യേശുക്രിസ്തുവിന്റെ പിന്‍ഗാമി


Article By
ഈസ പെരുമ്പാവൂര്‍
Perumbavoor

മനുഷ്യരാശിയുടെ സ്വര്‍ഗപ്രവേശനത്തിന് ദൈവം നല്‍കിയ രക്ഷാമാര്‍ഗം പൗലോസും കൊണ്‍സ്‌റ്റൈന്റ്റെനും അട്ടിമറിച്ചതിന്റെ പേരില്‍സര്‍വശക്തനായ ദൈവം പരാജയപ്പെട്ട് പോകുമോ? അങ്ങനെ സംഭവിക്കുകയില്ലായെന്ന് ഉറച്ച് വിശ്വസിക്കുന്ന സത്യന്വേഷികള്‍ക്ക് ദൈവികമതത്തിന്റെ പൂര്‍ത്തീകരണം എങ്ങനെ യാണ് നിറവേറിയതെന്ന് അറിയുവാന്‍ തീര്‍ച്ചയാ യും താല്‍പര്യമുണ്ടാകും. ഇത് സംബന്ധമായി യേശുക്രിസ്തു നടത്തിയിട്ടുള്ള ചില പ്രവചനങ്ങളും അദ്ദേഹത്തിന്റെ അപ്പൊസ്തലന്‍മാര്‍ പില്‍ക്കാലത്ത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതുമായ ആ മഹത്തായ കാര്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

യേശുക്രിസ്തുവിന്റെ പ്രവചനങ്ങള്‍: യെരുശലേമിന്റെ പ്രസക്തി നഷ്ടപ്പെടും

യിസ്രയേല്‍മക്കളുടെ ഹൃദയം ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്ന നഗരമാണ് വിശുദ്ധ യെരുശലേം. ദൈവികനിര്‍ദേശാനുസരണം ശലോമാന്‍ പണികഴിപ്പിച്ച യെരുശലേം ദേവാലയം യിസ്രയേല്യരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അബ്രഹാം പിതാവ് പണികഴിപ്പിച്ച ആരാധനാലയമായ വിശുദ്ധ കഅ്ബയെ അവര്‍ എത്രത്തോളം സ്‌നേഹിക്കുന്നുവോ, അപ്രകാരം തന്നെയാണ് യെരുശലേം ദേവാലയത്തെ യിസ്രയേല്‍മക്കള്‍ സ്‌നേഹിച്ചിരുന്നത്. പെരുന്നാളുകളും ശബത്തും മറ്റ് ഇതര കര്‍മങ്ങളും കൊണ്ട് യെരുശലേം ദേവാലയം എപ്പോഴും സജീവമായിരുന്നു. അവരിലെ പ്രധാന പണ്ഡിതന്‍മാരും മഹാപുരോഹിതനും പ്രമാണിമാരും നേതൃത്വം വഹിച്ചിരുന്ന യെരുശലേം ദേവാലയം യിസ്രയേല്‍മക്കളുടെ ആധികാരിക മതകേന്ദ്രമായിരുന്നു. അവരുടെ അന്തസ്സും അഭിമാനവും ആയിരുന്ന പ്രസ്തുത ദേവാലയത്തിന്, അന്ന് ഭൂലോകത്ത് ചിതറി താമസിച്ചിരുന്ന യിസ്രയേല്യരുടെ ഇടയില്‍മതകീയമായ ഐക്യം രൂപപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുണ്ടായിരുന്നു.

