രത്യുത്തരം നല്‍കി. നരകാഗ്നിക്ക് ഈ അഗ്നിയേക്കാള്‍ 69 ഇരട്ടി ശക്തി നല്‍കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഇതേ തോതില്‍ ചൂടുണ്ടായിരിക്കുന്നതാണ്. (ബുഖാരി. 4. 54. 487) |
|
27) ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: രാവ് ഇരുട്ടായാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍ നിന്നും പുറത്തുപോകുന്നത് നിങ്ങള്‍ തടഞ്ഞുകൊളളുക. കാരണം ആ സമയത്ത് പിശാചുക്കള്‍ ഭൂമിയില്‍ പരക്കുന്നു. ഇശാക്കുശേഷം കുറച്ച് സമയം കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ വിട്ടേക്കുക. എന്നിട്ട് വാതിലടച്ച് ബിസ്മിചൊല്ലി വിളക്ക് കെടുത്തി ഉറങ്ങാന്‍ കിടക്കുക. ബിസ്മി ചൊല്ലുകയും വെളളപ്പാത്രത്തിന്റെ വായ കെട്ടുകയും ചെയ്യുക. നീ നിന്റെ ആഹാരപ്പാത്രം മൂടിവെക്കുകയും വീണ്ടും ബിസ്മി ചൊല്ലുകയും ചെയ്യുക. മൂടിവെക്കാന്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ അതിന്റെ വായില്‍ ഏതെങ്കിലും സാധനം വിലങ്ങനെ എടുത്തുവെക്കുക. (ബുഖാരി. 4. 54. 500) |
|
28) സുലൈമാന്‍(റ) നിവേദനം: ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ കൂടെ ഇരിക്കുമ്പോള്‍ രണ്ടാളുകള്‍ പരസ്പരം ശകാരിക്കുവാന്‍ തുടങ്ങി. അവരിലൊരാളുടെ മുഖം ചുവന്നിരുന്നു. കണ്ഠനാഡി വീര്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു; നിശ്ചയം എനിക്ക് ഒരു വചനം അറിവുണ്ട്. അതു അയാള്‍ ചൊല്ലിയാല്‍ അയാളുടെ മനസ്സില്‍ ഉളളതു (രോഷം) നീങ്ങിപ്പോകുന്നതാണ്. അഊദുബില്ലാഹിമിനശൈത്താനി എന്ന് അവന്‍ പറഞ്ഞാല്‍ രോഷം വിട്ടുമാറും. ഉടനെ അനുചരന്മാര്‍ അയാളെ ഇതു ഉപദേശിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: എന്ത്! എനിക്ക് ഭ്രാന്തുണ്ടോ? (ബുഖാരി. 4. 54. 502) |
|
29) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: ആദമിന്റെ സന്താനങ്ങള്‍ ജനിക്കുമ്പോള്‍ പിശാച് അവന്റെ ഇരുവിരലുകള്‍ കൊണ്ട് അവന്റെ ഇരുഭാഗങ്ങളിലും കുത്തുന്നതാണ്. ഈസബ്നുമറിയം ഒഴികെ. അദ്ദേഹത്തെ കുത്തുവാനും അവന്‍ പുറപ്പെട്ടു. എന്നാല്‍ മറമേല്‍ ആണ് അവന്‍ കുത്തിയത്. (ബുഖാരി. 4. 54. 506) |
|
30) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കോട്ടുവായ് പിശാചിന്റെ പ്രവര്‍ത്തികളില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങളില്‍ വല്ലവനും കോട്ടുവായ് ഇട്ടാല്‍ തന്റെ കഴിവനുസരിച്ച് അതിനെ അവന്‍ നിയന്ത്രിക്കട്ടെ. കോട്ടുവായിട്ടുകൊണ്ട് നിങ്ങളിലൊരാള്‍ ഹാ! എന്നു പറയുമ്പോള്‍ പിശാച് ചിരിക്കുന്നതാണ്. (ബുഖാരി. 4. 54. 509) |
