1) അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ വന്ന് നബി(സ) യോട് ചോദിച്ചു. പ്രവാചകരേ! എന്നില്‍ നിന്ന് നല്ല പെരുമാറ്റം ലഭിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടതാരാണ്? നിന്റെ മാതാവ് എന്ന് നബി(സ) അരുളി. പിന്നെ ആരാണ് ? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ പിതാവ് എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 8. 73. 2) |
|
2) ജുബൈര്‍(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 13) |
|
3) അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തില്‍ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിപ്പിച്ചുകിട്ടുവാനും (ദീര്‍ഘായുസ്സ് ലഭിക്കുവാനും)ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ. (ബുഖാരി. 8. 73. 14) |
|
4) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി. 8. 73. 17) |
|
5) അംറ്ബ്നുല്‍ ആസ്വി(റ) നിവേദനം: നബി(സ) രഹസ്യമായിട്ടല്ല പരസ്യമായിട്ടുതന്നെ അരുളുന്നതു ഞാന്‍ കേട്ടു. ഇന്നവന്റെ കുടുംബങ്ങള്‍ എന്റെ മിത്രങ്ങളല്ല. എന്റെ മിത്രങ്ങള്‍ അല്ലാഹുവും സദ്വൃത്തരായ വിശ്വാസികളുമാണ്. എന്നാല്‍ അവരും ഞാനുമായി കുടുംബബന്ധമുണ്ട്. ആ ബന്ധം മുന്‍നിര്‍ത്തി അവര്‍ പെരുമാറും പോലെ ഞാന്‍ പെരുമാറും. (ബുഖാരി. 8. 73. 19) |
|
6) അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി. 8. 73. 20) |
|
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അലിയുടെ പുത്രന്‍ ഹസ്സന്‍(റ)നെ ചുംബിച്ചു. നബി(സ)യുടെ അടുത്തു അഖ്റഅ്(റ) ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് പത്തു സന്താനങ്ങളുണ്ട്. ഞാന്‍ അവരില്‍ ഒരാളേയും ചുംബിച്ചിട്ടില്ല. അപ്പോള്‍ നബി(സ) അദ്ദേഹത്തിലേക്ക് ഒന്നു നോക്കി. ശേഷം പറഞ്ഞു: കരുണചെയ്യാത്തവനോട് അല്ലാഹുവും കരുണചെയ്യുകയില്ല. (ബുഖാരി. 8. 73. 26) |
|
8) ആയിശ(റ) നിവേദനം: ഒരുഗ്രാമീണന്‍ വന്ന് നബി(സ)യോട് പറഞ്ഞു: നിങ്ങള്‍ കുട്ടികളെ ചുംബിക്കാറുണ്ടോ? ഞങ്ങള്‍ ചുംബിക്കാറില്ല. നബി(സ) അരുളി: അല്ലാഹു നിന്റെ മനസ്സില്‍ കാരുണ്യം എടുത്തുകളഞ്ഞെങ്കില്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും? (ബുഖാരി. 8. 73. 27) |
|