യേശുവിന്റെ ജീവിതകാലത്ത് യിസ്രയേല്യര്‍ ദുര്‍ബലരും റോമന്‍ ഭരണകൂടത്തിന്‍ കീഴെ ജീവിക്കുന്ന ന്യൂനപക്ഷവും ആണെങ്കിലും ഇവര്‍ക്ക് ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്നത് യെരുശലേം നഗരത്തിലാണ്. അന്ന് രാജാവായിരുന്ന ഹേരോദാവ് യിസ്രയേല്യരോട് മൃദുസമീപനം സ്വീകരിക്കുകയും യെരുശലേം ദേവാലയത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ട സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അതോടൊപ്പം, യിസ്രയേല്യരുടെ ഇടയിലെ മതപരവും സിവില്‍പരവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഒരു ന്യായാധിപസംഘത്തേയും അവര്‍ക്ക് അനുവദിച്ചു കൊടുത്തിരുന്നു. എന്നാല്‍യെരുശലേമിന് വിദൂരമായ സ്ഥലങ്ങളില്‍താമസിച്ചിരുന്ന യിസ്രയേല്യര്‍ തീര്‍ത്തും ദുര്‍ബലരും സ്വന്തമായ യാതൊരു അധികാരവും ഇല്ലാത്തവരാണ്. ആരാധനാ സംബന്ധമായ മതകാര്യങ്ങളല്ലാതെ മറ്റൊന്നിലും അവര്‍ക്ക് നിര്‍ബന്ധബുദ്ധി കാണിക്കുവാന്‍ കഴിയുകയില്ല. ഇതര മതസ്ഥര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന ആ സ്ഥലങ്ങളില്‍അവരുടെ സംസ്‌ക്കാരവും ഏറെക്കുറെ മിശ്രിതരൂപത്തിലായിരുന്നു.

അങ്ങനെ റോമന്‍ ഭരണകൂടത്തിന്‍ കീഴില്ലെങ്കിലും പ്രൗഢി നഷ്ടപ്പെടാതെ നിലനിന്ന വിശുദ്ധ നഗരമായ യെരുശലേമിനെ ദൈവം പൂര്‍ണമായും ഉപേക്ഷിക്കുവാന്‍ പോകുന്നുവെന്നതിന്റെ സൂചന യേശുക്രിസ്തുവിന്റെ വാക്കുകളില്‍കാണാവുന്നതാണ്.

''യെരുശലേമേ, യെരുശലേമേ, പ്രവാചകന്‍മാരെ കൊല്ലുകയും നിന്റെ അടുക്കല്‍അയക്കപ്പെട്ടവരെ കല്ലെറിയുകയും ചെയ്യുന്നവളെ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍അണയ്ക്കുന്നത് പോലെ നിന്റെ മക്കളെ അണച്ചു കൊള്ളുവാന്‍ എത്രവട്ടം ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍നിനക്കോ മനസ്സുണ്ടായില്ല. ഇതാ നിന്റെ ഭവനം ശൂന്യമായിരിക്കുന്നു. കര്‍ത്താവിന്റെ നാമത്തില്‍വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു നീ പറയുന്നതു വരെ ഇനി നീ എന്നെ കാണുകയില്ല എന്ന് ഞാന്‍ നിന്നോടു പറയുന്നു.''

ദൈവികമാര്‍ഗത്തില്‍നിയുക്തരായ ധാരാളം പ്രവാചകന്‍മാരെ കൊല്ലുകയും മര്‍ദിക്കുകയും ചെയ്ത യിസ്രയേല്യരുടെ ധിക്കാരത്തിന് അന്ത്യമടുത്തുവെന്ന് യേശു വ്യക്തമാക്കുന്നു. സ്വന്തം നിലപാട് നേരെയാക്കുവാനുള്ള യിസ്രയേല്യരുടെ അവസാന അവസരമായിരുന്നു യേശുവിലൂടെ ലഭിച്ചത്. ഇതും പാഴാക്കി കളഞ്ഞതിനാല്‍ഇനി മറ്റൊരു പ്രവാചകന്‍ ഇവിടേക്ക് വരാതെ യെരുശലേം ശൂന്യമായി പോകും. എന്നാല്‍പിന്നീട് യേശുവിനെ ഒരിക്കല്‍കണ്ടുമുട്ടേണ്ടി വരുമ്പോള്‍, തങ്ങളുടെ മുന്‍കാല പ്രവര്‍ത്തനത്തെ ഓര്‍ത്ത് ഇവര്‍ക്ക് ഖേദിക്കേണ്ടി വരും.