|
31) അബൂഖത്താദ(റ) നിവേദനം: നബി(സ) അരുളി: നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍ നിന്നുളളതാണ്. പേക്കിനാവുകളില്‍ പിശാചില്‍ നിന്നുളളതും. നിങ്ങളില്‍ ആരെങ്കിലും ഭയപ്പെടുത്തുന്ന സ്വപ്നം കണ്ടാല്‍ അവന്‍ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും അതിന്റെ നാശത്തില്‍ നിന്നും അല്ലാഹുവിങ്കല്‍ അഭയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊളളട്ടെ. നിശ്ചയം അതു അവനെ ഉപദ്രവിക്കുകയില്ല. (ബുഖാരി. 4. 54. 513) |
|
32) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും "ലാ ഇലാഹ ഇല്ലല്ലാഹു വഹദഹുലാശരീകലഹു ലഹൂല്‍ മുല്‍കു വലഹുല്‍ഹംദു വഹുവ അല്ലാകുല്ലി ശൈഇന്‍ ഖദീര്‍'' എന്ന് ഒരു ദിവസം ചൊല്ലിയാല്‍ അതു അവന്നു പത്തു അടിമകളെ മോചിപ്പിച്ചതിന് തുല്യമാണ്. നൂറ് പുണ്യങ്ങള്‍ അവന് രേഖപ്പെടുത്തും. നൂറ് പാപങ്ങള്‍ മാപ്പ് ചെയ്യപ്പെടും. വൈകുന്നേരം വരെ അത് അവന്ന് പിശാചില്‍ നിന്നുളള സംരക്ഷണവും ആയിത്തീരും. ഇവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു സംഗതി ആരും കൊണ്ടുവരുന്നില്ല. ഒരാള്‍ ഒഴികെ. അവന്‍ ഇതിനേക്കാള്‍ പ്രവര്‍ത്തിച്ചു. (ബുഖാരി. 4. 54. 514) |
|
33) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍ നിന്നു ഉണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം വെളളം കയറ്റി ചീറ്റുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ അവന്റെ നാസാദ്വാരത്തിലാണ് പിശാച് രാത്രി കഴിച്ചുകൂട്ടിയത്. (ബുഖാരി. 4. 54. 516) |
|
34) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) മിമ്പറിന്മേല്‍ നിന്നുകൊണ്ട് ഇപ്രകാരം പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പാമ്പുകളെ നിങ്ങള്‍ കൊന്നുകളയുവിന്‍. വിശിഷ്യാ ശരീരത്തില്‍ രണ്ടു വെളുത്ത വരകളുളള പാമ്പിനേയും വാല്‍ മുറിഞ്ഞ പാമ്പിനേയും. അവ രണ്ടും കണ്ണിന്റെ കാഴ്ച നശിപ്പിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്യും. (ബുഖാരി. 4. 54. 518) |
|
35) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; ഒരു വേശ്യയായ സ്ത്രീക്ക് മാപ്പ് ചെയ്യപ്പെട്ടു. ദാഹം മൂലം ചാവാറായി ഒരു കിണറ്റിന്‍ കരയിലെ നനഞ്ഞ മണ്ണ് നക്കിക്കൊണ്ടിരുന്ന ഒരു നായയുടെ അരികിലൂടെ അവള്‍ നടന്നുപോയി. അതു കണ്ടപ്പോള്‍ അവള്‍ തന്റെ ഷൂസഴിച്ച് തട്ടത്തിന്റെ ഒരു തലക്കുകെട്ടി കിണറ്റിലേക്ക് താഴ്ത്തി ആ നായ്ക്ക് വെളളം കോരിയെടുത്ത് കൊടുത്തു. അതു കാരണം അവള്‍ക്ക് മാപ്പ് ചെയ്യപ്പെട്ടു. (ബുഖാരി. 4. 54. 538) |
|