1) അബൂഹുറൈറ(റ) നിവേദനം: മൂന്ന് ദിവസം തുടര്‍ച്ചയായി മുഹമ്മദിന്റെ കുടുംബം വയര്‍ നിറച്ചിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 7. 65. 287) |
|
2) അബൂഹുറൈറ(റ) പറയുന്നു: ഒരിക്കല്‍ എന്നെ കഠിന വിശപ്പ് ബാധിച്ചു. ഞാന്‍ ഉമര്‍(റ) നെ കണ്ടുമുട്ടി. അദ്ദേഹത്തോട് ഖുര്‍ആനിലെ ഒരു സൂക്തം ഓതിത്തരാന്‍ ഞാനാവശ്യപ്പെട്ടു. അദ്ദേഹം വീട്ടില്‍ കയറി എനിക്ക് പ്രവേശിക്കുവാന്‍ വാതില്‍ തുറന്നു തന്നു. വിദൂരമല്ലാത്ത നിലക്ക് ഞാന്‍ നടന്നു. വിശപ്പിന്റെ കാഠിന്യം മൂലം കമിഴ്ന്നു വീണുപോയി. ഉടനെ നബി(സ) വന്നു എന്റെ തലക്കരികില്‍ നില്‍ക്കുന്നു! അവിടുന്നു വിളിച്ചു: അബുഹുറൈറ! പ്രവാചകരേ! ഞാനിതാ താങ്കള്‍ക്കുത്തരം നല്‍കുന്നുവെന്ന് ഞാന്‍ പറഞ്ഞു. നബി(സ) എന്റെ കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചു. എന്നെ ബാധിച്ച അവശത അവിടുന്ന് മനസ്സിലാക്കി. എന്നെ അവിടുത്തെ വീട്ടിലേക്ക് കൊണ്ടുപോയി. എനിക്ക് ഒരു വലിയ കോപ്പ പാല്‍ തരാന്‍ കല്‍പ്പിച്ചു. ഞാനതുകുടിച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും കുടിക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ വീണ്ടും കുടിച്ചു. മൂന്നാമതും കുടിക്കാനുപദേശിച്ചു. ഞാന്‍ കുടിച്ചു. അവസാനം ചുളിവെല്ലാം നിവര്‍ന്ന് വയറ് ഒരു കോപ്പ പോലെയായി. അനന്തരം ഞാന്‍ ഉമറിനെ കണ്ടു. അപ്പോള്‍ എന്റെ കഥ അദ്ദേഹത്തെ ഉണര്‍ത്തി. ഞാന്‍ പറഞ്ഞു: അക്കാര്യം നിറവേറ്റാന്‍ താങ്കളേക്കാള്‍ അര്‍ഹനായ ഒരാളെ അല്ലാഹു എനിക്ക് സൌകര്യപ്പെടുത്തിത്തന്നു. അല്ലാഹു സത്യം! ഒരായത്തോതാന്‍ ഞാനാവശ്യപ്പെട്ടപ്പോള്‍ ആ ആയത്തോതാന്‍ താങ്കളേക്കാള്‍ എനിക്കറിവുണ്ടായിരുന്നു. (എന്റെ വിശപ്പിന്റെ കാര്യം താങ്കളെ ഗ്രഹിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അപ്രകാരം ആവശ്യപ്പെട്ടത്) ഉമര്‍ പറഞ്ഞു: നിങ്ങളെ എന്റെ വീട്ടില്‍ വരുത്തി ആഹാരം നല്‍കുന്നത് ചുവന്ന ഒട്ടകങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയം നിറഞ്ഞതാണ്. (ബുഖാരി. 7. 65. 287) |
|
