Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വസ്ത്രധാരണം

മലയാളം ഹദീസുകള്‍


1) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും അഹങ്കാരത്തോട് കൂടി തന്റെ വസ്ത്രം നിലത്തു വലിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ നേരെ നോക്കുകയില്ല. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ! എന്റെ തുണിയുടെ ഒരു ഭാഗം നിലത്ത് പതിക്കാറുണ്ട്. ഞാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഒഴികെ. നബി(സ)അരുളി: നീയത് അഹങ്കാരത്തോട് കൂടിചെയ്യുന്നവരില്‍ പെട്ടവനല്ല. (ബുഖാരി. 7. 72. 675)2) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: രണ്ട് നെരിയാണിവിട്ട് താഴേക്ക് ഇറങ്ങിയ വസ്ത്രം നരകത്തിലാണ്. (ബുഖാരി. 7. 72. 678)
 
3) ഖതാദ: പറയുന്നു: നബി(സ)ക്ക് ഏറ്റവും തൃപ്തികരമായ വസ്ത്രം മാത്രം ഏതാണെന്ന് ഞാന്‍ അനസിനോട് ചോദിച്ചു. അപ്പോള്‍ അനസ്(റ) പറഞ്ഞു: യമനില്‍ നെയ്ത ഒരുതരം പച്ചപ്പുതപ്പ്. (ബുഖാരി. 7. 72. 703)
 
4) ആയിശ(റ) നിവേദനം: നബി(സ) മരിച്ചപ്പോള്‍ യമനില്‍ നെയ്ത ഒരുപച്ചപ്പുതപ്പ് കൊണ്ടാണ് മൂടിയിരുന്നത്. (ബുഖാരി. 7. 72. 705)
 
5) അബൂഉസ്മാന്‍(റ) പറയുന്നു: ഞങ്ങള്‍ ഉത്ബ: യുടെ കൂടെ ആദര്‍ബീച്ചാനില്‍ ഇരിക്കുമ്പോള്‍ ഉമര്‍(റ)ന്റെ എഴുത്ത് ഞങ്ങള്‍ക്ക് ലഭിച്ചു. തീര്‍ച്ചയായും നബി(സ) പട്ടുവിരോധിച്ചിട്ടുണ്ട്. തന്റെ ചൂണ്ടുവിരലും നടുവിരലും ചൂണ്ടിക്കൊണ്ട് ഇത്രയും വീതിയുളളതാണെങ്കില്‍ വിരോധമില്ലെന്ന് അരുളിയിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് വരകള്‍ ആണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. (ബുഖാരി. 7. 72. 718)
 
6) അബൂഉസ്മാന്‍(റ) നിവേദനം: ഉമര്‍(റ) എനിക്ക് ഇപ്രകാരം എഴുതി. നബി(സ) അരുളി; വല്ലവനും പട്ട് ദുന്‍യാവില്‍ ധരിച്ചാല്‍ പരലോകത്ത് അതില്‍ നിന്ന് അല്‍പം പോലും അവന്‍ ധരിക്കുകയില്ല. (ബുഖാരി. 7. 72. 719)
 
7) ഇബ്നുസുബൈര്‍(റ) പ്രസംഗിച്ചുപറഞ്ഞു: മുഹമ്മദ്(സ) പറഞ്ഞു: വല്ലവനും ദുന്‍യാവില്‍ പട്ടു ധരിച്ചാല്‍ പരലോകത്ത് അതു ധരിക്കുകയില്ല. (ബുഖാരി. 7. 72. 724)
 
8) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ചെരിപ്പ് ധരിക്കുമ്പോള്‍ ആദ്യം വലത്തേത് ധരിക്കട്ടെ. അഴിക്കുമ്പോള്‍ ഇടത്തേതഴിക്കട്ടെ. അതായത് അവന്‍ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത്തേതായിരിക്കണം. (ബുഖാരി. 7. 72. 747)
 
9) അനസ്(റ) പറയുന്നു: നബി(സ)യുടെ ചെരിപ്പിന് രണ്ടു വാര്‍ ഉണ്ടായിരുന്നു. (ബുഖാരി. 7. 72. 748)
 
10) അബൂഹുറൈറ(റ) നിവേദനം: നബി(സ)സ്വര്‍ണ്ണത്തിന്റെ മോതിരം വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 7. 72. 754)
 
11) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) സ്വര്‍ണ്ണം കൊണ്ട് ഒരു മോതിരം നിര്‍മ്മിച്ചു. മോതിരക്കല്ല് കൈപടത്തിന്റെ ഭാഗത്തുമാക്കി. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം നബി(സ) എറിഞ്ഞുകളഞ്ഞു. പിന്നീട് വെളളിയുടെ മോതിരം നിര്‍മ്മിച്ചു. അപ്പോള്‍ ജനങ്ങളും വെളളിയുടെ മോതിരം നിര്‍മ്മിച്ചു. ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)ക്ക് ശേഷം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ മുതലായവരും മോതിരം ധരിക്കുകയുണ്ടായി. ഉസ്മാന്റെ മോതിരം അരീസ് കിണറ്റില്‍ വീഴുന്നതുവരെ. നബി(സ) സ്വര്‍ണ്ണത്തിന്റെ മോതിരം നിര്‍മ്മിച്ചു അതു ധരിച്ചു. ശേഷം ഞാനിതു ഒരിക്കലും ധരിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനെ ദൂരെയെറിഞ്ഞു. അപ്പോള്‍ ജനങ്ങളും അവരുടെ മോതിരം ഊരിയെറിഞ്ഞു. (ബുഖാരി. 7. 72. 756)
 
12) അനസ്(റ) പറയുന്നു: നബി(സ)യുടെ ചെറുവിരലില്‍ ഉണ്ടായിരുന്ന മോതിരത്തിന്റെ തിളക്കം ഞാന്‍ ഇപ്പോഴും ദര്‍ശിക്കുന്നു. (ബുഖാരി. 7. 72. 758)
 
13) അനസ്(റ) നിവേദനം: നബി(സ)യുടെ മോതിരം വെളളിയായിരുന്നു. അതിന്റെ മോതിരക്കല്ലും അപ്രകാരം തന്നെ വെളളിയായിരുന്നു. (ബുഖാരി. 7. 72. 759)
 
14) ഇബ്നുഅബ്ബാസ്(റ) പറയുന്നു: സ്ത്രീ വേഷം ധരിച്ചവരെ നിങ്ങള്‍ വീടുകളില്‍ നിന്ന് പുറത്താക്കുവീന്‍ എന്ന് നബി(സ) അരുളി: അങ്ങിനെ നബി(സ) ഒരാളെയും ഉമര്‍ ഒരു സ്ത്രീയെയും വീട്ടില്‍ നിന്ന് പുറത്താക്കി. (ബുഖാരി. 7. 72. 774)
 
15) ഇബ്നുഉമര്‍(റ) നിവേദനം: മീശവെട്ടല്‍ പ്രകൃതിയില്‍പെട്ടതാണ്. (ബുഖാരി. 7. 72. 776)
 
16) അബൂഹുറൈറ(റ) നിവേദനം: അഞ്ച് കാര്യങ്ങള്‍ പ്രകൃതിയില്‍പെട്ടതാണ്. ചേലാകര്‍മ്മം, ഗുഹ്യസ്ഥാനത്തെ മുടികളയല്‍, കക്ഷത്തെ മുടി നീക്കല്‍, നഖം മുറിക്കല്‍, മീശവെട്ടല്‍ (ബുഖാരി. 7. 72. 779)
 
17) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക. (ബുഖാരി. 7. 72. 780)
 
18) അനസ്(റ) നിവേദനം: നബി(സ)യുടെ മുടി പറ്റെ ചുരുണ്ടതോ പറ്റെ നീണ്ടുകിടക്കുന്നതോ ആയിരുന്നില്ല. ചുരുണ്ടതായിരുന്നു. അവിടുത്തെ ചെവിക്കും പിരടിക്കും ഇടക്കായി അവ നീണ്ടുകിടക്കുമായിരുന്നു. (ബുഖാരി. 7. 72. 791)
 
19) അനസ്(റ) നിവേദനം: നബി(സ) ഇരുകൈകളും പാദങ്ങളും മുഴുത്ത ഒരാളായിരുന്നു. കൈപ്പടങ്ങള്‍ വളരെ വിശാലങ്ങളായിരുന്നു. (ബുഖാരി. 7. 72. 792)
 
20) ഇബ്നുഉമര്‍ (റ) പറയുന്നു: തലമുടിയുടെ ഒരു ഭാഗം വടിക്കുകയും കുറെ ഭാഗം വളര്‍ത്തുകയും ചെയ്യുന്നത് നബി(സ)വിരോധിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 7. 72. 796)
 
