Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നബിമാരുടെ വര്‍ത്തമാനങ്ങള്‍

മലയാളം ഹദീസുകള്‍


1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ആദമിനെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നീളം അറുപതു മുഴമായിരുന്നു. ശേഷം അല്ലാഹു പറഞ്ഞു: നീ പോയിട്ട് ആ മലക്കുകള്‍ക്ക് സലാം ചൊല്ലുക. എങ്ങിനെയാണ് നിന്റെ സലാമിന് അവര്‍ മറുപടി പറയുന്നതെന്ന് നീ ശ്രദ്ധിക്കുക. അതുതന്നെയായിരിക്കും നിന്റെയും നിന്റെ സന്താനങ്ങളുടെയും അഭിവാദ്യം. ആദം അവര്‍ക്ക് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു. അസ്സലാമു അലൈക്ക വറഹ് മത്തുല്ലാഹി'' എന്ന്. അതായത്, വറഹ്മതുല്ലാഹി എന്ന് അവര്‍ അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരെല്ലാവരും ആദമിന്റെ രൂപത്തിലായിരിക്കും. അവരുടെ വലിപ്പമോ അതു ഇന്നുവരേക്കും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. (ബുഖാരി. 4. 55. 543)
 
2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഇസ്രായീല്യര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മാംസം കെട്ടുപോവുകയില്ലായിരുന്നു. ഹവ്വാഅ് ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു സ്ത്രീയും അവളുടെ ഭര്‍ത്താവിനെ വഞ്ചിക്കുകയില്ലായിരുന്നു. (ബുഖാരി. 4. 55. 547)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. നിശ്ചയം, സ്ത്രീകള്‍ വാരിയെല്ലു കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലുകളില്‍ ഉപരിഭാഗത്തുളളതാണ് ഏററവും വളഞ്ഞത്. നീ അതിനെ നേരെയാക്കുവാന്‍ പുറപ്പെട്ടാല്‍ നീ അതിനെ പൊട്ടിച്ചു കളയും. ഉപേക്ഷിച്ചാലോ! അതു വളഞ്ഞു കൊണ്ടുമിരിക്കും. അതിനാല്‍ സ്ത്രീകളോട് നിങ്ങള്‍ നന്മ ഉപദേശിക്കുവിന്‍. (ബുഖാരി. 4. 55. 548)
 
4) അനസ്(റ) നിവേദനം: നബി(സ) അരുളി: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷയുളളവരോട് അല്ലാഹു ചോദിക്കും. ലോകത്തുളള സര്‍വ്വവസ്തുക്കളും നിങ്ങളുടെ ഉടമസ്ഥതയിലും അധീനത്തിലും ആണെങ്കില്‍ അവ നല്‍കി ശിക്ഷയില്‍ നിന്നും മോചനം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? അവന്‍ പറയും: അതെ. അല്ലാഹു പറയും: ആദമിന്റെ മുതുകിലായിരുന്ന സന്ദര്‍ഭത്തില്‍ ഇവയെക്കാള്‍ ലഘുവായ ഒരു കാര്യം നിര്‍വ്വഹിക്കുവാന്‍ നിങ്ങളോട് ഞാനാവശ്യപ്പെട്ടിരുന്നു. എന്നില്‍ ശിര്‍ക്ക് ചെയ്യരുതെന്ന്. എന്നാല്‍ നീ അതു ധിക്കരിച്ചു. എന്നില്‍ ശിര്‍ക്ക് വെച്ചു. (ബുഖാരി. 4. 55. 551)
 
5) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കില്‍ ആദമിന്റെ ആദ്യസന്താനത്തിന് ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത്. (ബുഖാരി. 4. 55. 552)
 
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ദജ്ജാലിനെക്കുറിച്ച് ഒരു പ്രവാചകനും തന്റെ സമുദായത്തെ ഉണര്‍ത്താത്ത ഒരു വാര്‍ത്ത ഞാന്‍ നിങ്ങളോട് പറയാം. തീര്‍ച്ചയായും അവന്‍ ഒറ്റക്കണ്ണനാണ്. സ്വര്‍ഗ്ഗവും നരകവും പോലെയുളള അത് അവന്‍ കൊണ്ടുവരും. അവന്‍ സ്വര്‍ഗ്ഗമെന്ന് പറയുന്നത് നരകവും നരകമെന്ന് പറയുന്നത് സ്വര്‍ഗ്ഗവുമായിരിക്കും. നുഹ് തന്റെ സമുദായത്തെ ഇവനെ സംബന്ധിച്ച് താക്കീത് ചെയ്തതുപോലെ ഞാനും താക്കീത് ചെയ്യുന്നു. (ബുഖാരി. 4. 55. 553)
 
7) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: നൂഹിനെയും അദ്ദേഹത്തിന്റെ സമുദായത്തെയും കൊണ്ടുവരും. അദ്ദേഹത്തോട് അല്ലാഹു ചോദിക്കും. നീ പ്രബോധനം ചെയ്തുവോ? അതെയെന്ന് അദ്ദേഹം മറുപടി പറയും. അല്ലാഹു അപ്പോള്‍ അദ്ദേഹത്തിന്റെ സമുദായത്തോട് ചോദിക്കും. നിങ്ങള്‍ക്ക് അദ്ദേഹം പ്രബോധനം ചെയ്തുവോ? അവന്‍ പറയും: ഇല്ല, ഞങ്ങള്‍ക്ക് ഒരു പ്രവാചകന്‍ വന്നിട്ടില്ല. നിനക്ക് ആരാണ് സാക്ഷിയെന്ന് നുഹിനോട് ചോദിയ്ക്കും. മുഹമ്മദും അദ്ദേഹത്തിന്റെ സമുദായവുമെന്ന് നുഹ് മറുപടി പറയും. അങ്ങനെ ഞങ്ങള്‍ സാക്ഷി നില്‍ക്കാമെന്ന് അവര്‍ പറയും. (ഇപ്രകാരം ഞാന്‍ നിങ്ങളെ മാതൃകാസമുദായമാക്കി. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷി നില്‍ക്കുവാന്‍ വേണ്ടി) എന്ന് അല്ലാഹു പറഞ്ഞതിന്റെ വിവക്ഷ ഇതാണ്. (ബുഖാരി. 4. 55. 555)
 
8) സൈനബ്(റ) നിവേദനം: ഒരു ദിവസം നബി(സ) പരിഭ്രമിച്ചവനായി അവരുടെ അടുത്ത് പ്രവേശിച്ചു. അവിടുന്ന് പറഞ്ഞു: 'ലാഇലാഹ ഇല്ലല്ലാഹു' അറബികള്‍ക്ക് വമ്പിച്ച ഒരാപത്ത് ആസന്നമായിരിക്കുന്നു. യഅ്ജൂജിന്റെയും മഅ്ജൂജിന്റെയും ഇതാ ഇതുപോലെയുളെളാരു ഓട്ട തുറന്നിരിക്കുന്നു. ചൂണ്ടാണിവിരലും പെരുവിരലും ചേര്‍ത്ത് വൃത്താകൃതിയിലാക്കിയിട്ട് ഇതാ ഇത്രവലിപ്പമുളള ഓട്ട എന്ന് നബി(സ) ഉണര്‍ത്തി. അപ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകരേ! നമുക്കിടയില്‍ നല്ല ആളുകളുണ്ടായിരിക്കെ നാം നശിച്ചുപോകുമോ? നബി(സ) പ്രത്യുത്തരം നല്കി: അതെ, ദുഷ്ടന്മാര്‍ കൂടുതലായാല്‍ നാം നശിക്കുകതന്നെ ചെയ്യും. (ബുഖാരി. 4. 55. 565)
 
9) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: പരലോകത്തില്‍ നഗ്നപാദത്തില്‍ ചേലാ കര്‍മം ചെയ്യപ്പെടാത്തവരുമായിട്ടാണ് നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക. നബി(സ) ഇപ്രകാരം ഓതി (ആദ്യമായി സൃഷ്ടിപ്പ് ആരംഭിച്ചതുപോലെ തന്നെ അതു നാം ആവര്‍ത്തിക്കും. ഇതു നമ്മുടെമേല്‍ നിര്‍ബന്ധ വാഗ്ദാനമാണ്) പരലോകത്തു ആദ്യമായി വസ്ത്രം ധരിപ്പിക്കുക ഇബ്രാഹിം (അ)യെയാണ് എന്റെ അനുചരന്മാരില്‍ ചിലരെ അന്നു ഇടതുഭാഗത്തേക്ക് കൊണ്ടു പോകും. അപ്പോള്‍ ഞാന്‍ പറയും. എന്റെ അനുചരന്മാര്‍! എന്റെ അനുചരന്മാര്‍! അന്നേരം നിങ്ങള്‍ വിട്ടുപോന്ന ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് തന്നെ മടങ്ങിപോയവരാണവര്‍ എന്ന് എനിയ്ക്ക് മറുപടി ലഭിക്കും. അപ്പോള്‍ ഉല്‍ക്കൃഷ്ടദാസന്‍ (ഈസാ) പറഞ്ഞതുപോലെ തന്നെ ഞാന്‍ പറയും. (അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന കാലമത്രയും അവരുടെ ജീവിതത്തെ ഞാന്‍ വീക്ഷിച്ചുകൊണ്ടിരുന്നു) (5:120). (ബുഖാരി. 4. 55. 568)
 
10) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിനം ഇബ്രാഹിംനബി (അ) തന്റെ പിതാവിനെ കണ്ടുമുട്ടുമ്പോള്‍ അയാളുടെ മുഖം പൊടി പുരണ്ട് കറുത്തിരിക്കും. ഇബ്രാഹിം അയാളോട് പറയും. എന്നെ ധിക്കരിക്കരുതെന്ന്. ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ? പിതാവ് പറയും ഈ ദിവസം ഞാന്‍ നിന്നെ ധിക്കരിക്കുന്നില്ല. അപ്പോള്‍ ഇബ്രാഹിം പറയും. എന്റെ രക്ഷിതാവേ! നീ എന്നെ പരലോക ദിവസത്തില്‍ അപമാനിക്കുകയില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നിന്റെ അനുഗ്രഹത്തില്‍ നിന്ന് അങ്ങേയറ്റം വിദൂരമാക്കപ്പെട്ട നിലയ്ക്ക് എന്റെ പിതാവ് ജീവിക്കുന്നതിനേക്കാള്‍ വലിയ അപമാനം എനിയ്ക്ക് എന്താണുളളത്. അല്ലാഹു പറയും: തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് സ്വര്‍ഗ്ഗം ഹറാമാക്കിയിരിക്കുന്നു. ശേഷം ഇബ്രാഹിമിനോട് ചോദിക്കും. താങ്കളുടെ കാലിന്നടിയിലെന്താണുളളത്. അദ്ദേഹം നോക്കുമ്പോള്‍ ചോര പുരണ്ട ഒരു ഉടുമ്പിനെ കാണും. ഉടനെ അതിന്റെ കാലുകള്‍ നരകത്തിലേക്കെറിഞ്ഞുകളയും. (ബുഖാരി. 4. 55. 569)
 
11) സമുറ(റ) നിവേദനം: നബി(സ) അരുളി: രാത്രി ഉറക്കത്തില്‍ രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നു. ദീര്‍ഘകായനായ ഒരാളുടെ അടുക്കല്‍ ഞങ്ങള്‍ ചെന്നു. ഉയരം കാരണം അദ്ദേഹത്തിന്റെ ശിരസ്സ് എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. തീര്‍ച്ചയായും അദ്ദേഹം ഇബ്രാഹിമായിരുന്നു. (ബുഖാരി. 4. 55. 573)
 
12) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: എന്നാല്‍ ഇബ്രാഹിം (അ) യെ കാണണമെന്നാഗ്രഹിക്കുന്നവന്‍ നിങ്ങളുടെ സ്നേഹിതനെ (എന്നെ) നോക്കട്ടെ. മൂസയാകട്ടെ ചുരുണ്ട മുടിയും ചുകപ്പും വെളുപ്പും കലര്‍ന്ന നിറവുമാണ് അദ്ദേഹത്തിന്റേത്. ഈത്തപ്പനമരം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയ ഒരു കയറുകൊണ്ട് മൂക്കുകയറിട്ട ഒരു ചുകന്ന ഒട്ടകത്തിന്മേലാണ് അദ്ദേഹം യാത്രചെയ്തിരുന്നത്. അദ്ദേഹം താഴ് വരയിലേക്ക് ഇറങ്ങിപ്പോകുന്നത് ഞാനിതാ കാണുന്നു. (ബുഖാരി. 4. 55. 574)
 
13) അബുദര്‍റ്(റ) നിവേദനം: ഞാന്‍ ചോദിച്ചു: ദൈവദൂതരെ! ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പളളി ഏതാണ്. നബി(സ) അരുളി: മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പളളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി(സ) അരുളി: ബൈത്തുല്‍മുഖദ്ദസ്. എത്രകൊല്ലം ഇടവിട്ടാണ് അവ രണ്ടും സ്ഥാപിതമായത്? നബി(സ) അരുളി: നാല്പതുകൊല്ലം ഇടവിട്ട്. ഇനി എവിടെവച്ചാണോ നമസ് ക്കാരസമയമായത് അവിടെവച്ച് നീ നമസ്ക്കരിച്ചുകൊളളുക. തീര്‍ച്ചയായും അതിലാണ് പുണ്യമി രിക്കുന്നത്. (ബുഖാരി. 4. 55. 585)
 
