1) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. നിരസിച്ചവര്‍ പ്രവേശിക്കുകയില്ല. അവര്‍ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്‍?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. എന്റെ കല്‍പന ലംഘിച്ചവന്‍ നിരസിച്ചവനാണ്. (ബുഖാരി. 9. 92. 384) |
|
2) ജാബിര്‍ (റ) പറയുന്നു: ഒരു സംഘം മലക്കുകള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) ഉറങ്ങുകയായിരുന്നു. ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. മറ്റുചിലര്‍ പറഞ്ഞു: കണ്ണു ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവരില്‍ ചിലര്‍ പറഞ്ഞു: നിങ്ങളുടെ ഈ സ്നേഹിതന് ഒരു ഉപമയുണ്ട്. അദ്ദേഹത്തിന്റെ ഉപമ വിവരിക്കുക. അപ്പോള്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ് മറ്റു ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങുകയാണെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു വീട് നിര്‍മ്മിച്ചു. എന്നിട്ട് അതില്‍ ഒരു വിരുന്നു തയ്യാറാക്കി. ആളുകളെ ക്ഷണിക്കാന്‍ ആളയച്ചു. ക്ഷണം സ്വീകരിച്ചവര്‍ വീട്ടില്‍ പ്രവേശിക്കുകയും വിരുന്നിലെ വിഭവങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. ക്ഷണം സ്വീകരിക്കാത്തവര്‍ വീട്ടില്‍ പ്രവേശിക്കുകയോ സല്‍ക്കാരവിഭവങ്ങള്‍ ഭക്ഷിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് അവര്‍ പറഞ്ഞു; ഈ ഉപമ നിങ്ങളദ്ദേഹത്തിന് വിവരിച്ചുകൊടുക്കുക. അദ്ദേഹം അതു ശരിക്കും ഗ്രഹിക്കട്ടെ. അവരില്‍ ചിലര്‍ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. ചിലര്‍ പറഞ്ഞു: കണ്ണ് ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവര്‍ പറഞ്ഞു: ആ പറഞ്ഞ വീട് സ്വര്‍ഗ്ഗമാണ്. വിരുന്നിന്ന് ക്ഷണിച്ചയാള്‍ മുഹമ്മദും. അതുകൊണ്ട് മുഹമ്മദിനെ വല്ലവനും അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. മുഹമ്മദിന്റെ കല്‍പന ലംഘിച്ചു. മുഹമ്മദാണ് ജനങ്ങളെ വിശ്വാസിയും അവിശ്വാസിയുമായി വേര്‍തിരിക്കുന്നത്. (ബുഖാരി. 9. 92. 385) |
|
3) ഹുദൈഫ(റ) പറയുന്നു: അല്ലയോ ഓത്തുകാരേ! നിങ്ങള്‍ നേര്‍ക്കുനേരെ ജീവിക്കുക. നിങ്ങള്‍ തീര്‍ച്ചയായും വിജയത്തില്‍ ഒരു വലിയ മുന്‍കടക്കല്‍ കടന്നിട്ടുണ്ട്. നിങ്ങള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞാല്‍ വിദൂരമായ വഴികേടില്‍ നിങ്ങള്‍ വീഴുന്നതാണ്. (ബുഖാരി. 9. 92. 386) |
|
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍. പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത് അവരുടെ നബിമാര്‍ക്ക് അവര്‍ എതിര്‍പ്രവര്‍ത്തിച്ചതുകൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍. എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീന്‍. (ബുഖാരി. 9. 92. 391) |
|
5) സഅ്ദ്(റ) നിവേദനം: നബി(സ) അരുളി: ഹറാമ് അല്ലാത്ത ഒരുകാര്യം (അനാവശ്യമായ) ചോദ്യം കാരണം നിഷിദ്ധമാക്കപ്പെട്ടാല്‍ ആ ചോദ്യ കര്‍ത്താവാണ് മുസ്ളിംകളില്‍ ഏറ്റവും വലിയ പാപി. (ബുഖാരി. 9. 92. 392) |
|
6) അനസ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ ഉമര്‍(റ)യുടെ അടുത്ത് ഇരിക്കുകയാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മനസ്സില്‍ ഇല്ലാത്തതു സാഹസപ്പെട്ടു ചെയ്യുന്നതിനെ ഞങ്ങള്‍ വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 9. 92. 396) |