21) ആയിശ(റ) പറയുന്നു: നബി(സ)ക്ക് എന്റെ കൈകൊണ്ട് സുഗന്ധം പുരട്ടിക്കൊടുത്തു. അദ്ദേഹം ഇഹ്റാം കെട്ടുന്ന സന്ദര്‍ഭത്തില്‍ അതുപോലെ ത്വവാഫുല്‍ ഇഫളൌക്ക് മുമ്പായി മിനയില്‍ വെച്ചും. (ബുഖാരി. 7. 72. 805)
 
22) സഹ്ല്(റ) നിവേദനം: നബി(സ) ഒരു ചീര്‍പ്പുകൊണ്ട് മുടി ചീകിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ നബി(സ)യുടെ വീട്ടിലേക്ക് എത്തിനോക്കി. നബി(സ) പറഞ്ഞു: നോക്കിയതു ഞാനറിഞ്ഞിരുന്നുവെങ്കില്‍ ഇതുകൊണ്ട് നിന്റെ കണ്ണിന് കുത്തുമായിരുന്നു. സമ്മതം ചോദിക്കല്‍ കണ്ണിന്റെ കാരണത്താലാണ് നിശ്ചയിച്ചതുതന്നെ. (ബുഖാരി. 7. 72. 807)
 
23) ആയിശ(റ) പറയുന്നു: നബി(സ)ഹജ്ജില്‍ പ്രവേശിക്കുമ്പോള്‍ നാട്ടില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മേത്തരം സുഗന്ധം നബിക്ക് ഞാന്‍ പൂശിക്കാറുണ്ട്. (ബുഖാരി. 7. 72. 812)
 
24) അനസ്(റ) നിവേദനം: നബി(സ) സുഗന്ധദ്രവ്യം സമ്മാനിച്ചാല്‍ അതു നിരസിക്കാറില്ല. അനസും അപ്രകാരം ചെയ്യും. (ബുഖാരി. 7. 72. 813)
 
25) ആയിശ(റ) പറയുന്നു: ഹജ്ജത്തുല്‍ വദാഇല്‍ ഹജ്ജിന് ഇഹ്റാം കെട്ടുമ്പോഴും ഹജ്ജില്‍ നിന്ന് വിരമിച്ചപ്പോഴും നബി(സ)ക്ക് ഞാന്‍ 'ദരീറ'' എന്ന സുഗന്ധം പൂശിക്കൊടുത്തു. (ബുഖാരി. 7. 72. 814)
 
26) അബ്ദുല്ല(റ) പറയുന്നു: നബി(സ)അരുളി: പരലോകത്ത് ജനങ്ങളില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ് ചിത്രം വരക്കുന്നവര്‍. (ബുഖാരി. 7. 72. 834)
 
27) ആയിശ(റ) നിവേദനം: ആയിശ(റ) പറയുന്നു: കുരിശിന്റെ ചിത്രമുളള യാതൊന്നും തന്നെ നബി(സ) തന്റെ വീടുകളില്‍ ഉപേക്ഷിച്ചിടുകയില്ല. (ബുഖാരി. 7. 72. 836)
 
28) അബൂസുര്‍അ(റ) പറയുന്നു: അബൂഹുറൈറ(റ)യുടെ കൂടെ മദീനയിലെ ഒരു വീട്ടില്‍ ഞാന്‍ കയറി. അപ്പോള്‍ ചുമരിന് മുകളില്‍ ഒരാള്‍ ചിത്രം വരക്കുന്നത് അദ്ദേഹം കണ്ടു. ഉടനെ അബൂഹൂറൈറ(റ) പറഞ്ഞു: തിരുമേനി(സ) അരുളിയതു ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ സൃഷ്ടിക്കും പോലെ സൃഷ്ടിക്കുവാന്‍ മുതിരുന്നവനേക്കാള്‍ അക്രമി ആരുണ്ട്?. അവര്‍ക്ക് കഴിവുണ്ടെങ്കില്‍ ഒരു ധാന്യമണി സൃഷ്ടിക്കട്ടെ. വേണ്ട ഒരണുവെങ്കിലും സൃഷ്ടിക്കട്ടെ. ശേഷം അദ്ദേഹം ഒരുപാത്രത്തില്‍ വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് വുളു എടുത്തു. (ബുഖാരി. 7. 72. 837)
 