9) ഉമര്‍ (റ) നിവേദനം: നബി(സ)യുടെ അടുക്കല്‍ ഒരു സംഘം യുദ്ധത്തടവുകാരെ കൊണ്ടുവന്നു. കൂട്ടത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുവാന്‍ കുട്ടിയില്ലാത്തതിനാല്‍ അവള്‍ തന്റെ മുലപ്പാല്‍ കറന്നെടുത്തുകൊണ്ടിരുന്നു. അപ്പോള്‍ ബന്ധികളുടെ കൂട്ടത്തില്‍ മരിച്ചുപോയിയെന്ന് അവള്‍ വിചാരിച്ചിരുന്ന അവളുടെ കുട്ടിയെ അവള്‍ കണ്ടു. ഉടനെ അവനെ വാരിയെടുത്തു മാറോട് ചേര്‍ത്തി മുലകൊടുക്കുവാന്‍ തുടങ്ങി. നബി(സ) ഞങ്ങളോട് ചോദിച്ചു. ഇവള്‍ തന്റെ കുഞ്ഞിനെ തീയിലെറിയുമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ ? ഞങ്ങള്‍ പറഞ്ഞു: ഒരിക്കലുമില്ല. വല്ല മാര്‍ഗ്ഗവുമുണ്ടായാല്‍ അവള്‍ എറിയുകയില്ല. നബി(സ) പ്രത്യുത്തരം നല്‍കി. എങ്കില്‍ ഇവള്‍ക്ക് തന്റെ ശിശുവിനോടുളളതിനേക്കാള്‍ കൂടുതല്‍ കൃപ അല്ലാഹുവിന് തന്റെ ദാസന്മാരോടുണ്ടെന്ന് നിങ്ങളോര്‍ക്കണം. (ബുഖാരി. 8. 73. 28) |
|
10) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു തന്റെ കാരുണ്യത്തെ നൂറ് ഓഹരിയാക്കി ഭാഗിച്ചു. 99 ഭാഗവും അവന്റെയടുക്കല്‍തന്നെ സൂക്ഷിച്ചു. ഒരു ഭാഗം മാത്രം ഭൂമിയിലേക്കയച്ചു. സൃഷ്ടികള്‍ പരസ്പരം കാണിക്കുന്ന കൃപ ആ ഒരംശത്തില്‍ പെട്ടതാണ്. തന്റെ കുട്ടിക്ക് ആപത്തുപറ്റാതിരിക്കുവാനായി ഒരുകുതിര കുളമ്പ് ഉയര്‍ത്തുന്നതുപോലും ആ കാരുണ്യത്തില്‍പ്പെട്ടതാണ്. (ബുഖാരി. 8. 73. 29) |
|
11) സഹ്ല്(റ) പറയുന്നു: നബി(സ)തന്റെ നടുവിരലും ചൂണ്ടാണിവിരലും ചേര്‍ത്തിക്കൊണ്ട് പറഞ്ഞു. ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ഇതുപോലെയാണ്. (ബുഖാരി. 8. 73. 34) |
|
12) അബൂഹുറൈറ(റ) പറയുന്നു: വിധവയുടെയും ദരിദ്രന്റെയും ജീവിതം സുഖകരമാക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നയോദ്ധാവിന് തുല്യമാണ്. (ബുഖാരി. 8. 73. 36) |
|
13) അബൂഹുറൈറ(റ) പറയുന്നു: നബി(സ) നമസ്കരിക്കുവാന്‍ നിന്നു. ഞങ്ങള്‍ അവിടുത്തെ പുറകിലും. അപ്പോള്‍ നമസ്കരിച്ചുകൊണ്ടിരുന്ന ഒരു ഗ്രാമീണന്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! എനിക്കും മുഹമ്മദിനും നീ കരുണചെയ്യേണമേ! ഞങ്ങളോടൊപ്പം മറ്റാര്‍ക്കും കരുണചെയ്യരുതേ! നമസ്കാരത്തില്‍ നിന്നും വിരമിച്ചപ്പോള്‍ നബി(സ) ഗ്രാമീണനോട് പറഞ്ഞു: വിശാലമായ ഒന്നിനെ ( അല്ലാഹുവിന്റെ കൃപയെ) നീ വളരെ സങ്കുചിതമാക്കിയല്ലോ! (ബുഖാരി. 8. 73. 39) |
|
14) ആയിശ(റ) പറയുന്നു: നബി(സ)അരുളി: ജിബ്രീല്‍ എന്നോട് അയല്‍വാസിക്ക് നന്മചെയ്യുവാന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. അനന്തരസ്വത്തില്‍ അവനെ പങ്കാളിയാക്കുവാന്‍ നിര്‍ദ്ദേശമോ എന്ന് ഞാന്‍ വിചാരിക്കുന്നതുവരെ. (ബുഖാരി. 8. 73. 43) |
|
