Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാതാപിതാക്കളോടുള്ള കര്‍ത്തവ്യവും ചാര്‍ച്ചയെ ചേര്‍ക്കലും

മലയാളം ഹദീസുകള്‍


1) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. ഒരൊറ്റ സന്താനവും പിതാവിനോടുള്ള കടമ നിര്‍വ്വഹിച്ചവനാവുകയില്ല. മറ്റൊരാളുടെ അധീനതയില്‍ അദ്ദേഹത്തെ (പിതാവിനെ) കാണാനിടയായല്‍ വിലക്കുവാങ്ങി മോചിപ്പിച്ചാലല്ലാതെ. (മുസ്ലിം)
 
2) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്റെ മൂക്ക് നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവന്‍ നീചനും നിന്ദ്യനുമാവട്ടെ)
 
3) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി(സ)യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം ചേര്‍ക്കുന്നു. അവര്‍ ബന്ധം മുറിക്കുന്നു. ഞാന്‍ അവര്‍ക്ക് നന്മ ചെയ്യുന്ന. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവര്‍ക്കുവേണ്ടി ക്ഷമിക്കുന്നു. അവര്‍ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കില്‍ ചൂടുള്ള വെണ്ണീര്‍ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കല്‍ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. . (മുസ്ലിം)
 
4) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒരിക്കല്‍ പ്രസ്താവിച്ചു. നിശ്ചയം (ഒരു തൂക്കത്തിന്റെ പേരായ) ഖീറാത്വ് പ്രചാരത്തിലുള്ള ഒരു നാട് നിങ്ങള്‍ പിടിച്ചടക്കും. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്, നിങ്ങള്‍ ഈജിപ്ത് ജയിച്ചടക്കും. (ഒരു തൂക്കത്തിന്റെ പേരായ) ഖ്വീറാത്ത് പ്രചാരമുള്ള ഒരു സ്ഥലമാണത്. ആ സന്ദര്‍ഭത്തില്‍ ആ നാട്ടുകാരോട് നിങ്ങള്‍ നന്മ ഉപേദശിക്കണം, കാരണം നമുക്കവരോട് ഉത്തരവാദിത്തവും രക്ത ബന്ധവുമുണ്ട്. വേറൊരു റിപ്പോര്‍ട്ടിലുള്ളത്. നിങ്ങളാ നാട് കീഴടക്കിയാല്‍ നിങ്ങളവര്‍ക്ക് നന്മ ചെയ്യണം. കാരണം, നമുക്കവരോട് ചില ബാദ്ധ്യതകളും, കുടുംബ ബന്ധവുമുണ്ട്. അല്ലെങ്കില്‍ സംരക്ഷണ ബാദ്ധ്യതയും വൈവാഹികബന്ധവുമുണ്ട്. (മുസ്ലിം)
 
5) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം:: നീ നിന്റെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക. എന്ന ഖുര്‍ആന്‍ ആയത്ത് അവതരിച്ചപ്പോള്‍ റസൂല്‍(സ) ഖുറൈശികളെ വിളിച്ചുവരുത്തി. അവരെല്ലാം ഒരിടത്ത് സമ്മേളിച്ചപ്പോള്‍ അവരെ പൊതുവിലും ചിലരെ പ്രത്യേകിച്ചും അഭിസംബോധന ചെയ്തു. ബനൂ അബ്ദുശംസേ, ബനൂ കഅ്ബേ! നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷിക്കുക. ബനൂ അബ്ദിമനാഫേ! നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷിക്കുക. ബനൂഹാശിമേ! നിങ്ങള്‍ നരകാഗ്നിയില്‍ നിന്ന് സ്വയം രക്ഷിക്കുക. ബനൂഅബ്ദില്‍ മുത്തലിബേ! നരകത്തെതൊട്ട് നിങ്ങള്‍ തന്നെ കാക്കുക. ഫാത്തിമ! നിന്നെ നരകത്തെതൊട്ട് നീ കാത്തുകൊള്ളുക. അല്ലാഹുവില്‍ നിന്നുള്ള യാതൊന്നും നിങ്ങള്‍ക്കു വേണ്ടി തടയാന്‍ എനിക്ക് കഴിവില്ല. പക്ഷേ നിങ്ങളുമായി എനിക്ക് കുടുംബന്ധമുണ്ട്. അതു ഞാന്‍ നിലനിര്‍ത്തും. (മുസ്ലിം)
 
9) ഇബ്നുഉമര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുളി: തന്റെ പിതാവിന്റെ സ്നേഹിതന്മാരോട് നല്ല നിലയില്‍ വര്‍ത്തിക്കലാണ് (പിതാവിന്റെ മരണശേഷം അദ്ദേഹത്തോട് ചെയ്യുന്ന) നന്മയില്‍ ഏറ്റവും വലുത്. (മുസ്ലിം)
 
