1) ആയിശ(റ) നിവേദനം: ഞങ്ങള്‍ പുറപ്പെട്ടു. ഹജ്ജ് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. തിരുമേനി(സ) എന്റെയടുക്കല്‍ കടന്നുവന്നു. ഞാന്‍ കരയുകയാണ്. അവിടുന്ന് ചോദിച്ചു. നിനക്കെന്തു സംഭവിച്ചു? ആര്‍ത്തവം തുടങ്ങിയോ? അതെ എന്നു ഞാന്‍ ഉത്തരം നല്‍കി. തിരുമേനി(സ) അരുളി: ആദമിന്റെ പെണ്‍മക്കള്‍ക്ക് അല്ലാഹു നിശ്ചയിച്ച കാര്യമാണത്. അതുകൊണ്ട് മറ്റു ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ കഅ്ബയെ പ്രദക്ഷിണം ചെയ്യരുത്. ആയിശ(റ) പറഞ്ഞു. നബി(സ) പത്നിമാര്‍ക്ക് വേണ്ടി പശുക്കളെയാണ് അന്ന് ബലികഴിച്ചത്. (ബുഖാരി. 1. 6. 293) |
|
2) ആയിശ(റ) നിവേദനം: ഞാന്‍ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ തിരുമേനി(സ)യുടെ മുടി വാര്‍ന്ന് കൊടുക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 6. 294) |
|
3) ഉര്‍വ്വ(റ) നിവേദനം: ഭാര്യ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ അവള്‍ എനിക്ക് ശുശ്രൂഷ ചെയ്യാമോ, അവള്‍ ജനാബത്തുകാരി യായിരിക്കുമ്പോള്‍ എന്നെ സമീപിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അപ്പോള്‍ ഉര്‍വ്വ(റ) പറഞ്ഞു. ഇവയെല്ലാം നിസ്സാര പ്രശ്നമാണ്. അവരെല്ലാം എന്നെ ശുശ്രൂഷിക്കുകയും എനിക്ക് സേവനം ചെയ്യുകയും ചെയ്യാറുണ്ട്. ആരുടെ മേലിലും ഇതിന്ന് വിരോധമില്ല. ആയിശ(റ) ആര്‍ത്തവഘട്ടത്തിലായിരിക്കുമ്പോള്‍ നബി(സ)യുടെ മുടി ചീകികൊടുക്കാറുണ്ടെന്ന് അവര്‍ എന്നോട് പറയുകയുണ്ടായി. നബി(സ) പള്ളിയില്‍ ഭജനമിരിക്കുകയായിരിക്കും. തല അവരുടെ അടുക്കലേക്ക് നീട്ടിക്കൊടുക്കും. ആയിശ(റ) അവരുടെ മുറിയിലായിരിക്കും. അങ്ങനെ അവര്‍ ആര്‍ത്തവഘട്ടത്തിലായിരിക്കവേ അവിടുത്തെ മുടി വാര്‍ന്നു കൊടുക്കും. (ബുഖാരി. 1. 6. 295) |
|
4) ആയിശ(റ) നിവേദനം: തിരുമേനി(സ) എന്റെ മടിയിലേക്ക് ചാരികിടന്നിട്ട് ഖുര്‍ആന്‍ ഓതാറുണ്ട്. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1. 6. 296) |
|
5) ഉമ്മുസല്‍മ(റ) നിവേദനം: ഒരു ദിവസം ഞാന്‍ ഒരു പുതപ്പില്‍ തിരുമേനി(സ) യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. അതിന്നിടക്ക് എനിക്ക് ആര്‍ത്തവം ആരംഭിച്ചു. ഞാന്‍ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു. എന്നിട്ട് ആര്‍ത്തവസമയത്ത് ധരിക്കാറുള്ള വസ്ത്രം എടുത്തു. അപ്പോള്‍ തിരുമേനി ചോദിച്ചു. നിനക്ക് നിഫാസ് ആരംഭിച്ചുവോ? അതെ, ഞാന്‍ മറുപടി പറഞ്ഞു. തിരുമേനി(സ) എന്നെ വിളിച്ചു. എന്നിട്ട് തിരുമേനി(സ) യോടൊപ്പം ഒരേ പുതപ്പില്‍ ഞാന്‍ കിടന്നു. (ബുഖാരി. 1. 6. 297) |
|
