1) അബൂബക്കറത്തു(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ അടുക്കലിരിക്കുമ്പോള്‍ സൂര്യന്ന് ഗ്രഹണം ബാധിച്ചു. അപ്പോള്‍ നബി(സ) തന്റെ തട്ടം വലിച്ചുകൊണ്ടു പുറപ്പെട്ടു പള്ളിയില്‍ പ്രവേശിച്ചു. പിന്നാലെ ഞങ്ങളും. അങ്ങനെ നബി(സ) ഞങ്ങളേയുമായി രണ്ട് റക്അത്തു നമസ്കരിച്ചു. സൂര്യന്‍ വെളിവാകുന്നതുവരെ. ശേഷംനബി(സ) പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും വല്ലവനും മരിച്ചതു കൊണ്ട് ഗ്രഹണം ബാധിക്കുകയില്ല. നിങ്ങള്‍ അവക്ക് ഗ്രഹണം ബാധിച്ചതു കണ്ടാല്‍ അത് നീങ്ങും വരേക്കും നിങ്ങള്‍ നമസ്കരിക്കുകയും അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊള്ളുവിന്‍. (ബുഖാരി. 2. 18. 150) |
|
2) മുഗീറ:(റ) നിവേദനം: നബി(സ)യുടെ പുത്രന്‍ ഇബ്രാഹീം മരണപ്പെട്ട ദിവസം സൂര്യന് ഗ്രഹണമുണ്ടായി. ഇബ്രാഹീം മരണപ്പെട്ടത് കൊണ്ടാണ് സൂര്യഗ്രഹണമുണ്ടായതെന്ന് ജനങ്ങള്‍ പറയുവാന്‍ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ നബി(സ) അരുളി: വല്ലവനും മരിക്കുകയോ ജീവിക്കുകയോ ചെയ്ത കാരണം കൊണ്ട് സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. നിങ്ങള്‍ അതിനെ (ഗ്രഹണത്തെ) കണ്ടാല്‍ നമസ്കരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവീന്‍. (ബുഖാരി. 2. 18. 153) |
|
3) ആയിശ(റ) നിവേദനം: നബി(സ)യുടെ കാലത്ത് സൂര്യന് ഗ്രഹണം ബാധിച്ചു. അപ്പോള്‍ ജനങ്ങളുമായി നബി(സ) സംസാരിച്ചു. നബി(സ) വളരെ നേരം ദീര്‍ഘിച്ചതിനുശേഷം റുകൂഅ് ചെയ്യുകയും അതിനെ ദീര്‍ഘിപ്പിക്കുകയും ചെയ്ത ശേഷം റുകൂഇല്‍ നിന്ന് എഴുന്നേറ്റ് ആദ്യത്തെ നിറുത്തത്തെക്കാള്‍ അല്‍പം കുറഞ്ഞ നിലക്ക് ദീര്‍ഘിപ്പിച്ചു കൊണ്ടു നിന്നു. പിന്നീട് നബി(സ) റുകൂഅ് ചെയ്യുകയും ആദ്യത്തെ റുകൂഇനെക്കാള്‍ അല്‍പം കുറഞ്ഞ നിലക്ക് അതിനെ ദീര്‍ഘിപ്പിക്കുകയും ചെയ്തു. ശേഷം സുജൂദ് ചെയ്യുകയും സുജൂദ് ദീര്‍ഘിപ്പിക്കുകയും ചെയ്തു. അനന്തരം രണ്ടാമത്തെ റക്അത്തിലും ആദ്യത്തെ റക്അത്തില്‍ ചെയ്തപോലെ ചെയ്തു. പിന്നീട് നമസ്കാരത്തില്‍ നിന്ന് വിരമിക്കുകയും ചെയ്തു. അപ്പോള്‍ സൂര്യന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അനന്തരം ജനങ്ങളോട് നബി(സ) ഒരു പ്രസംഗം നടത്തി. അല്ലാഹുവിനെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തശേഷം നബി(സ) പറഞ്ഞു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ട രണ്ടു ദൃഷ്ടാന്തങ്ങളാണ്. വല്ലവനും മരിക്കുകയോ ജനിക്കുകയോ ചെയ്ത കാരണം കൊണ്ട് അവ രണ്ടിനേയും ഗ്രഹണം ബാധിക്കുകയില്ല. അവക്ക് ഗ്രഹണം