ഇങ്ങനെയൊരു പ്രവചനം നടത്തിയ യേശുവോ അദ്ദേഹത്തിന്റെ സച്ചരിതരായ അപ്പൊസ്തലന്‍മാരോ അവരുടെ വിയോഗം വരെ യെരുശലേം കേന്ദ്രീകരിച്ച് മാത്രമാണ് പരിശ്രമിച്ചത്. ലക്ഷക്കണക്കിനുള്ള യിസ്രയേല്യരില്‍യേശുവിന്റെ പ്രവര്‍ത്തനത്തിലൂടെ നൂറ്റിയിരുപത് പേര്‍ മാത്രമാണ് അനുയായികളായി മാറിയിട്ടുള്ളൂ. പിന്നീടുള്ള അപ്പൊസ്തല കാലഘട്ടത്തില്‍, നൂറില്‍നിന്നും പല ആയിരങ്ങളിലേക്ക് അനുയായികളുടെ അംഗസംഖ്യ വര്‍ധിച്ചെങ്കിലും, യിസ്രയേല്യ ജനസമൂഹത്തിന്റെ മൊത്തം ജനസംഖ്യയുമായി വിലയിരുത്തുമ്പോള്‍ ഈ കണക്കും പരിമിതമാണ്. യിസ്രയേല്യരുടെ പണ്ഡിത സ്ഥാനത്തേക്കോ, പൗരോഹിത്യ സ്ഥാനത്തേക്കോ, സമൂഹത്തിലെ നേതൃസ്ഥാനത്തേക്കോ ഒന്നും ഇവരാരും ഉയര്‍ന്നിട്ടില്ല. യിസ്രയേല്യര്‍ അധികാരത്തിലുള്ള തങ്ങളുടെ സ്വാധീനം ദുര്‍വിനിയോഗിച്ചു കൊണ്ട് യേശുവിനെ പീഡിപ്പിച്ചത് പോലെ, തുടര്‍ച്ചയായ ഇടവേളകളില്‍അപ്പൊസ്തലന്‍മാരും മര്‍ദിക്കപ്പെടുകയുണ്ടായി. ശക്തമായ പൊതുജനസമ്മിതി ആര്‍ജ്ജിച്ചു കൊണ്ട് മുന്നേറുകയായിരുന്ന ഇവര്‍ അപ്രതീക്ഷിതമായ റോമന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ഇല്ലാതാവുകയാണ് ചെയ്തത്. ക്രിസ്താബ്ദം 70ല്‍യിസ്രയേല്യരെ മുഴുവനായി നശിപ്പിക്കുന്നതിന്റെ കൂട്ടത്തില്‍യിസ്രയേല്യ സംസ്‌ക്കാരം മുറുകെപിടിച്ചു ജീവിച്ച ഈ യഥാര്‍ഥ ക്രിസ്തുസഭ തങ്ങളുടേതല്ലാത്ത കാരണത്താല്‍ഭൂലോകത്ത് നിന്ന് മാറ്റപ്പെടുകയുണ്ടായി.

