Advanced Hadees Search
അനാഢംബരജീവിതത്തിന്റെ മേന്മ
മലയാളം ഹദീസുകള്‍
1) മുസ്തൌരിദി(റ) വില്‍ നിന്ന് നിവേദനം: പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്. (അതില്‍ നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് അവന്‍ നോക്കട്ടെ. (മുസ്ലിം) |
3) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഇഹലോകം സത്യവിശ്വാസിയുടെ ബന്ധനാലയവും സത്യനിഷേധിയുടെ സ്വര്‍ഗ്ഗാരാമവുമാണ്. (മുസ്ലിം) (സത്യവിശ്വാസിക്കു ഇഹലോകത്ത് അനവധിയനവധി നിയന്ത്രണങ്ങളുണ്ട്. നിഷേധികള്‍ക്ക് ഇവിടെ സര്‍വ്വസ്വാതന്ത്യ്രങ്ങളും നിലനില്‍ക്കുന്നു) |
8) അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ കൂടുതല്‍ വയലുകള്‍ സംഭരിച്ചുവെക്കരുത്. അങ്ങനെ വരുമ്പോള്‍ ഐഹികജീവിതം കൊണ്ടുമാത്രം നിങ്ങള്‍ സംതൃപ്തരാകും (മുസ്ലിം) |
2) ജാബിര്‍(റ) വില്‍ നിന്ന് നിവേദനം: നിശ്ചയം, റസൂല്‍(സ) ഒരിക്കല്‍ അങ്ങാടിയിലൂടെ നടന്നുപോയി. അവിടുത്തെ ഇരുപാര്‍ശ്വങ്ങളിലും കുറെ ജനങ്ങളുമുണ്ട്. അങ്ങനെ ചെവി മുറിക്കപ്പെട്ട ഒരു ചത്ത ആടിന്റെ അരികിലൂടെ നടന്നുപോകാനിടയായി. അതിന്റെ ചെവി പിടിച്ചു കൊണ്ട് (പ്രവാചകന്‍) പറഞ്ഞു. നിങ്ങളിലാരാണ് ഒരു ദിര്‍ഹമിന് ഇത് മേടിക്കാനിഷ്ടപ്പെടുന്നത്? അവര്‍ പറഞ്ഞു. യാതൊന്നും കൊടുത്ത് അതു വാങ്ങാന്‍ ഞങ്ങളിഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ എന്തുചെയ്യാനാണ്? വീണ്ടും നബി(സ) ചോദിച്ചു. എന്നാല്‍ ഒരുപ്രതിഫലവും കൂടാതെ നിങ്ങള്‍ക്കത് ലഭിക്കുന്നത് നിങ്ങളിഷ്ടപ്പെടുമോ? അവര്‍ പറഞ്ഞു. അല്ലാഹുവാണ് അത് ചെവി മുറിക്കപ്പെട്ടതു കൊണ്ട് ജിവനുള്ളപ്പോള്‍ തന്നെ ന്യൂനതയുള്ളതാണല്ലോ. ചത്തു കഴിഞ്ഞാല്‍ പിന്നെ പറയാനുമുണ്ടോ? അപ്പോള്‍ നബി(സ) പറഞ്ഞു. ഇത് നിങ്ങള്‍ക്ക് എത്ര നിസ്സാരമാണോ അതിലുപരി ഇഹലോകം അല്ലാഹുവിങ്കല്‍ നിസ്സാരമാണ്. (മുസ്ലിം) |
5) നുഅ്മാന്‍(റ) വില്‍ നിന്ന് നിവേദനം: ജനങ്ങള്‍ സമ്പാദിച്ച ഐഹികാഡംബരങ്ങളെക്കുറിച്ച് നബി(സ) ഒരിക്കല്‍ സംസാരിക്കുകയുണ്ടായി. റസൂല്‍(സ) ദിവസം മുഴുവന്‍ വിശന്നു വലയുന്ന ആളായി എനിക്ക് കാണാന്‍ കഴിഞ്ഞു. വളരെ മോശപ്പെട്ട കാരക്കപോലും വയര്‍ നിറക്കാന്‍ അവിടുത്തേക്ക് ലഭിച്ചിരുന്നില്ല. (മുസ്ലിം) |
12) അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: അല്‍ഹാകുമു തക്കാസുര്‍ എന്ന സൂറത്ത് ഓതിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളൊരിക്കല്‍ നബി(സ)യുടെ അടുത്ത് ചെന്നു. അന്നേരം നബി(സ) പറഞ്ഞു. ആദം സന്തതികളൊക്കെ എന്റെ ധനം, എന്റെ ധനം എന്നുപറഞ്ഞുകൊണ്ടിരിക്കുന്നു. (അവരുടെ ശ്രദ്ധ മുഴുവനും ധനത്തില്‍ ലയിച്ചിരിക്കുന്നു) എന്നാല്‍, ആദമിന്റെ മകനേ! നീ തിന്നു തീര്‍ത്തതും ധരിച്ചു ദ്രവിപ്പിച്ചതും ധര്‍മ്മം ചെയ്തുകഴിഞ്ഞതും അല്ലാതെ നിന്റെ ധനത്തില്‍ നിന്ന് നിനക്ക് വല്ലതും നേടാന്‍ കഴിയുമോ? (മുസ്ലിം) |
15) അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: ഒരവസരത്തില്‍ റസൂല്‍(സ) ഒരുപായയില്‍ കിടന്നുറങ്ങി. എഴുന്നേറ്റു. ആ പായ തിരുദൂതന്റെ ശരീരത്തില്‍ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അവിടുത്തോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! അങ്ങേക്ക് ഞങ്ങളൊരു മാര്‍ദ്ദവമേറിയ വിരിപ്പുണ്ടാക്കിത്തന്നാലോ? അന്നേരം തിരുദൂതന്‍(സ) പറഞ്ഞു. ദുന്‍യാവുമായി എനിക്കെന്ത് ബന്ധമാണ്? ഒരു വൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം നിഴലറ്റു വിശ്രമിച്ചു. പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്തില്‍. (മുസ്ലിം) |
6) സഹ്ല്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) അരുളി: ഇഹലോകം അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിന്റെയത്രയും വിലയുള്ളതായിരുന്നെങ്കില്‍ ധിക്കാരികള്‍ക്ക് അതില്‍ നിന്ന് ഒരു മുറുക്ക് വെള്ളം കൂടി കുടിപ്പിക്കുകയില്ലായിരുന്നു. (തിര്‍മിദി) (അത്രയും നിസ്സാരമായതുകൊണ്ടാണ് ധിക്കാരികള്‍ക്ക് അല്ലാഹു അത് പ്രദാനം ചെയ്യുന്നത്) |
7) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ അറിയണം - നിശ്ചയം, ഇഹലോകം ശപിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ സ്മരണയും അതിനോടനുബന്ധിച്ചതും പണ്ഡിതനും വിദ്യാര്‍ത്ഥിയും ഒഴിച്ച് അതിലുള്ളതെല്ലാം ശപിക്കപ്പെട്ടതാണ്. (തിര്‍മിദി) (സത്യവിശ്വാസിയുടെ ജീവിതലക്ഷ്യം പാരത്രികമോക്ഷമാണ്. അതിനു സഹായകമല്ലാത്ത ഐഹികനേട്ടങ്ങളൊക്കെ അവനെ നരകത്തിലേക്കു നയിക്കും) |
9) അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒരിക്കല്‍ ഞങ്ങളുടെ അരികിലൂടെ നടന്നുപോയി, തല്‍സമയം ഞങ്ങളുടെ കൂര ഞങ്ങള്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തിരുദൂതന്‍(സ) ചോദിച്ചു. ഇതെന്താണ്? ഞങ്ങള്‍ പറഞ്ഞു. അതു തകര്‍ന്നു വീഴാന്‍ അടുത്തിരിക്കുന്നതുകൊണ്ട് ഞങ്ങളത് പുനരുദ്ധരിക്കുകയാണ്. അപ്പോള്‍ അവിടുന്നു പറഞ്ഞു. ഈ പുനരുദ്ധാരണത്തേക്കാള്‍ വേഗതയുള്ളതാണ് മരണമെന്നു എനിക്കു തോന്നുന്നു. (അബൂദാവൂ ദ്, തിര്‍മിദി) (ഇതൊക്കെ ഇങ്ങനെ പുനരുദ്ധരിച്ചുകൊണ്ട് ജീവിക്കാനുള്ള ദീര്‍ഘായുസ്സ് ലഭിക്കുമെന്നെനിക്കുറപ്പില്ല) |
10) കഅ്ബുബ്നു ഇയാള്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഓരോസമുദായത്തിനും ഓരോ പരീക്ഷണം നേരിട്ടിട്ടുണ്ട്. എന്നാല്‍ ധനമാണ് എന്റെ ജനതയുടെ പരീക്ഷണത്തിന് നിദാനമായിട്ടുള്ളത്. (തിര്‍മിദി) |
