കിംവദന്തികള്‍

[ 2 - Aya Sections Listed ]
Surah No:24
An-Noor
11 - 20
തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട്‌ വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത്‌ നിങ്ങള്‍ക്ക്‌ ദോഷകരമാണെന്ന്‌ നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത്‌ നിങ്ങള്‍ക്ക്‌ ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ്‌ ഭയങ്കര ശിക്ഷയുള്ളത്‌.(11)നിങ്ങള്‍ അത്‌ കേട്ട സമയത്ത്‌ സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട്‌ നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ്‌ എന്ന്‌ പറയുകയും ചെയ്തില്ല?(12)അവര്‍ എന്തുകൊണ്ട്‌ അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ട്‌ വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.(13)ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ സംസാരത്തില്‍ ഏര്‍പെട്ടതിന്‍റെ പേരില്‍ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.(14)നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട്‌ അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത്‌ നിങ്ങളുടെ വായ്കൊണ്ട്‌ മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത്‌ ഗുരുതരമാകുന്നു.(15)നിങ്ങള്‍ അത്‌ കേട്ട സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക്‌ ഇതിനെ പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധന്‍! ഇത്‌ ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന്‌ നിങ്ങള്‍ എന്തുകൊണ്ട്‌ പറഞ്ഞില്ല?(16)നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത്‌ ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന്‌ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.(17)അല്ലാഹു നിങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.(18)തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത്‌ ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ്‌ ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.(19)അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?)(20)
Surah No:49
Al-Hujuraat
6 - 6
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(6)