15) അബൂശുറൈഹ്(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു) ആരാണ് പ്രവാചകരേ! ആ മനുഷ്യനെന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ഉപദ്രവത്തില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാകാത്തവന്‍. (ബുഖാരി. 8. 73. 45) |
|
16) അബൂശുറൈഹ്(റ) പറയുന്നു: നബി(സ) ഇപ്രകാരം പറയുന്നതായി എന്റെ രണ്ടുചെവി കേള്‍ക്കുകയും ഇരു നേത്രങ്ങള്‍ കാണുകയും ചെയ്തു. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവന്‍ തന്റെ അയല്‍വാസിയെ ആദരിക്കട്ടെ. അതിഥിയെ ബഹുമാനിക്കട്ടെ. അവന്റെ സല്‍ക്കാരം നന്നാകട്ടെ. പ്രവാചകരേ! എന്നാണ് അവന്റെ സല്‍ക്കാരം എന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: ഒരുപകലും രാത്രിയും. അതിഥിയുടെ സല്‍ക്കരിക്കല്‍ മൂന്ന് ദിവസമാണ്. അതില്‍ വര്‍ദ്ധിച്ചത് ഒരു ദാനധര്‍മ്മവും. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവന്‍ നല്ലതുപറയട്ടെ. അല്ലെങ്കില്‍ മൌനം ദീക്ഷിക്കട്ടെ. (ബുഖാരി. 8. 73. 48) |
|
17) ജാബിര്‍ (റ) പറയുന്നു: നബി(സ)അരുളി: എല്ലാ നല്ല സംഗതികളും ദാനധര്‍മ്മമാണ്. (ബുഖാരി. 8. 73. 50) |
|
18) അനസ്(റ) പറയുന്നു: നബി(സ) മറ്റുളളവരെ ശകാരിക്കുകയോ വഷളായ വാക്കുകള്‍ പറയുകയോ കോപിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല. ഞങ്ങളില്‍ വല്ലവരേയും ആക്ഷേപിക്കുന്ന സന്ദര്‍ഭത്തില്‍ അവിടുന്നു അരുളും. അവനെന്തുപറ്റി? അവന്റെ നെറ്റിയില്‍ മണ്ണുപുരണ്ടുപോകട്ടെ (മനസ്സില്‍ കൂടുതല്‍ സ്നേഹമുളളവരെ ആക്ഷേപിക്കുമ്പോള്‍ അറബികള്‍ പറയുന്നവാക്കാണിത്). (ബുഖാരി. 8. 73. 58) |
|
19) ആയിശ(റ) പറയുന്നു: ഒരു മനുഷ്യന്‍ നബി(സ)യോട് പ്രവേശനത്തിന് അനുമതി ചോദിച്ചു. നബി(സ) ആ മനുഷ്യനെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: കുടുംബത്തിന്റെ സ്നേഹിതന്‍ എത്ര ചീത്ത! സമൂഹത്തിന്റെ പുത്രന്‍ എത്ര ചീത്ത. അങ്ങിനെ അയാള്‍ വന്ന് ഇരുന്നപ്പോള്‍ നബി(സ) പ്രസന്ന മുഖത്തോട് കൂടി അയാളെ സ്വീകരിച്ചു. അയാള്‍ പിരിഞ്ഞുപോയപ്പോള്‍ ഞാന്‍ പറഞ്ഞു: പ്രവാചകരേ! ആ മനുഷ്യനെ താങ്കള്‍ കണ്ടപ്പോള്‍ ഇപ്രകാരമെല്ലാം പറഞ്ഞുവല്ലോ. ശേഷം താങ്കള്‍ അയാളെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിച്ചു! നബി(സ) അരുളി: ആയിശാ! നീ എന്നെ എപ്പോഴാണ് വഷളനായി കണ്ടത്? തീര്‍ച്ചയായും മനുഷ്യരില്‍ ഏറ്റവും ചീത്തയായവന്‍ പരലോകത്ത് മനുഷ്യര്‍ തിന്മയെ ഭയന്ന് ഉപേക്ഷിക്കപ്പെട്ടവരാണ്. (ബുഖാരി. 8. 73. 59) |
|