ചുരുക്കത്തില്‍, യേശുവിന്റെയോ അപ്പൊസ്തലന്‍മാരുടെയോ പ്രവര്‍ത്തന കാലഘട്ടത്തില്‍യെരുശലേമിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ധിക്കാരികളായ മുഖ്യധാര യിസ്രയേല്യ സമൂഹത്തിന് തങ്ങളുടെ നിലപാടില്‍പുനര്‍വിചിന്തനം നടത്തേണ്ട ഒരു സാഹചര്യവും സംജാതമായിട്ടില്ല. എന്നാല്‍മുഹമ്മദ് ല യുടെ പ്രവാചകത്വത്തോടെ യെരുശലേമിന് പുറത്ത് ഒരു പ്രവാചകന്‍ വരികയും സത്യവിശ്വാസികളുടെ കേന്ദ്രമായി മക്കയും മദീനയും സ്ഥാനം പിടിക്കുകയും ചെയ്തു. പിന്നീട് ലോകം മുഴുവന്‍ ഇസ്‌ലാം പ്രചരിച്ചത്തോടെ മതാനുയായികളുടെ ഏറ്റവും വലിയ സമ്മേളന കേന്ദ്രമായി ഇവ മാറി. യേശുക്രിസ്തു ഇനി വീണ്ടും വരുമെന്നും അന്ന് നിങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന്‍ കീഴില്‍അണിനിരക്കണമെന്നും മുസ്‌ലിം സമൂഹത്തിന് നിര്‍ദേശം നല്‍കിയ മുഹമ്മദ് ലയുടെ വാക്കുകള്‍ പുലരുന്ന ദിവസം തീര്‍ച്ചയായും പ്രവാചകന്മാരെ നിഷേധിച്ച യിസ്രയേല്യര്‍ കുറ്റബോധം കൊണ്ട് തലതാഴ്‌ത്തേണ്ടി വരും.

കിഴക്കും പടിഞ്ഞാറും ദൈവത്തിങ്കലേക്ക്

''കിഴക്കു നിന്നും പടിഞ്ഞാറു നിന്നും അനേകര്‍ വന്ന് അബ്രഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍വിരുന്നിന് ഇരിക്കും. രാജ്യത്തിന്റെ പുത്രന്‍മാരോ പുറത്ത് അന്ധകാരത്തിലേക്ക് തള്ളപ്പെടും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.''

ഇപ്രകാരം ശ്രേഷ്ഠരായ പൂര്‍വപിതാക്കന്‍രാരോടൊപ്പം ഏക മനസ്സോടെ സ്വര്‍ഗരാജ്യത്തില്‍വിരുന്നിന് ഇരിക്കാന്‍ യോഗ്യതയുള്ളവര്‍ ആരായിരിക്കും? യേശുവിനെ അംഗീകരിച്ച അപ്പൊസ്തല അനുയായികള്‍ ഒഴിച്ചുള്ള യഹൂദന്‍മാര്‍ അഥവാ രാജ്യത്തിന്റെ പുത്രന്‍മാര്‍ അന്ധകാരം നിറഞ്ഞ നരകത്തിലേക്ക് എറിയപ്പെടുമെന്ന് ഈ പ്രവചനം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍കിഴക്കു നിന്നും പടിഞ്ഞാറു നിന്നും എത്തുന്ന യിസ്രയേല്യരല്ലാത്ത അനേകം ആളുകള്‍ എന്നുദ്ദേശിച്ചിരിക്കുന്നത് ആരെയാണ്? ഭൂമിയില്‍വച്ച് പോലും അപ്പൊസ്തലന്‍മാര്‍ ആഹാരം കഴിക്കാന്‍ കൂടെ ഇരുത്താത്ത ക്രൈസ്തവരെ സ്വര്‍ഗരാജ്യത്തില്‍വിരുന്നിന് ഇരുത്തുമെന്ന് സ്വപ്നം കാണുക പോലും അസാധ്യമാണ്.

ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യരായ സമൂഹം ഒന്ന് മാത്രമേയുള്ളൂ. മുന്‍കാല പ്രവാചക ശ്രേഷ്ഠരെ മുഴുവന്‍ ആദരിക്കുകയും യേശുവിനെയും അദ്ദേഹത്തിന്റെ അനുയായികളെയും സച്ചരിതരുടെ കൂട്ടത്തില്‍കാണുകയും ആ ഉന്നത സംഘത്തോടൊപ്പം ഞങ്ങളെയും ഉള്‍പ്പെടുത്തണേയെന്ന് ദിവസവും പലവട്ടം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മുഹമ്മദ് നബി ലയുടെ അനുയായികള്‍. തീര്‍ച്ചയായും ഈ സ്വര്‍ഗീയ വിരുന്നില്‍പങ്കെടുക്കുവാനുള്ള ഇവരുടെ തയ്യാറെടുപ്പ് കണ്ടില്ലെന്ന് പറയുവാന്‍ ഭൂലോകത്തുള്ള ആര്‍ക്കും സാധ്യമല്ല തന്നെ.

