യാത്രയിലെ ഇളവുകള്‍

[ 4 - Aya Sections Listed ]
Surah No:2
Al-Baqara
184 - 185
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട്‌ മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം.(184)ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)(185)
Surah No:2
Al-Baqara
283 - 283
ഇനി നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചു വെക്കരുത്‌. ആരത്‌ മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ്‌ പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു.(283)
Surah No:4
An-Nisaa
43 - 43
സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത്‌ വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന്‌ പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു.(43)
Surah No:5
Al-Maaida
6 - 6
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന്‌ ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്‌ (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്‌) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.(6)