ബദ്റിന്റെ പാഠം
[ 2 - Aya Sections Listed ]

Surah No:3
Aal-i-Imraan
121 - 127
(നബിയേ,) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.(121)നിങ്ങളില്‍ പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കാന്‍ ഭാവിച്ച സന്ദര്‍ഭം (ശ്രദ്ധേയമാണ്.) എന്നാല്‍ അല്ലാഹുവാകുന്നു ആ രണ്ടു വിഭാഗത്തിന്‍റെയും രക്ഷാധികാരി. അല്ലാഹുവിന്‍റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്.(122)നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.(123)(നബിയേ,) നിങ്ങളുടെ രക്ഷിതാവ് മുവ്വായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.)(124)(പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്.(125)നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും, നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു.(126)സത്യനിഷേധികളില്‍ നിന്ന് ഒരു ഭാഗത്തെ ഉന്‍മൂലനം ചെയ്യുകയോ, അല്ലെങ്കില്‍ അവരെ കീഴൊതുക്കിയിട്ട് അവര്‍ നിരാശരായി പിന്തിരിഞ്ഞോടുകയോ ചെയ്യാന്‍ വേണ്ടിയത്രെ അത്.(127)

Surah No:8
Al-Anfaal
7 - 17
രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്.(7)സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി.(8)നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.(9)ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്കു സമാധാനം നല്‍കുന്നതിന് വേണ്ടിയും മാത്രമാണ് അല്ലാഹു അത് ഏര്‍പെടുത്തിയത്. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(10)അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക.)(11)നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.(12)അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.(13)അതാ അതു നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്ക് തന്നെയാണ് നരകശിക്ഷ എന്ന് (മനസ്സിലാക്കുകയും ചെയ്യുക.)(14)സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞ് ഓടരുത്.(15)യുദ്ധ (തന്ത്ര) ത്തിനായി സ്ഥാനം മാറുന്നതിനോ (സ്വന്തം) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന് അവരില്‍ നിന്നു (ശത്രുക്കളുടെ മുമ്പില്‍ നിന്ന്) വല്ലവനും പിന്തിരിഞ്ഞ് കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്.(16)എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്. (നബിയേ,) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.(17)