യേശുവിന്റെ പിന്‍ഗാമിയായ പാരക്ലീറ്റ്

''എന്നാല്‍ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകാതിരുന്നാല്‍കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍വരുകയില്ല; ഞാന്‍ പോയാല്‍കാര്യസ്ഥനെ നിങ്ങളുടെ അടുത്തേക്ക് അയക്കും. അവിടുന്നു വരുമ്പോള്‍ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് ലോകത്തിന് ബോധ്യം വരുത്തും. ഇനി വളരെയധികം കാര്യങ്ങള്‍ നിങ്ങളോട് പറയുവാനുണ്ട്. എങ്കിലും അവ സഹിക്കുവാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിവില്ല. എന്നാല്‍പാരക്ലീറ്റ് വരുമ്പോള്‍, അവിടുന്ന് നിങ്ങളെ സകല സത്യത്തിലേക്കും വഴി നടത്തും. അവിടുന്ന് സ്വയം സംസാരിക്കാതെ കേള്‍ക്കുന്നത് മാത്രം സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ച് തരുകയും ചെയ്യും. അവിടുന്ന് എനിക്കുള്ളതില്‍നിന്ന് എടുത്ത് നിങ്ങള്‍ക്ക് അറിയിച്ചു തരികയാല്‍എന്നെ മഹത്വപ്പെടുത്തും.''

യേശുവിനെ സ്‌നേഹിക്കുന്നവര്‍ നിര്‍ബന്ധമായും പിന്‍പറ്റേണ്ട പാരക്ലീറ്റിന്റെ യോഗ്യതകള്‍ എന്തെല്ലാമെന്ന് നോക്കുക.

- യേശു പോയാല്‍മാത്രമേ പാരക്ലീറ്റ് വരുകയുള്ളൂ.

- പാപം, നീതി, ന്യായവിധി എന്നിവയെ കുറിച്ച് ലോകത്തിന് ബോധ്യം വരുത്തും.

- യേശു പറയാതിരുന്ന കൂടുതല്‍ദൈവിക അരുളപാടുകള്‍ പാരക്ലീറ്റ് അറിയിച്ചു തരും.

- യേശു മുഴുവന്‍ സത്യത്തിലേക്ക് ജനങ്ങളെ വഴി നടത്തിയിട്ടില്ല. എന്നാല്‍പാരക്ലീറ്റ് അത് ചെയ്യും. (അതായത്, ദൈവികമതത്തിന്റെ പൂര്‍ത്തീകരണം സംഭവിക്കുക പാരക്ലീറ്റിലൂടെയാണ്.)

- സംഭവിക്കാന്‍ പോകുന്ന പല കാര്യങ്ങളും മുന്‍കൂട്ടി 'പാരക്ലീറ്റ്' പ്രവചിക്കും.

- യേശുവിനെ 'പാരക്ലീറ്റ്' മഹത്വീകരിക്കും.

ഇത്രയും യോഗ്യതകള്‍ സമ്മേളിക്കുന്ന ഒരാള്‍ക്ക് മാത്രമാണ് പാരക്ലീറ്റ് എന്ന് അവകാശപ്പെടുവാന്‍ ന്യായമുളളൂ. ക്രിസ്തുമതക്കാര്‍ പാരക്ലീറ്റായി മനസ്സിലാക്കുന്നത് ത്രിത്വദൈവത്തിലെ പരിശുദ്ധാത്മാവ് എന്ന ആളത്വത്തിനെയാണ്. ഈ വാദം പല കാരണങ്ങള്‍ കൊണ്ട് പരിഗണന അര്‍ഹിക്കുന്നില്ല. ക്രിസ്തുമതക്കാരില്‍സ്ഥിതി ചെയ്യുന്നതായി അവര്‍ അവകാശപ്പെടുന്നത് പൗലോസ് പ്രസംഗിച്ച സുവിശേഷത്തില്‍വിശ്വസിച്ചവര്‍ക്ക് ലഭിച്ച ആത്മാവിനെയാണ്. പൗലോസിന്റെ വീക്ഷണത്തില്‍അപ്പൊസ്തലന്‍മാര്‍ പ്രസംഗിച്ച യേശുവും, സുവിശേഷവും പരിശുദ്ധാത്മാവും തീര്‍ത്തും തന്റേതില്‍നിന്നും വ്യത്യസ്തമാണെന്നിരിക്കേ, പൗലോസിന്റെ പരിശുദ്ധാത്മാവാണോ പാരക്ലീറ്റെന്ന ചര്‍ച്ച പോലും നീതിയ്ക്ക് നിരക്കാത്തതാണ്.

