അസൂയ, ഹദീസുകള്‍

9) അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി. 1. 3. 73)
 
12) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രണ്ട് കാര്യത്തില്‍ അല്ലാതെ അസൂയയില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ മന: പ്പാഠമാക്കി നല്‍കിയിട്ടുണ്ട്. അയാള്‍ അതുമായി രാത്രിയുടെ യാമങ്ങളില്‍ എഴുന്നേറ്റ് നമസ്കരിക്കുന്നു. മറ്റൊരുപുരുഷന്‍ അയാള്‍ക്ക് അല്ലാഹു ധനം നല്‍കിയിട്ടുണ്ട്. അയാള്‍ അതു രാത്രിയിലും പകലിലും ധര്‍മ്മം ചെയ്യുന്നു. (ബുഖാരി. 6. 61. 543)
 
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടാളുകളുടെ നിലപാടില്‍ മാത്രമാണ് അസൂയാര്‍ഹം. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ രാത്രിയിലും പകല്‍ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്‍വാസി അതു കേള്‍ക്കുമ്പോള്‍ ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് പറയും. മറ്റൊരുപുരുഷന്‍, അല്ലാഹു അവന്ന് കുറെ ധനം നല്‍കിയിട്ടുണ്ട്. അവനതു സത്യമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യുന്നു. മറ്റൊരുവന്‍ അതുകാണുമ്പോള്‍ പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില്‍ നന്നായിരുന്നേനെ. അവന്‍ പ്രവര്‍ത്തിച്ചതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)
 
20) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയം ഊഹം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജം നിറഞ്ഞതാണ്. നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്. പരസ്പരം അസൂയപ്പെടരുത്. പരസ്പരം കോപിക്കരുത്. നിങ്ങള്‍ പരസ്പരം സഹോദരന്മാരാകുവിന്‍. (ബുഖാരി. 7. 62. 74)
 
27) അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലീമിന് മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല. (ബുഖാരി. 8. 73. 91)
 
23) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകിനെ എരിച്ചുകളയുമ്പോലെയോ പുല്ലിനെ കരിച്ചുകളയുമ്പോലെയോ ആണ് അസൂയ ഹസനാത്തിനെ നശിപ്പിക്കുന്നത്. (അബൂദാവൂദ്)