അനാവശ്യ തര്‍ക്കം വേണ്ട

[ 10 - Aya Sections Listed ]
Surah No:4
An-Nisaa
107 - 107
ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി നീ തര്‍ക്കിക്കരുത്‌. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.(107)
Surah No:6
Al-An'aam
121 - 121
അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന്‌ നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത്‌ അധര്‍മ്മമാണ്‌. നിങ്ങളോട്‌ തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും.(121)
Surah No:16
An-Nahl
125 - 125
യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.(125)
Surah No:18
Al-Kahf
54 - 54
തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.(54)
Surah No:18
Al-Kahf
56 - 56
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത്‌ നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ്‌ നാം ദൂതന്‍മാരെ നിയോഗിക്കുന്നത്‌. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നു; അത്‌ മൂലം സത്യത്തെ തകര്‍ത്ത്‌ കളയുവാന്‍ വേണ്ടി. എന്‍റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക്‌ നല്‍കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.(56)
Surah No:22
Al-Hajj
68 - 68
അവര്‍ നിന്നോട്‌ തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.(68)
Surah No:29
Al-Ankaboot
46 - 46
വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌) പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്പെട്ടവരുമാകുന്നു.(46)
Surah No:31
Luqman
20 - 20
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങള്‍ക്ക്‌ അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന്‌ നിങ്ങള്‍ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. വല്ല അറിവോ മാര്‍ഗദര്‍ശനമോ വെളിച്ചം നല്‍കുന്ന വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്ന ചിലര്‍ മനുഷ്യരിലുണ്ട്‌.(20)
Surah No:40
Al-Ghaafir
5 - 5
അവര്‍ക്ക്‌ മുമ്പ്‌ നൂഹിന്‍റെ ജനതയും അവരുടെ ശേഷമുള്ള കക്ഷികളും (സത്യത്തെ) നിഷേധിച്ചു തള്ളിക്കളയുകയുണ്ടായി. ഓരോ സമുദായവും തങ്ങളുടെ റസൂലിനെ പിടികൂടാന്‍ ഉദ്യമിക്കുകയും, അസത്യത്തെകൊണ്ട്‌ സത്യത്തെ തകര്‍ക്കുവാന്‍ വേണ്ടി അവര്‍ തര്‍ക്കം നടത്തുകയും ചെയ്തു. തന്നിമിത്തം ഞാന്‍ അവരെ പിടികൂടി. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു!(5)
Surah No:40
Al-Ghaafir
35 - 35
അതായത്‌ തങ്ങള്‍ക്ക്‌ യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത്‌ അല്ലാഹുവിന്‍റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു.(35)