ബാധിച്ചത് കണ്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും അവനെ മഹത്വപ്പെടുത്തുകയും നമസ്ക്കരിക്കുകയും ദാന ധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തു കൊള്ളുവീന്‍. തുടര്‍ന്ന്കൊണ്ട് നബി(സ) പ്രസംഗിച്ചു. മുഹമ്മദിന്റെ അനുയായികളേ! അല്ലാഹു സത്യം. തന്റെ ദാസന്‍ അല്ലെങ്കില്‍ ദാസി വ്യഭിചരിക്കുന്നതില്‍ അല്ലാഹുവിന്നുള്ളതിനെക്കാള്‍ അഭിമാനരോഷം മറ്റാര്‍ക്കും ഉണ്ടായിരിക്കില്ല. മുഹമ്മദിന്റെ സമുദായമേ! ഞാന്‍ ഗ്രഹിച്ചത് നിങ്ങള്‍ ഗ്രഹിച്ചു കഴിഞ്ഞെങ്കില്‍ നിങ്ങള്‍ അല്‍പം മാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി. 2. 18. 154) |
|
4) അബ്ദുല്ലാഹിബ്നൂ അംറ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് സൂര്യന് ഗ്രഹണം ബാധിച്ചപ്പോള്‍ അസ്സ്വാലത്തു ജാമിഅ: (സംഘടിതമായി നമസ്കരിക്കാന്‍ വരിക) എന്ന് വിളിച്ചു പറയപ്പെട്ടു. (ബുഖാരി. 2. 18. 155) |
|
5) ആയിശ(റ) നിവേദനം: നബി(സ)യുടെ ജീവിതകാലത്ത് സൂര്യനു ഗ്രഹണം ബാധിച്ചു. അപ്പോള്‍ നബി(സ) പള്ളിയിലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ നബി(സ)ക്ക് പിന്നിലായി അണി നിരന്നു. അങ്ങനെ നബി തക്ബീര്‍ ചൊല്ലി ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തു. ശേഷം തക്ബീര്‍ ചൊല്ലി ദീര്‍ഘമായി റുകൂഅ് ചെയ്തു. പിന്നീട് സമി അല്ലാഹു ലിമന്‍ ഹമിദ: എന്നു ചൊല്ലി എഴുന്നേല്‍ക്കുകയും സുജൂദ് ചെയ്യാതെ വീണ്ടും ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തു. എങ്കിലും ആദ്യത്തെതിനേക്കാള്‍ ഇതും അല്‍പം കുറവായിരുന്നു. വീണ്ടും തക്ബീര്‍ ചൊല്ലി ദീര്‍ഘമായി ആദ്യത്തേതിനെക്കാള്‍ കുറവായ നിലക്ക് റുകൂഅ് ചെയ്തു. ശേഷം സമി അല്ലാഹു ലിമന്‍ ഹമിദ: എന്നു ചൊല്ലി റബ്ബനാ വലക്കല്‍ ഹംദു എന്ന് പ്രാര്‍ത്ഥിക്കുകയും തുടര്‍ന്ന് സുജൂദ് ചെയ്യുകയും ചെയ്തു. ഇതുപോലെ രണ്ടാമത്തെ റക്അത്തിലും പ്രവര്‍ത്തിച്ചു. അങ്ങനെ നാല് റുകൂഉം നാല് സുജൂദും പൂര്‍ത്തിയാക്കി. നബി(സ) പറയുന്നതിന് മുമ്പ് തന്നെ സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. ശേഷം നബി(സ) എഴുന്നേറ്റ് നിന്ന് അല്ലാഹുവിന്ന് അവകാശപ്പെട്ടതുകൊണ്ട് അവനെ മഹത്വപ്പെടുത്തി. അനന്തരം ഇപ്രകാരം പ്രസംഗിച്ചു. സൂര്യനും ചന്ദ്രനും ദൃഷ്ടാന്തങ്ങളാണ്. ഒരാള്‍ മരിച്ചതുകൊണ്ടും ജനിച്ചതുകൊണ്ടും അവക്ക് ഗ്രഹണം ബാധിക്കുകയില്ല. അതിനെ നിങ്ങള്‍ കണ്ടാല്‍ നമസ്കാരത്തിലേക്ക് നിങ്ങള്‍ അഭയം തേടുക. അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സൂര്യന് ഗ്രഹണം ബാധിച്ചപ്പോള്‍ മദീനയില്‍ വെച്ച് സുബ്ഹ് നമസ്കാരം പോലെ ഗ്രഹണ നമസ്കാരവും നിര്‍വ്വഹിച്ചത് ഉര്‍വ:യോട് പറയപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതെ നിശ്ചയം അദ്ദേഹം സുന്നത്തിനെ തെറ്റിച്ചു. (ബുഖാരി. 2. 18. 156) |
