അനുസരണം അല്ലാഹുവിനും റസൂലിനും, ഹദീസുകള്‍

1) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. നിരസിച്ചവര്‍ പ്രവേശിക്കുകയില്ല. അവര്‍ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്‍?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. എന്റെ കല്‍പന ലംഘിച്ചവന്‍ നിരസിച്ചവനാണ്. (ബുഖാരി. 9. 92. 384)
 
2) ജാബിര്‍ (റ) പറയുന്നു: ഒരു സംഘം മലക്കുകള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) ഉറങ്ങുകയായിരുന്നു. ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. മറ്റുചിലര്‍ പറഞ്ഞു: കണ്ണു ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവരില്‍ ചിലര്‍ പറഞ്ഞു: നിങ്ങളുടെ ഈ സ്നേഹിതന് ഒരു ഉപമയുണ്ട്. അദ്ദേഹത്തിന്റെ ഉപമ വിവരിക്കുക. അപ്പോള്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ് മറ്റു ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങുകയാണെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു വീട് നിര്‍മ്മിച്ചു. എന്നിട്ട് അതില്‍ ഒരു വിരുന്നു തയ്യാറാക്കി. ആളുകളെ ക്ഷണിക്കാന്‍ ആളയച്ചു. ക്ഷണം സ്വീകരിച്ചവര്‍ വീട്ടില്‍ പ്രവേശിക്കുകയും വിരുന്നിലെ വിഭവങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. ക്ഷണം സ്വീകരിക്കാത്തവര്‍ വീട്ടില്‍ പ്രവേശിക്കുകയോ സല്‍ക്കാരവിഭവങ്ങള്‍ ഭക്ഷിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് അവര്‍ പറഞ്ഞു; ഈ ഉപമ നിങ്ങളദ്ദേഹത്തിന് വിവരിച്ചുകൊടുക്കുക. അദ്ദേഹം അതു ശരിക്കും ഗ്രഹിക്കട്ടെ. അവരില്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവര്‍ പറഞ്ഞു: ആ പറഞ്ഞ വീട് സ്വര്‍ഗ്ഗമാണ്. വിരുന്നിന്ന് ക്ഷണിച്ചയാള്‍ മുഹമ്മദും. അതുകൊണ്ട് മുഹമ്മദിനെ വല്ലവനും അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. മുഹമ്മദിന്റെ കല്‍പന ലംഘിച്ചു. മുഹമ്മദാണ് ജനങ്ങളെ വിശ്വാസിയും അവിശ്വാസിയുമായി വേര്‍തിരിക്കുന്നത്. (ബുഖാരി. 9. 92. 385)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍. പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത് അവരുടെ നബിമാര്‍ക്ക് അവര്‍ എതിര്‍പ്രവര്‍ത്തിച്ചതുകൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍. എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീന്‍. (ബുഖാരി. 9. 92. 391)
 
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: എന്റെ അടിമ ഒരുതിന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവനതു പ്രവര്‍ത്തിക്കുന്നതുവരെ അവന്റെ പേരില്‍ അതു നിങ്ങള്‍ (മലക്കുകള്‍) എഴുതരുത്. പ്രവര്‍ത്തിച്ചുകഴിഞ്ഞാലോ ഒരുതിന്മ മാത്രം പ്രവര്‍ത്തിച്ചതായി രേഖപ്പെടുത്തിക്കൊള്ളുക. പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചശേഷം എന്നെ ഓര്‍മ്മിച്ചു ആ തിന്മയെ അവര്‍ വിട്ടുകളഞ്ഞാലോ അതവന്റെ പേരില്‍ ഒരു നന്മയായി രേഖപ്പെടുത്തിക്കൊള്ളുക. എന്നും ഞാന്‍ നിര്‍ദ്ദേശിക്കും. (ബുഖാരി. 9. 93. 592)
 
7) അബൂഹുറൈറ(റ) നിവേദനം: എന്റെ അടിമ എന്നെ കണ്ടുമുട്ടുവാന്‍ ഉദ്ദേശിച്ചാല്‍ ഞാന്‍ അവനെയും കണ്ടുമുട്ടുവാന്‍ ആഗ്രഹിക്കും. വെറുത്താല്‍ ഞാന്‍ അവനെയും വെറുക്കും എന്ന് അല്ലാഹു പറഞ്ഞതായി നബി(സ) അരുളി. (ബുഖാരി. 9. 93. 595)