10) ഇബ്നുഉമര്‍(റ) വില്‍ നിന്ന് ഇബ്നു ദീനാര്‍(റ) നിവേദനം ചെയ്യുന്നു. ഇബ്നു ഉമര്‍(റ) മക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒട്ടകപ്പുറത്തുള്ള യാത്ര മടുത്താല്‍ വിശ്രമിക്കാന്‍ വേണ്ടി ഒരു കഴുതയെക്കൂടി കൊണ്ടുപോയിരുന്നു. തലയില്‍ ചുറ്റാന്‍ ഒരു തലപ്പാവും. ഒരവസരത്തില്‍ കഴുതപ്പുറത്ത് വിശ്രമിച്ചുകൊണ്ടിരിക്കെ ഒരുഗ്രാമീണ അറബി അതിലൂടെ നടന്നുപോയി. അദ്ദേഹത്തോട് നീ ഇന്ന ആളുടെ മകനല്ലെ? എന്ന് ചോദിച്ചു. അതെ എന്നയാള്‍ മറുപടി പറഞ്ഞപ്പോള്‍ ആ കഴുതയെ അയാള്‍ക്ക് കൊടുത്തുകൊണ്ട് ഇതില്‍ നീ സവാരിചെയ്യുക എന്നദ്ദേഹം പറഞ്ഞു. അതിനുപുറമെ തന്റെ തലപ്പാവ് സമ്മാനിച്ചുകൊണ്ട് ഇത് താങ്കളുടെ തലയില്‍ ചുറ്റിക്കൊള്ളുക എന്നുപറഞ്ഞു. ഇബ്നു ഉമറിനോട് ചില കൂട്ടുകാര്‍ പറഞ്ഞു. നിനക്ക് അല്ലാഹു പൊറുത്ത് തരട്ടെ. വിശ്രമിക്കാനുള്ള കഴുതയും തലയില്‍ അണിയാനുള്ള തലപ്പാവും ഈ ഗ്രാമീണന് നിങ്ങള്‍ കൊടുത്തുവല്ലോ! ഇബ്നുഉമര്‍(റ) പറഞ്ഞു. റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് - ഒരു വ്യക്തി തന്റെ പിതാവിന്റെ സ്നേഹിതന്മാരെ ചേര്‍ക്കലാണ് മരണശേഷം പിതാവിനോട് ചെയ്യുന്ന ഗുണത്തില്‍ ഏറ്റവും പുണ്യമായത്. അയാള്‍ എന്റെ പിതാവ് ഉമര്‍(റ) വിന്റെ സ്നേഹിതനായിരുന്നു. (മുസ്ലിം)
 
7) ഇബ്നുഉമര്‍(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്റെ അധീനതയില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഞാന്‍ അവളെ ഇഷ്ടപ്പെടുകയും ഉമര്‍(റ) അത് വെറുക്കുകയും ചെയ്തിരുന്നു. ത്വലാഖ് ചൊല്ലി ഒഴിവാക്കണമെന്ന ആജ്ഞ ഞാന്‍ നിരസിച്ചപ്പോള്‍ ഉമര്‍(റ) നബി(സ)യുടെ അടുത്തുചെന്ന് സംഭവം വിവരിച്ചു. തദവസരം എന്നോട് ത്വലാഖ് ചൊല്ലി ഒഴിവാക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു. (അബൂദാവൂദ്, തിര്‍മിദി)
 
11) മാലിക്കുബ്ന്‍ റബീഅത്തി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകസന്നിധിയില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ബനൂസലമത്തില്‍ പെട്ട ഒരാള്‍ വന്ന് പറഞ്ഞു. പ്രവാചകരെ! മാതാപിതാക്കള്‍ മരണപ്പെട്ടതിന് ശേഷം അവര്‍ക്ക് ചെയ്യേണ്ട വല്ല നന്മയും എന്റെ മേല്‍ അവശേഷിക്കുന്നുണ്ടോ? അതെ എന്ന് തിരുദൂതര്‍ മറുപടി നല്‍കി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരുടെ പാപമോചനത്തിനു വേണ്ടി ദുആ ഇരക്കുകയും, അവരുടെ വാഗ്ദത്തങ്ങള്‍ നിറവേറ്റുകയും അവര്‍ രണ്ടു പേരുടെയും കുടുംബങ്ങളെ സംഘടിപ്പിക്കുകയും അവരുടെ സ്നേഹിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണത്. (അബൂദാവൂദ്)
 
6) സല്‍മാനുബ്നു ആമിര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. നിങ്ങളില്‍ നിന്നാരെങ്കിലും നോമ്പു തുറക്കുമ്പോള്‍ കാരക്കകൊണ്ട് അവന്‍ നോമ്പ് മുറിച്ചുകൊള്ളട്ടെ. അതില്‍ ബര്‍ക്കത്തുണ്ട്. ഇനി കാരക്ക അവനു ലഭിച്ചില്ലെങ്കില്‍ വെള്ളം കൊണ്ട്. അതവന്റെ ബാഹ്യവും ആന്തരികവുമായ അഴുക്കുകളെ നീക്കം ചെയ്യുന്നതാണ്. നബി(സ) വീണ്ടും പ്രഖ്യാപിച്ചു. ദരിദ്രന് ധര്‍മ്മം ചെയ്യുന്നതു കൊണ്ട് ധര്‍മ്മത്തിന്റെ കൂലി മാത്രം ലഭിക്കും. എന്നാല്‍, കുടുംബത്തില്‍ ചെലവഴിക്കുന്നതുകൊണ്ട് ധര്‍മ്മം ചെയ്തതിന്റെയും കുടുംബന്ധം ചേര്‍ത്തതിന്റെയും രണ്ടു പ്രതിഫലമാണ് ലഭിക്കുക. (തിര്‍മിദി)
 
8) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം:: ഒരാള്‍ എന്നോട് പറഞ്ഞു. എനിക്കൊരു ഭാര്യയുണ്ട്. അവളെ ത്വലാഖ് ചൊല്ലാന്‍ മാതാവ് ആജ്ഞാപിക്കുന്നു. ഞാന്‍ പറഞ്ഞു. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്വര്‍ഗ്ഗകവാടങ്ങളില്‍ കേന്ദ്രസ്ഥാനം മാതാപിതാക്കളാകുന്നു. അവരെ കയ്യൊഴിക്കുകയോ കരസ്ഥമാക്കുകയോ ചെയ്തുകൊള്ളൂ. (തിര്‍മിദി)