അടുത്ത ബന്ധുക്കള്‍, ഹദീസുകള്‍

61) അനസ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യനെ അവന്റെ ഖബറില്‍ വെച്ച് അതിന്റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്റെ കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍ രണ്ട് മലക്കുകള്‍ വന്ന് അവനെ പിടിച്ചിരുത്തി ചോദിക്കും. ഈ മനുഷ്യന്‍ അഥവാ മുഹമ്മദിനെ സംബന്ധിച്ച് നീ എന്താണ് പറഞ്ഞിരുന്നത്? അവന്‍ പറയും: അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ പറയപ്പെടും അതാ, നരകത്തിലെ നിന്റെ ഇരിപ്പിടം നോക്കൂ! അതിനു പകരമായി അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു ഇരിപ്പിടം തന്നിരിക്കുന്നു. നബി(സ) പറഞ്ഞു. അപ്പോള്‍ ഈ രണ്ടു ഇരിപ്പിടങ്ങളും അവന്‍ നോക്കിക്കാണും. സത്യനിഷേധി അല്ലെങ്കില്‍ കപടവിശ്വാസി പറയും: എനിക്ക് യാഥാര്‍ത്ഥ്യം അറിയില്ല. ജനങ്ങള്‍ പറയുംപോലെ ഞാനും പറഞ്ഞുകൊണ്ടിരുന്നു. അവനോട് മലക്കുകള്‍ പറയും. നീ കാര്യത്തെക്കുറിച്ച് ചിന്തിച്ചു നോക്കുകയോ വായിച്ചു പഠിക്കുകയോ ചെയ്തില്ല. പിന്നെ ഒരു ഇരുമ്പ് ദണ്ഡുകൊണ്ട് അവര്‍ അവന്റെ ചെവികള്‍ക്കിടയില്‍ അടിക്കും. അപ്പോഴവന്‍ ഉച്ചത്തില്‍ നിലവിളിക്കും. ജിന്നുകളും മനുഷ്യനുമൊഴിച്ച് അവന്നടുത്തുള്ള എല്ലാ വസ്തുക്കളും അതു കേള്‍ക്കുന്നതാണ്. (ബുഖാരി. 2. 23. 422)
 
39) ആയിശ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും മരണപ്പെട്ടു. അവന് വീട്ടാനുള്ള നോമ്പുണ്ട്. എങ്കില്‍ അവന്റെ ബന്ധുക്കള്‍ അത് പിടിച്ചു വീട്ടേണ്ടതാണ്. (ബുഖാരി. 3. 31. 173)
 
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ ആയത്തു പാരായണം ചെയ്യുക. (സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാള്‍ ബന്ധപ്പെട്ടത് നബിയാണ്) ഏതെങ്കിലുമൊരു സത്യവിശ്വാസി ധനം കൈവശമുള്ള സ്ഥിതിയില്‍ മരണമടഞ്ഞു. എങ്കില്‍ അവയെ അടുത്ത ബന്ധുക്കള്‍ - അവരാരാണെങ്കിലും ശരി - ആ ധനം അനന്തരമെടുക്കട്ടെ. വല്ലവനും കടക്കാരനായിക്കൊണ്ടു അല്ലെങ്കില്‍ ദരിദ്ര കുടുംബത്തെ വിട്ടുകൊണ്ടു മരണമടഞ്ഞാല്‍ അവന്‍ (അവന്റെ രക്ഷാധികാരി)എന്റെയടുക്കല്‍ വരട്ടെ. ഞാനാണവന്റെ രക്ഷാധികാരി. (ബുഖാരി. 3. 41. 584)
 
10) അനസ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ ശ്രവിച്ചു. വല്ലവനും തന്റെ ജീവിത വിഭവങ്ങളില്‍ സമൃദ്ധിയുണ്ടാകണമെന്നും സല്‍കീര്‍ത്തി പിന്‍തലമുറകളില്‍ നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബബന്ധം പുലര്‍ത്തട്ടെ. (ബുഖാരി. 3. 34. 281)
 
19) അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ കാലത്തു എന്റെ മാതാവ് എന്റെയടുക്കല്‍ വന്നു. അവരന്ന് ബഹുദൈവ വിശ്വാസിനിയായിരുന്നു. എന്നില്‍ നിന്ന് ഔദാര്യം പ്രതീക്ഷിച്ചുകൊണ്ട് എന്റെ ഉമ്മ വന്നിട്ടുണ്ട്. ഉമ്മാക്ക് വല്ലതും നല്‍കാന്‍ എനിക്ക് പാടുണ്ടോയെന്ന് ഞാന്‍ നബി(സ)യോട് ചോദിച്ചു നബി(സ) അരുളി: നിന്റെ മാതാവിനോട് ബന്ധം പുലര്‍ത്തിപ്പോരുക. (ബുഖാരി. 3. 47. 789)
 