6) ആയിശ(റ) നിവേദനം: ഞാനും നബി(സ)യും ഒരേ പാത്രത്തില്‍നിന്നും കുളിക്കാറുണ്ട്. ഞങ്ങള്‍ രണ്ടു പേര്‍ക്കും വലിയ അശുദ്ധിയുണ്ടായിരിക്കേ. ആയിശ(റ) നിവേദനം: അവിടുന്ന് ഭജനമിരിക്കുമ്പോള്‍ തല എനിക്ക് നീട്ടിതരും. ഞാന്‍ അവിടുത്തെ തല കഴുകിക്കൊടുക്കും. ഞാന്‍ ഋതുമതി ആയിരിക്കവെ. (ബുഖാരി. 1. 6. 298) |
|
7) ആയിശ(റ) നിവേദനം: ചിലപ്പോള്‍ ആര്‍ത്തവഘട്ടത്തില്‍ എന്നോട് വസ്ത്രം ധരിക്കാന്‍ തിരുമേനി(സ) നിര്‍ദ്ദേശിക്കും. എന്നിട്ട് അവിടുന്ന് എന്നോട് ചേര്‍ന്ന് കിടക്കും. ഞാന്‍ ആര്‍ത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1. 6. 300) |
|
8) ആയിശ(റ) നിവേദനം: ഞങ്ങളില്‍ വല്ലവര്‍ക്കും ആര്‍ത്തവമുണ്ടായി അവളോടൊപ്പം കിടക്കാന്‍ തിരുമേനി(സ) ഉദ്ദേശിച്ചു. എങ്കില്‍ അവളുടെ ശക്തിയായ ആര്‍ത്തവത്തിന്റെ ഘട്ടത്തില്‍ വസ്ത്രം (അടിയില്‍) ധരിക്കാന്‍ ഉപദേശിക്കും. ശേഷം അവളോടൊപ്പം കിടക്കാം. ആയിശ(റ) പറയുന്നു. തിരുമേനി(സ)ക്ക് കഴിഞ്ഞിരുന്നതുപോലെ കാമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ? (ബുഖാരി. 1. 6. 299) |
|
9) മൈമൂന(റ) നിവേദനം: തിരുമേനി(സ) ഋതുമതിയായ തന്റെ ഭാര്യയുമായി സഹവസിക്കാന്‍ ഉദ്ദേശിച്ചാല്‍ അവളുടെ തുണി ഉടുക്കുവാന്‍ നിര്‍ദ്ദേശിക്കും. (ബുഖാരി. 1. 6. 300) |
|
10) അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ് അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്റെ ലക്ഷണങ്ങളാണത്. (ബുഖാരി. 1. 6. 301) |
|
11) ആയിശ(റ) പറയുന്നു: അബൂഹുബൈശിന്റെ മകള്‍ ഫാത്തിമ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ ശുദ്ധിയാവാത്ത ഒരു സ്ത്രീയാണ്. അതുകൊണ്ട് ഞാന്‍ നമസ്ക്കാരം ഉപേക്ഷിക്കട്ടെയോ? തിരുമേനി(സ) അരുളി : നിശ്ചയമായും അതു ഒരു ഞരമ്പുരോഗമാണ്. ആര്‍ത്തവമല്ല. അതുകൊണ്ട് ആര്‍ത്തവം ആസന്നമായാല്‍ നീ നമസ്ക്കാരം ഉപേക്ഷിക്കണം. അതിന്റെ അവധി അവസാനിച്ചാല്‍ രക്തം കഴുകി നീ നമസ്ക്കരിക്കണം. (ബുഖാരി. 1. 6. 303) |
|
12) ആയിശ(റ) നിവേദനം: ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ ശുദ്ധിയാക്കുമ്പോള്‍ കൈവിരലിന്റെ അറ്റം കൊണ്ടു വസ്ത്രത്തില്‍ നിന്നും രക്തം കഴുകും. പിന്നീട് വെള്ളം ചേര്‍ത്ത് ബാക്കി സ്ഥലം കഴുകും. എന്നിട്ട് അതില്‍ നമസ്ക്കരിക്കും. (ബുഖാരി. 1. 6. 305) |
|
13) ആയിശ(റ) നിവേദനം: തിരുമേനി(സ) യോടൊപ്പം സ്വപത്നികളില്‍ ചിലര്‍ ഇഅ്ത്തികാഫ് ഇരുന്നു. അവള്‍ക്ക് അമിതമായി രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തം കാരണം ചിലപ്പോള്‍ താഴെ താലം (പാത്രം) വെക്കുകയാണ് അവര്‍ ചെയ്തിരുന്നത്. മഞ്ഞ നിറമുള്ള ദ്രാവകം ആയിശ(റ) ദര്‍ശിച്ചിരുന്നു. ഇന്നവള്‍ ഈ രീതിയിലുള്ള രക്തമാണ് കണ്ടിരുന്നതെന്ന് അവള്‍ പറയാറുണ്ട്. (ബുഖാരി. 1. 6. 306) |
