യഅഖൂബ് നബി

[ 15 - Aya Sections Listed ]
Surah No:2
Al-Baqara
132 - 133
ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട്‌ ഇത്‌ (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക്‌ ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന്‌ കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്‌. (ഇങ്ങനെയാണ്‌ അവര്‍ ഓരോരുത്തരും ഉപദേശിച്ചത്‌)(132)എനിക്ക്‌ ശേഷം ഏതൊരു ദൈവത്തെയാണ്‌ നിങ്ങള്‍ ആരാധിക്കുക ? എന്ന്‌ യഅ്ഖൂബ്‌ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട്‌ ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന്‌ കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമായിരിക്കും(133)
Surah No:2
Al-Baqara
136 - 136
നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ (അല്ലാഹുവിന്ന്‌) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.(136)
Surah No:2
Al-Baqara
140 - 140
അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ്‌ സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്‌? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത്‌ ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌ ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.(140)
Surah No:3
Aal-i-Imraan
84 - 84
(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതി (ഖുര്‍ആന്‍) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികള്‍ എന്നിവര്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട (ദിവ്യസന്ദേശം) തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്‌ കീഴ്പെട്ടവരാകുന്നു.(84)
Surah No:4
An-Nisaa
163 - 163
(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത്‌ പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌. യഅ്ഖൂബ്‌ സന്തതികള്‍, ഈസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന്‌ നാം സബൂര്‍ (സങ്കീര്‍ത്തനം) നല്‍കി.(163)
Surah No:6
Al-An'aam
84 - 84
അദ്ദേഹത്തിന്‌ നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന്‌ ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി.) അപ്രകാരം സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നു.(84)
Surah No:11
Hud
71 - 71
അദ്ദേഹത്തിന്‍റെ (ഇബ്രാഹീം നബി (അ) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക്‌ ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു.(71)
Surah No:12
Yusuf
6 - 6
അപ്രകാരം നിന്‍റെ രക്ഷിതാവ്‌ നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന്‌ നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിന്‍റെ മേലും യഅ്ഖൂബ്‌ കുടുംബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്‌. മുമ്പ്‌ നിന്‍റെ രണ്ട്‌ പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇഷാഖിന്‍റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത്‌ പോലെത്തന്നെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.(6)
Surah No:12
Yusuf
38 - 38
എന്‍റെ പിതാക്കളായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ പാടുള്ളതല്ല. ഞങ്ങള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത്‌ (സന്‍മാര്‍ഗദര്‍ശനം.) പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.(38)
Surah No:12
Yusuf
68 - 68
അവരുടെ പിതാവ്‌ അവരോട്‌ കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന്‌ തടുക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന്‌ മാത്രം. നാം അദ്ദേഹത്തിന്‌ പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്‌. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.(68)
Surah No:19
Maryam
6 - 6
എനിക്ക്‌ അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ്‌ കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്‍റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ.(6)
Surah No:19
Maryam
49 - 49
അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന്‌ നാം ഇഷാഖിനെയും (മകന്‍) യഅ്ഖൂബിനെയും (പൌത്രന്‍) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു.(49)
Surah No:21
Al-Anbiyaa
72 - 72
അദ്ദേഹത്തിന്‌ നാം ഇഷാഖിനെ പ്രദാനം ചെയ്തു. പുറമെ (പൌത്രന്‍) യഅ്ഖൂബിനെയും. അവരെയെല്ലാം നാം സദ്‌വൃത്തരാക്കിയിരിക്കുന്നു.(72)
Surah No:29
Al-Ankaboot
27 - 27
അദ്ദേഹത്തിന്‌ (പുത്രന്‍) ഇഷാഖിനെയും (പൌത്രന്‍) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിപരമ്പരയില്‍ പ്രവാചകത്വവും വേദവും നാം നല്‍കുകയും ചെയ്തു. ഇഹലോകത്ത്‌ അദ്ദേഹത്തിന്‌ നാം പ്രതിഫലം നല്‍കിയിട്ടുണ്ട്‌. പരലോകത്ത്‌ തീര്‍ച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.(27)
Surah No:38
Saad
45 - 45
കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരെയും ഓര്‍ക്കുക.(45)