11) ഉസ്മാനുബ്നു അഫ്ഫാന്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു. ആദം സന്തതികള്‍ക്ക് തങ്ങള്‍ താമസിക്കുന്നതിനുള്ള ഭവനം, നഗ്നത മറക്കാനുള്ള വസ്ത്രം, ഉണങ്ങിയ ഒരു റൊട്ടി, അല്പം വെള്ളം എന്നിവയ്ക്കല്ലാതെ അവകാശമില്ല. (തിര്‍മിദി) (വയറിനുവേണ്ടി ജീവിതം നയിക്കാനല്ല ഈ ലോകത്ത് ജനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത്യാവശ്യത്തിനുമാത്രം ദുന്‍യാവ് ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ പാരത്രികസൌഭാഗ്യം നേടാന്‍ കഴിയുകയുള്ളൂ) |
13) അബ്ദുല്ലാഹിബ്നുമുഗ്ഫലില്‍ നിന്ന് നിവേദനം: ഒരാള്‍ ഒരിക്കല്‍ നബി(സ)യോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ! അങ്ങയെ ഞാനിഷ്ടപ്പെടുന്നു. തിരുദൂതര്‍(സ) പറഞ്ഞു. നീ പറയുന്നതെന്താണെന്ന് നല്ലവണ്ണം ചിന്തിക്കൂ! അപ്പോഴും അദ്ദേഹം പറഞ്ഞു അല്ലാഹുവാണ്, അങ്ങയെ ഞാനിഷ്ടപ്പെടുന്നു. മൂന്നുപ്രാവശ്യം അതാവര്‍ത്തിച്ചു. തിരുനബി(സ) പറഞ്ഞു. അങ്ങനെ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ ദാരിദ്യ്രത്തെ നേരിടാനുള്ള സഹനശക്തി നീ സംഭരിക്കണം. കാരണം, മലവെള്ളം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാളുപരി വേഗതയിലാണ്. എന്നെ സ്നേഹിക്കുന്നവരെ ദാരിദ്യ്രം പിടികൂടുന്നത്. (തിര്‍മിദി) |
14) കഅ്ബുബ്നു മാലിക്(റ) വില്‍ നിന്ന് നിവേദനം: ആട്ടിന്‍പറ്റങ്ങളിലേക്ക് അഴിച്ചുവിട്ട വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന നാശത്തേക്കാള്‍ കൊടുംക്രൂരമാണ് സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ അത്യാഗ്രഹം അവന്റെ ദീനിനോട് ചെയ്യുന്നത്. (തിര്‍മിദി) |
16) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: സമ്പന്നരേക്കാള്‍ അഞ്ഞൂറു വര്‍ഷം മുമ്പ് നിര്‍ദ്ധനര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (ദരിദ്രരേക്കാള്‍ ധനവാന്മാര്‍ ധാരാളം വിചാരണക്ക് വിധേയരാകേണ്ടി വരുന്നതു കൊണ്ട്) (തിര്‍മിദി) |
4) സഹ്ല്‍(റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി(സ)യുടെ സന്നിധിയില്‍ വന്നുപറഞ്ഞു. പ്രവാചകരെ! എനിക്കൊരു അമല്‍ അവിടുന്ന് പഠിപ്പിച്ചുതരണം. ഞാനത് പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവും മനുഷ്യരും എന്നെ ഇഷ്ടപ്പെടണം. റസൂല്‍(സ) പറഞ്ഞു. ഐഹികാഡംബരങ്ങളെ നീ കൈവെടിയുക. എന്നാല്‍, അല്ലാഹു നിന്നെ ഇഷ്ടപ്പെടും. ജനങ്ങളുടെ പക്കലുള്ളത് നീ മോഹിക്കാതിരിക്കു. എന്നാല്‍, ജനങ്ങളും നിന്നെ തൃപ്തിപ്പെടും. (ഇബ്നുമാജ) |