20) ജാബിര്‍ (റ) പറയുന്നു: നബി(സ)യോട് ഒരു സാധനം ആവശ്യപ്പെട്ടപ്പോള്‍ ഇല്ല എന്ന് അവിടുന്ന് ഒരിക്കലും അരുളിയിട്ടില്ല. (ബുഖാരി. 8. 73. 60) |
|
21) അനസ്(റ) പറയുന്നു: നബി(സ)ക്ക് പത്തുവര്‍ഷം ഞാന്‍ പരിചരിച്ചിട്ടുണ്ട്. അതിനിടക്ക് ഒരിക്കലും അവിടുന്ന് എന്നോട് ഛേ! എന്നോ നീ എന്തിനതുചെയ്തു? നിനക്ക് ഇപ്രകാരം ചെയ്യാമായിരുന്നില്ലേ? എന്നോ പറഞ്ഞിട്ടില്ല. (ബുഖാരി. 8. 73. 64) |
|
22) അബ്ദുല്ല(റ) നിവേദനം: ഒരു മുസ്ലീമിനെ ചീത്തപറയല്‍ ദുര്‍മാര്‍ഗ്ഗമാണ്. അവനോട് യുദ്ധം ചെയ്യല്‍ അവിശ്വാസവും എന്ന് നബി(സ) അരുളി. (ബുഖാരി. 8. 73. 70) |
|
23) അബൂദര്‍റ്(റ) പറയുന്നു: നബി(സ)അരുളി: ഒരാള്‍ മറ്റൊരാളുടെ പേരില്‍ ദുര്‍മാര്‍ഗ്ഗം ആരോപിച്ചു. അല്ലെങ്കില്‍ അവന്റെ പേരില്‍ കുഫ്റ് ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ ആ ആരോപണം അടിസ്ഥാനരഹിതവുമാണ്. എങ്കില്‍ ആ ആരോപണത്തിനും ഇവന്‍ തന്നെ ഉത്തരവാദിയാകും. അവനിലേക്ക് അതു മടങ്ങും. (ബുഖാരി. 8. 73. 71) |
|
24) ഹമ്മാമ്(റ) പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ ഹൂദൈഫ:(റ)യുടെ അടുത്ത് ഇരിക്കുകയാണ്. അപ്പോള്‍ അദ്ദേഹത്തോട് പറയപ്പെട്ടു. തീര്‍ച്ചയായും ഇന്ന മനുഷ്യന്‍ വര്‍ത്തമാനം ഉസ്മാന്‍(റ)നിലേക്ക് ഉയര്‍ത്താറുണ്ട്. അപ്പോള്‍ ഹുദൈഫ:(റ) പറഞ്ഞു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടു. ഏഷണിക്കാരന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 82) |
|
25) അബൂമൂസ:(റ) നിവേദനം: ഒരാള്‍ മറ്റൊരാളെ മുഖസ്തുതി പറയുന്നത് നബി(സ) കേട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അയാളുടെ മുതുകിനെ മുറിച്ചുകളഞ്ഞു. (ബുഖാരി. 8. 73. 86) |
|
26) അബൂബക്കറ(റ) നിവേദനം: തിരുമേനി(സ)യുടെ സന്നിധിയില്‍ വെച്ച് ഒരു വ്യക്തിയെ ക്കുറിച്ച് പരാമര്‍ശനമുണ്ടായി. അനുചരന്മാരില്‍ ഒരാള്‍ അദ്ദേഹത്തെ സ്തുതിച്ചു. നബി(സ) അരുളി: കഷ്ടം! നീ എന്റെ സ്നേഹിതന്റെ കഴുത്ത് മുറിച്ചുകളഞ്ഞു. അവിടുന്ന് ഈ വാചകം പല പ്രാവശ്യം ആവര്‍ത്തിച്ചശേഷം തുടര്‍ന്നു. നിങ്ങളില്‍ വല്ലവര്‍ക്കും മറ്റൊരുത്തരെ സ്തുതിച്ചേ തീരൂ എന്നുണ്ടെങ്കില്‍ അവനെക്കുറിച്ച് എന്റെ അഭിപ്രായം ഇങ്ങിനയാണെന്നു മാത്രം പറഞ്ഞുകൊളളട്ടെ. യഥാര്‍ത്ഥത്തില്‍ അങ്ങിനെയെല്ലാമാണെന്ന് ഇവന്ന് അഭിപ്രായമുണ്ടായാല്‍. സ്തുതിക്കപ്പെട്ടവന്റെ യഥാര്‍ത്ഥ കണക്കുകള്‍ അല്ലാഹു പരിശോധിച്ചുകൊളളും. അല്ലാഹുവിനെ കവച്ച് വെച്ച് ഒരാളും മറ്റൊരാളെ പരിശുദ്ധപ്പെടുത്തരുത്. (ബുഖാരി. 8. 73. 87) |
|
27) അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലീമിന് മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല. (ബുഖാരി. 8. 73. 91) |
|
28) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ സമുദായത്തിലെ എല്ലാവരുടെയും തെറ്റുകള്‍ അല്ലാഹു മാപ്പ് ചെയ്യും. പക്ഷെ പരസ്യമായി തെറ്റ് ചെയ്യുന്നവന്‍ അതില്‍പ്പെടുകയില്ല. ഒരു മനുഷ്യന്‍ രാത്രി ഒരു ദുഷ്കൃത്യം ചെയ്യുന്നു. പ്രഭാതമാകുമ്പോള്‍ എടോ! ഞാന്‍ ഇന്നലെ രാത്രി ഇന്നിന്നതെല്ലാം ചെയ്തുവെന്ന് മറ്റൊരാളോട് പറയുന്നു. ഈ നടപടി പരസ്യമായി തെറ്റുചെയ്യുന്നതില്‍ ഉള്‍പ്പെട്ടതാണ്. വാസ്തവത്തില്‍ തന്റെ രക്ഷിതാവ് ഇവന്റെ തെറ്റുകള്‍ മൂടിവെച്ചിരിക്കുകയായിരുന്നു. പ്രഭാതമായപ്പോള്‍ ഇവന്‍ തന്നെ അതു പരസ്യമാക്കി. (ബുഖാരി. 8. 73. 95) |
|
29) അബൂഅയ്യൂബ്(റ) പറയുന്നു: നബി(സ)അരുളി: മൂന്ന് ദിവസത്തിലധികം ഒരാള്‍ തന്റെ സഹോദരനുമായി പിണങ്ങി നില്‍ക്കുവാന്‍ പാടില്ല. അവര്‍ രണ്ടു പേരും കണ്ടുമുട്ടും. ഇവന്‍ അവനില്‍ നിന്ന് മുഖം തിരിച്ചുകളയും. അവന്‍ ഇവനില്‍ നിന്നും. അവര്‍ രണ്ടുപേരില്‍ ആദ്യം സലാം ആരംഭിക്കുന്നവനാണ് ഉത്തമന്‍. (ബുഖാരി. 8. 73. 100) |
|
30) അബ്ദുല്ല(റ) നിവേദനം: സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗ്ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്നപക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായിത്തീരും. കളളം പറയുന്നശീലം ദുര്‍വൃത്തിയിലേക്കും ദുര്‍വൃത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കളളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവുമധികം കളളം പറയുന്നവനായി അവന്റെ പേര്‍ അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും. (ബുഖാരി. 8. 73. 116) |
|
31) അബ്ദുല്ല(റ) പറയുന്നു: നല്ല വര്‍ത്തമാനം പരിശുദ്ധ ഖുര്‍ആനാണ്. ഏറ്റവും നല്ല വഴി മുഹമ്മദിന്റെ വഴിയും. (ബുഖാരി. 8. 73. 120) |
|
32) അബൂമൂസ(റ) നിവേദനം: നബി(സ)അരുളി: തന്നെപ്പറ്റിയുളള ആക്ഷേപങ്ങള്‍ കേട്ടിട്ട് അല്ലാഹുവിനേക്കാള്‍ കൂടുതല്‍ ക്ഷമ കൈകൊളളുന്ന ഒരാളും ഇല്ലതന്നെ. ചിലര്‍ അവന്ന് സന്താനങ്ങളുണ്ടെന്ന് വാദിക്കുന്നു. എന്നിട്ടുകൂടി അവന്‍ അവരുടെ തെറ്റുകള്‍ക്ക് മാപ്പുചെയ്യുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു. (ബുഖാരി. 8. 73. 121) |
|