|
14) ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ കൂടെ അവിടുത്തെ ഒരു ഭാര്യ ഭജനമിരുന്നു. അവള്‍ മഞ്ഞകലര്‍ന്ന നിറമുള്ള രക്തം ദര്‍ശിക്കാറുണ്ട്. അവള്‍ നമസ്ക്കരിക്കുമ്പോള്‍ താലം അവളുടെ ചുവട്ടില്‍ ഉണ്ടായിരിക്കും. (ബുഖാരി. 1. 6. 307) |
|
15) ആയിശ(റ) നിവേദനം: സത്യവിശ്വാസികളുടെ ഉമ്മമാരില്‍പെട്ട ചിലര്‍ രക്തസ്രാവമുള്ള ഘട്ടത്തില്‍ ഭജനമിരിക്കാറുണ്ട്. (ബുഖാരി. 1. 6. 308) |
|
16) ആയിശ(റ) നിവേദനം: ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാവുന്ന ആ ഏക വസ്ത്രമല്ലാതെ മറ്റൊന്നും ചിലപ്പോള്‍ ഉണ്ടാവാറില്ല. ആര്‍ത്തവരക്തം അതില്‍ ബാധിച്ചാല്‍ ഉമിനീര്‍ നഖത്തിലാക്കിക്കൊണ്ട് അതിനെ ഉരസികളയാറുണ്ട്. (ബുഖാരി. 1. 6. 309) |
|
17) ഉമ്മഅത്വിയ്യ(റ) നിവേദനം: ഒരാള്‍ മരിച്ചാല്‍ മൂന്ന് ദിവസത്തിലധികം ദുഃഖമാചരിക്കുന്നത് ഞങ്ങളോട് വിരോധിച്ചിരുന്നു. ഭര്‍ത്താവ് ഒഴികെ. അദ്ദേഹത്തിന്റെ മേല്‍ നാല്മാസവും പത്തു ദിവസവും കല്‍പ്പിച്ചിരുന്നു. ആ ഘട്ടത്തില്‍ സുറുമയിടരുത്, സുഗന്ധദ്രവ്യം ഉപയോഗിക്കരുത്, ചായം പിടിപ്പിച്ച നൂലുകൊണ്ട് നെയ്ത വസ്ത്രമല്ലാതെ ചായം പൂശിയ വസ്ത്രം ധരിക്കരുത് എന്നും ഞങ്ങളോട് കല്‍പ്പിച്ചിരുന്നു. ആര്‍ത്തവം നിന്ന് ഞങ്ങള്‍ കുളിച്ച് ശുദ്ധീകരിക്കുമ്പോള്‍ അല്‍പം സുഗന്ധമുള്ള വസ്തു (കസ്ത്അള്ഫൌ) ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിച്ചിരുന്നു. മയ്യത്തിനെ അനുഗമിക്കുന്നതും ഞങ്ങളോട് വിരോധിച്ചിരുന്നു. (ബുഖാരി. 1. 6. 310) |
|
18) ആയിശ(റ) നിവേദനം: ആര്‍ത്തവം നിന്ന ശേഷം കുളിക്കുന്നതിനെക്കുറിച്ച് ഒരു സ്ത്രീ തിരുമേനി(സ) യോട് ചോദിച്ചു. കുളിക്കേണ്ടതെങ്ങിനെയെന്നുപദേശിച്ചുകൊണ്ട് തിരുമേനി(സ) അരുളി : നീ ഒരു കഷ്ണം കസ്തൂരിയെടുത്തു അതുകൊണ്ട് ശുദ്ധീകരിക്കുക. അവള്‍ ചോദിച്ചു. കസ്തൂരികൊണ്ടു ഞാന്‍ ശുദ്ധീകരിക്കേണ്ടതെങ്ങിനെയാണ്. തിരുമേനി(സ) അരുളി: നീ അതു അതുകൊണ്ട് ശൂദ്ധീകരിക്കുക. അവള്‍ വീണ്ടും ചോദിച്ചു. എങ്ങിനെ? തിരുമേനി(സ) അരുളി: സുബ്ഹാനല്ലാ! നീ ശുദ്ധീകരിച്ചു. കൊള്ളുക. ആയിശ(റ) പറയുന്നു. അന്നേരം അവളെ എന്റെ അടുക്കലേക്ക് പിടിച്ചുവലിച്ചു ഞാന്‍ പറഞ്ഞു ആ കസ്തൂരിയുടെ കഷ്ണം രക്തം തട്ടിയ സ്ഥലങ്ങളില്‍ ഉപയോഗിക്കുക. (ബുഖാരി. 1. 6. 311) |
|
