പരലോക ചിന്തകള്‍ , ഹദീസുകള്‍

37) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: അവന്‍ പറയുന്നു; ഒരു രാത്രിയില്‍ തിരുമേനി(സ) ഉറക്കില്‍ നിന്ന് അവിടുന്ന് അരുളി: അല്ലാഹു പരിശുദ്ധന്‍. ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ് ഇറക്കപ്പെട്ടിരിക്കുന്നത്! എത്രയെത്ര ഖജനാവുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്! റൂമുകളില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വേഗം ഉണര്‍ത്തിക്കൊള്ളുവീന്‍. ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര സ്ത്രീകളാണ് പരലോകത്ത് നഗ്നരായിരിക്കാന്‍ പോകുന്നത്. (ബുഖാരി. 1. 3. 115)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486)
 
16) ആയിശ(റ) നിവേദനം: നബി(സ)യുടെ ഭാര്യമാരില്‍ ചിലര്‍ നബി(സ)യോട് ചോദിച്ചു: ഞങ്ങളില്‍ ആരാണ് ഏറ്റവുമാദ്യം (പരലോകത്ത്)താങ്കളെ സമീപിക്കുക. നബി(സ) അരുളി: നിങ്ങളില്‍ കൈ നീളം കൂടിയ ആള്‍. പിന്നീട് നബി(സ)യുടെ പത്നിമാര്‍ ഒരു മുളക്കഷ്ണമെടുത്ത് കൈ അളക്കാന്‍ തുടങ്ങി. സൌദയായിരുന്നു കൈ ഏറ്റവും നീളമുള്ള സ്ത്രീ. കൈ നീളം കൂടിയവള്‍ എന്ന് നബി(സ) പറഞ്ഞതിന്റെ വിവക്ഷ അവള്‍ കൂടുതല്‍ ദാനധര്‍മ്മം ചെയ്തിരുന്നുവെന്നാണെന്ന് ശേഷം ഞങ്ങള്‍ ഗ്രഹിച്ചു. സൌദയാണ് ഏറ്റവും വേഗം നബി(സ)യെ പിന്‍തുടര്‍ന്നത്. അവര്‍ ദാനധര്‍മ്മം കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 2. 24. 501)
 
53) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന്‍ ജനങ്ങളോട് യാചിച്ചുകൊണ്ടിരിക്കും. അങ്ങനെ പരലോകത്ത് അവന്‍ വരുമ്പോള്‍ അവന്റെ മുഖത്ത് മാംസത്തിന്റെ ഒരു ചെറിയ കഷ്ണം പോലും അവശേഷിക്കുകയില്ല. നബി(സ) അരുളി: പരലോകത്ത് തീര്‍ച്ചയായും സൂര്യന്‍ മനുഷ്യന്റെ അടുത്ത് വരും. വിയര്‍പ്പ് ഒലിച്ച് അവന്റെ ചെവിയുടെ പകുതി വരെ പൊങ്ങി വരും. അവര്‍ ആദം(അ)ന്റെയും മൂസാ(അ)യുടെയും പിന്നീട് മുഹമ്മദ്(സ)യുടെയും അടുത്ത് വന്ന് സഹായം തേടും. അങ്ങനെ വിധി നടപ്പാക്കുവാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യും. അവിടുന്ന് നടന്ന് സ്വര്‍ഗ്ഗവാതിലിന്റെ വട്ടക്കണ്ണി പിടിക്കും. ആ ദിവസം അല്ലാഹു നബിയെ സ്തുത്യര്‍ഹമായ സ്ഥാനത്ത് നിയോഗിക്കും. എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കും. (ബുഖാരി. 2. 24. 553)
 
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനെക്കൊണ്ട് സത്യം. സ്വന്തം ജലാശയത്തില്‍ നിന്ന് അന്യരുടെ ഒട്ടകങ്ങളെ ആട്ടിയകറ്റും പോലെ ചില ആളുകളെ പരലോകത്തു എന്റെ ജലാശയത്തില്‍ നിന്ന് ഞാന്‍ ആട്ടിയകറ്റും. (ബുഖാരി. 3. 40. 555)
 
2) അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു മുസ്ളിമും ഒരു ജൂതനും തമ്മില്‍ ശകാരിച്ചു. മുസ്ളിം പറഞ്ഞു: മനുഷ്യരാശിയില്‍ വെച്ച് മുഹമ്മദ്(സ) നെ ഉല്‍കൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. അപ്പോള്‍ ജൂതന്‍ പറഞ്ഞു: മനുഷ്യരാശിയില്‍ വെച്ച് മൂസയെ ഉല്‍കൃഷ്ടനായിത്തിരഞ്ഞെടുത്ത അല്ലാഹു സത്യം. ഉടനെ മുസ്ളിം കൈ പൊക്കി ജൂതന്റെ മുഖത്തടിച്ചു. ജൂതന്‍ നബി(സ)യുടെ അടുത്ത് ചെന്നു ആവലാതി ബോധിപ്പിക്കുകയും സംഭവം വിവരിക്കുകയും ചെയ്തു. മുസ്ളിമിനെ വിളിച്ചു വരുത്തി സംഭവം അന്വേഷിച്ചപ്പോള്‍ നടന്നതെല്ലാം അദ്ദേഹവും നബി(സ)യോട് പറഞ്ഞു. നബി(സ) അരുളി: നിങ്ങള്‍ എന്നെ മൂസയെക്കാള്‍ ഉല്‍കൃഷ്ടനാക്കരുത്. നിശ്ചയം മനുഷ്യരെല്ലാം പരലോകത്തു ബോധരഹിതരായി വീഴുമ്പോള്‍ അക്കൂട്ടത്തില്‍ ഞാനും വീഴും. ഏറ്റവുമാദ്യം ബോധം തിരിച്ചു കിട്ടുന്നതെനിക്കായിരിക്കും. ഞാന്‍ കണ്ണു തുറന്ന് നോക്കുമ്പോള്‍ മൂസാ(അ)ദൈവിക സിംഹാസനത്തിന്റെ ഒരു ഭാഗം പിടിച്ചുകൊണ്ട് അതാ നില്‍ക്കുന്നു.! ബോധം അദ്ദേഹത്തിന്ന് എനിക്ക് മുമ്പ് തിരിച്ചു കിട്ടിയതോ അതല്ല അദ്ദഹേം തീരെ ബോധം കെട്ട് വീഴാതെ അല്ലാഹു ഒഴിച്ചു നിറുത്തിയതോ എന്താണെന്ന് എനിക്കറിയുകയില്ല. (ബുഖാരി. 3. 41. 594)
 
2) സഫ്വാന്‍(റ) നിവേദനം: ഇബ്നുഉമര്‍(റ) കൈപിടിച്ചു നടക്കുമ്പോള്‍ ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. താങ്കള്‍ ഗൂഢാലോചനയെ സംബന്ധിച്ച് എന്താണ് നബി(സ) യില്‍ നിന്ന് കേട്ടതെന്ന് ചോദിച്ചു. ഇബ്നുഉമര്‍(റ) പറഞ്ഞു: നബി(സ) പറയുന്നത്. ഞാന്‍ കേട്ടു. അല്ലാഹു പരലോകത്തു വെച്ച് സത്യവിശ്വാസിയെ തന്നോടടുപ്പിക്കും. അവനെ അല്ലാഹു ഒരു മറക്കുള്ളിലാക്കും. ശേഷം അവനോട് ചോദിക്കും. നീ ചെയ്ത ഇന്നിന്ന കുറ്റങ്ങള്‍ നിനക്കോര്‍മ്മയുണ്ടോ? അവന്‍ പറയും. രക്ഷിതാവേ! എനിക്കോര്‍മ്മയുണ്ട്. അങ്ങനെ തന്റെ കുറ്റങ്ങളെല്ലാം അവന്‍ ഏറ്റുപറയുകയും താന്‍ നശിച്ചുവെന്ന് അവന് തോന്നിക്കഴിയുകയും ചെയ്യുമ്പോള്‍ അല്ലാഹു അരുളും. മുന്‍ലോകത്തുവെച്ച് നിന്റെ കുറ്റങ്ങളെ ഞാന്‍ മറച്ചു വെച്ചിരുന്നു. ഇന്ന് ആ കുറ്റങ്ങളെ നിനക്ക് ഞാന്‍ മാപ്പ് ചെയ്തു തന്നിരിക്കുന്നു. എന്നിട്ട് അവന്റെ നന്മകള്‍ രേഖപ്പെടുത്തിയ ഏട് അവന് നല്‍കും. സത്യനിഷേധിയും കപടവിശ്വാസിയുമാകട്ടെ അവര്‍ക്കെതിരെ സാക്ഷികള്‍ വിളിച്ചു പറയും. തങ്ങളുടെ നാഥനെ നിഷേധിച്ചവര്‍ ഇവരാണ്. അക്രമികള്‍ക്ക് അല്ലാഹുവിന്റെ ശാപം അനുഭവപ്പെടട്ടെ. (ബുഖാരി. 3. 43. 621)
 
3) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഒരക്രമിക്ക് ദ്രോഹിക്കാന്‍ വിട്ടു കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തില്‍ പ്രവേശിച്ചാല്‍ അവന്റെ ആവശ്യം അല്ലാഹുവും നിര്‍വ്വഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്ളിമിനെ ബാധിച്ച പ്രയാസത്തില്‍ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദു:ഖത്തില്‍ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ളിമിന്റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും. (ബുഖാരി. 3. 43. 622)
 
9) ഖൌലത്തു(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചില ആളുകള്‍ അനര്‍ഹമായ നിലയ്ക്ക് അല്ലാഹുവിന്റെ ധനം കൈകാര്യം ചെയ്യുന്നു. പരലോകദിനം നരകമായിരിക്കും അവര്‍ക്കുളള പ്രതിഫലം. (ബുഖാരി. 4. 53. 347)
 
9) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: പരലോകത്തില്‍ നഗ്നപാദത്തില്‍ ചേലാ കര്‍മം ചെയ്യപ്പെടാത്തവരുമായിട്ടാണ് നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക. നബി(സ) ഇപ്രകാരം ഓതി (ആദ്യമായി സൃഷ്ടിപ്പ് ആരംഭിച്ചതുപോലെ തന്നെ അതു നാം ആവര്‍ത്തിക്കും. ഇതു നമ്മുടെമേല്‍ നിര്‍ബന്ധ വാഗ്ദാനമാണ്) പരലോകത്തു ആദ്യമായി വസ്ത്രം ധരിപ്പിക്കുക ഇബ്രാഹിം (അ)യെയാണ് എന്റെ അനുചരന്മാരില്‍ ചിലരെ അന്നു ഇടതുഭാഗത്തേക്ക് കൊണ്ടു പോകും. അപ്പോള്‍ ഞാന്‍ പറയും. എന്റെ അനുചരന്മാര്‍! എന്റെ അനുചരന്മാര്‍! അന്നേരം നിങ്ങള്‍ വിട്ടുപോന്ന ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് തന്നെ മടങ്ങിപോയവരാണവര്‍ എന്ന് എനിയ്ക്ക് മറുപടി ലഭിക്കും. അപ്പോള്‍ ഉല്‍ക്കൃഷ്ടദാസന്‍ (ഈസാ) പറഞ്ഞതുപോലെ തന്നെ ഞാന്‍ പറയും. (അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന കാലമത്രയും അവരുടെ ജീവിതത്തെ ഞാന്‍ വീക്ഷിച്ചുകൊണ്ടിരുന്നു) (5:120). (ബുഖാരി. 4. 55. 568)
 
10) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിനം ഇബ്രാഹിംനബി (അ) തന്റെ പിതാവിനെ കണ്ടുമുട്ടുമ്പോള്‍ അയാളുടെ മുഖം പൊടി പുരണ്ട് കറുത്തിരിക്കും. ഇബ്രാഹിം അയാളോട് പറയും. എന്നെ ധിക്കരിക്കരുതെന്ന്. ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ? പിതാവ് പറയും ഈ ദിവസം ഞാന്‍ നിന്നെ ധിക്കരിക്കുന്നില്ല. അപ്പോള്‍ ഇബ്രാഹിം പറയും. എന്റെ രക്ഷിതാവേ! നീ എന്നെ പരലോക ദിവസത്തില്‍ അപമാനിക്കുകയില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നിന്റെ അനുഗ്രഹത്തില്‍ നിന്ന് അങ്ങേയറ്റം വിദൂരമാക്കപ്പെട്ട നിലയ്ക്ക് എന്റെ പിതാവ് ജീവിക്കുന്നതിനേക്കാള്‍ വലിയ അപമാനം എനിയ്ക്ക് എന്താണുളളത്. അല്ലാഹു പറയും: തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് സ്വര്‍ഗ്ഗം ഹറാമാക്കിയിരിക്കുന്നു. ശേഷം ഇബ്രാഹിമിനോട് ചോദിക്കും. താങ്കളുടെ കാലിന്നടിയിലെന്താണുളളത്. അദ്ദേഹം നോക്കുമ്പോള്‍ ചോര പുരണ്ട ഒരു ഉടുമ്പിനെ കാണും. ഉടനെ അതിന്റെ കാലുകള്‍ നരകത്തിലേക്കെറിഞ്ഞുകളയും. (ബുഖാരി. 4. 55. 569)
 