3) ഉമറ്ബ്നു അബീസലമ(റ) പറയുന്നു: ഞാന്‍ നബി(സ)യുടെ സംരക്ഷണത്തില്‍ ഒരു കുട്ടിയായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ കൈ പാത്രത്തില്‍ അങ്ങുമിങ്ങും നീങ്ങിക്കൊണ്ടിരിക്കും. അപ്പോള്‍ നബി(സ) പറഞ്ഞു: കുട്ടീ! നീ ഭക്ഷിക്കുമ്പോള്‍ ബിസ്മിചൊല്ലുക. നിന്റെ വലംകൈ കൊണ്ട് നിന്റെ പാത്രത്തില്‍ അടുത്ത ഭാഗത്തുളളത് നീ തിന്നുക. ഇതിനുശേഷം എന്റെ ഭക്ഷണരീതി ഇപ്പറഞ്ഞതുപോലെ മാത്രമായിരുന്നു. (ബുഖാരി. 7. 65. 288) |
|
4) അനസ്(റ) നിവേദനം: ഒരുതുന്നല്‍ക്കാരന്‍ നബി(സ)യെ ഒരു സദ്യക്ക് ക്ഷണിച്ചു. ഞാനും നബി(സ)യുടെ കൂടെ പുറപ്പെട്ടു. നബി(സ) പാത്രത്തിന്റെ ഭാഗങ്ങളില്‍ നിന്ന് ചുരക്ക നോക്കി എടുത്തു തിന്നുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 7. 65. 291) |
|
5) ആയിശ(റ) പറയുന്നു: ഈത്തപ്പഴവും വെളളവും കഴിച്ച് ഞങ്ങള്‍ വയറ് നിറച്ചിരുന്ന കാലത്താണ് തിരുമേനി(സ) മരണപ്പെട്ടത്. (ബുഖാരി. 7. 65. 295) |
|
6) ഖതാദ(റ) നിവേദനം: ഞങ്ങള്‍ അനസിന്റെ അടുത്തു ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് അദ്ദേഹത്തിന് റൊട്ടി ചുടുന്ന ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അപ്പോള്‍ അനസ്(റ) പറഞ്ഞു: നബി(സ) മരണം വരെ മൃദുവായ റൊട്ടിയോ പ്രായം കുറഞ്ഞ ആട്ടിന്‍കുട്ടിയെ അറുത്തു ചൂടുവെളളത്തില്‍ മുക്കി രോമം കളഞ്ഞു വേവിച്ച് പാകപ്പെടുത്തിയ മാംസമോ കഴിച്ചിരുന്നില്ല. (ബുഖാരി. 7. 65. 297) |
|
7) അനസ്(റ) നിവേദനം: നബി(സ) ചെറിയ പിഞ്ഞാണങ്ങള്‍ നിരത്തിവെച്ച് തിന്നുകയോ മൃദുലമായ റൊട്ടി നബിക്ക് വേണ്ടി തയ്യാറാക്കുകയോ വലിയ പാത്രത്തില്‍ തിന്നുകയോ ചെയ്തതായി എനിക്കറിവില്ല. അപ്പോള്‍ ഖതാദ(റ) പറഞ്ഞു: സുപ്രയിലാണ് ഭക്ഷിച്ചിരുന്നത്. (ബുഖാരി. 7. 65. 298) |
|
8) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു പേരുടെ ഭക്ഷണം മൂന്നുപേര്‍ക്കും മൂന്നുപേരുടെ ഭക്ഷണം നാലു പേര്‍ക്കും മതിയാകുന്നതാണ്. (ബുഖാരി. 7. 65. 304) |
|
9) നാഫിഅ്(റ) പറയുന്നു: തന്റെ കൂടെ ഭക്ഷിക്കുവാന്‍ ഒരു ദരിദ്രനെ ക്ഷണിച്ചുകൊണ്ട് വരുന്നതുവരെ ഇബ്നുഉമര്‍(റ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം ആഹാരം കഴിക്കുവാന്‍ ഒരു മനുഷ്യനെ വിളിച്ചുകൊണ്ട് വന്നു. അയാള്‍ അമിതമായി ആഹാരം കഴിച്ചത് കണ്ടപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലയോ നാഫിഅ്! ഈ മനുഷ്യനെ മേലില്‍ എന്റെയടുക്കലേക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. സത്യനിഷേധി ഏഴു വയര്‍ കൊണ്ടും. (ബുഖാരി. 7. 65. 305) |