33) ആയിശ(റ) പറയുന്നു: നബി(സ) ചിലതുപ്രവര്‍ത്തിച്ചു. അതില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചിലര്‍ പരിശുദ്ധി നേടുവാന്‍ അതില്‍ നിന്ന് അകന്നു നിന്നു. ഈ വിവരം നബി(സ) ക്ക് ലഭിച്ചു. അവിടുന്ന് പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: ചില ആളുകളുടെ അവസ്ഥ വിചിത്രം തന്നെ. ഞാന്‍ ചെയ്ത സംഗതികളില്‍ നിന്നാണ് സൂക്ഷ്മതയുടെ അടിസ്ഥാനത്തില്‍ അവര്‍ അകന്നുനില്‍ക്കുന്നത്. നിശ്ചയം. അവരെക്കാള്‍ അല്ലാഹുവിനെക്കുറിച്ച് കൂടുതല്‍ അറിവുളളവനും ഭയപ്പെടുന്നവനും ഞാന്‍ തന്നെയാണ്. (ബുഖാരി. 8. 73. 123) |
|
34) അബൂഹുറൈറ(റ) പറയുന്നു: ഒരാള്‍ തന്റെ സ്നേഹിതനെ കാഫിര്‍ എന്ന് വിളിച്ചാല്‍ അവരില്‍ ഒരാള്‍ അതിന്ന് നിര്‍ബന്ധിതനായിത്തീരുന്നു. ആ പദവുമായി ഒരാള്‍ മടങ്ങി. (ബുഖാരി. 8. 73. 125) |
|
35) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഗുസ്തിപിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. പിന്നെയോ കോപമുണ്ടാകുമ്പോള്‍ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തന്‍. (ബുഖാരി. 8. 73. 135) |
|
36) അബൂഹുറൈറ(റ) പറയുന്നു: ഒരാള്‍ എന്നെ ഇവിടുന്ന് ഉപദേശിച്ചാലുമെന്ന് നബി(സ) യോട് പറഞ്ഞു: നബി(സ) അരുളി: നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം നീ കോപിക്കരുത് എന്നു മാത്രമാണ് നബി(സ) പ്രത്യുത്തരം നല്‍കിയത്. (ബുഖാരി. 8. 73. 137) |
|
37) ഇംറാന്‍(റ) നിവേദനം: നബി(സ) അരുളി: ലജ്ജാശീലം നന്മയല്ലാതെ കൊണ്ടുവരികയില്ല. ബഷീര്‍ പറയുന്നു: ലിഖിതമായ തത്വമാണ്. തീര്‍ച്ചയായും ലജ്ജയില്‍പ്പെട്ടതാണ് ഗാംഭീര്യം. ലജ്ജയില്‍ പെട്ടതാണ് ശാന്തത. ഇംറാന്‍ പറഞ്ഞു: ഞാന്‍ നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ നീ നിന്റെ ഏടില്‍ നിന്ന് ഉദ്ധരിക്കുകയോ? (ബുഖാരി. 8. 73. 138) |
|
38) അബൂസഈദ്(റ) നിവേദനം: നബി(സ) മണിയറയില്‍ ഇരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാശീലമുള്ളവനായിരുന്നു. (ബുഖാരി. 8. 73. 140) |
|
39) അനസ്(റ) നിവേദനം: നബി(സ) ഞങ്ങളുമായി ഇടകലര്‍ന്നുകൊണ്ട് ജീവിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്ന് എന്റെ കൊച്ചു സഹോദരനോട് ചോദിക്കും. അബൂഉമൈര്‍! നിന്റെ കുരുവി എങ്ങനെയുണ്ട്? (ബുഖാരി. 8. 73. 150) |
|
40) ആയിശ(റ) നിവേദനം: പെണ്‍കുട്ടികളുടെ രൂപത്തിലുളള കളിപ്പാവയുമായി നബി(സ) യുടെ അടുത്തിരുന്നു ഞാന്‍ കളിക്കാറുണ്ടായിരുന്നു. എന്റെ കൂടെ കളിക്കുന്ന സ്നേഹിതകളും എനിക്കുണ്ടായിരുന്നു. നബി(സ) വന്നാല്‍ അവര്‍ മറക്ക് പിന്നില്‍ ഒളിച്ച് കളിക്കും. അവരെ നബി ( സ) എന്റെ അടുക്കലേക്ക് അയക്കും. അങ്ങിനെ അവര്‍ എന്റെ കൂടെ കളിക്കും. (ബുഖാരി. 8. 73. 151) |