|
7) അനസ്(റ) പറയുന്നു: നബി(സ) അരുളി: മനുഷ്യര്‍ ഓരോന്നു ചോദിച്ചു കൊണ്ടേയിരിക്കും. അവസാനം അവര്‍ ചോദിക്കും. ഇതു അല്ലാഹുവാണ്. എല്ലാസൃഷ്ടികളുടെയും കര്‍ത്താവ്. എന്നാല്‍ അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്? (ബുഖാരി. 9. 92. 399) |
|
8) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരില്‍ നിന്ന് അറിവ് അല്ലാഹു ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്മാരെ മരണപ്പെടുത്തുക വഴിക്കാണ് വിദ്യയെ മനുഷ്യരില്‍ നിന്ന് അവന്‍ പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്മാര്‍ അവശേഷിക്കും. അവരോട് മനുഷ്യര്‍ മതവിധി ചോദിക്കും. അപ്പോള്‍ സ്വന്തം അഭിപ്രായമനുസരിച്ച് അവര്‍ വിധി കല്‍പ്പിക്കും. അങ്ങിനെ അവര്‍ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. (ബുഖാരി. 9. 92. 410) |
|
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പൂര്‍വ്വീക തലമുറകളുടെ സമ്പ്രദായങ്ങളെ ചാണ്‍ ചാണായും മുഴം മുഴമായും എന്റെ അനുയായികള്‍ പിന്‍പറ്റുന്നതുവരേക്കും അന്ത്യ ദിനം സംഭവിക്കുകയില്ല. പ്രവാചകരേ! പേര്‍ഷ്യക്കാരെയും റോമക്കാരെയുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു: അവരല്ലാതെ മറ്റാരാണ്? നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 9. 92. 421) |
|
10) ആയിശ(റ) നിവേദനം: അവര്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നോട് പറഞ്ഞു: ഞാന്‍ മരിച്ചാല്‍ എന്നെ എന്റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. നിങ്ങള്‍ നബി(സ)യുടെ കൂടെ എന്നെ ഖബറടക്കം ചെയ്യരുത്. തീര്‍ച്ചയായും സ്വയം പരിശുദ്ധപ്പെടുത്തുന്നതിനെ ഞാന്‍ വെറുക്കുന്നു. ഉര്‍വ്വ(റ) പറയുന്നു: ഉമര്‍(റ) ആയിശ(റ)യുടെ അടുക്കലേക്ക് ഇപ്രകാരം ആവശ്യപ്പെട്ടുകൊണ്ട് ആളെ അയച്ചു. എന്റെ രണ്ടു സ്നേഹിതന്മാരുടെ കൂടെ എന്നെ കബറടക്കം ചെയ്യുവാന്‍ നിങ്ങള്‍ അനുമതി നല്‍കിയാലും. അവര്‍ പറഞ്ഞു: അതെ! അല്ലാഹു സത്യം. സഹാബിമാരെക്കാള്‍ ഞാന്‍ ആരെയും മുന്‍ഗണന നല്‍കുകയില്ലെന്ന് ആയിശ(റ) പറയും. (ബുഖാരി. 9. 92. 428) |
|
11) അംറ്(റ) പറയുന്നു: നബി(സ) അരുളി: ഒരു ന്യായാധിപന്‍ ചിന്തിച്ചശേഷം ഒരു വിധി നല്‍കി. ആ വിധി സത്യമായിരിക്കുകയും ചെയ്തു. എന്നാല്‍ അവന്ന് ഇരട്ടപ്രതിഫലമുണ്ട്. ഇനി ശരിക്ക് ചിന്തിച്ച ശേഷം തെറ്റായ വിധിയാണ് നല്‍കിയതെങ്കിലോ അവന് ഒരുപ്രതിഫലമുണ്ട്. (ബുഖാരി. 9. 92. 450) |
|
12) ജാബിര്‍ (റ) നിവേദനം: ഇബ്നുസ്സയ്യാദ് തന്നെയാണ് ദജ്ജാലെന്ന് അദ്ദേഹം സത്യം ചെയ്തു ഉറപ്പിച്ച് പറയാറുണ്ടായിരുന്നു. കൂടുതലായി നിങ്ങള്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്തുറപ്പിച്ചുപറയുകയാണോ എന്നു ഞാന്‍ (നിവേദകന്‍) ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ) യുടെ മുമ്പില്‍ വെച്ച് ഉമര്‍(റ) ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞുകൊണ്ട് സത്യം ചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) അതു നിഷേധിക്കുകയുണ്ടായില്ല. (ബുഖാരി. 9. 92. 453) |
|