അധികാരം വിശ്വാസത്തില്‍ കൂടി, ഹദീസുകള്‍

1) അബ്ദുറഹ്മാന്‍ ബിന്‍ സമുറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ അബ്ദുറഹ്മാന്‍! നീ അധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കതു ലഭിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിനക്കായിരിക്കും. ആവശ്യപ്പെടാതെ നിനക്കാസ്ഥാനം ലഭിച്ചാല്‍ അധികാരസ്ഥാനത്തു നിനക്ക് സഹായസഹകരണങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കും. ഇപ്രകാരം നീ ഒരു സത്യം ചെയ്തു. ആ പ്രതിജ്ഞ ലംഘിക്കുന്നതാണ് കൂടുതല്‍ പ്രയോജനമെന്ന് നിനക്ക് തോന്നി. എങ്കില്‍ പ്രായശ്ചിത്തം നല്‍കി നിന്റെ പ്രതിജ്ഞ ലംഘിക്കുകയും കൂടുതല്‍ ഉത്തമമായ നടപടി സ്വീകരിക്കുകയും ചെയ്തുകൊള്ളുക. (ബുഖാരി. 8. 78. 619)
 
62) അബൂഹുറൈറ(റ) നിവേദനം: നിങ്ങളുടെ ഭരണമേധാവികള്‍ നിങ്ങള്‍ക്ക് ഇമാമായ്കൊണ്ട് നമസ്കരിക്കും. അങ്ങിനെ നമസ്കരിക്കുമ്പോള്‍ നേരാംവണ്ണമാണ് അവര്‍ പ്രവര്‍ത്തിച്ചതെങ്കില്‍ അതുകൊണ്ടുള്ള നേട്ടം അവര്‍ക്കും നിങ്ങള്‍ക്കും ലഭിക്കും. അവര്‍ ചെയ്ത തെറ്റിന്റെ ദോഷഫലം അവരെ ബാധിക്കുകയും ചെയ്യും. എന്നു തിരുമേനി(സ) അരുളി. (ബുഖാരി. 1. 11. 663)
 
15) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ലീമായ മനുഷ്യന്‍ അവന്ന് ഇഷ്ടകരവും അനിഷ്ടകരവുമായ സംഗതികളില്‍ ഭരണാധികാരിയെ അനുസരിക്കണം. തെറ്റ് കല്‍പ്പിക്കപ്പെടുന്നത് വരെ. തെറ്റ് ഭരണാധികാരി കല്‍പ്പിച്ചാല്‍ കേള്‍വിയും അനുസരണവുമില്ല. (ബുഖാരി. 9. 89. 258)
 