29) ആയിശ(റ) നിവേദനം: ഞാന്‍ ചിത്രങ്ങള്‍ ഉളള ഒരുതലയിണ വിലക്ക് വാങ്ങി. നബി(സ) വീട്ടില്‍ പ്രവേശിക്കാതെ വാതിന്മേല്‍ ഇരുന്നു. ഞാന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്തുതെറ്റാണ് ഞാന്‍ ചെയ്തതു? നബി(സ)അരുളി: ഈ തലയിണ തന്നെ. ഞാന്‍ പറഞ്ഞു: പ്രവാചകരേ! താങ്കള്‍ക്ക് ഇരിക്കാനും തല വെയ്ക്കുവാനും വേണ്ടി ഞാന്‍ വാങ്ങിയതാണിത്. നബി(സ)അരുളി: തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ വരക്കുന്നവര്‍ പരലോകത്ത് ശിക്ഷിക്കപ്പെടും. അവരോട് പറയും. നിങ്ങള്‍ വരച്ചതിനെ ജീവിപ്പിക്കുവീന്‍, തീര്‍ച്ചയായും മലക്കുകള്‍ ചിത്രമുളളവീടുകളില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 7. 72. 840)
 
30) അബൂജുഹൈഫ(റ) പറയുന്നു: നബി(സ) പലിശ തിന്നുന്നവനേയും തീറ്റിക്കുന്നവനേയും പച്ചകുത്തുന്നവനേയും അതിന് ആവശ്യപ്പെടുന്നവനേയും ചിത്രം വരക്കുന്നവനേയും ശപിച്ചിരിക്കുന്നു. (ബുഖാരി. 7. 72. 845)
 
32) ഉമ്മുസല്‍മ(റ) പറഞ്ഞു: ഞാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുക പതിവായിരുന്നു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, ഇതുപൂഴ്ത്തിവെക്കലാണോ? അവിടുന്ന് പറഞ്ഞു: സക്കാത്തിന്റെ സീമയില്‍ എത്തുന്നതേതോ, അതിന്നും സക്കാത്തുകൊടുത്താല്‍ അതുപൂഴ്ത്തിവെയ് ക്കലല്ല. (അബൂദാവൂദ്)
 
37) ആയിശ(റ)ല്‍ നിന്ന്: ഒരു സുപ്രഭാതത്തില്‍ നബി(സ) വീടുവിട്ടുപുറത്തിറങ്ങി. റഹ്ലി (ഒട്ടകക്കട്ടിലി) ന്റെ ചിത്രമുള്ള കറുത്ത രോമംകൊണ്ടുള്ള ഒരു വസ്ത്രമായിരുന്നു അവിടുന്നപ്പോള്‍ ധരിച്ചിരുന്നത്. (മുസ്ലിം)
 
41) ഇബ്നു ഉമറി(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുളി: അരയുടുപ്പിലും ഖമീസിലും തലപ്പാവിലും ഇസ്ബാലുണ്ട്. അവയില്‍ നിന്ന് വല്ലതും അഹന്തകൊണ്ട് വലിച്ചിഴക്കുന്ന പക്ഷം അന്ത്യദിനത്തില്‍ അല്ലാഹു അവനെ നോക്കുകയില്ല. (അബൂദാവൂദ്, നസാഈ)
 
46) മുആദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. കഴിവുണ്ടായിരിക്കെ അല്ലാഹുവോടുള്ള വിനയത്തിന്റെ പേരില്‍ വസ്ത്രാലങ്കാരമുപേക്ഷിച്ചവനെ ജനമദ്ധ്യത്തില്‍ ക്ഷണിച്ചുവരുത്തി സത്യവിശ്വാസികളുടെ വസ്ത്രങ്ങളില്‍വെച്ച് അവന്‍ തിരഞ്ഞെടുക്കുന്നത് ധരിക്കുവാന്‍ ഖിയാമത്തുനാളില്‍ അല്ലാഹു അനുമതി നല്കുന്നതാണ്. (തിര്‍മിദി)
 
47) അംറ്(റ) തന്റെ പിതാവില്‍ നിന്നും പിതാവ് തന്റെ പിതാമഹനില്‍ നിന്നും നിവേദനം: റസൂല്‍(സ) പറഞ്ഞു. അല്ലാഹു അവന്റെ ദാസന് ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ ദര്‍ശിക്കുവാന്‍ അവനിഷ്ടപ്പെടും. (തിര്‍മിദി)
 
35) ജാബിറി(റ)ല്‍ നിന്ന് നിവേദനം: മക്കാവിജയദിവസം ഒരുകറുത്ത തലപ്പാവു ധരിച്ചുകൊണ്ട് നബി(സ) കയറിവന്നു. (മുസ്ലിം)
 
36) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: അവിടുത്തെ രണ്ടു ചുമലുകള്‍ക്കിടയില്‍ താഴ്ത്തിയിട്ടുകൊണ്ട് കറുത്ത തലപ്പാവ് ധരിച്ച നബി(സ) യെ ഞാനിപ്പോഴും കാണുംപോലെയുണ്ട്. (മുസ്ലിം)
 
40) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: മൂന്നു തരക്കാര്‍! അന്ത്യ ദിനത്തില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ അവരിലേക്ക് തിരിഞ്ഞുനോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ഇല്ല. വേദനാജനകമായ ശിക്ഷ അവര്‍ക്ക് ലഭിക്കുകയും ചെയ്യും. നിവേദകര്‍ പറയുന്നു: റസൂല്‍(സ) ഇത് മൂന്ന് പ്രാവശ്യം ഓതി കേള്‍പ്പിച്ചു. അബൂദര്‍റ് പറഞ്ഞു: അവര്‍ പരാജിതരാണല്ലോ, അല്ലാഹുവിന്റെ പ്രവാചകരെ ആരാണവര്‍? റസൂല്‍(സ) പറഞ്ഞു: 1 വസ്ത്രം വലിച്ചിഴക്കുന്നവന്‍ 2 തന്റെ നന്മകള്‍ എടുത്തുപറയുന്നവന്‍ (പ്രത്യുപകാരമോ വിധേയത്വമോ പ്രതീക്ഷിക്കുകയും അതിന്റെ അഭാവത്തിലോ മറ്റോ നന്മ കിട്ടിയവരെ ബുദ്ധിമുട്ടിക്കുക) 3 കള്ളസത്യം വഴി ചരക്ക് വിറ്റഴിക്കുന്നവന്‍ (മുസ്ലിം)
 
44) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ റസൂല്‍(സ)യുടെ അരികില്‍ നടന്നുചെന്നു. എന്റെ മുണ്ട് അല്പം താഴ്ന്നിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. അബ്ദുല്ലാ! നിന്റെ മുണ്ട് പൊക്കിയുടുക്കൂ. ഞാന്‍ അത് പൊക്കിയുടുത്തു. പിന്നീട് തിരുദൂതന്‍(സ) പറഞ്ഞു. അല്പം കൂടിപൊക്കൂ. അപ്പോഴും ഞാന്‍ അങ്ങിനെ പൊക്കിയുടുത്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചുപോന്നു. എത്രത്തോളമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍, ഈ തണ്ടന്‍കാലുകളുടെ പകുതിവരെ എന്ന് ഞാന്‍ മറുപടികൊടുത്തു. (മുസ്ലിം)
 
31) മിസ്വര്‍(റ) പറഞ്ഞു: ഞാന്‍ ഭാരമുള്ള ഒരു കല്ലെടുത്ത് നടന്നുപോയപ്പോള്‍ എന്റെ വസ്ത്രം വീണുപോയി. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: വസ്ത്രം ധരിക്കുക. നഗ്നമായി നടക്കരുത്. (അബൂദാവൂദ്)
 
33) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. അതാണ് നിങ്ങളുടെ വസ്ത്രങ്ങളിലുത്തമം. നിങ്ങളില്‍ നിന്ന് മരണപ്പെട്ടവരെ അതുകൊണ്ട് കഫനും ചെയ്യുക. (അബൂദാവൂദ്, തിര്‍മിദി)
 
38) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: വസ്ത്രങ്ങളില്‍വെച്ച് നബി(സ) യ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഖമീസ് (കുപ്പായം) ആയിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
 
39) അസ്മാഅ്(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) യുടെ കുപ്പായക്കൈ ഭുജം വരെയായിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
 
42) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ തന്റെ വസ്ത്രം താഴ്ത്തിയിട്ട് നമസ്കരിക്കെ റസൂല്‍(സ) അയാളോട് പറഞ്ഞു: നീ പോയി വുളുചെയ്യുക. അയാള്‍ പോയി വുളുചെയ്തു വന്നപ്പോള്‍ റസൂല്‍(സ) വീണ്ടും പറഞ്ഞു: നീ പോയി വുളുചെയ്യൂ. തല്‍ക്ഷണം മറ്റൊരാള്‍ ചോദിച്ചു: പ്രവാചകരേ! അയാളോട് വുളുചെയ്യാന്‍ കല്‍പിച്ചുവെങ്കിലും പിന്നീട് അങ്ങ് മൌനമവലംബിച്ചുവല്ലോ. (അതെന്താണെന്ന് മനസ്സിലായില്ല) അവിടുന്ന് പറഞ്ഞു: അവന്‍ വസ്ത്രം താഴ്ത്തിയിട്ടാണ് നമസ്കരിച്ചത്. വസ്ത്രം താഴ്ത്തിയിടുന്നവന്റെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. (അബൂദാവൂദ്)
 
43) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു: മുസല്‍മാന്റെ മുണ്ട് തണ്ടങ്കാല്‍ പകുതിവരെയാണ്. മടമ്പസ്ഥിവരെ അതെത്തുന്നത് കൊണ്ട് തെറ്റില്ല. മടമ്പുംവിട്ട് താഴ്ന്നുകിടക്കുന്നത് നരകത്തിലാണ്. അഹന്തമൂലം മുണ്ട് വലിച്ചിഴക്കുന്നവനെ അല്ലാഹു നോക്കുകപോലുമില്ല. (അബൂദാവൂദ്)
 
45) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: അഹങ്കാരത്തോടുകൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല. ഉമ്മുസലമ(റ) ചോദിച്ചു. സ്ത്രീകള്‍ വസ്ത്രാഗ്രം എന്തുചെയ്യണം. ? തിരുദൂതന്‍(സ) അരുളി: അവര്‍ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ! ഉമ്മുസലമ(റ) പറഞ്ഞു. അവരുടെ പാദങ്ങള്‍ വെളിവായാലോ? അപ്പോള്‍ അവിടുന്ന് പറഞ്ഞു. എന്നാലവര്‍ ഒരു മുഴം താഴ്ത്തണം. അതില്‍ കൂടതല്‍ വേണ്ട. (അബൂദാവൂദ്, തിര്‍മിദി)
 
48) അലി(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ വലതുകയ്യില്‍ പട്ടും ഇടതുകയ്യില്‍ സ്വര്‍ണ്ണവും എടുത്തുവെച്ചുകൊണ്ട് നബി(സ) പറയുകയുണ്ടായി നിശ്ചയം, ഇവരണ്ടും എന്റെ സമുദായത്തിലെ പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. (അബൂദാവൂദ്)
 
50) മുആവിയ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: പട്ടും പുലിത്തോലും നിങ്ങള്‍ വാഹനമാക്കരുത്. (ഇരിക്കാന്‍ ഉപയോഗിക്കരുത്) (അബൂദാവൂദ്)
 
51) അബുല്‍മലീഹ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: വന്യമൃഗങ്ങളുടെ തോലുപയോഗിക്കുന്നത് നബി(സ) നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി, നസാഈ)
 
52) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്, ഷര്‍ട്ട്, രണ്ടാംമുണ്ട് അന്നിങ്ങനെ പേര് പറഞ്ഞുകൊണ്ട് റസൂല്‍(സ) പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നിനക്കാണ് സര്‍വ്വസ്തുതിയും. നീയാണ് അതെന്നെ ധരിപ്പിച്ചത്. അതുകൊണ്ടുള്ള മേന്മയും അതെന്തിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ, അതിന്റെ മേന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അതുകൊണ്ടുള്ള അനര്‍ത്ഥത്തില്‍ നിന്നും അതെന്തിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ, അതിന്റെ അനര്‍ത്ഥത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. (അബൂദാവൂദ്, തിര്‍മിദി)
 
49) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: പട്ടും സ്വര്‍ണ്ണവും അണിയല്‍ എന്റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് നിഷിദ്ധവും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ്. (തിര്‍മിദി)
 
34) സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക, അതാണ് നിങ്ങള്‍ക്കേറ്റവും അഭികാമ്യവും ശുദ്ധവുമായത്. മരണപ്പെട്ടവരെ അതില്‍ കഫനും ചെയ്യുക. (നസാഈ). (വെള്ളവസ്ത്രത്തില്‍ അഴുക്കുകള്‍ തെളിഞ്ഞ് കാണുന്നതുകൊണ്ട് കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്നു. വര്‍ണ്ണപ്പകിട്ടാര്‍ന്നവസ്ത്രം ധരിക്കുന്നതുകൊണ്ട് അഹന്തയും പൊങ്ങച്ചവും വന്നുചേരുന്നു. വെള്ളവസ്ത്രം ധരിക്കുമ്പോള്‍ അവയൊന്നും നേരിടുകയില്ല)