2) ജുബൈര്‍(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 13)
 
3) അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തില്‍ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിപ്പിച്ചുകിട്ടുവാനും (ദീര്‍ഘായുസ്സ് ലഭിക്കുവാനും)ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ. (ബുഖാരി. 8. 73. 14)
 
4) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി. 8. 73. 17)
 
6) അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി. 8. 73. 20)
 
27) അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലീമിന് മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല. (ബുഖാരി. 8. 73. 91)
 
3) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി(സ)യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം ചേര്‍ക്കുന്നു. അവര്‍ ബന്ധം മുറിക്കുന്നു. ഞാന്‍ അവര്‍ക്ക് നന്മ ചെയ്യുന്ന. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവര്‍ക്കുവേണ്ടി ക്ഷമിക്കുന്നു. അവര്‍ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കില്‍ ചൂടുള്ള വെണ്ണീര്‍ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കല്‍ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. . (മുസ്ലിം)
 
5) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം:: നീ നിന്റെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക. എന്ന ഖുര്‍ആന്‍ ആയത്ത് അവതരിച്ചപ്പോള്‍ റസൂല്‍(സ) ഖുറൈശികളെ വിളിച്ചുവരുത്തി. അവരെല്ലാം ഒരിടത്ത് സമ്മേളിച്ചപ്പോള്‍ അവരെ പൊതുവിലും ചിലരെ പ്രത്യേകിച്ചും അഭിസംബോധന ചെയ്തു. ബനൂ അബ്ദുശംസേ, ബനൂ കഅ്ബേ! നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷിക്കുക. ബനൂ അബ്ദിമനാഫേ! നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷിക്കുക. ബനൂഹാശിമേ! നിങ്ങള്‍ നരകാഗ്നിയില്‍ നിന്ന് സ്വയം രക്ഷിക്കുക. ബനൂഅബ്ദില്‍ മുത്തലിബേ! നരകത്തെതൊട്ട് നിങ്ങള്‍ തന്നെ കാക്കുക. ഫാത്തിമ! നിന്നെ നരകത്തെതൊട്ട് നീ കാത്തുകൊള്ളുക. അല്ലാഹുവില്‍ നിന്നുള്ള യാതൊന്നും നിങ്ങള്‍ക്കു വേണ്ടി തടയാന്‍ എനിക്ക് കഴിവില്ല. പക്ഷേ നിങ്ങളുമായി എനിക്ക് കുടുംബന്ധമുണ്ട്. അതു ഞാന്‍ നിലനിര്‍ത്തും. (മുസ്ലിം)
 
1) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. ഒരൊറ്റ സന്താനവും പിതാവിനോടുള്ള കടമ നിര്‍വ്വഹിച്ചവനാവുകയില്ല. മറ്റൊരാളുടെ അധീനതയില്‍ അദ്ദേഹത്തെ (പിതാവിനെ) കാണാനിടയായല്‍ വിലക്കുവാങ്ങി മോചിപ്പിച്ചാലല്ലാതെ. (മുസ്ലിം)
 
2) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്റെ മൂക്ക് നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവന്‍ നീചനും നിന്ദ്യനുമാവട്ടെ)
 
4) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒരിക്കല്‍ പ്രസ്താവിച്ചു. നിശ്ചയം (ഒരു തൂക്കത്തിന്റെ പേരായ) ഖീറാത്വ് പ്രചാരത്തിലുള്ള ഒരു നാട് നിങ്ങള്‍ പിടിച്ചടക്കും. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്, നിങ്ങള്‍ ഈജിപ്ത് ജയിച്ചടക്കും. (ഒരു തൂക്കത്തിന്റെ പേരായ) ഖ്വീറാത്ത് പ്രചാരമുള്ള ഒരു സ്ഥലമാണത്. ആ സന്ദര്‍ഭത്തില്‍ ആ നാട്ടുകാരോട് നിങ്ങള്‍ നന്മ ഉപേദശിക്കണം, കാരണം നമുക്കവരോട് ഉത്തരവാദിത്തവും രക്ത ബന്ധവുമുണ്ട്. വേറൊരു റിപ്പോര്‍ട്ടിലുള്ളത്. നിങ്ങളാ നാട് കീഴടക്കിയാല്‍ നിങ്ങളവര്‍ക്ക് നന്മ ചെയ്യണം. കാരണം, നമുക്കവരോട് ചില ബാദ്ധ്യതകളും, കുടുംബ ബന്ധവുമുണ്ട്. അല്ലെങ്കില്‍ സംരക്ഷണ ബാദ്ധ്യതയും വൈവാഹികബന്ധവുമുണ്ട്. (മുസ്ലിം)
 
