Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനന്തരാവകാശം

മലയാളം ഹദീസുകള്‍


1) ആയിശ(റ) നിവേദനം: നബി(സ) അരുളി: ഞങ്ങള്‍ അനന്തരമെടുക്കപ്പെടുകയില്ല. ഞങ്ങള്‍ ഉപേക്ഷിച്ചിടുന്നത് ദാനധര്‍മ്മമാണ്. (ബുഖാരി. 8. 80. 719)
 
2) ഇബ്നുഅബ്ബാസ്(റ) നിവേദം: നബി(സ) അരുളി: അനന്തരാവകാശികള്‍ക്ക് അവരുടെ ഓഹരികള്‍ നല്‍കിയശേഷം ബാക്കിയുള്ളത് കുടുംബത്തില്‍ ഏറ്റവും അടുത്ത ബന്ധമുള്ള പുരുഷന് അവകാശപ്പെട്ടതാണ്. (ബുഖാരി. 8. 80. 724)
 
3) മുആദ്(റ) നിവേദനം: ഒരാള്‍ മരിച്ച് അയാള്‍ക്ക് പെണ്‍കുട്ടിയും സഹോദരിയും ഉണ്ടായാല്‍ പെണ്‍കുട്ടിക്ക് പകുതിയും സഹോദരിക്കു പകുതിയും ലഭിക്കും. (ബുഖാരി. 8. 80. 726)
 
4) ഹൂസൈല്‍(റ) പറയുന്നു: മരിച്ചവ്യക്തിക്ക് ഒരു പുത്രിയും മകന്റെ ഒരുപുത്രിയും ഒരു സഹോദരിയുമുണ്ട്. എങ്കില്‍ അവരുടെ അവകാശം എങ്ങിനെയാണെന്ന് അബൂമൂസ(റ)യോട് ഒരാള്‍ ചോദിച്ചു. സ്വന്തം പുത്രിക്ക് പകുതിയും സഹോദരിക്കുപകുതിയും ലഭിക്കുമെന്ന് മറുപടി അദ്ദേഹം നല്‍കി. ശേഷം പറഞ്ഞു: നിങ്ങള്‍ ഇബ്നുമസ്ഊദിന്റെയടുക്കല്‍ പോയി അദ്ദേഹത്തോട് ചോദിച്ചുകൊള്ളുക. അദ്ദേഹം എന്റെ അഭിപ്രായത്തെ അനുകൂലിക്കുമെന്ന് അബൂമൂസ പറഞ്ഞു. ഇബ്നുമസ്ഊദിന്റെ യടുക്കല്‍ ചെന്ന് അബൂമൂസായുടെ തീരുമാനം അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. അങ്ങിനെ വിധി കല്‍പ്പിക്കുന്നപക്ഷം ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവനായിരിക്കുകയില്ല. വഴി പിഴച്ചവനായിരിക്കും. നബി(സ) കല്‍പ്പിച്ചതനുസരിച്ചാണ് ഈ വിഷയത്തില്‍ ഞാന്‍ തീരുമാനം കല്‍പ്പിക്കുക. സ്വന്തം പുത്രിക്ക് പകുതി ലഭിക്കും. മകന്റെ മകള്‍ക്ക് ആറിലൊരംശവും. ബാക്കിയുള്ളത് സഹോദരിക്ക് ലഭിക്കും. അബൂമൂസയെ വിവരമറിയിച്ചപ്പോള്‍ ഈ മഹാപണ്ഡിതന്‍ നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കാലമത്രയും ഇത്തരം വിഷയങ്ങളെക്കുറിച്ച് നിങ്ങളെന്നോട് ചോദിക്കാന്‍ വരരുത് എന്നദ്ദേഹം ഉപദേശിച്ചു. (ബുഖാരി. 8. 80. 728)
 
5) അസ്വദ്(റ) പറയുന്നു: മുആദ്(റ) നബി(സ)യുടെ കാലത്ത് പുത്രിക്ക് പകുതിയും സഹോദരിക്ക് പകുതിയും അവകാശം നല്‍കി. സുലൈമാന്‍ (നിവേദകന്‍) ശേഷം പറഞ്ഞു: നബി(സ) യുടെ കാലത്ത് എന്നുപറയുന്നില്ല. (ബുഖാരി. 8. 80. 733)
 
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ വെറുക്കരുത്. വല്ലവനും തന്റെ പിതാവിനെ വെറുക്കുന്ന പക്ഷം അവന്‍ നന്ദികെട്ടവനത്രെ. (ബുഖാരി. 8. 80. 759)
 
