ഭിന്നിപ്പിന്റെ പരിഹാരം , ഹദീസുകള്‍

36) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി രോഗശയ്യയിലായിരിക്കുമ്പോള്‍ വേദന കഠിനമായി അപ്പോള്‍ അവിടുന്നു പറഞ്ഞു. എഴുതാനുള്ള ഉപകരണങ്ങള്‍ എനിക്ക് നിങ്ങള്‍ കൊണ്ട്വരിക. ഞാന്‍ നിങ്ങള്‍ക്ക് ചിലത് എഴുതിത്തരാം. അതിന് ശേഷം നിങ്ങള്‍ വഴി പിഴച്ചുപോവുകയില്ല. ഹസ്രത്ത് ഉമര്‍ പറഞ്ഞു. തിരുമേനി(സ) വേദനമൂലം അവശനായിരിക്കുകയാണ്. നമ്മുടെ അടുക്കല്‍ അല്ലാഹുവിന്റെ കിതാബ് ഉണ്ട്. നമുക്കതുമതി. അന്നേരം അനുചരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉല്‍ഭവിച്ചു. ബഹളം അധികമാവുകയും ചെയ്തു. നബി(സ) പറഞ്ഞു: നിങ്ങള്‍ എന്റെ അടുക്കല്‍ നിന്ന് എഴുന്നേറ്റ് പോകുവീന്‍, എന്റെ അടുക്കല്‍ വെച്ച് ഇങ്ങനെ ഭിന്നിക്കാന്‍ പാടില്ല. ഉടനെ ഇബ്നുഅബ്ബാസ് പുറത്തുവന്ന് ഇപ്രകാരം പറഞ്ഞു. നിശ്ചയം നാശം അതെ! സര്‍വ്വവിധ നാശങ്ങളും നബി(സ) എഴുതിത്തരുന്നതിന് പ്രതിബന്ധമുണ്ടാക്കിയതാണ്. (ബുഖാരി. 1. 3. 114)
 
1) അബ്ദുല്ല(റ) നിവേദനം: ഒരു മനുഷ്യന്‍ ഖുര്‍ആനിലെ ഒരു വാക്യം ഓതുന്നതു ഞാന്‍ കേട്ടു. നബി(സ) ഓതിയ രൂപത്തിന്ന് വ്യത്യസ്ഥമായിക്കൊണ്ട്. ഞാന്‍ അയാളുടെ കൈപിടിച്ചുകൊണ്ട് നബി(സ)യുടെ അടുക്കല്‍ ചെന്നു. നബി(സ) അരുളി: നിങ്ങള്‍ രണ്ടുപേരും ഓതിയത് ശരിയാണ്. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത് ഭിന്നിപ്പ് കാരണമാണ്. (ബുഖാരി. 3. 41. 593)
 
118) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യം ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്ക് ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന്‍ വെറുക്കുകയും ചെയ്തിരിക്കുന്നു . (മുസ്ലിം))