|
6) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരുടേയും മരണം കാരണം അവക്ക് ഗ്രഹണം ബാധിക്കുകയില്ല. എന്നാല്‍ അല്ലാഹു അതുകൊണ്ട് തന്റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്. (ബുഖാരി. 2. 18. 158) |
|
7) അബ്ദുല്ല(റ) നിവേദനം: നബി(സ)യുടെ കാലത്തു സൂര്യന്ന് ഗ്രഹണം ബാധിച്ച സന്ദര്‍ഭത്തില്‍ അസ്സ്വലാത്തു ജാമിഅ: എന്ന് വിളിക്കപ്പെട്ടു. അങ്ങനെ ഒരു സുജൂദില്‍ (റക്അത്തില്‍) രണ്ട് റുകൂഅ് നബി(സ) ചെയ്തതുപോലെ ദീര്‍ഘമായൊരു സുജൂദ് ഞാനൊരിക്കലും കണ്ടിട്ടില്ല. (ബുഖാരി. 2. 18. 160) |
|
8) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് സൂര്യന്ന് ഗ്രഹണം ബാധിച്ചു. അപ്പോള്‍ സൂറത്തൂല്‍ ബഖറ: പാരായണം ചെയ്യുന്ന അത്ര സമയം നബി(സ) ദീര്‍ഘമായി നിന്നു. ശേഷം റുകൂഅ് ചെയ്തു. ദീര്‍ഘമായ റുകൂഅ്. അനന്തരം എഴുന്നേറ്റ് നിന്ന് ദീര്‍ഘമായി ഖുര്‍ആന്‍ ഓതി. എന്നാല്‍ ഇത് ആദ്യത്തേതിനേക്കാള്‍ കുറവായിരുന്നു. പിന്നീട് റുകൂഅ് ചെയ്യുകയും ആദ്യത്തെ റുകൂഅ്നെക്കാള്‍ കുറവായ നിലക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്തു. അനന്തരം സുജൂദ് ചെയ്തു. ഇതുപോലെ രണ്ടാമത്തെ റക്അത്തിലും ചെയ്തു. ശേഷം നബി(സ) നമസ്കാരത്തില്‍ നിന്നും വിരമിച്ചു. അപ്പോള്‍ സൂര്യന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അനന്തരം നബി(സ) ഇപ്രകാരം പ്രസംഗിച്ചു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തമാണ്. ഒരാള്‍ മരിച്ചതുകൊണ്ടും ജനിച്ചതുകൊണ്ടും അവക്ക് ഗ്രഹണം ഉണ്ടാവുകയില്ല. നിങ്ങള്‍ അതിനെ ദര്‍ശിച്ചാല്‍ അല്ലാഹുവിനെ സ്മരിക്കുക. അപ്പോള്‍ അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ! അങ്ങു നമസ്കാരത്തില്‍ എന്തോ ഒന്ന് പിടിക്കാന്‍ കൈ നീട്ടുന്നതും പിന്നീട് പിന്നോട്ടു തന്നെ നീങ്ങുന്നതും ഞങ്ങള്‍ കണ്ടല്ലോ? നബി(സ) അരുളി: എനിക്ക് സ്വര്‍ഗ്ഗം പ്രദര്‍ശിക്കപ്പെട്ടു. സ്വര്‍ഗത്തിലെ ഒരു മുന്തിരിക്കുല പിടിക്കാന്‍ കൈനീട്ടി. ഞാനത് കരസ്ഥമാക്കിയിരുന്നുവെങ്കില്‍ ലോകം നിലനില്‍ക്കുന്ന കാലമത്രയും നിങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാന്‍ കഴിയുമായിരുന്നു. ഞാന്‍ നരകത്തേയും കണ്ടു. ഞാന്‍ കണ്ടതുപോലുള്ള