Advanced Hadees Search
വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തഹജ്ജുദ്‌

മലയാളം ഹദീസുകള്‍


1) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) രാത്രിയില്‍ തഹജ്ജുദിനുവേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! നിനക്ക് സര്‍വ്വസ്തുതിയും. ആകാശത്തിലെയും ഭൂമിയിലെയും അവയ്ക്ക് ഇടയിലുള്ളതിന്റെയും നിയന്താവ് നീയാണ്. നിനക്ക് സ്തുതി. ഉപരിഭാഗങ്ങളുടെയും ഭൂമിയുടെയും അവയ്ക്ക് ഇടയിലുള്ളതിന്റെയും ആധിപത്യം നിനക്കാണ്. നിനക്ക് സ്തുതി. ആകാശങ്ങളുടെയും ഭൂമിയുടെയും തേജസ്സ് നീയാണ്. നിനക്ക് സര്‍വ്വസ്തുതിയും. ആകാശങ്ങളുടെയും ഭൂമിയുടെയും രാജാവ് നീയാണ്. നിനക്ക് സ്തുതി. നീയാണ് സത്യം. നിന്റെ വാഗ്ദാനം സത്യമാണ്. നിന്നെ അഭിമുഖീകരിക്കല്‍ യാഥാര്‍ത്ഥ്യമാണ്. നിന്റെ വചനം യാഥാര്‍ത്ഥ്യമാണ്. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്. നരകം യാഥാര്‍ത്ഥ്യമാണ്. പ്രവാചകന്മാര്‍ യാഥാര്‍ത്ഥ്യമാണ്. അന്ത്യദിനം സത്യമാണ്. അല്ലാഹുവേ! മുഹമ്മദ് സത്യമാണ്. നിനക്ക് വേണ്ടി ഞാന്‍ മുസ്ളീമായിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. നിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. നിന്നിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു. നീ എനിക്ക് തെളിവുകള്‍ നല്‍കേണമേ, നിന്നിലേക്ക് ഞാന്‍ വിധി അന്വേഷിക്കുന്നു. അതിനാല്‍ നീ എനിക്ക് മാപ്പ് ചെയ്യേണമേ. ഞാന്‍ പ്രവര്‍ത്തിച്ചതിലും പ്രവര്‍ത്തിക്കാത്തതിലും ഞാന്‍ രഹസ്യമാക്കിയതിലും പരസ്യമാക്കിയതിലും. ആദ്യവും അന്ത്യവും നീയാണ്. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. (ബുഖാരി. 2. 21. 221)
 
2) സാലിമ്(റ) തന്റെ പിതാവില്‍ നിന്ന് (ഇബ്നു ഉമര്‍) ഉദ്ധരിക്കുന്നു: നബി(സ)യുടെ കാലത്ത് ആരെങ്കിലും വല്ല സ്വപ്നവും ദര്‍ശിച്ചാല്‍ അതിനെക്കുറിച്ച് നബി(സ)യെ ഉണര്‍ത്തുക പതിവായിരുന്നു. ഞാനൊരു സ്വപ്നം കാണുവാനും അത് നബി(സ)യുടെ മുമ്പില്‍ വെക്കുവാനും ആഗ്രഹിച്ചു. ഞാനൊരു യുവാവായിരുന്നു. അവിവാഹിതനായതിനാല്‍ നബി(സ)യുടെ കാലത്ത് പള്ളിയിലായിരുന്നു ഞാന്‍ കിടന്നുറങ്ങാറുണ്ടായിരുന്നത്. ഒരു ദിവസം രണ്ട് മലക്കുകള്‍ വന്ന് എന്നെ പിടിച്ച് നരകത്തിലേക്ക് കൊണ്ടുപോകുന്നതായി ഞാന്‍ സ്വപ്നം കണ്ടു. നോക്കുമ്പോള്‍ കിണര്‍ പടുക്കുംപോലെ നരകത്തിന്റെ ഓരങ്ങള്‍ പടുത്തിട്ടുണ്ട്. അതിന്റെ മേല്‍ഭാഗത്ത് രണ്ടു തൂണുകള്‍ ഉണ്ട്. നരകത്തിലേക്ക് നോക്കിയപ്പോള്‍ അതാ! അതില്‍ കുറെ മനുഷ്യര്‍! അവരെ എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. അപ്പോള്‍ ഞാന്‍ പറയുവാന്‍ തുടങ്ങി. നരകത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു. അപ്പോള്‍ മറ്റൊരു മലക്കിനെ ഞാന്‍ കണ്ടുമുട്ടി. നീ ഭയപ്പെടേണ്ട എന്ന് ആ മലക്ക് എന്നോട് പറഞ്ഞു. ഈ സ്വപ്നം ഞാന്‍ ഹഫ്സക്ക് വിവരിച്ചുകൊടുത്തു. അവര്‍ ആ വാര്‍ത്ത നബി(സ)യെ അറിയിച്ചു. അന്നേരം നബി(സ) അരുളി. അബ്ദുല്ല(ഇബ്നു ഉമര്‍)വളരെ നല്ലൊരു മനുഷ്യനാണ്. അവന്‍ രാത്രിയില്‍ നമസ്കരിക്കുക കൂടി ചെയ്തെങ്കില്‍ വളരെ നന്നായിരുന്നു. അതിനുശേഷം ഇബ്നുഉമര്‍(റ) രാത്രി അല്പസമയം മാത്രമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. (ബുഖാരി. 2. 21. 222)
 
