അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍, ഹദീസുകള്‍

16) സൈദ്ബനു ഖാലിദ്(റ) നിവേദനം: ഹുദൈബിയ്യ: യില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നമസ്കാരം നബി(സ) ഞങ്ങളേയുമായി നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് നബി(സ) വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്. നബി(സ) പറഞ്ഞു. ഇന്ന് എന്റെ അടിയന്മാരില്‍ ഒരു വിഭാഗം എന്നില്‍ വിശ്വസിച്ചുകൊണ്ടും മറ്റൊരു വിഭാഗം എന്നെ നിഷേധിച്ചും കൊണ്ടും പ്രഭാതത്തില്‍ പ്രവേശിക്കും. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചു. ഞാറ്റുവേലയെ നിഷേധിച്ചു. എന്നാല്‍ ഞാറ്റുവേല കൊണ്ട് ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്നു പറയുന്നവര്‍ എന്നെ നിഷേധിക്കുകയും ഞാറ്റുവേലയില്‍ വിശ്വസിക്കുകയും ചെയ്തു. (ബുഖാരി. 2. 17. 148)
 
99) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍പെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാല്‍ നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷതേടുകയും വേണം. (അബൂദാവൂദ്)