9) ഇബ്നുഉമര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുളി: തന്റെ പിതാവിന്റെ സ്നേഹിതന്മാരോട് നല്ല നിലയില്‍ വര്‍ത്തിക്കലാണ് (പിതാവിന്റെ മരണശേഷം അദ്ദേഹത്തോട് ചെയ്യുന്ന) നന്മയില്‍ ഏറ്റവും വലുത്. (മുസ്ലിം)
 
10) ഇബ്നുഉമര്‍(റ) വില്‍ നിന്ന് ഇബ്നു ദീനാര്‍(റ) നിവേദനം ചെയ്യുന്നു. ഇബ്നു ഉമര്‍(റ) മക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒട്ടകപ്പുറത്തുള്ള യാത്ര മടുത്താല്‍ വിശ്രമിക്കാന്‍ വേണ്ടി ഒരു കഴുതയെക്കൂടി കൊണ്ടുപോയിരുന്നു. തലയില്‍ ചുറ്റാന്‍ ഒരു തലപ്പാവും. ഒരവസരത്തില്‍ കഴുതപ്പുറത്ത് വിശ്രമിച്ചുകൊണ്ടിരിക്കെ ഒരുഗ്രാമീണ അറബി അതിലൂടെ നടന്നുപോയി. അദ്ദേഹത്തോട് നീ ഇന്ന ആളുടെ മകനല്ലെ? എന്ന് ചോദിച്ചു. അതെ എന്നയാള്‍ മറുപടി പറഞ്ഞപ്പോള്‍ ആ കഴുതയെ അയാള്‍ക്ക് കൊടുത്തുകൊണ്ട് ഇതില്‍ നീ സവാരിചെയ്യുക എന്നദ്ദേഹം പറഞ്ഞു. അതിനുപുറമെ തന്റെ തലപ്പാവ് സമ്മാനിച്ചുകൊണ്ട് ഇത് താങ്കളുടെ തലയില്‍ ചുറ്റിക്കൊള്ളുക എന്നുപറഞ്ഞു. ഇബ്നു ഉമറിനോട് ചില കൂട്ടുകാര്‍ പറഞ്ഞു. നിനക്ക് അല്ലാഹു പൊറുത്ത് തരട്ടെ. വിശ്രമിക്കാനുള്ള കഴുതയും തലയില്‍ അണിയാനുള്ള തലപ്പാവും ഈ ഗ്രാമീണന് നിങ്ങള്‍ കൊടുത്തുവല്ലോ! ഇബ്നുഉമര്‍(റ) പറഞ്ഞു. റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് - ഒരു വ്യക്തി തന്റെ പിതാവിന്റെ സ്നേഹിതന്മാരെ ചേര്‍ക്കലാണ് മരണശേഷം പിതാവിനോട് ചെയ്യുന്ന ഗുണത്തില്‍ ഏറ്റവും പുണ്യമായത്. അയാള്‍ എന്റെ പിതാവ് ഉമര്‍(റ) വിന്റെ സ്നേഹിതനായിരുന്നു. (മുസ്ലിം)
 
11) മാലിക്കുബ്ന്‍ റബീഅത്തി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകസന്നിധിയില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ബനൂസലമത്തില്‍ പെട്ട ഒരാള്‍ വന്ന് പറഞ്ഞു. പ്രവാചകരെ! മാതാപിതാക്കള്‍ മരണപ്പെട്ടതിന് ശേഷം അവര്‍ക്ക് ചെയ്യേണ്ട വല്ല നന്മയും എന്റെ മേല്‍ അവശേഷിക്കുന്നുണ്ടോ? അതെ എന്ന് തിരുദൂതര്‍ മറുപടി നല്‍കി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരുടെ പാപമോചനത്തിനു വേണ്ടി ദുആ ഇരക്കുകയും, അവരുടെ വാഗ്ദത്തങ്ങള്‍ നിറവേറ്റുകയും അവര്‍ രണ്ടു പേരുടെയും കുടുംബങ്ങളെ സംഘടിപ്പിക്കുകയും അവരുടെ സ്നേഹിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണത്. (അബൂദാവൂദ്)
 
8) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം:: ഒരാള്‍ എന്നോട് പറഞ്ഞു. എനിക്കൊരു ഭാര്യയുണ്ട്. അവളെ ത്വലാഖ് ചൊല്ലാന്‍ മാതാവ് ആജ്ഞാപിക്കുന്നു. ഞാന്‍ പറഞ്ഞു. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്വര്‍ഗ്ഗകവാടങ്ങളില്‍ കേന്ദ്രസ്ഥാനം മാതാപിതാക്കളാകുന്നു. അവരെ കയ്യൊഴിക്കുകയോ കരസ്ഥമാക്കുകയോ ചെയ്തുകൊള്ളൂ. (തിര്‍മിദി)