യേശു തന്റെ ഉപദേശങ്ങളില്‍പല തവണ ആവര്‍ത്തിച്ച് പറഞ്ഞ പരിശുദ്ധാത്മാവും പാരക്ലീറ്റും ഒന്നായിരുന്നോയെന്ന് നമുക്ക് പരിശോധിക്കാം. എന്താണ് ഈ പരിശുദ്ധാത്മാവ്? ബൈബിളിന്റെ തുടക്കം മുതല്‍യഥാര്‍ഥ അപ്പൊസ്തലന്‍മാരുടെ കാലം വരെയുള്ള പരിശുദ്ധാത്മാവ് എന്തായിരുന്നുവെന്നും അതുവഴി അവര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നും വിലയിരുത്തിയാല്‍മാത്രമേ ശരിയായ ഗ്രാഹ്യം ലഭിക്കുകയുളളൂ. ദൈവികസന്ദേശം മനുഷ്യരില്‍എത്തിക്കുക, അത്ഭുതപ്രവൃത്തിക്ക് മനുഷ്യരെ പ്രാപ്തനാക്കുക, മനഃശക്തിയും സമാധാനവും പ്രദാനം ചെയ്യുക, നല്ലതായ തീരുമാനങ്ങള്‍ മനസ്സില്‍തോന്നിപ്പിക്കുക, കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കുക തുടങ്ങിയ കാര്യങ്ങള്‍ മനുഷ്യന് നല്‍കുന്ന ദൈവത്തിന്റെ മഹത്തായ ഒരു ദാനം. ഈ ദൈവികദാനവും യേശു പറഞ്ഞ പാരക്ലീറ്റും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്.

യേശു പോയതിന് ശേഷം മാത്രമേ പാരക്ലീറ്റ് വരുകയുളളുവെങ്കില്‍, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനകാലം തീര്‍ത്തും വ്യത്യസ്തമാണ്. യേശുവിന് മുമ്പും, അദ്ദേഹം മാതാവിന്റെ ഉദരത്തിലായിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ ജീവിതകാലത്തുമെല്ലാം പരിശുദ്ധാത്മാവ് ഭൂമിയില്‍നിറസാന്നിധ്യമാണ്. സ്വന്തമായി ഒന്നും പറയാതെ, ദൈവത്തില്‍നിന്ന് അറിവ് ലഭിക്കുന്നത് മാത്രമാണ് പാരക്ലീറ്റ് പറയുന്നതെങ്കില്‍, ക്രൈസ്തവ വീക്ഷണത്തില്‍ദൈവമായ പരിശുദ്ധാത്മാവ് പരാശ്രയനാണെന്ന് വരുന്നു. അതോടൊപ്പം, സ്വന്തമായ ഒരു ശരീരം ഇല്ലാത്ത പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുക ഒരു മനുഷ്യനിലൂടെ ആയിരിക്കുമല്ലോ. അങ്ങനെ ഒരു വ്യക്തി പറയുന്ന കാര്യങ്ങള്‍ യേശു പറയാതെ വിട്ട അധികം വിഷയങ്ങളാണെങ്കില്‍അവയെ വിലയിരുത്തുവാനുള്ള മാനദണ്ഡം എന്താണ്? തന്റെ അനുയായികളില്‍ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ കടന്നുകൂടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ജാഗ്രത പാലിക്കണമെന്ന് യേശു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് അവഗണിക്കാനും സാധ്യമല്ലല്ലോ.