6) ആയിശ(റ) നിവേദനം: നിനക്ക് നാം കൌസര്‍ നല്‍കിയിരിക്കുന്നുവെന്ന ഖുര്‍ആന്‍ വാക്യത്തെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: നബിക്ക് പരലോകത്തുവെച്ച് നല്‍കപ്പെടുന്ന നദിയാണ്. അതിന്റെ ഇരു കരകളിലും ഉളള് ഓട്ടയായ മുത്തുകളുണ്ടായിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയെണ്ണം പാത്രങ്ങളുണ്ടായിരിക്കും അവിടെ. (ബുഖാരി. 6. 60. 489)
 
1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരില്‍ വിശ്വാസം ഉണ്ടാക്കുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ചത് അല്ലാഹുവിങ്കല്‍ നിന്നുളള ബോധനം (വഹ്യ്) അത്രെ. അതുകൊണ്ട് പരലോകദിനത്തില്‍ അവരുടെ കൂട്ടത്തില്‍ കൂടുതല്‍ അനുയായികള്‍ എനിക്കായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 6. 61. 504)
 
7) ഇബ്നുസുബൈര്‍(റ) പ്രസംഗിച്ചുപറഞ്ഞു: മുഹമ്മദ്(സ) പറഞ്ഞു: വല്ലവനും ദുന്‍യാവില്‍ പട്ടു ധരിച്ചാല്‍ പരലോകത്ത് അതു ധരിക്കുകയില്ല. (ബുഖാരി. 7. 72. 724)
 
26) അബ്ദുല്ല(റ) പറയുന്നു: നബി(സ)അരുളി: പരലോകത്ത് ജനങ്ങളില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ് ചിത്രം വരക്കുന്നവര്‍. (ബുഖാരി. 7. 72. 834)
 
29) ആയിശ(റ) നിവേദനം: ഞാന്‍ ചിത്രങ്ങള്‍ ഉളള ഒരുതലയിണ വിലക്ക് വാങ്ങി. നബി(സ) വീട്ടില്‍ പ്രവേശിക്കാതെ വാതിന്മേല്‍ ഇരുന്നു. ഞാന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്തുതെറ്റാണ് ഞാന്‍ ചെയ്തതു? നബി(സ)അരുളി: ഈ തലയിണ തന്നെ. ഞാന്‍ പറഞ്ഞു: പ്രവാചകരേ! താങ്കള്‍ക്ക് ഇരിക്കാനും തല വെയ്ക്കുവാനും വേണ്ടി ഞാന്‍ വാങ്ങിയതാണിത്. നബി(സ)അരുളി: തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ വരക്കുന്നവര്‍ പരലോകത്ത് ശിക്ഷിക്കപ്പെടും. അവരോട് പറയും. നിങ്ങള്‍ വരച്ചതിനെ ജീവിപ്പിക്കുവീന്‍, തീര്‍ച്ചയായും മലക്കുകള്‍ ചിത്രമുളളവീടുകളില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 7. 72. 840)
 
49) അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: പരലോകദിനം അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും താഴ്ന്നവന്‍ രാജാധിരാജന്‍ എന്ന് പേര്‍ വിളിക്കപ്പെടുന്നവനായിരിക്കും. (ബുഖാരി. 8. 73. 224)
 
1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥനയുണ്ട്. അതു അദ്ദേഹം പ്രാര്‍ത്ഥിക്കും. എന്റെ പ്രാര്‍ത്ഥന പരലോകത്ത് എന്റെ സമുദായത്തിന് ശഫാഅത്തു ലഭിക്കുവാന്‍ വേണ്ടി ഞാന്‍ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. (ബുഖാരി. 8. 75. 317)
 
8) ഇത്ബാന്‍(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹു എന്നുപറഞ്ഞ ഏതൊരു മുസ്ളീമും പരലോകദിവസം വന്നെത്തുമ്പോള്‍ അല്ലാഹു അവന് നരകം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 8. 76. 431)
 
36) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനത്തില്‍ ഭൂമി പരമാധികാരിയായ അല്ലാഹുവിന്റെ കയ്യിലായിരിക്കും. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ റൊട്ടി തിരിച്ചും മറിച്ചും ഇടുംപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ളൊരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ (ഭൂമിയെ) ഒരു റൊട്ടിപോലെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബി(സ)യോട് പറഞ്ഞു. അബുല്‍കാസിം, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. പരലോകദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാരവിഭവമെന്തായിരിക്കുമെന്ന് ഞാന്‍ താങ്കളെ അറിയിക്കട്ടെയോ? നബി(സ) അരുളി: അതെ, ജൂതന്‍ പറഞ്ഞു: അന്ന് ഭൂമി ഒരു റൊട്ടി പോലെയായിരിക്കും. നബി(സ) അരുളിയതുപോലെതന്നെ. അപ്പോള്‍ നബി(സ)യുടെ അണപ്പല്ലുകള്‍ കാണുംവിധം അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: റൊട്ടിയിലേക്ക് അവര്‍ക്ക് കറി എന്തായിരിക്കുമെന്ന് ഞാന്‍ നിന്നെ അറിയിക്കട്ടെയോ? അവരുടെ കറി ബലാമും നൂനുമായിരിക്കും. സഹാബിമാര്‍ ചോദിച്ചു: എന്താണത്? അവിടുന്ന് അരുളി: കാളയും മീനും. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം എഴുപതിനായിരം പേര്‍ക്ക് തിന്നാനുണ്ടാവും. (ബുഖാരി. 8. 76. 527)
 
38) ആയിശ(റ) നിവേദനം: നബി(സ) അരുളി: പരലോകത്തു സമ്മേളിപ്പിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ നഗ്നരും പാദരക്ഷ ധരിക്കാത്തവരും ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്തവരുമായിരിക്കും. ഞാന്‍ ചോദിച്ചു. പ്രവാചകരേ! സ്ത്രീകളും പുരുഷന്മാരും അപ്പോള്‍ പരസ്പരം നോക്കുകയില്ലേ? നബി(സ) അരുളി: അവിടത്തെ സ്ഥിതി അത്തരം ചിന്തകള്‍ക്കെല്ലാം അതീതമായിരിക്കും. (ബുഖാരി. 8. 76. 534)
 
39) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം മനുഷ്യരുടെ വിയര്‍പ്പ് കൂടുതല്‍ ഒലിച്ചിട്ട് എഴുപതു മുഴം ആഴത്തില്‍ കെട്ടിനില്‍ക്കും. അവരുടെ വായവരെ അല്ലാത്തവരുടെ ചെവിവരെത്തന്നെ അതെത്തും. (ബുഖാരി. 8. 76. 539)
 
40) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: പരലോകത്തുവെച്ച് ഏറ്റവുമാദ്യം വിധികല്‍പ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്. (ബുഖാരി. 8. 76. 540)
 
43) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിനം സത്യനിഷേധിയുടെ രണ്ടു ചുമലുകള്‍ക്കിടയില്‍ ധൃതിയില്‍ പോകുന്ന ഒരു വാഹനയാത്രക്കാരന് മൂന്ന് ദിവസം സഞ്ചരിക്കുവാനുള്ള ദൂരമുണ്ടായിരിക്കും. (ബുഖാരി. 8. 76. 559)
 
54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം എന്റെ ഹൌളില്‍ നിന്ന് ചിലരെ തട്ടിമാറ്റും. അപ്പോള്‍ ഞാന്‍ പറയും: എന്റെ രക്ഷിതാവേ! അവര്‍ എന്റെ അനുയായികളാണ്. അപ്പോള്‍ അവന്‍ പറയും. നിനക്ക് ശേഷം അവര്‍ പുതിയതായി നിര്‍മ്മിച്ചതിനെ സംബന്ധിച്ച് നിനക്ക് യാതൊരു അറിവുമില്ല. അവര്‍ പിന്നിലേക്ക് പോയിക്കൊണ്ടിരുന്നു. (ബുഖാരി. 8. 76. 584)
 
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നരപരാധിയായ തന്റെ അടിമയെക്കുറിച്ച് കുറ്റാരോപണം നടത്തിയാല്‍ പരലോകത്ത് അല്ലാഹു അവനെ ശിക്ഷിക്കും. (ബുഖാരി. 8. 82. 841)
 
5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാര്‍ലിമണികളെ തമ്മില്‍ പിടിച്ച് കെട്ടി ബന്ധിപ്പിക്കാന്‍ അവനെ നിര്‍ബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാന്‍ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേള്‍ക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കില്‍ പരലോകത്ത് അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാല്‍ അതില്‍ ജീവനൂതാന്‍ അവനെ നിര്‍ബന്ധിക്കും. എന്നാല്‍ അവന് അതില്‍ ജീവനിടാന്‍ കഴിയുകയില്ല. (ബുഖാരി. 9. 87. 165)
 
1) മുസ്തൌരിദി(റ) വില്‍ നിന്ന് നിവേദനം: പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്. (അതില്‍ നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് അവന്‍ നോക്കട്ടെ. (മുസ്ലിം)