|
10) അബൂഹുറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലീമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി. 7. 65. 309) |
|
11) അബൂജൂഹൈഫ(റ) നിവേദനം: നബി(സ) അരുളി: ഞാനൊരിക്കലും ചാരിയിരുന്നു കൊണ്ട് ഭക്ഷിക്കുകയില്ല. (ബുഖാരി. 7. 65. 310) |
|
12) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കില്‍ അവിടുന്ന് അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി. 7. 65. 320) |
|
13) സഹ്ല്(റ) നിവേദനം: നബി(സ) യുടെ കാലത്ത് നിങ്ങള്‍ നേര്‍മ്മയുളള വെളുത്ത മാവ് കണ്ടിരുന്നോ? എന്ന് അദ്ദേഹത്തോട് അബൂഹാസിം ചോദിച്ചു. അപ്പോള്‍ സഹ്ല്(റ) ഇല്ലെന്ന് മറുപടി പറഞ്ഞു. നിങ്ങള്‍ അന്ന് ബാര്‍ലി അരിപ്പയിലിട്ട് അരിച്ചെടുക്കാറൂണ്ടായിരുന്നോ എന്ന് വീണ്ടും ചോദിച്ചു. ഇല്ല. ബാര്‍ലിയില്‍ നിന്ന് നീക്കം ചെയ്യേണ്ട സാധനങ്ങള്‍ ഞങ്ങള്‍ ഊതി പ്പറപ്പിക്കുകയാണ് ചെയ്തിരുന്നത് എന്ന് അദ്ദേഹം പ്രത്യുത്തരം നല്‍കി. (ബുഖാരി. 7. 65. 321) |
|
14) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരിക്കല്‍ സഹാബിമാരുടെ ഇടയില്‍ ഈത്തപ്പഴം ഭാഗിച്ചുകൊടുത്തപ്പോള്‍ ഓരോരുത്തര്‍ക്കും ഏഴ് എണ്ണം വീതം കൊടുത്തു. എനിക്കും ഏഴെണ്ണം തന്നു. അതിലൊന്നു കേട് വന്നതായിരുന്നു. ആ ഈത്തപ്പഴത്തേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് അക്കൂട്ടത്തിലുണ്ടായിരുന്നില്ല. വളരെ നേരം പ്രയാസപ്പെട്ടാണ് ഞാനത് ചവച്ചിറക്കിയത്. (ബുഖാരി. 7. 65. 322) |
|
15) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം ഒരു വിഭാഗം ജനങ്ങളുടെ മുമ്പിലൂടെ നടന്നുപോയി. അവരുടെ മുമ്പില്‍ വേവിച്ച് പാകപ്പെടുത്തിയ ഒരാടുണ്ടായിരുന്നു. അവര്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ക്ഷണം സ്വീകരിച്ചില്ല. നബി(സ) മരിക്കുന്നവരേക്കും ബാര്‍ലിയുടെ റൊട്ടി വയറ് നിറയെ ഒരിക്കലും കഴിച്ചിരുന്നില്ല എന്ന് അദ്ദേഹം അവരെ ഉണര്‍ത്തി. (ബുഖാരി. 7. 65. 325) |
|
16) ആയിശ(റ) നിവേദനം: മദീനയില്‍ വന്നശേഷം നബി(സ) മരിക്കുന്നതുവരേക്കും അവിടുത്തെ കുടുംബം ഗോതമ്പിന്റെ ആഹാരം തുടര്‍ച്ചയായി മൂന്നു ദിവസം വയറുനിറയെ കഴിച്ചിട്ടില്ല. (ബുഖാരി. 7. 65. 327) |