4) ജുന്‍ദുബ്(റ) നിവേദനം: നബി(സ)യെ രോഗം പിടികൂടി. അപ്പോള്‍ ഒന്നോ രണ്ടോ രാത്രി നമസ്കരിക്കുവാന്‍ എഴുന്നേറ്റില്ല. (ബുഖാരി. 2. 21. 224)
 
5) ജുന്‍ദുബ്(റ) നിവേദനം: ഏതാനും ദിവസം ജിബ്രില്‍ വഹ്യുമായി നബി(സ)യെ സമീപിക്കാതിരുന്നു. അപ്പോള്‍ ഖുറൈശികളില്‍പെട്ട ഒരു സ്ത്രീ പറഞ്ഞു: മുഹമ്മദിന്റെ പിശാച് അവനെ സമീപിക്കല്‍ പിന്തിയിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് സൂറത്തു ളുഹാ അവതരിക്കപ്പെട്ടത്. (ബുഖാരി. 2. 21. 225)
 
6) അലി(റ) നിവേദനം: ഒരു രാത്രി നബി(സ) അദ്ദേഹത്തിന്റെയും ഫാത്തിമയുടെയും വാതിലില്‍ മുട്ടിക്കൊണ്ട് ചോദിച്ചു. നിങ്ങള്‍ രണ്ടുപേരും രാത്രി നമസ്കരിക്കാറില്ലേ? ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളുടെ ആത്മാക്കള്‍ അല്ലാഹുവിന്റെ ഹസ്തങ്ങളിലാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ ഞങ്ങളെ പുനര്‍ജീവിപ്പിക്കും. (എഴുന്നേല്‍പ്പിക്കും)ഞങ്ങളതു പറഞ്ഞപ്പോള്‍ മറുപടി ഒന്നും പറയാതെ നബി(സ) പിരിഞ്ഞുപോയി. പോകുമ്പോള്‍ മനുഷ്യന്‍ വലിയ താര്‍ക്കികന്‍ തന്നെ എന്ന ആയത്തു നബി(സ) ഓതുന്നുണ്ട്. (ബുഖാരി. 2. 21. 227)
 
7) ആയിശ(റ) നിവേദനം: ഒരു കര്‍മ്മം അനുഷ്ഠിക്കുവാന്‍ നബി(സ)ക്ക് ആഗ്രഹമുണ്ടായാല്‍ പോലും നബി(സ) ആ കര്‍മ്മം വിട്ടുകളയാറുണ്ടായിരുന്നു. അതനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കുകയും അപ്പോള്‍ അതവര്‍ക്ക് ഒഴിച്ചു കൂടാത്ത ഒന്നാണെന്ന ധാരണ ഉണ്ടാവുകയും ചെയ്യും. നബി(സ) ളുഹാ നമസ്കാരം ഒരിക്കലും നമസ്കരിച്ചിട്ടില്ല. എന്നാല്‍ ഞാനത് അനുഷ്ഠിക്കാറുണ്ട്. (ബുഖാരി. 2. 21. 228)
 