തന്റെ വചനങ്ങളില്‍ഉറച്ച് നില്‍ക്കുന്നവര്‍ മാത്രമാണ് തന്റെ ശിഷ്യന്‍മാര്‍ എന്നും ശിഷ്യന്‍ ഒരിക്കലും ഗുരുവിന് മീതെയാകാതെ, ഏറ്റവും കൂടിയാല്‍ഗുരുവിനോളം മാത്രമേ ആകാവുയെന്നും യേശു നിര്‍ദേശിച്ചിരിക്കേ, ഗുരുവായ യേശുവിനെക്കാള്‍ അധികം കാര്യങ്ങള്‍ പറയുന്ന 'പാരക്ലീറ്റ്' അദ്ദേഹത്തിന്റെ ശിഷ്യന്‍ ആകുന്നതെങ്ങനെ? ചുരുക്കത്തില്‍പാരക്ലീറ്റെന്നാല്‍, യേശുവിനെ മഹത്വവല്‍ക്കരിക്കുകയും പ്രവാചകന്‍മാരുടെ മതത്തെ പൂര്‍ത്തികരിക്കുകയും ചെയ്യുന്ന അന്ത്യപ്രവാചകനാണെന്ന് നിസംശയം വ്യക്തമാകുന്നതാണ്.

അപ്പോസ്തലന്‍മാരുടെ പ്രതീക്ഷ

അപ്പൊസ്തലന്‍മാരുടെ നേതൃത്വത്തില്‍യെരുശലേം കൗണ്‍സില്‍കൂടിയ സമയത്ത് അധ്യക്ഷനായ യാക്കോബ് ഉദ്ധരിച്ച ഒരു പ്രവചനം ശ്രദ്ധിക്കുക.

''ഇതിന് ശേഷം ഞാന്‍ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും; ഞാന്‍ അതിന്റെ ശൂന്യാവിഷ്ടങ്ങള്‍ വീണ്ടും പണിത് അതിനെ യഥാസ്ഥാനപ്പെടുത്തും; മനുഷ്യരില്‍ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന വിജാതിയരും (യഹൂദേതരര്‍) കര്‍ത്താവിനെ അന്വേഷിക്കും എന്ന് ഇവ പൂര്‍വകാലം മുതല്‍അറിയിക്കുന്ന കര്‍ത്താവ് അരുളിചെയ്യുന്നു.''

പ്രവാചകനായ ആമോസിന്റെ ഈ വാക്കുകള്‍ പ്രകാരം അനേകം യഹൂദേതരായ ജനങ്ങള്‍ സത്യദൈവത്തില്‍വിശ്വസിക്കുമെന്ന് യാക്കോബ് മനസ്സിലാക്കിയിരുന്നു. എന്നാല്‍അദ്ദേഹം നേതൃത്വം നല്‍കിയ യെരുശലേം സഭ യഹൂദന്‍മാരില്‍മാത്രമാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത് യഹൂദേതരുടെ ഇടയില്‍അവര്‍ അംഗീകരിച്ചത് ബര്‍ണബാസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തെ മാത്രമാണ്. പില്‍ക്കാലത്ത് ആ സഭകള്‍ പൗലോസിന്റെ ദുരുപദേശത്തില്‍വôിക്കപ്പെട്ടു പോയപ്പോള്‍ അപ്പൊസ്തലന്‍മാര്‍ ബര്‍ണബാസിനെ മടക്കി കൊണ്ടുവരുകയും ചെയ്തു. തുടര്‍ന്ന്, പൗലോസിന്റെ തന്ത്രങ്ങളില്‍കുടുങ്ങി പോയ ഇവരെ രക്ഷിക്കാന്‍ ചില ശ്രമങ്ങള്‍ അപ്പൊസ്തല അനുയായികള്‍ നടത്തിയതല്ലാതെ അവരും യഹൂദേതരുടെ ഇടയില്‍അധികം പ്രവര്‍ത്തിച്ചതായി തെളിവുകള്‍ ലഭ്യമല്ല. ഏതായാലും, ഇന്ന് യഹൂദേതരുടെ ഇടയില്‍പ്രചരിച്ചിരിക്കുന്നത് പൗലോസിന്റെ യഹൂദ സംസ്‌ക്കാരമില്ലാത്ത പുതിയ മാര്‍ഗമാണ്. ഇതാകട്ടെ 'സ്ഥാപകന്റെ' കാലത്ത് തന്നെ അപ്പൊസ്തലന്‍മാരിലൂടെ പുറത്താക്കപ്പെട്ടതാണ്. അങ്ങനെയെങ്കില്‍യാക്കോബിന്റെ പ്രതീക്ഷ പോലെ യഹൂദേതരുടെ അടുക്കല്‍സത്യദൈവത്തെ കുറിച്ചുള്ള സന്ദേശം അറിയിച്ച ആ മഹത് വ്യക്തിത്വം ആരാണ്?