19) ആയിശ(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ഒരു സ്ത്രീ തിരുമേനി(സ) യോടു ചോദിച്ചു. ഞാന്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുമ്പോള്‍ എങ്ങിനെ കുളിക്കണം? നീ കൈകൊണ്ട് ഒരു കഷ്ണം സുഗന്ധം എടുത്തു വൃത്തിയാക്കുക. എങ്ങിനെയെന്ന് അവള്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. ശേഷം നബി(സ) ലജ്ജിക്കുകയും മുഖം തിരിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അവളെ പിടിച്ചു വലിച്ചു. ശേഷം നബി(സ) ഉദ്ദേശിച്ച സ്ഥലം ഞാന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു. (ബുഖാരി. 1. 6. 312) |
|
20) ആയിശ(റ) നിവേദനം : ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി(സ) യോടൊപ്പം ഞാന്‍ ഇഹ്റാം കെട്ടി. ബലിമൃഗങ്ങളെ കൊണ്ടുപോകാത്തവരുടെയും ഹജ്ജിനു മുമ്പ് ഉംറക്കുവേണ്ടി മാത്രം ഇഹ്റാം കെട്ടിയവരുടെയും വിഭാഗത്തിലായിരുന്നു ഞാന്‍. അവര്‍ പറയുന്നു. അവര്‍ക്ക് ആര്‍ത്തവമാരംഭിച്ചു. അറഫ രാത്രി വന്നെത്തും വരേക്കും ശുദ്ധിയായില്ല. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! ഇത് അറഫാ ദിനത്തിന്റെ രാത്രിയാണ്. ഞാന്‍ ഉംറക്ക് മാത്രം ഇഹ്റാം കെട്ടിയവളാണ്. തിരുമേനി(സ) അവരോട് പറഞ്ഞു. നീ നിന്റെ മുടിയുടെ കെട്ടഴിക്കുക. മുടി വാര്‍ന്നു കൊള്ളുക. ഉംറയുടെ നടപടികള്‍ നിറുത്തിവെക്കുക. ആയിശ പറയുന്നു. ഞാന്‍ അങ്ങനെ ചെയ്തു. ഹജ്ജില്‍ പ്രവേശിച്ചു. അതു നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുമ്പ് പ്രവേശിച്ചു കഴിഞ്ഞിരുന്ന ഉംറക്ക് പകരം തന്‍ഈമില്‍ നിന്ന് എന്നെ ഉംറക്ക് ഇഹ്റാം കെട്ടിച്ചുകൊണ്ടുവരാന്‍ അബ്ദുറഹ്മാനോട് ഹസ്ബായുടെ രാവില്‍ തിരുമേനി നിര്‍ദ്ദേശിച്ചു. (ബുഖാരി.1. 6. 313) |
|
21) ആയിശ(റ) നിവേദനം : ദുല്‍ഹജ്ജ് മാസപ്പിറവി കണ്ട ഉടനെ ഞങ്ങള്‍ (ഹജ്ജിന്ന്) പുറപ്പെട്ടു. തിരുമേനി(സ) അരുളി: ഉംറക്ക് മാത്രം ഇഹ്റാം കെട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ അങ്ങനെ ചെയ്തുകൊള്ളുക. ബലിമൃഗങ്ങളെ കൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഞാനും ഉംറക്കു മാത്രെ ഇഹ്റാം കെട്ടുമായിരുന്നുള്ളു. അങ്ങനെ ഞങ്ങളില്‍ ചലര്‍ ഉംറക്ക് മാത്രമായും ചിലര്‍ ഹജ്ജിനുമാത്രമായും ഇഹ്റാം കെട്ടി. ഞാന്‍ ഉംറക്ക് മാത്രമായി ഇഹ്റാം കെട്ടിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ ഞാന്‍ ഋതുമതിയായിരിക്കെ അറഫാ: ദിവസം ആഗതമായി. ഞാന്‍ നബി(സ) യോട് ആവലാതിപ്പെട്ടു. അവിടുന്നു അരുളി : നീ ഉംറ: ഉപേക്ഷിക്കുക. മുടി കെട്ടഴിച്ച് വാര്‍ന്നുകൊള്ളുക. ഹജ്ജിന് ഇഹ്റാം കെട്ടുക. ഞാനത് അനുഷ്ഠിച്ചു. ഹസ്ബായുടെ രാത്രിയില്‍ എന്റെ സഹോദരന്‍ അബ്ദുറഹ്മാനെ എന്റെ കൂടെ തന്‍ഈമിലേക്ക് അയച്ചു. അങ്ങനെ ഞാന്‍ ഉംറക്ക് പകരം വീണ്ടും ഉംറക്ക് വേണ്ടി ഇഹ്റാം കെട്ടി. ഹിശ്ശാമ് പറയുന്നു. അതിലൊന്നും ബലി കഴിക്കുകയോ നോമ്പു നോല്‍ക്കുകയോ ദാനം ചെയ്യുകയോ ചെയ്യേണ്ടിവന്നില്ല. (ബുഖാരി. 1. 6. 314) |