8) ആയിശ(റ) നിവേദനം: നിശ്ചയം നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് നമസ്കരിച്ചു. അപ്പോള്‍ ഒരു വിഭാഗം ജനങ്ങളും നബി(സ)യെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ) അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. എന്നാല്‍ നബി(സ) അവരിലേക്ക് വരികയുണ്ടായില്ല. പ്രഭാതമായപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ പ്രവര്‍ത്തനം ഞാന്‍ മനസ്സിലാക്കിയിരുന്നു. നിര്‍ബ്ബന്ധമാണെന്ന ധാരണയുണ്ടാകുമോ എന്നത് മാത്രമാണ് നിങ്ങളിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടുത്തത്. ഇത് റമളാനില്‍ ആയിരുന്നു. (ബുഖാരി. 2. 21. 229)
 
9) മുഗീറ(റ) നിവേദനം: രണ്ടു കാല്‍പാദങ്ങളില്‍ അല്ലെങ്കില്‍ കണങ്കാലുകളില്‍ നീരുവന്നു കയറും വരെ നബി(സ) രാത്രി നമസ്കരിക്കാറുണ്ട്. (അങ്ങനെ നമസ്കരിക്കേണ്ടതുണ്ടോ എന്ന്) നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്നു പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് നന്ദിയുള്ള ഒരു ദാസനായിരിക്കേണ്ടയോ? (ബുഖാരി. 2. 21. 230)
 
10) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നിശ്ചയം നബി(സ) അരുളി: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്കാരം ദാവൂദ് നബി(സ)യുടെ നമസ്കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും ദാവൂദ് നബി(അ)യുടെ നോമ്പാണ്. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നില്‍ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അദ്ദേഹം ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പുപേക്ഷിക്കും. (ബുഖാരി. 2. 21. 231)
 
11) മസ്റൂഖ്(റ) നിവേദനം: നബി(സ)ക്ക് ഏത് പ്രവൃത്തിയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു. പതിവായി ചെയ്യാന്‍ സാധിക്കുന്നത്. നബി(സ) എപ്പോഴാണ് രാത്രി നമസ്കാരത്തിന് എഴുന്നേല്‍ക്കാറുള്ളതെന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അവര്‍ പറഞ്ഞു. കോഴിയുടെ കൂവല്‍ കേള്‍ക്കുമ്പോള്‍. (ബുഖാരി. 2. 21. 232)
 
12) അബ്ദുല്ല(റ) നിവേദനം: നബി(സ)യുടെ കൂടെ ഒരു രാത്രി ഞാന്‍ നമസ്കരിച്ചു. നബി(സ) നമസ്കാരം തുടര്‍ന്ന് ഇടക്ക് ഒരു ചീത്ത വിചാരം എന്റെ മനസ്സിലുദിച്ചു. എന്താണ് നിങ്ങളുദ്ദേശിച്ചത്? എന്നു ചിലര്‍ ചോദിച്ചു. അനസ്(റ) പറഞ്ഞു: ഞാന്‍ നബിയെ ഉപേക്ഷിച്ച് ഇരിക്കാന്‍ വിചാരിച്ചു. (ബുഖാരി. 2. 21. 236)
 
13) ഹുദൈഫ:(റ) നിവേദനം: നബി(സ) തഹജ്ജുദിന് വേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ മിസ്വാക്ക് ചെയ്യാറുണ്ട്. (ബുഖാരി. 2. 21. 237)
 
14) ഇബ്നു ഉമര്‍(റ) നിവേദനം: പ്രവാചകരേ! എങ്ങിനെയാണ് രാത്രി നമസ്കാരമെന്ന് ഒരാള്‍ ചോദിച്ചു. നബി(സ) അരുളി: ഈ രണ്ടു ഈ രണ്ട് വീതം. നീ സുബ്ഹിനെ ഭയപ്പെട്ടാല്‍ ഒന്ന് കൊണ്ട് വിത്റാക്കുക. (ബുഖാരി. 2. 21. 238)
 