|
17) ആയിശ(റ) നിവേദനം: അവരുടെ കുടുംബത്തില്‍ വല്ലവരും മരണപ്പെടുകയും സ്വന്തം കുടുംബങ്ങളും അടുത്ത സ്നേഹിതന്മാരുമൊഴിച്ച് ബാക്കിയുളളവരെല്ലാം പിരിഞ്ഞുപോവുകയും ചെയ്തുകഴിഞ്ഞാല്‍ ആയിശ ഒരുകല്‍ച്ചട്ടി വരുത്തി തല്‍ബീന്‍ (മാവ്, തേന്‍ മുതലായവ ചേര്‍ത്തഒരുതരം ലേഹ്യം) തയ്യാര്‍ ചെയ്യാന്‍ കല്‍പ്പിക്കും. പിന്നീട് റൊട്ടി ചുട്ടിട്ട് അതിന്മേല്‍ തല്‍ബീന ഒഴിക്കും. അനന്തരം എല്ലാവരേയും അതു തിന്നാനുപദേശിക്കും. തല്‍ബീന രോഗിയുടെ ഹൃദയത്തിന് ശാന്തിയും സമാധാനവും ഉണ്ടാക്കും. ദുഃഖത്തെ ദുരീകരിക്കുകയും ചെയ്യുമെന്ന് നബി(സ)അരുളിയത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് ആയിശ(റ) പറയുകയും ചെയ്യും. (ബുഖാരി. 7. 65. 328) |
|
18) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ഇത് ഉള്ഹിയ്യത്തിന്റെ മാംസം മൂന്നു ദിവസത്തിലധികം ഭക്ഷിക്കുന്നതിനെ നബി(സ) വിരോധിച്ചിരുന്നുവോ എന്ന് ഞാന്‍ ആയിശ(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു: ജനങ്ങള്‍ വിശന്നിരുന്ന ഒരു വര്‍ഷം അപ്രകാരം വിരോധിച്ചിരിക്കുന്നു. മുതലാളിമാര്‍ ദരിദ്രന്മാരെ തീറ്റിക്കുവാന്‍ വേണ്ടി. തീര്‍ച്ചയായും ഞങ്ങള്‍ ഒരു കാല്‍ സൂക്ഷിച്ചുവെയ് ക്കാം. പതിനഞ്ച് ദിവസത്തോളം ഞങ്ങളതില്‍ നിന്ന് ഭക്ഷിക്കാറുണ്ട്. നിങ്ങള്‍ അതിന് നിര്‍ബന്ധിതരായിരുന്നോ? എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആയിശ(റ) പുഞ്ചിരിച്ചു. ശേഷം അവര്‍ പറഞ്ഞു; മുഹമ്മദിന്റെ കുടുംബം ഗോതമ്പിന്റെ റൊട്ടി മൂന്ന് ദിവസം തുടര്‍ച്ചയായി അദ്ദേഹം മരിക്കുന്നതുവരെ ഭക്ഷിക്കുകയുണ്ടായില്ല. (ബുഖാരി. 7. 65. 334) |
|
19) അബ്ദുറഹ്മാന്‍(റ) പറയുന്നു: അവര്‍ ഒരിക്കല്‍ ഹുദൈഫ:(റ)യുടെ അടുക്കല്‍ ഇരിക്കുകയാണ്. അദ്ദേഹം വെളളത്തിന് ആവശ്യപ്പെട്ടു. അപ്പോള്‍ ഒരു മജൂസി അദ്ദേഹത്തെ കുടിപ്പിച്ചു. കോപ്പ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച സന്ദര്‍ഭം അദ്ദേഹം അതെടുത്ത് എറിഞ്ഞു. ശേഷം പറഞ്ഞു; ഞാന്‍ പല പ്രാവശ്യം നിന്നോട് ഇത് പാടില്ലെന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ഇപ്രകാരം എറിയുമായിരുന്നില്ല. നിശ്ചയം. പ്രവാചകന്‍ ഇപ്രകാരം പറയൂന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ പട്ട് ധരിക്കരുത്. സ്വര്‍ണ്ണത്തിന്റെയും വെളളിയുടെയും പാത്രങ്ങള്‍ ആഹാര പാനീയാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുത്. ഈ സാധനങ്ങള്‍ ഇഹലോകത്ത് സത്യനിഷേധികള്‍ക്കും പരലോകത്ത് നമുക്കും ഉപയോഗിക്കാനുളളതാണ്. (ബുഖാരി. 7. 65. 337) |