93) ഉമര്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഉമറിന്റെ പുത്രനായ അബ്ദുല്ലാ! നീ സത്യവിശ്വാസികളുടെ മാതാവായ ആയിശ(റ) യുടെ അടുത്തു ചെന്ന് ഇപ്രകാരം പറയുക: ഉമര്‍ നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു. ശേഷം നീ നബി(സ)യുടെയും അബൂബക്കറിന്റെയും കൂടെ എന്നെ ഖബറടക്കം ചെയ്യുവാന്‍ അവരോട് അനുവാദം ചോദിക്കുക. അപ്പോള്‍ ആയിശ(റ) പറഞ്ഞു: ആ സ്ഥലം എനിക്ക് ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും എന്റെ ശരീരത്തിന്റെ മേല്‍ ഞാന്‍ ഇന്ന് അദ്ദേഹത്തിന്ന് മുന്‍ഗണന നല്‍കുന്നതാണ്. ഇബ്നു ഉമര്‍(റ) തിരിച്ചുവന്നപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തോട് നിനക്ക് എന്ത് മറുപടി ലഭിച്ചുവെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് ആയിശ(റ) അനുമതി നല്‍കിയിരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ആ കിടപ്പ് സ്ഥലത്തേക്കാള്‍ എനിക്ക് പ്രധാനപ്പെട്ട മറ്റൊന്നും ഇല്ല തന്നെ. ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ വഹിക്കുവീന്‍. പിന്നെ ആയിശ(റ) ക്ക് നിങ്ങള്‍ സലാം പറയുകയും എന്നെ നബി(സ)യുടെ അടുത്ത് ഖബറടക്കം ചെയ്യുവാന്‍ ഒന്നു കൂടി നിങ്ങള്‍ അനുമതി ചോദിക്കുകയും ചെയ്യുവീന്‍. അവര്‍ അനുവാദം നല്‍കിയാല്‍ എന്ന ഖബറടക്കം ചെയ്യുവീന്‍. അല്ലാത്ത പക്ഷം മുസ്ളീമുകളുടെ ശ്മശാനത്തേക്ക് എന്നെ കൊണ്ടു പോകുവീന്‍. ഈ ഭരണത്തിന് ഈ സംഘത്തെയല്ലാതെ മറ്റൊരു സംഘത്തെ ഞാന്‍ ദര്‍ശിക്കുന്നില്ല. നബി(സ) മരണപ്പെട്ടപ്പോള്‍ അവരെ സംബന്ധിച്ച് സംതൃപ്തനായിരുന്നു. എനിക്ക് ശേഷം അവര്‍ ഖലീഫ: യാക്കുന്നവരെ നിങ്ങള്‍ അനുസരിക്കുകയും കേള്‍ക്കുകയും ചെയ്യുവീന്‍. അങ്ങനെ ഉമര്‍(റ) അവരുടെ പേര് ഇപ്രകാരംപറഞ്ഞു: ഉസ്മാന്‍, അലി, തല്‍ഹ:സുബൈര്‍, അബ്ദുറഹ്മാനുബ്നുഔഫ്, നൂസഅ്ദ്ബ്നുഅബീവഖാസ്. ഒരു യുവാവ് അവിടെ പ്രവേശിച്ചു. അദ്ദേഹം ഒരു അന്‍സാരിയാണ്. അദ്ദേഹം പറഞ്ഞു: മുസ്ളിംകളുടെ ഭരണാധികാരിയാക്കി. താങ്കള്‍ അവരോട് നീതിപുലര്‍ത്തി. പുറമേ സര്‍വ്വോപരി താങ്കള്‍ ഇതാ രക്തസാക്ഷിത്വം വഹിക്കുന്നു. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു:എനിക്ക് ശേഷം വരുന്ന ഖലീഫ:യോട് ആദ്യ മുഹാജിറുകള്‍ക്ക് നന്മ ചെയ്യുവാന്‍ ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ അംഗീകരിച്ച് കൊടുക്കുവാനും അവരുടെ പവിത്രത കാത്തു സൂക്ഷിക്കുവാനും, അന്‍സാരികള്‍ക്കും നന്മ ചെയ്യുവാന്‍ ഞാന്‍ വസ്വിയ്യത്തു ചെയ്യുന്നു. അവരാണ് ആദ്യമായി ഈമാനും ഭവനവും തയ്യാറാക്കിയവര്‍. അവരുടെ നന്മയെ അംഗീകരിക്കുവാനും തിന്മയെ വിട്ടുവീഴ്ച ചെയ്യുവാനും ഞാന്‍ ഉപദേശിക്കുന്നു. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ബാധ്യതയുടെ അടിസ്ഥാനത്തില്‍ അവരോട് ചെയ്യുന്ന കരാറുകള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവാനും ഞാന്‍ അവനെ (ശേഷം വരുന്ന ഭരണാധികാരിയെ) ഉപദേശിക്കുന്നു. അവര്‍ക്ക് വേണ്ടി സമരം ചെയ്യുവാനും അവര്‍ക്ക് വഹിക്കുവാന്‍ സാധിക്കാത്തത് അവരോട് കല്‍പിക്കാതിരിക്കുവാനും. (ബുഖാരി. 2. 23. 475)
 
6) ഇബ്നു ഉമര്‍(റ) പറയുന്നു: ഖൈബറിന്റെ ഭൂമി ഉല്‍പാദനത്തിന്റെ പകുതി കൂലി നിശ്ചയിച്ച് ജൂതന്‍മാര്‍ക്ക് നബി(സ) നല്‍കി. അബൂബക്കര്‍(റ) ഉമര്‍(റ)ന്റെ ഭരണത്തിലെ ആദ്യഘട്ടം വരെ ഇതു തുടര്‍ന്നു. നബി(സ) മരണപ്പെട്ട ശേഷം അബൂബക്കറോ ഉമറോ വേതനം പുതുക്കി നിശ്ചയിച്ചതു ഉദ്ധരിക്കപ്പെടുന്നില്ല. (ബുഖാരി. 3. 36. 485)
 
3) സാഇബ്(റ) നിവേദനം: നബി(സ)യുടെയും അബൂബക്കര്‍(റ)ന്റെയും ഉമര്‍(റ)ന്റെയും ഭരണകാലത്ത് ആരംഭത്തിലും മദ്യപാനികളെ ഞങ്ങള്‍ കൈകള്‍ കൊണ്ടും ചെരിപ്പുകള്‍കൊണ്ടും വസ്ത്രംകൊണ്ടും അടിക്കുകയാണ് ചെയ്തിരുന്നത്. ഉമര്‍(റ) ഭരണത്തിന്റെ അവസാനഘട്ടം നാല്‍പതു അടി നടപ്പിലാക്കി. പക്ഷെ, മദ്യപാനികള്‍ വര്‍ദ്ധിക്കുകയും അവര്‍ ദുര്‍മാര്‍ഗ്ഗം ചെയ്യുവാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഉമര്‍(റ) ശിക്ഷ 80 അടിയായി വര്‍ധിപ്പിച്ചു. (ബുഖാരി. 8. 81. 770)
 