15) മസ്റൂഖ്(റ) പറയുന്നു: ആയിശ(റ) യോട് രാത്രി നമസ്കാരം എത്രയായിരുന്നുവെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു 7, 9, 11 എന്നീ ക്രമത്തില്‍ സുബ്ഹിന്റെ രണ്ട് റക്അത്ത് പുറമെ. (ബുഖാരി. 2. 21. 240)
 
16) ആയിശ(റ) നിവേദനം: നബി(സ) രാത്രിയില്‍ 13 റക്അത്ത് നമസ്കരിക്കാറുണ്ട്. വിത്റും സുബ്ഹിന്റെ രണ്ടു റക്അത്തും അതില്‍ ഉള്‍പ്പെടുന്നു. (ബുഖാരി. 2. 21. 241)
 
17) അനസ്(റ) നിവേദനം: ചില മാസങ്ങളില്‍ നബി(സ) നോമ്പ് ഉപേക്ഷിക്കുന്നത് കണ്ടാല്‍ നമുക്ക് തോന്നും നബി(സ) ഇനി ആ മാസത്തില്‍ നോമ്പു നോല്‍ക്കുകയില്ലെന്ന്. ചില മാസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടാല്‍ തോന്നും ഇനി ആ മാസത്തില്‍ നബി(സ) നോമ്പുപേക്ഷിക്കുകയില്ലെന്ന്. നബി(സ) രാത്രി നമസ്കരിക്കുന്നത് കാണാനുദ്ദേശിച്ചാല്‍ അതും നബി(സ) രാത്രി ഉറങ്ങുന്നത് കാണാനുദ്ദേശിച്ചാല്‍ അതും നിനക്ക് കാണാന്‍ സാധിക്കും. (ബുഖാരി. 2. 21. 242)
 
18) അബൂഹുറൈറ(റ) നിവേദനം: തീര്‍ച്ചയായും നബി(സ) അരുളി: നിങ്ങളില്‍ ഒരാള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവന്റെ തലയുടെ പിന്‍ഭാഗത്തു പിശാച് കെട്ടുകെട്ടും. രാവ് ഇനിയും വളരെയധികമുണ്ട്. ഉറങ്ങിക്കൊള്ളുവീന്‍ എന്നു പറഞ്ഞു ഓരോ കെട്ടിലും അവന്‍ അടിക്കും. മനുഷ്യര്‍ ഉണര്‍ന്നു അല്ലാഹുവിനെ സ്മരിച്ചാല്‍ ഒരു കെട്ടഴിയും. അവന്‍ വുളു ചെയ്താല്‍ രണ്ടാമത്തെ കെട്ടഴിയും. പിന്നീടവന്‍ നമസ്കരിച്ചാലോ മറ്റേ കെട്ടും അഴിയും. മാത്രമല്ല പ്രഭാതവേളയില്‍ അവന്‍ ഉന്മേഷവാനായി എഴുന്നേല്‍ക്കുകയും ചെയ്യും. മറിച്ചാണെങ്കിലോ ഉന്മേഷരഹിതനും മടിയനുമായി കൊണ്ട് അവന്‍ എഴുന്നേല്‍ക്കും. (ബുഖാരി. 2. 21. 243)
 
19) സമുറ(റ) നിവേദനം: കല്ല് കൊണ്ട് തല പൊട്ടിക്കപ്പെടുന്നവന്‍ ഖുര്‍ആന്‍ മന:പാഠമാക്കിയിട്ടും അതിനെ വര്‍ജ്ജിച്ച് നിര്‍ബന്ധ നമസ്കാരം നിര്‍വ്വഹിക്കാതെ ഉറങ്ങുന്നവനാണെന്ന് നബി(സ) കണ്ട സ്വപ്നത്തെ വ്യാഖ്യാനിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു. (ബുഖാരി 2. 21. 244)
 