7) അബൂ ഉമാമ(റ) പറഞ്ഞു: ഹജ്ജത്തുല്‍ വദായിലെ പ്രഭാഷണത്തില്‍ (ഖുത്തുബ) പ്രവാചകന്‍(സ) പറയുന്നതു ഞാന്‍ കേട്ടു: നിശ്ചയമായും അല്ലാഹു ഓരോരുത്തര്‍ക്കും അവനു അവകാശപ്പെട്ട് പങ്കു നല്‍കിയിരിക്കുന്നു. അതിനാല്‍ പിന്തുടര്‍ച്ചാവകാശി യാകുന്നവരുവനു വേണ്ടി മരണശാസനം വേണ്ട (അബൂദാവൂദ്)
 
8) ബുറൈദ(റ) പറഞ്ഞു: കസാഅയില്‍പെട്ട ഒരാള്‍ മരിക്കയും അയാളുടെ പിന്തുടര്‍ച്ചാവകാശം പ്രവാചക(സ) ന്റെ അടുക്കല്‍ കൊണ്ടുവരപ്പെടുകയും ചെയ്തു. അവിടുന്നു പറഞ്ഞു: അയാളുടെ അവകാശിയെ അല്ലെങ്കില്‍ പെണ്‍വഴിക്കു അയാളുമായി ബന്ധമുള്ള ഒരാളെ അന്വേഷിക്കുക . എന്നാല്‍ അയാള്‍ക്കു ഒരു അവകാശിയേയോ, പെണ്‍വഴിയില്‍ ബന്ധമുള്ള ഒരാളെയോ കാണുവാന്‍ അവര്‍ക്കു സാധിച്ചില്ല. അതിനാല്‍ അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അയാളുമായി പ്രപിതാമഹന്‍ മൂലം ഏറ്റവും അടുത്ത ബന്ധമുള്ള കസാഅയില്‍ പെട്ടവര്‍ക്ക് കൊടുക്കുക. (അബൂദാവൂദ്)
 
9) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. ഒരാള്‍ മരിക്കയും അയാള്‍ സ്വതന്ത്രനാക്കപ്പെട്ട ഒരു അടിമയല്ലാതെ മറ്റു അവകാശികള്‍ അയാള്‍ക്കു അവശേഷിക്കാതിരിക്കയും ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു. അയാള്‍ക്ക് (പിന്‍തുടര്‍ച്ചാവകാശപ്പെടുത്തുന്നതിന്) ആരെങ്കിലും ഉണ്ടോ? അവര്‍ പറഞ്ഞു: സ്വതന്ത്രനാക്കിയ ഒരടിമയല്ലാതെ അയാള്‍ക്കു മറ്റാരും ഇല്ല. അതിനാല്‍ പ്രവാചകന്‍(സ) അയാളുടെ പിന്‍തുടര്‍ച്ചാവകാശം അയാള്‍ക്ക് (അടിമക്ക്) കൊടുത്തു. (അബൂദാവൂദ്)
 
10) മിഖ്ദാം(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഞാന്‍ ഓരോ വിശ്വാസിയോടും അവനവനെത്തന്നെയെക്കാള്‍ അടുത്താണ്. അതുകൊണ്ട് ഒരുകടത്തെയോ പുലര്‍ത്തേണ്ട കുട്ടികളേയോ ആരൊരുവന്‍ ശേഷിപ്പിക്കുന്നുവോ, അതു നമ്മുടെ ചുമതലയിലാണ്; ആരൊരുവന്‍ സ്വത്തു ശേഷിപ്പിക്കുന്നുവോ, അത് അവന്റെ പിന്‍ഗാമികള്‍ക്കുമാണ്. അവാകാശികളില്ലാത്ത ആളിന്റെ അവകാശി ഞാനാകുന്നു. ഞാന്‍ അയാളുടെ സ്വത്തിനു അവകാശിയായിത്തീരുകയും അവന്റെ ബാദ്ധ്യസ്ഥതയെ വിമോചിക്കയും ചെയ്യുന്നു. (അബൂദാവൂദ്)
 
11) അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഘാതകന്‍ പിന്തുടര്‍ച്ചാവകാശിയാകുന്നില്ല. (തിര്‍മിദി)
 
12) അംറ് ഇബ്നു ഷുഅയ്ബ്(റ) നിവേദനം ചെയ്തു: പ്രവാചകന്‍(സ) പറഞ്ഞു: സ്വതന്ത്രയായ ഒരു സ്ത്രീയുമായോ ഒരു അടിമസ്ത്രീയായോ വ്യഭിചാരം നടത്തി (അപ്രകാരം ജനിക്കുന്ന) ശിശു നിയമാനുസൃതമല്ല. അവന്‍ പിന്‍തുടര്‍ച്ചാവകാശിയാകുന്നില്ല. അവനെ പിന്‍തുടര്‍ച്ചാവകാശപ്പെടുത്തുന്നുമില്ല. (തിര്‍മിദി)