14) അബൂഹുമൈദ്(റ) നിവേദനം: അനുചരന്മാര്‍ ചോദിച്ചു. പ്രവാചകരെ! ഞങ്ങള്‍ അങ്ങേക്ക് എങ്ങിനെയാണ് സ്വലാത്തു ചൊല്ലേത്. നബി(സ) അരുളി: നിങ്ങള്‍ ചൊല്ലുക. അല്ലാഹുമ്മ സൊല്ലി അലാമുഹമ്മദിന്‍ വാഅസ്വാജിഹി.. ഇന്നക്ക ഹമീദും മജീദും. (ബുഖാരി. 4. 55. 588)
 
15) കഅ്ബ്(റ) നിവേദനം: അദ്ദേഹം അബ്ദുറഹ്മാനിനോട് പറഞ്ഞു. നബി(സ) യില്‍ നിന്ന് ഞാന്‍ കേട്ടതായ ഒരു സമ്മാനം നിനക്ക് ഞാന്‍ നല്കട്ടെയോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: പ്രവാചകരെ! ഞങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ സലാം ചൊല്ലണമെന്ന് അല്ലാഹു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എങ്ങിനെയാണ് സ്വലാത്തുചൊല്ലേണ്ടത്. നബി(സ) അരുളി: നിങ്ങള്‍ പറയുക: അല്ലാഹുമ്മ സ്വല്ലി:. ഇന്നക്കഹമീദുംമജീദ്. (ബുഖാരി. 4. 55. 589)
 
16) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹസ്സന്‍, ഹുസൈന്‍(റ) എന്നിവരെ പിശാചിന്റെ തിന്മയില്‍ നിന്ന് രക്ഷിക്കുവാന്‍ രക്ഷ തേടാറുണ്ട്. നിങ്ങളുടെ പിതാവ് ഇബ്രാഹിം, ഇസ്മാ ഈല്‍, ഇസ്ഹാക്ക് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ തേടിയിരുന്നത് ഇതേ വാചകങ്ങള്‍ കൊണ്ടായിരുന്നു. അഊദ്ബികലിമാദില്ലാഹിത്താമ; മിന്‍കുല്ലി ശൈത്താനിന്‍ വഹാമ: വമിന്‍ കുല്ലി ഐനിന്‍ ലാമ (എല്ലാ പിശാചുക്കളില്‍ നിന്നും വിഷജന്തുക്കളില്‍ നിന്നും ഉപദ്രവകാരികളായ കണ്ണുകളുടെ നാശങ്ങളില്‍ നിന്നും അല്ലാഹുവിന്റെ തത്വസംപൂര്‍ണ്ണങ്ങളായ വചനങ്ങള്‍ മുഖേന ഞാനിതാ രക്ഷനേടുന്നു). (ബുഖാരി. 4. 55. 590)
 
17) അബൂമൂസ(റ) നിവേദനം: പുരുഷന്മാരില്‍ ധാരാളം പേര്‍ പൂര്‍ണ്ണത പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ഫീര്‍ഔന്നിന്റെ ഭാര്യ ആസിയവും ഇംറാനിന്റെ മകള്‍ മര്‍യമും മാത്രമാണ് പൂര്‍ണ്ണത പ്രാപിച്ചിട്ടുളളത്. ഇതര സ്ത്രീകളെ അപേക്ഷിച്ച് ആയിശ: യുടെ ശ്രേഷ്ഠത ഇതര ആഹാരപദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കറിചേര്‍ത്ത പത്തിരിക്കുളളതുപോലെയാണ്. (ബുഖാരി. 4. 55. 623)
 
18) അബൂഹുറൈറ(റ) നിവേദനം: ദാവൂദ് (അ)ന്ന് അല്ലാഹു സബൂര്‍ പാരായണം ചെയ്യല്‍ ലഘൂകരിച്ചു കൊടുത്തു. താന്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജീനിയിടാന്‍ അദ്ദേഹം കല്പിക്കും. ജീനിയിട്ട് കഴിയുംമുന്‍പ് അദ്ദേഹം സബൂര്‍ ഓതി കഴിഞ്ഞിരിക്കും. സ്വന്തം കൈകള്‍ കൊണ്ട് അദ്ധ്വാനിച്ച് സമ്പാദിച്ചതല്ലാതെ അദ്ദേഹം ഭക്ഷിക്കാറില്ല. (ബുഖാരി. 4. 55. 628)
 
19) അലിറ(റ) നിവേദനം: നബി(സ) അരുളിയതു ഞാന്‍ കേട്ടിട്ടുണ്ട്. തന്റെ സമകാലീനരായ സ്ത്രീകളില്‍ ഇംറാന്റെ മകള്‍ മറിയമാണ് ഏറ്റവും ഉല്‍ക്കൃഷ്ട. അപ്രകാരം തന്റെ സമകാലീനരായ സ്ത്രീകളില്‍ ഉല്‍ക്കൃഷ്ട ഖദീജയുമാണ്. (ബുഖാരി. 4. 55. 642)