20) അബ്ദുല്ല(റ) നിവേദനം: നമസ്കരിക്കാതെ നേരം പുലരുന്നതുവരെ കിടന്നുറങ്ങുന്ന ഒരാളെക്കുറിച്ച് ഒരിക്കല്‍ നബി(സ)യോട് പറയപ്പെട്ടു. അവിടുന്ന് അരുളി: പിശാച് അവന്റെ ചെവിയില്‍ മൂത്രമൊഴിച്ചിരിക്കുന്നു. (ബുഖാരി. 2. 21. 245)
 
21) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്കിറങ്ങി വരും. അവന്‍ ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും. (ബുഖാരി. 2. 21. 246)
 
22) അസ്വദ്(റ) പറയുന്നു: രാത്രിയിലെ നബി(സ)യുടെ നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അവര്‍ പറഞ്ഞു. അവിടുന്നു രാവിന്റെ ആദ്യദശയില്‍ ഉറങ്ങുകയും അന്ത്യദശയില്‍ എഴുന്നേറ്റ് നമസ്കരിക്കുകയും ചെയ്യും. നമസ്കാര ശേഷം നബി(സ) വിരിപ്പിലേക്ക് തന്നെ മടങ്ങും. ബാങ്ക് വിളിക്കുന്നത് കേട്ടാല്‍ വീണ്ടും എഴുന്നേല്‍ക്കും. കുളിക്കേണ്ടതുങ്കിെല്‍ കുളിക്കും. ഇല്ലെങ്കില്‍ വുളു ചെയ്ത്(പള്ളിയിലേക്ക്)പുറപ്പെടും. (ബുഖാരി. 2. 21. 247)
 
23) അബൂസലമ(റ) നിവേദനം: റമളാന്‍ മാസത്തിലെ നബി(സ)യുടെ രാത്രി നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു. നബി(സ) റമളാനിലും റമളാനല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിലധികം നമസ്കരിച്ചിട്ടില്ല. ആദ്യം നബി(സ) നാല് റക്അത്ത് നമസ്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന് റക്അത്ത് നമസ്ക്കരിക്കും. ആയിശ(റ) പറഞ്ഞു: ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! വിത്ത്റാക്കുന്നതിന്റെ മുമ്പ് അവിടുന്നു ഉറങ്ങുകയാണോ? നബി(സ) അരുളി: ആയിശാ! എന്റെ രണ്ടു കണ്ണുകളാണ് ഉറങ്ങുന്നത്. എന്റെ മനസ്സിനെ ഉറക്കം ബാധിക്കുന്നില്ല. (ബുഖാരി. 2. 21. 248)
 
24) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു സുബ്ഹ് നമസ്കാരത്തിന്നുശേഷം പ്രവര്‍ത്തിച്ച ബിലാലിനോട് പറഞ്ഞു. നീ മുസ്ളിമായശേഷം പുണ്യകര്‍മ്മങ്ങളില്‍ ഏറ്റവും അധികം പ്രതിഫലം കാംക്ഷിക്കുന്നത് ഏതാണ്? നിശ്ചയം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്റെ ചെരുപ്പിന്റെ ചലനം കേള്‍ക്കുകയുണ്ടായി. ബിലാല്‍ പറഞ്ഞു: ഞാന്‍ രാത്രിയിലോ പകലിലോ ഏതുസമയം വുളു എടുത്താലും എനിക്ക് നമസ്ക്കരിക്കുവാന്‍ മതപരമാക്കിയത് ഞാന്‍ ആ വുളുകൊണ്ട് നമസ്ക്കരിക്കാറുണ്ട്. ഇതാണ് എന്റെ അടുത്ത് ഏറ്റവും പ്രതീക്ഷയുള്ളത്. (ബുഖാരി. 2. 21. 250)
 
