അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥന, ഹദീസുകള്‍

34) അബൂഖതാദ(റ) പറയുന്നു: നബി(സ)യുടെ അടുത്തുകൂടി ഒരു മയ്യിത്തുകൊണ്ടുപോയി. അവിടുന്നു അരുളി: വിശ്രമിക്കുന്നവന്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ശ്രമം ലഭിക്കുന്നവന്‍. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! എന്താണ് ഇതിന്റെ വിവക്ഷ? നബി(സ) പ്രത്യുത്തരം നല്‍കി. സത്യവിശ്വാസിയായ ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്‍ ദുന്‍യാവിന്റെ ക്ളേശങ്ങളില്‍ നിന്ന് മോചിതനായി. അതിലെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അവന്‍ നീക്കപ്പെട്ടു. ദുര്‍മാര്‍ഗ്ഗി മരിച്ചാല്‍ അവനില്‍ നിന്ന് മനുഷ്യര്‍ക്കും രാജ്യത്തിനും മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും വിശ്രമം ലഭിക്കും. (ബുഖാരി. 8. 76. 519)
 
60) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) അരുളി: കരഞ്ഞും കൊണ്ട് അല്ലാതെ ശിക്ഷ ഇറക്കപ്പെട്ട സ്ഥലത്ത് നിങ്ങള്‍ പ്രവേശിക്കരുത്. നിങ്ങള്‍ കരയുന്നില്ലെങ്കില്‍ അവിടെ പ്രവേശിക്കരുത്. അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്കും അവര്‍ക്ക് ബാധിച്ചതുപോലെ ബാധിക്കാതിരിക്കുവാന്‍. (ബുഖാരി. 1. 8. 425)
 
7) അബൂഹുറൈറ(റ) നിവേദനം: നിന്റെ അടുത്ത കുടുംബത്തെ നീ താക്കീത് ചെയ്യുക എന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോള്‍ നബി(സ) ഇപ്രകാരം അരുളി: ഖുറൈശീ ഗോത്രമേ! നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകാഗ്നിയില്‍ നിന്ന് മോചിപ്പിക്കുവീന്‍. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അശേഷവും നിങ്ങളെ രക്ഷിക്കുവാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുമനാഫ് സന്താനങ്ങളേ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അല്‍പം പോലും നിങ്ങളെ രക്ഷിക്കാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രന്‍ അബ്ബാസേ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് ഒന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. പ്രവാചകന്റെ അമ്മായി സഫിയ്യാ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. മുഹമ്മദിന്റെ പുത്രി ഫാത്തിമാ! എന്റെ ധനത്തില്‍ നിന്ന് നീ ഉദ്ദേശിക്കുന്നതു ചോദിച്ചു കൊള്ളുക. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ നിന്നില്‍ നിന്ന് തടുക്കുവാന്‍ സാധ്യമല്ല. (ബുഖാരി. 4. 51. 16)
 
12) അബൂബുര്‍ദ(റ) നിവേദനം: നബി(സ) അരുളി: മര്യാദ പഠിപ്പിക്കുവാന്‍ പത്തിലധികം അടിക്കുവാന്‍ പാടില്ല. അല്ലാഹുവിന്റെ ശിക്ഷാനടപടികളില്‍ അല്ലാതെ. (ബുഖാരി. 8. 82. 831)
 
32) ഉബാദത്ത്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടും. അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെടുന്നില്ലെങ്കിലോ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടുകയില്ല. അന്നേരം ആയിശ ( റ) അല്ലെങ്കില്‍ തിരുമേനിയുടെ മറ്റൊരു പത്നി പറഞ്ഞു. ഞങ്ങള്‍ മരണം ഇഷ്ടപ്പെടുന്നില്ല. നബി(സ) അരുളി: ഞാന്‍ പറഞ്ഞതിന്റെ സാരം അതല്ല. സത്യവിശ്വാസിക്ക് മരണം ആസന്നമായാല്‍ അല്ലാഹുവിനുള്ള ബഹുമാനത്തെയും സംതൃപ്തിയെയും കുറിച്ചുള്ള സന്തോഷവാര്‍ത്ത അവനെ അറിയിക്കും. അപ്പോള്‍ തന്റെ മുമ്പിലുള്ളതിനേക്കാള്‍ (മരണത്തേക്കാള്‍) പ്രിയങ്കരമായി അവന്റെ പക്കല്‍ ഒന്നുമുണ്ടായിരിക്കുകയില്ല. അപ്പോള്‍ അല്ലാഹുവിനെ കാണാന്‍ അവനിഷ്ടപ്പെടും. അവനെ കാണാന്‍ അല്ലാഹുവും. സത്യനിഷേധിക്കു മരണം ആസന്നമായാല്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയാണ് അവനെ അറിയിക്കുക. അന്നേരം തന്റെ മുമ്പിലുള്ള മരണത്തേക്കാള്‍ വെറുക്കപ്പെട്ട ഒരുകാര്യവും അവന്റെ പക്കലുണ്ടായിരിക്കുകയില്ല. അല്ലാഹുവിനെ കാണുന്നതില്‍ അവന്ന് വെറുപ്പ് തോന്നും. അവനെ കാണുന്നതില്‍ അല്ലാഹുവിനും വെറുപ്പ് തോന്നും. (ബുഖാരി. 8. 76. 514)
 