അന്ത്യ പ്രവാചകനായ മുഹമ്മദ് (സ്വ)

യേശു പറഞ്ഞതും അപ്പൊസ്തലന്‍മാര്‍ പ്രതീക്ഷിച്ചതുമായ ഈ വിപുല ദൗത്യം പൂര്‍ത്തികരിച്ച പ്രവാചകനെ അംഗീകരിക്കാന്‍ തീര്‍ച്ചയായും ബൈബിള്‍ വായനക്കാര്‍ക്ക് സാധിക്കേണ്ടതാണ്. മേല്‍പറയപ്പെട്ട പ്രവചനങ്ങളെല്ലാം യോജിച്ച ഒരേയൊരു വ്യക്തിത്വം മാത്രമേ ലോകചരിത്രത്തില്‍യേശുവിന് ശേഷം ആഗതനായിട്ടുള്ളൂ. മനുഷ്യരാശിയുടെ മുമ്പില്‍ഖുര്‍ആന്‍ എന്ന അന്തിമ വേദഗ്രന്ഥം സമര്‍പ്പിച്ച പ്രവാചകനായ മുഹമ്മദ് (സ്വ)

അബ്രഹാമിന്റെ ദൈവത്തില്‍വിശ്വസിക്കുകയും മോശൈക ന്യായപ്രമാണത്തെ പോലെ ജീവിതത്തിന്റെ സമസ്ത മേഖലയ്ക്ക് അനിവാര്യമായ ന്യായപ്രമാണം കൊണ്ടുവരികയും പരിച്ഛേദന കല്‍പ്പിക്കുകയും യേശുവിന്റെ ക്രിസ്തുസ്ഥാനം അംഗീകരിക്കുകയും തന്നിഷ്ടം പറയാതെ ദൈവികവെളിപാടുകള്‍ പിന്‍പറ്റുകയും പാപം, നീതി, ന്യായവിധി തുടങ്ങിയവയെ കുറിച്ച് ലോകത്തിന് ബോധ്യം വരുത്തുകയും തന്നിലൂടെ സത്യമതം പൂര്‍ത്തികരിക്കപ്പെട്ടുവെന്ന് അവകാശപ്പെടുകയും അദ്ദേഹത്തിന്റെ അഹ്വാനം ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും ഉള്ള ജനങ്ങള്‍ സ്വീകരിക്കുകയും അതോടൊപ്പം, യേശുവിനെ രണ്ടാം വരവില്‍സ്വീകരിക്കാനുള്ള സംഘത്തെ തയ്യാറാക്കുകയും ചെയ്ത ഏക വ്യക്തിത്വമാണ് മുഹമ്മദ് (സ്വ)

 


യേശുക്രിസ്തുവിന്റെ പിന്‍ഗാമി
http://www.snehasamvadam.com/article.asp?id=70
Shared By
Naseem Khan
Karunagappally