ഇസ്രായീല്യരുടെ മിഥ്യയായ അവകാശവാദങ്ങള്‍

[ 3 - Aya Sections Listed ]
Surah No:3
Aal-i-Imraan
24 - 24
എണ്ണപ്പെട്ട ഏതാനും ദിവസം മാത്രമേ തങ്ങളെ നരകാഗ്നി സ്പര്‍ശിക്കുകയുള്ളൂ എന്ന്‌ അവര്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്ന കാരണത്താലാണ്‌ അവരങ്ങനെയായത്‌. അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന വാദങ്ങള്‍ അവരുടെ മതകാര്യത്തില്‍ അവരെ വഞ്ചിതരാക്കിക്കളഞ്ഞു.(24)
Surah No:3
Aal-i-Imraan
75 - 78
ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത്‌ നിനക്ക്‌ തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്‌. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്‌. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചു കൊണ്ട്‌) നിന്നെങ്കിലല്ലാതെ അവരത്‌ നിനക്ക്‌ തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തില്‍ (അവരെ വഞ്ചിക്കുന്നതില്‍) ഞങ്ങള്‍ക്ക്‌ കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന്‌ അവര്‍ പറഞ്ഞതിനാലത്രെ അത്‌. അവര്‍ അല്ലാഹുവിന്‍റെ പേരില്‍ അറിഞ്ഞ്‌ കൊണ്ട്‌ കള്ളം പറയുകയാകുന്നു.(75)അല്ല, വല്ലവനും തന്‍റെ കരാര്‍ നിറവേറ്റുകയും ധര്‍മ്മനിഷ്ഠപാലിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മ്മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(76)അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക്‌ വില്‍ക്കുന്നവരാരോ അവര്‍ക്ക്‌ പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട്‌ സംസാരിക്കുകയോ, അവരുടെ നേര്‍ക്ക്‌ (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക്‌ വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌.(77)വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. അത്‌ വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന്‌ നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്‌. അത്‌ വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത്‌ അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന്‌. എന്നാല്‍ അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്‌.(78)
Surah No:5
Al-Maaida
20 - 26
മൂസാ തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന്‌ മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്ത്കൊണ്ട്‌ അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത്‌ നിങ്ങള്‍ ഓര്‍ക്കുക.(20)എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്‌. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.(21)അവര്‍ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ്‌ അവിടെയുള്ളത്‌. അവര്‍ അവിടെ നിന്ന്‌ പുറത്ത്‌ പോകുന്നത്‌ വരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെ നിന്ന്‌ പുറത്ത്‌ പോകുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം.(22)ദൈവഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക്‌ കവാടം കടന്നങ്ങ്‌ ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്ന്‌ ചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക.(23)അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്ത്‌ കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്‌.(24)അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെയും എന്‍റെ സഹോദരന്‍റെയും കാര്യമല്ലാതെ എന്‍റെ അധീനത്തിലില്ല. ആകയാല്‍ ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മില്‍ വേര്‍പിരിക്കേണമേ.(25)അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ ആ നാട്‌ നാല്‍പത്‌ കൊല്ലത്തേക്ക്‌ അവര്‍ക്ക്‌ വിലക്കപ്പെട്ടിരിക്കുകയാണ്‌; തീര്‍ച്ച. (അക്കാലമത്രയും) അവര്‍ ഭൂമിയില്‍ അന്തം വിട്ട്‌ അലഞ്ഞ്‌ നടക്കുന്നതാണ്‌. ആകയാല്‍ ആ ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ ദുഃഖിക്കരുത്‌.(26)