16) സൈദ്ബനു ഖാലിദ്(റ) നിവേദനം: ഹുദൈബിയ്യ: യില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നമസ്കാരം നബി(സ) ഞങ്ങളേയുമായി നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് നബി(സ) വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്. നബി(സ) പറഞ്ഞു. ഇന്ന് എന്റെ അടിയന്മാരില്‍ ഒരു വിഭാഗം എന്നില്‍ വിശ്വസിച്ചുകൊണ്ടും മറ്റൊരു വിഭാഗം എന്നെ നിഷേധിച്ചും കൊണ്ടും പ്രഭാതത്തില്‍ പ്രവേശിക്കും. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചു. ഞാറ്റുവേലയെ നിഷേധിച്ചു. എന്നാല്‍ ഞാറ്റുവേല കൊണ്ട് ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്നു പറയുന്നവര്‍ എന്നെ നിഷേധിക്കുകയും ഞാറ്റുവേലയില്‍ വിശ്വസിക്കുകയും ചെയ്തു. (ബുഖാരി. 2. 17. 148)
 
137) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവുമായുള്ള കൂടിക്കാഴ്ച വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനുമായുള്ള കൂടിക്കാഴ്ച അല്ലാഹു ഇഷ്ടപ്പെടും. മറിച്ച് അല്ലാഹുവിന്റെ ലിഖാഇനെ വല്ലവനും വെറുത്താല്‍ അല്ലാഹു അവന്റെ ലിഖാഇനെയും വെറുക്കും. ഞാന്‍ ചോദിച്ചു: പ്രവാചകരേ! മരണത്തെ വെറുക്കലാണോ? (അതുകൊണ്ടുദ്ദേശം) എന്നാല്‍ ഞങ്ങളെല്ലാവരും മരണത്തെ വെറുക്കുന്നവരാണല്ലോ. അവിടുന്ന് പറഞ്ഞു: അപ്രകാരമല്ല മുഅ്മിനിന് അല്ലാഹുവിന്റെ റഹ്മത്തുകൊണ്ടും പ്രീതികൊണ്ടും സ്വര്‍ഗ്ഗംകൊണ്ടും സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ ലിഖാഇനെ അവനിഷ്ടപ്പെടും. അനന്തരം അല്ലാഹു അവന്റെ ലിഖാഇനെയും ഇഷ്ടപ്പെടും. സത്യനിഷേധിക്ക് അല്ലാഹുവിന്റെ ശിക്ഷകൊണ്ടും കോപംകൊണ്ടും അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ ലിഖാഇനെ അവന്‍ വെറുക്കും. അന്നേരം അവന്റെ ലിഖാഇനെ അല്ലാഹുവും വെറുക്കും. (മുസ്ലിം)
 
134) അബ്ദുല്ലാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) തന്റെ വലത്തെ കവിളിന്റെ വെള്ളനിറം കാണുന്നതുവരെ വലഭാഗം (തിരിഞ്ഞു) തസ്ലിം പറഞ്ഞിരുന്നു നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ. അവിടുന്നു തന്റെ ഇടത്തെ കവിളിന്റെ വെള്ളനിറം കാണുന്നതുവരെ ഇടഭാഗം (തിരിഞ്ഞു) തസ്ലിം പറഞ്ഞിരുന്നു. നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ. (അബൂദാവൂദ്)
 
16) അനസി(റ)ല്‍ നിന്ന്: നബി(സ) പ്രസ്താവിച്ചു: വല്ലവരും തന്റെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ അല്ലാഹുവേ! നിന്റെ നാമത്തില്‍ ഞാന്‍ പുറപ്പെടുന്നു. എല്ലാം ഞാന്‍ അല്ലാഹുവില്‍ ഭരമേല്പിച്ചിരിക്കുന്നു. അല്ലാഹുവിന്റെ സഹായം കൊണ്ടേ പാപകര്‍മ്മത്തില്‍ നിന്ന് പിന്‍മാറുവാനും ഇബാദത്ത് നിര്‍വ്വഹിക്കുവാനും സാധ്യമാവൂ. - ഇപ്രകാരം പറഞ്ഞാല്‍ (മലക്കുകള്‍ വഴി ) പറയപ്പെടും. നീ സന്മാര്‍ഗ്ഗം പ്രാപിച്ചിരിക്കുന്നു. നീ (സ്വയം) പര്യാപ്തനായിത്തീര്‍ന്നു. നീ രക്ഷപ്പെട്ടു എന്തു കൊണ്ടെന്നാല്‍ പിശാച് അവനില്‍ നിന്ന് അകന്നുപോയിരിക്കുന്നു. (അബൂദാവൂദ്, തിര്‍മിദി)
 
99) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍പെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാല്‍ നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷതേടുകയും വേണം. (അബൂദാവൂദ്)