|
20) അബ്ദുല്ല(റ) നിവേദനം: നബി(സ) ഈത്തപ്പഴവും വെളളരിയും ചേര്‍ത്തു ഭക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 65. 351) |
|
21) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)അരുളി: നിങ്ങളില്‍ വല്ലവനും ആഹാരം കഴിച്ചാല്‍ ആഹാരത്തിന്റെ അംശങ്ങള്‍ വായ കൊണ്ട് തുടച്ച് എടുത്ത ശേഷമല്ലാതെ കൈ തുടച്ച് വൃത്തിയാക്കരുത്. (ബുഖാരി. 7. 65. 366) |
|
22) ജാബിര്‍ (റ) നിവേദനം; അദ്ദേഹത്തോട് അഗ്നികൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ വുളു എടുക്കണമോ എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ ജാബിര്‍(റ)പറഞ്ഞു: നബി(സ) യുടെ കാലത്തു ഞങ്ങളുടെ കൈപ്പടവും കൈത്തണ്ടയും പാദങ്ങളുമല്ലാതെ ആഹാരം കഴിച്ചാല്‍ (ശുചീകരിക്കാന്‍) കര്‍ച്ചീഫോ മറ്റോ ഉണ്ടായിരുന്നില്ല. ശേഷം ഞങ്ങള്‍ നമസ്കരിക്കും. വുളു എടുക്കാറില്ല. (ബുഖാരി. 7. 65. 367) |
|
23) അബുഉമാമ:(റ) പറയുന്നു: നബി(സ)യുടെ മുമ്പിലുളള സുപ്ര എടുത്തു കൊണ്ട് പോകുകയോ അവിടുന്നു ഭക്ഷണത്തില്‍ നിന്ന് വിരമിക്കുകയോ ചെയ്താല്‍ ഇപ്രകാരം പറയും: അല്ലാഹുവിന് സര്‍വ്വ സ്തുതിയും. അവനെ വളരെയേറെ സ്തുതിക്കേണ്ടിയിരിക്കുന്നു. അവന്‍ പരിശുദ്ധനും വളരെയേറെ നന്മകളുളളവനുമാണ്. അവന്റെ അനുഗ്രഹങ്ങളെ തിരസ്കരിക്കാനും അവനെ കൈവിടാനും ആര്‍ക്കും കഴിയുകയില്ല. രക്ഷിതാവേ! നിന്നെ ആശ്രയിക്കാതെ ആര്‍ക്കും ജീവിക്കുക സാധ്യവുമല്ല. (ബുഖാരി. 7. 65. 369) |
|
27) അബ്ദുല്ല ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദുതന്‍ പറഞ്ഞു: ഒരാള്‍ ആഹാരത്തിനു ക്ഷണിക്കപ്പെടുകയും സ്വീകരിക്കാതിരിക്കയും (അല്ലെങ്കില്‍ മറുപടികൊടുക്കാതിരിക്കയും) ചെയ്യുമ്പോള്‍, അയാള്‍ അല്ലാഹുവിനെയും ദൂതനെയും അനുസരിക്കാതിരിക്കുന്നു. ക്ഷണിക്കാതെ (ഒരു സദ്യക്ക്) പോകുന്നവനാരോ അവന്‍ കള്ളനെപ്പോലെ പ്രവേശിക്കയും കൊള്ളക്കാര നെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യുന്നു. (അബൂദാവൂദ്) |