ഭയാനകമായ ഒരു കാഴ്ച ഇതിന് മുമ്പ് കണ്ടിട്ടേയില്ല. നരകവാസികള്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പ്രവാചകരേ! എന്താണിതിന് കാരണമെന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) പറഞ്ഞു: സ്ത്രീകളുടെ നിഷേധസ്വഭാവം തന്നെ. അനുചരന്മാര്‍ ചോദിച്ചു. സ്ത്രീകള്‍ അല്ലാഹുവിനെ നിഷേധിക്കുന്നുണ്ടോ? നബി(സ) പ്രത്യുത്തരം നല്‍കി. ഭര്‍ത്താക്കന്‍മാരോടും അവര്‍ ചെയ്തു കൊടുക്കുന്ന ഔദാര്യങ്ങളോടും സ്ത്രീകള്‍ നന്ദികേടു കാണിക്കും. അതാണവരുടെ നിഷേധ സ്വഭാവം. ജീവിതകാലം മുഴുവനും ഒരു സ്ത്രീക്ക് നീ നന്മ ചെയ്തു. എന്നിട്ടു ഒരിക്കല്‍ അവളിഷ്ടപ്പെടാത്തത് നിന്നില്‍ നിന്ന് സംഭവിച്ചു. എങ്കില്‍ നിങ്ങളില്‍ നിന്ന് ഇക്കാലമത്രയും ഒരു നന്മയും എനിക്ക് ലഭിച്ചിട്ടേയില്ലെന്ന് അവള്‍ പറയും. (ബുഖാരി. 2. 18. 161) |
|
9) അസ്മാഅ്(റ) നിവേദനം: സൂര്യഗ്രഹണം ഉണ്ടാകുമ്പോള്‍ അടിമകളെ മോചിപ്പിക്കുവാന്‍ നബി(സ) നിര്‍ദ്ദേശിക്കാറുണ്ട്. (ബുഖാരി. 2. 18. 163) |
|
10) അബൂമൂസ(റ) നിവേദനം: ഒരിക്കല്‍ സൂര്യന് ഗ്രഹണം ബാധിച്ചപ്പോള്‍ അന്ത്യദിനം സംഭവിക്കുകയാണോ എന്ന് ഭയപ്പെടുന്ന അവസ്ഥയില്‍ നബി(സ) പരിഭ്രമിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. പള്ളിയില്‍ വന്നു ദീര്‍ഘമായി സുജൂദും റുകുഉം ഖിയാമും നിര്‍വ്വഹിച്ചുകൊണ്ട് നബി(സ) നമസ്കരിച്ചു. അപ്രകാരം നബി(സ) ചെയ്യുന്നത് ഞാന്‍ തീരെ കണ്ടിട്ടില്ല. അനന്തരം നബി(സ) പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: ഇതൊരു ദൃഷ്ടാന്തമാണ്. അല്ലാഹു ഉണ്ടാക്കുന്നത്. വല്ലവനും മരിച്ചു. അല്ലെങ്കില്‍ ജനിച്ചു. ഇതുകൊണ്ടൊന്നും അത് ഉണ്ടാവുകയില്ല. എന്നാല്‍ ഇതുകൊണ്ട് അല്ലാഹു അവന്റെ ദാസന്മാരെ ഭയപ്പെടുത്തുകയാണ്. അതിനാല്‍ ഗ്രഹണത്തില്‍ നിന്ന് എന്തെങ്കിലും നിങ്ങള്‍ ദര്‍ശിച്ചാല്‍ അല്ലാഹുവിനെ സ്മരിക്കുവാനും പ്രാര്‍ത്ഥിക്കുവാനും പാപമോചനം തേടുവാനും നിങ്ങള്‍ അഭയം തേടുക. (ബുഖാരി. 2. 18. 167) |
|
11) ആയിശ(റ) നിവേദനം: നബി(സ) ഗ്രഹണനമസ്കാരത്തില്‍ ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്തു. തന്റെ ഖൂര്‍ആന്‍ പാരായണത്തില്‍ നിന്നും വിരമിച്ചപ്പോള്‍ തക്ബീര്‍ ചൊല്ലി റുകൂഅ് ചെയ്തു. റുകൂഇല്‍ നിന്ന് എഴുന്നേറ്റപ്പോള്‍ സമി അല്ലാഹു എന്ന് ചൊല്ലി റബ്ബനാ വലക്കല്‍ ഹംദു എന്നു പ്രാര്‍ത്ഥിച്ചു. ശേഷം ഖുര്‍ആന്‍ പാരായണത്തിലേക്ക് തന്നെ മടങ്ങി. അങ്ങനെരണ്ട് റക്അത്തിലായി നാല് റുകൂഉം നാല് സുജൂദും നബി(സ) നിര്‍വ്വഹിച്ചു. (ബുഖാരി. 2. 18. 172) |
|