27) അനസ്(റ) നിവേദനം: ഖബറിന്റെ അടുത്തിരുന്നുകൊണ്ട് കരയുന്ന ഒരൂ സ്ത്രീയുടെ സമീപത്തുകൂടി നബി(സ) ഒരിക്കല്‍ നടന്നുപോയി. നബി(സ) പറഞ്ഞു. നീ അല്ലാഹുവിനെ സൂക്ഷിക്കുക. ക്ഷമിക്കുക. അവള് പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പാടുനോക്കിപ്പോവുക. എനിക്ക് സംഭവിച്ച ആപത്ത് നിനക്ക് സംഭവിച്ചിട്ടില്ല. അവള് നബി(സ)യെ മനസ്സിലാക്കാത്തത് കൊണ്ടായിരുന്നു ഈ ശൈലിയില്‍ പറഞ്ഞത്. പിന്നീട് അത് നബി(സ) യായിരുന്നെന്ന് ചിലര്‍ അവളെ ഉണര്‍ത്തിയപ്പോള്‍ അവള് നബി(സ)യുടെ അടുത്ത് ചെന്നു. അവളവിടെ കാവല്‍ക്കാരായൊന്നും കണ്ടില്ല. എന്നിട്ട് അവള് പറഞ്ഞു: എനിക്ക് അങ്ങയെ മനസ്സിലായിരുന്നില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: ഒന്നാമത്തെ പ്രാവശ്യം ആപത്തു ബാധിക്കുമ്പോഴുള്ള ക്ഷമക്കാണ് പ്രാധാന്യം. (ബുഖാരി. 2. 23. 372) |
|
28) ഉസാമ(റ) നിവേദനം: തന്റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍(സൈനബ) നബി(സ)യുടെ അടുക്കലേക്ക് ആളയച്ചു. നബി(സ) യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന് തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള് ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍ നബി(സ) വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട അവള് വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ) പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന് കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബി(സ)യുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര് ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ്(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഇതെന്താണ്(അങ്ങ് കരയുകയോ!) ഇത് അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക എന്ന് നബി(സ) പ്രത്യുത്തരം നല്കി. (ബുഖാരി. 2. 23. 373) |
|
48) അബൂസഈദ്(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ചിലര്‍ നബി(സ)യോട് യാചിച്ചു. നബി(സ) അവര്‍ക്ക് ധര്‍മ്മം നല്കി. വീണ്ടും അവര്‍ യാചിച്ചു. അപ്പോഴും നബി(സ) അവര്‍ക്ക് കൊടുത്തു. വീണ്ടും അവര്‍ യാചിച്ചു. നബി(സ) വീണ്ടും അവര്‍ക്ക് ധര്‍മ്മം ചെയ്തു. അവസാനം നബി(സ)യുടെ അടുക്കലുണ്ടായിരുന്ന ധനം മുഴുവനും തീര്‍ന്നു. ശേഷം അവിടുന്ന് അരുളി: എന്റെയടുക്കല്‍ വല്ല ധനവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞാനത് സൂക്ഷിച്ചുവെക്കുകയില്ല. വല്ലവനും മറ്റുള്ളവരോട് യാചിക്കാതെ അഭിമാനം പുലര്‍ത്തിക്കൊണ്ട് ജീവിച്ചാല്‍ അല്ലാഹു അവനെ പരിശുദ്ധനാക്കും. പരാശ്രയ രഹിതനായി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കൂം. വല്ലവനും തന്റെ കഷ്ടപ്പാടുകള്‍ മനസ്സില്‍ ഒതുക്കി നിര്‍ത്തിയാല്‍ അല്ലാഹു അവന് ആത്മനിയന്ത്രണശക്തി നല്‍കും. ക്ഷമയേക്കാള്‍ വിശാലവും ഉല്‍കൃഷ്ടവുമായ ഒരു ദാനം അല്ലാഹുവില്‍ നിന്ന് ആര്‍ക്കും ലഭിക്കാനില്ല. (ബുഖാരി. 2. 24. 548) |
|
7) അത്വാഅ്(റ) നിവേദനം: എന്നോട് ഒരിക്കല്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: സ്വര്‍ഗ്ഗാവകാശിയായ ഒരു സ്ത്രീയെ ഞാന്‍ നിനക്ക് കാണിച്ചുതരട്ടെയോ? അതെയെന്ന് ഞാനുത്തരം നല്കി. അപ്പോള്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. നബി(സ)യുടെ അടുക്കല്‍ വന്നിട്ട് അവള് പറഞ്ഞു. ഞാന്‍ ചിലപ്പോള്‍ അപസ്മാരമിളകി നിലത്തു വീഴും. എന്റെ വസ്ത്രം നീങ്ങി ശരീരം വെളിപ്പെടും. അവിടുന്ന് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാലും. നബി(സ) അരുളി: നീ ക്ഷമ കൈക്കൊളളുന്ന പക്ഷം സ്വര്‍ഗ്ഗം കരസ്ഥമാക്കാം. നിനക്ക് വേണമെങ്കില്‍ നിന്റെ രോഗശാന്തിക്കായി ഞാനല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അവള് പറഞ്ഞു: ഞാന്‍ ക്ഷമ കൈകൊളളാം. പക്ഷെ, അബോധാവസ്ഥയില്‍ എന്റെ നഗ്നത വെളിപ്പെട്ടുപോകുന്നു. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ നബി(സ) അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. (ബുഖാരി. 7. 70. 555) |
|
8) അനസ്(റ) നിവേദനം: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു പറയും ഞാന്‍ എന്റെ ദാസനെ അവന്ന് ഏറ്റവും പ്രിയപ്പെട്ട രണ്ട് കാമുകിമാരെ നശിപ്പിച്ചു പരീക്ഷിച്ചു. അപ്പോള്‍ അവന് ക്ഷമ കൈക്കൊണ്ടു. എങ്കില്‍ അവരണ്ടിനും പകരമായി അവന്നു നാം സ്വര്‍ഗ്ഗം നല്‍കും. പ്രിയപ്പെട്ട രണ്ട് കാമുകിമാര്‍ എന്നതുകൊണ്ട് അല്ലാഹുവിവക്ഷിക്കുന്നത് അവന്റെ രണ്ടു കണ്ണുകളാണ്. (ബുഖാരി. 7. 70. 557) |
|
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു. എന്റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതല്‍ ഇഹലോകത്ത് പ്രിയപ്പെട്ടൊരു സാധനം ഞാന്‍ പിടിച്ചെടുത്തു. എന്റെ പക്കല്‍ നിന്നുള്ള പുണ്യമോര്ത്ത് അവന് ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി. 8. 76. 432) |
|