നിരോധിക്കപ്പെട്ട ആഹാരം

[ 3 - Aya Sections Listed ]
Surah No:5
Al-Maaida
3 - 3
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത്‌ ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച്‌ ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന്‌ സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.(3)
Surah No:6
Al-An'aam
118 - 119
അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച്‌ അറു) ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.(118)അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ച്‌ അറു) ക്കപ്പെട്ടതില്‍ നിന്ന്‌ നിങ്ങള്‍ എന്തിന്‌ തിന്നാതിരിക്കണം.? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ അവന്‍ നിങ്ങള്‍ക്ക്‌ വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര്‍ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച്‌ (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.(119)
Surah No:6
Al-An'aam
145 - 145
(നബിയേ,) പറയുക: എനിക്ക്‌ ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന്‌ ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത്‌ ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത്‌ മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(145)