|
22) അനസ്(റ) നിവേദനം : തിരുമേനി(സ) അരുളി: അല്ലാഹു ഗര്‍ഭപാത്രത്തില്‍ ഒരു മലക്കിനെ നിയമിച്ചിട്ടുണ്ട്. ആ മലക്ക് വിളിച്ചു പറയും. എന്റെ രക്ഷിതാവേ! ഇപ്പോള്‍ ഭ്രൂണമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ രക്തപിണ്ഡമായി. എന്റെ രക്ഷിതാവേ! ഇപ്പോള്‍ മാംസക്കഷ്ണമായി, അങ്ങനെ അതിന്റെ സൃഷ്ടിപ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയും. ആണോ പെണ്ണോ? നിര്‍ഭാഗ്യവാനോ? സൌഭാഗ്യവാനോ? ആഹാരം എന്ത്? അവധി എത്ര? അങ്ങനെ അവന്റെ മാതാവിന്റെ ഗര്‍ഭപ്രാതത്തില്‍ വെച്ച് തന്നെ എഴുതപ്പെടും. (ബുഖാരി. 1. 6. 315) |
|
23) ആയിശ(റ) നിവേദനം: ഹുബൈശിന്റെ പുത്രിക്ക് രക്തസ്രാവമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അവര്‍ നബി(സ) യോട് അന്വേഷിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി, അതു ഒരു ഞരമ്പ് രോഗമാണ് ആര്‍ത്തവ ദിവസമായാല്‍ നീ നമസ്കാരം ഉപേക്ഷിക്കുക. അതു പിന്നിട്ടാല്‍ കുളിച്ചു നമസ്കരിക്കുക. (ബുഖാരി. 1. 6. 317) |
|
24) ആയിശ(റ) നിവേദനം: സ്ത്രീ ആര്‍ത്തവമില്ലാതെ ശുദ്ധിയായിരിക്കുമ്പോള്‍ മാത്രം നമസ്കരിച്ചാല്‍ മതിയാകുമോ എന്ന് ഒരു സ്ത്രീ അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. നീ ഹറൂരിയ്യ സംഘത്തില്‍ പെട്ടവളാണോ? നബി(സ) യോടൊപ്പം താമസിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളോട് നമസ്കാരം നഷ്ടപ്പെട്ടത് നിര്‍വ്വഹിക്കുവാന്‍ തിരുമേനി(സ) കല്‍പ്പിക്കാറുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആയിശ(റ) പറഞ്ഞത് ഞങ്ങള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നില്ല എന്നാണ്. (ബുഖാരി. 1. 6. 318) |
|
25) ഹഫ്സ: പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന് പുറത്തു പോകുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനൂഖലഫിന്റെ എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന് അവര്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്റെ സഹോദരി നബി(സ) യോട് ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ? പര്‍ദ്ദയില്ലാത്തവര്‍ക്ക് കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. ഉമ്മു അത്വിയ്യ(റ) വന്നപ്പോള്‍ ഞാന്‍ അവരോടും ചോദിച്ചു. നബി(സ) ഇപ്രകാരം അരുളിയതു നിങ്ങള്‍ കേട്ടിട്ടുണ്ടോ? അവര്‍ പറഞ്ഞു. അതെ! കേട്ടിട്ടുണ്ട്. എന്റെ പിതാവ് പ്രായശ്ചിത്തമാണ്. അവര്‍ നബി(സ)യെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്റെ പിതാവ് പ്രായശ്ചിത്തമാണ് എന്ന് പറയാതിരിക്കാറില്ല - അവര്‍ പറയുന്നു. യുവതികളും വീട്ടില്‍ അന്തഃപുരത്ത് ഇരിക്കുന്ന സ്ത്രീകളും ആര്‍ത്തവമുള്ള സ്ത്രീകളുമെല്ലാം പെരുന്നാള്‍ മൈതാനത്തേക്ക് വരണം, നന്മയുടെയും മുസ്ളിംകളുടെ പ്രാര്‍ത്ഥനയുടെയും രംഗങ്ങളില്‍ അവര്‍ ഹാജറാവട്ടെ, നമസ്കാരസ്ഥലത്ത് നിന്ന് ആര്‍ത്തവകാരികള്‍ ഒഴിഞ്ഞിരിക്കുകയും ചെയ്യട്ടെ, ഇപ്രകാരം നബി(സ) അരുളുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഹഫ്സ: പറഞ്ഞു എന്ത്! ആര്‍ത്തവമുള്ള സ്ത്രീകളെ? ഉമ്മു അത്വിയ്യ(റ) പറഞ്ഞു. അതെ അവര്‍ അറഫായില്‍ പങ്കെടുക്കുന്നില്ലേ? അതിനു പുറമെ ഇന്നിന്ന രംഗങ്ങളിലും പങ്കെടുക്കുന്നില്ലേ? (ബുഖാരി. 1. 6. 321) |
|
26) ഉമ്മുഅത്വിയ്യ(റ) നിവേദനം: മഞ്ഞനിറമോ കലര്‍പ്പോ ഉള്ള വല്ലതും ജനനേന്ദ്രിയത്തില്‍ നിന്നും പുറത്തുവന്നാല്‍ അതു ആര്‍ത്തവമായി ഞങ്ങള്‍ പരിഗണിക്കാറില്ല. (ബുഖാരി. 1. 6. 323) |
|
27) ആയിശ(റ) നിവേദനം: അവര്‍ (ഹജ്ജ് സന്ദര്‍ഭത്തില്‍) തിരുമേനി(സ) യോട് പറഞ്ഞു. സഫിയ്യക്ക് ആര്‍ത്തവം ആരംഭിച്ചിരിക്കുന്നു. നബി(സ) അരുളി. അവള്‍ നമ്മുടെ യാത്ര തടഞ്ഞേക്കാം. അവര്‍ നിങ്ങളോടൊപ്പം ഇഫാളത്തിന്റെ ത്വവാഫ് ചെയ്തില്ലേ എന്ന് തിരുമേനി(സ) ചോദിച്ചു. അതെ, എന്നവര്‍ ഉത്തരം നല്‍കി. എന്നാല്‍ യാത്ര പുറപ്പെട്ടുകൊള്‍കയെന്ന് തിരുമേനി(സ) അരുളി. (ബുഖാരി. 1. 6. 325) |
|
28) ഇബ്നുഅബ്ബാസ(റ) നിവേദനം: ആര്‍ത്തവകാരിക്ക് (ത്വവാഫുല്‍ വദാഅ് നിര്‍വ്വഹിക്കാതെ തന്നെ) പുറപ്പെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. (ബുഖാരി. 1. 6. 326) |
|
29) സമുറത്ത്(റ) നിവേദനം: ഒരു സ്ത്രീ പ്രസവ സംബന്ധമായ ഒരു രോഗത്തില്‍ മരണമടഞ്ഞു. എന്നിട്ട് തിരുമേനി(സ) അവളുടെ പേരില്‍ മയ്യിത്ത് നമസ്കാരം നടത്തിയപ്പോള്‍ മയ്യിത്തിന്റെ നടുവിലാണ് തിരുമേനി(സ) നിന്നത്. (ബുഖാരി. 1. 6. 328) |
|
30) മൈമൂന:(റ) നിവേദനം: അവര്‍ക്ക് ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കാറില്ല. തിരുമേനി(സ) നമസ്കരിക്കുന്ന സ്ഥലത്തിന്റെ നേരെ വിരിപ്പ് വിരിച്ച് അവര്‍ കിടക്കും. തിരുമേനി(സ) തന്റെ നമസ്കാരപ്പായ വിരിച്ച് അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും. തിരുമേനി(സ) സുജൂദ് ചെയ്യുമ്പോള്‍ തിരുമേനി(സ)യുടെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും. (ബുഖാരി. 1. 6. 329) |
|