|
41) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സത്യവിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന് രണ്ടുപ്രാവശ്യം തേള്‍ കുത്തുകയില്ല. (ബുഖാരി. 8. 73. 154) |
|
42) അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരുടെ കൂടെ പുറപ്പെട്ടു. അവരുടെ കൂടെ ഉമ്മുസുലൈമും ഉണ്ടായിരുന്നു. നബി(സ)പറഞ്ഞു: അല്ലയോ അന്‍ജശ! നിനക്ക് നാശം. സാവധാനം നീ വാഹനം ഓടിക്കുക. പളുങ്കുപാത്രങ്ങളോട് നീ സൌമ്യത കാണിക്കുക. (ബുഖാരി. 8. 73. 170) |
|
43) ആയിശ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്‍ ഒരിക്കലും ആത്മാവ് ചീത്തയായി എന്ന് പറയരുത്. എന്റെ ആത്മാവ് തെറ്റിലേക്ക് വ്യതിചലിച്ചു എന്ന് പറയുക. (ബുഖാരി. 8. 73. 198) |
|
44) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്‍ മുന്തിരിങ്ങക്ക് കറം (ഔദാര്യം) എന്ന് പേര്‍ പറയരുത്. യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസിയുടെ മനസ്സാണ് കറം (ഔദാര്യം). (ബുഖാരി. 8. 73. 201) |
|
45) മുസയ്യബ്(റ) നിവേദനം: നബി(സ) യുടെ അടുത്ത് ഒരാള്‍ വന്നു. നിന്റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ ഹസന്‍ (കഠിനന്‍) എന്ന് അയാള്‍ മറുപടി നല്‍കി. നബി(സ) നിര്‍ദ്ദേശിച്ചു. നിന്റെ നാമം സഹ്ല്‍ (മാര്‍ദ്ദവമുളളവന്‍) എന്ന് ആക്കിയിരിക്കുന്നു. അയാള്‍ പറഞ്ഞു: എന്റെ പിതാവ് നല്‍കിയ പേര് ഞാന്‍ മാറ്റുകയില്ല. അതിന് ശേഷം അയാളില്‍ പരുക്കന്‍സ്വഭാവം ഞങ്ങള്‍ ദര്‍ശിച്ചുകൊണ്ടേയിരുന്നു. (ബുഖാരി. 8. 73. 209) |
|
46) സഹ്ല്(റ) പറയുന്നു: ഒരാളുടെ പേര് മുന്‍ദിര്‍ എന്നാക്കി നബി(സ) മാറ്റി. (ബുഖാരി. 8. 73. 211) |
|
47) അബുഹുറൈറ(റ) നിവേദനം: ആദ്യം സൈനബ(റ)യുടെ നാമം ബര്‍റ (പുണ്യാവതി) എന്നായിരുന്നു. അവര്‍ ആത്മപ്രശംസ ചെയ്യുന്നുവെന്ന് നബി(സ)യോട് ചിലര്‍ പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് സൈനബ എന്ന് പേര് നല്‍കി. (ബുഖാരി. 8. 73. 212) |
|
48) ഇബ്നുഅബീഔഫ:(റ) നിവേദനം: നബി(സ)യുടെ പുത്രന്‍ ഇബ്രാഹിം ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. നബി(സ)ക്ക് ശേഷം മറ്റൊരു നബി(സ) ഉണ്ടാകുമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മകന്‍ ഇബ്രാഹിം ജീവിക്കുമായിരുന്നു. എന്നാല്‍ നബി(സ)ക്ക് ശേഷം മറ്റൊരു നബിയില്ല. (ബുഖാരി. 8. 73. 214) |
|
49) അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: പരലോകദിനം അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും താഴ്ന്നവന്‍ രാജാധിരാജന്‍ എന്ന് പേര്‍ വിളിക്കപ്പെടുന്നവനായിരിക്കും. (ബുഖാരി. 8. 73. 224) |
|
50) അനസ്(റ) നിവേദനം: നബി(സ)യുടെ സന്നിധിയില്‍വെച്ച് രണ്ട് മനുഷ്യന്മാര്‍ തുമ്മി. അവരില്‍ ഒരാള്‍ക്ക് വേണ്ടി നബി(സ) അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു മറ്റവന് വേണ്ടി പ്രാര്‍ത്ഥിച്ചതുമില്ല. അതിനെ സംബന്ധിച്ച് ഉണര്‍ത്തിയപ്പോള്‍ നബി(സ) അരുളി: ഇവന്‍ അല്ലാഹുവിനെ സ്തുതിച്ചു. ഇവന്‍ അല്ലാഹുവിനെ സ്തുതിച്ചില്ല. (ബുഖാരി. 8. 73. 240) |
|
51) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ വല്ലവനും തുമ്മി എന്നാല്‍ അവന്‍ അല്‍ഹംദുലില്ലാഹി എന്ന് പറയട്ടെ. അപ്പോള്‍ അവന്റെ സ്നേഹിതന്‍ അവന്ന് വേണ്ടി യര്‍ഹമുകല്ലാഹു എന്ന് പ്രത്യുത്തരം നല്‍കണം. അവന്‍ അപ്രകാരം പറഞ്ഞാല്‍ തുമ്മിയവന്‍ ഇപ്രകാരം ചൊല്ലണം. യഹ്ദീകുമുല്ലാഹു വയുസ്വ് ലീഹ് ബാലകും. (ബുഖാരി. 8. 73. 242) |
|
54) അലി(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഒരു മുസ്ളീം മറ്റൊരു മുസ്ളീമിന് ആറ് (കര്‍ത്തവ്യങ്ങള്‍) ലോഭമന്യെ നല്‍കുവാന്‍ ബാദ്ധ്യസ്ഥനാണ് - അവന്‍ അവനെ കാണുമ്പോള്‍ സലാം പറയണം. ; അവന്‍ അവനെ ക്ഷണിച്ചാല്‍ അവന്‍ സ്വീകരിക്കണം; അവന്‍ തുമ്മുമ്പോള്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കണം; അവന്‍ രോഗിയായി കിടക്കുമ്പോള്‍ അവനെ സന്ദര്‍ശിക്കണം; അവന്‍ മരിക്കുമ്പോള്‍ അവന്റെ ജനാസയെ പിന്തുടരണം; അവന്‍ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതു അവനുവേണ്ടിയും ഇഷ്ടപ്പെടണം. (തിര്‍മിദി) |
|
57) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. നിങ്ങളിലൊരാള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റുപോയി (താമസംവിനാ) അവിടെ തന്നെ മടങ്ങിവന്നാല്‍ അവന്‍ തന്നെയാണ് ആ ഇരിപ്പിടത്തിന് അര്‍ഹന്‍. (മുസ്ലിം) |
|
58) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങള്‍ നബി(സ)യുടെ അടുക്കല്‍ ചെന്നാല്‍ ഓരോരുത്തരും ചെന്നെത്തിയ സ്ഥലത്താണ് ഇരിക്കാറ്. (അബൂദാവൂദ്, തിര്‍മിദി) (മറ്റുള്ളവരെ എഴുന്നേല്‍പ്പിച്ചുകൊണ്ട് അവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെ ചെയ്യുന്നത് അനീതി കൂടിയാണ്) |
|
61) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. സദസ്സുകളില്‍ ഉത്തമമായത് അവയില്‍ വെച്ച് ഏറ്റവും വിശാലതയുള്ളതാണ്. (അബൂദാവൂദ്) |
|