17) മഅ്ഖല്‍ (റ) പറയുന്നു: നബി(സ) അരുളി: ഒരു മനുഷ്യനെ ഒരു വിഭാഗത്തിന്റെ ഭരണാധികാരിയായി അല്ലാഹു നിശ്ചയിച്ചു. എന്നിട്ട് ഗുണകാംക്ഷയോട് കൂടി അവരെ അവന്‍ പരിപാലിച്ചില്ല. എങ്കില്‍ അത്തരത്തിലുള്ള ഒരൊറ്റ മനുഷ്യനും സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം ആസ്വദിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 9. 89. 264)
 
6) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. മൂന്നാളുകളാണ് സ്വര്‍ഗ്ഗവാസികള്‍. 1. നീതിമാനായ ഭരണകര്‍ത്താവ്. 2. കുടുംബത്തോടും പൊതുവെ മുസ്ളീംകളോടും ദയാദാക്ഷിണ്യമുള്ളവര്‍ 3. അന്തസ്സ് പാലിക്കുന്ന പ്രാരബ്ധക്കാരനായ മാന്യന്‍. (മുസ്ലിം)
 
31) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: എല്ലാ വഞ്ചകര്‍ക്കും അന്ത്യ നാളില്‍ തങ്ങളുടെ മലദ്വാരത്തിങ്കല്‍ ഓരോ പതാക നാട്ടപ്പെടും. വഞ്ചനയുടെ സ്ഥിതിയനുസരിച്ചായിരിക്കും ആ പതാക ഉയര്‍ത്തപ്പെടുന്നത്. അറിയണം, ഒരു ഭരണ മേധാവിയുടെ വഞ്ചനയേക്കാള്‍ കടുത്തവഞ്ചനയില്ല. (മുസ്ലിം)
 
2) ആയിശ(റ)യില്‍ നിന്ന് നിവേദനം: എന്റെ ഈ ഭവനത്തില്‍വെച്ച് റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവേ! എന്റെ പ്രജകളുടെ വല്ല പ്രശ്നവും ആരെങ്കിലും ഏറ്റെടുത്തു. എന്നിട്ടവര്‍ അവരെ ശല്യപ്പെടുത്തി. എങ്കില്‍ നീ അവനെയും ശല്യപ്പെടുത്തേണമേ! എന്റെ പ്രജകളുടെ കാര്യങ്ങള്‍ വല്ലവനും ഏറ്റെടുത്തു. എന്നിട്ടവന്‍ അവര്‍ക്ക് നന്മചെയ്തു. എങ്കില്‍ നീ അവനെ അനുഗ്രഹിക്കേണമേ! (മുസ്ലിം)
 
4) അബ്ദുല്ലാ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു. സ്വന്തം കുടുംബത്തിലും തങ്ങളെ ഏല്‍പ്പിക്കപ്പെട്ടതിലും നീതി പുലര്‍ത്തുന്നവര്‍ അല്ലാഹുവിങ്കല്‍ പ്രകാശത്തിലുള്ള സ്റേജുകളിലാണ്. (മുസ്ലിം) (മഹത്തായ പ്രതിഫലമാണ് അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ളത്).
 
25) മുആവിയ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മുസ്ളിംകളുടെ ന്യൂനതകളെ നീ തെരഞ്ഞുപിടിക്കുന്നപക്ഷം അവരെ നീ നശിപ്പിക്കുകയോ നാശത്തിലേക്കടുപ്പിക്കുകയോ ചെയ്യും. (അബൂദാവൂദ്) (കുറ്റം തെരഞ്ഞുപിടിക്കല്‍ ഒരു ഭരണകര്‍ത്താവിന്റേയും ചുമതലയില്‍ പെട്ടതല്ല)
 
3) അബൂമറിയമി(റ) വില്‍ നിന്ന് നിവേദനം: ഞാനൊരിക്കല്‍ മുആവിയ(റ)യോട് പറഞ്ഞു. റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. മുസ്ളിംകളുടെ വല്ല കാര്യവും അല്ലാഹു ഒരാളെ ചുമതലപ്പെടുത്തി, എന്നിട്ടവരുടെ ദാരിദ്യ്രത്തിന്റെയും മറ്റാവശ്യങ്ങളുടെയും മുമ്പിലവന്‍ വിലങ്ങായാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ ആവശ്യത്തിനുമുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നതാണ്. ഇതുകൊണ്ടാണ് മുആവിയ(റ) ജനങ്ങളുടെ ആവശ്യങ്ങളന്വേഷിച്ചറിയുവാന്‍ ഒരാളെ നിശ്ചയിച്ചിരുന്നത്. (അബൂദാവൂദ്, തിര്‍മിദി)