|
29) ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: (സദസ്സില്‍) ആഹാരം വെച്ചാല്‍, ആഹാരം നീക്കം ചെയ്യാതെ ആരും എഴുന്നേല്‍ക്കരുത്. ഒരാള്‍ തന്റെ വിശപ്പടക്കിക്കഴിഞ്ഞാലും, ഒഴിവുകഴിവുപറഞ്ഞ് ആളുകള്‍ പൂര്‍ത്തിയാക്കുന്നതുവരെ (ആഹാരത്തില്‍ നിന്നും) കൈ ഉയര്‍ത്തു അയാള്‍ക്കു ആഹാരം വേണമെന്നുണ്ടെങ്കിലും അയാള്‍ കൈ പിന്‍വലിക്കുവാന്‍ ഇടയാകുന്നു. (ഇബ്നുമാജാ) |
|
37) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കട്ടെ. നോമ്പുകാരനാണ് അവനെങ്കില്‍ ക്ഷണിച്ചവനു വേണ്ടി പ്രാര്‍ത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കില്‍ ഭക്ഷിക്കുകയും ചെയ്യട്ടെ. (മുസ്ലിം) (ഈ രണ്ടവസ്ഥയിലും ക്ഷണം സ്വീകരിക്കേണ്ടതാണ്) |
|
42) കഅ്ബ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) മൂന്ന് വിരലുകള്‍കൊണ്ട് ഭക്ഷിക്കുന്നത് ഞാന്‍ കണ്ടു. ഭക്ഷിച്ചുകഴിഞ്ഞാല്‍ വിരലുകള്‍ അവിടുന്ന് നക്കിയിരുന്നു. (മുസ്ലിം) |
|
43) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) വിരലും തളികയും നക്കിവൃത്തിയാക്കാന്‍ കല്പിച്ചു. പ്രവാചകന്‍(സ) പറയാറുണ്ട്. നിങ്ങളുടെ ആഹാരത്തില്‍ ഏതിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ (മുസ്ലിം) (ദഹനമുണ്ടാക്കുകയും ഇബാദത്തിനും സഹായിക്കുകയും ചെയ്യുന്നത് എന്നാണ് ബര്‍ക്കത്തുകൊണ്ടുള്ള വിവക്ഷ) |
|
47) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഒരാളുടെ ഭക്ഷണം രണ്ടാള്‍ക്കും രണ്ടാളുടേത് നാലാള്‍ക്കും നാലാളുടേത് എട്ടാള്‍ക്കും മതിയാകുന്നതാണ്. (മുസ്ലിം) (ആളുകള്‍ അധികരിക്കുന്നതനുസരിച്ച് ബര്‍ക്കത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കും) |
|
52) അനസി(റ)ല്‍ നിന്ന് നിവേദനം: നിന്നു കൊണ്ട് കുടിക്കുന്നത് നബി(സ) വിലക്കി. ഖത്താദത്ത്(റ) പറഞ്ഞു: അപ്പോള്‍ ഞങ്ങള്‍ അനസി(റ) നോട് ചോദിച്ചു: (നിന്നുകൊണ്ട്) ഭക്ഷിക്കലോ? അവിടുന്ന് പറഞ്ഞു: അതേറ്റവും ചീത്തയാണ്. (മുസ്ലിം) |
|
53) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: നിങ്ങളാരും നിന്നുകൊണ്ട് കുടിക്കരുത്. വല്ലവനും മറന്ന് കുടിച്ചെങ്കിലോ? അവന്‍ അത് ഛര്‍ദ്ദിച്ചുകൊള്ളട്ടെ. (മുസ്ലിം) |
|