25) അനസ്(റ) നിവേദനം: നബി(സ) ഒരിക്കല്‍ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അവിടെ രണ്ടു തൂണുകള്‍ക്കിടയില്‍ ഒരു കയര്‍ ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടു. നബി(സ) ചോദിച്ചു: എന്താണീ കയര്‍? സഹാബിവര്യന്മാര്‍ പറഞ്ഞു. ഇത് സൈനബയുടെ കയറാണ്. അവര്‍ക്ക്(രാത്രിനമസ്ക്കാരത്തില്‍)ക്ഷീണം ബാധിക്കുമ്പോള്‍ ഈ കയറില്‍ പിടിക്കും. നബി(സ) അരുളി: വേണ്ടതില്ല. അത് അഴിച്ചു കളയുവീന്‍. നിങ്ങളിലോരോരുത്തരും അവരുടെ ഉന്മേഷാവസരത്തില്‍ നമസ്ക്കരിക്കട്ടെ. ക്ഷീണം ബാധിച്ചാല്‍ ഇരിക്കുകയും ചെയ്യട്ടെ. (ബുഖാരി. 2. 21. 251മ)
 
26) അബ്ദുല്ല(റ) നിവേദനം: നബി(സ) എന്നോട് അരുളി: അബ്ദുല്ലാ! നീ ഒരു മനുഷ്യനെപ്പോലെയാവരുത്. അവന്‍ രാത്രിയില്‍ എഴുന്നേല്‍ക്കും. അങ്ങനെ രാത്രി നമസ്കാരം ഉപേക്ഷിക്കും. (ബുഖാരി. 2. 21. 252)
 
27) ഉബാദത്ത്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. എന്നിട്ടിപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. അവന്‍ ഏകനാണ് അവന് പങ്കുകാരനില്ല. അവനാണ് ആധിപത്യം. അവനാണ് സര്‍വ്വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രേ. സര്‍വ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു പരിശുദ്ധനാണ്. അവനല്ലാതെ ആരാധകനില്ല. അവന്‍ മഹാനാകുന്നു. അവന്‍ കാരണമല്ലാതെ യാതൊരു ശക്തിയും സഹായവുമില്ല. ശേഷം അവന്‍ ഇപ്രകാരവും പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! എനിക്ക് നീ പൊറുത്തു തരേണമേ എന്നോ അല്ലെങ്കില്‍ മറ്റു വല്ലതുമോ പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും അവന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കും. പിന്നീടവന്‍ വുളു ചെയ്തു നമസ്കരിച്ചാലോ അല്ലാഹു അവന്റെ നമസ്കാരവും സ്വീകരിക്കും. (ബുഖാരി. 2. 21. 253)
 
28) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം തന്റെ ഉപദേശം നല്‍കുന്നതിനിടക്ക് നബി(സ)യെക്കുറിച്ച് പ്രസ്താവിച്ചു. നിങ്ങളുടെ സഹോദരന്‍ കള്ളം പറഞ്ഞിട്ടില്ല. അബ്ദുല്ലാഹിബ്നു റവാഹത്തിനെയാണ് അബൂഹുറൈറ(റ) ഉദ്ദേശിച്ചത്. എന്നിട്ട് അബ്ദുല്ലാഹിബ്നു റവാഹത്തു നബി(സ)യെ വര്‍ണിച്ചുകൊണ്ട് പാടിയ പദ്യത്തിന്റെ ചില വരികള്‍ അദ്ദേഹം ഉദ്ധരിച്ചു:- ഞങ്ങളില്‍ അല്ലാഹുവിന്റെ ദൂതനുണ്ട്. പ്രഭാതം ഉദിച്ച് ഉയരുമ്പോള്‍ അദ്ദേഹം അല്ലാഹുവിന്റെ വേദ ഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. നാം അന്ധരായി ജീവിച്ചശേഷം നമുക്ക് അദ്ദേഹം നേര്‍മാര്‍ഗ്ഗം കാണിച്ചുതന്നു. അവിടുന്നരുളിയ കാര്യങ്ങളെല്ലാം സംഭവിക്കുകതന്നെ ചെയ്യുമെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. തന്റെ വിരിപ്പില്‍ നിന്ന് ശരീരത്തെ അകറ്റി നിര്‍ത്തിക്കൊണ്ടാണ് അവിടുന്നു രാത്രി സമയം കഴിച്ചുകൂട്ടാറുള്ളത്. ബഹുദൈവവിശ്വാസികള്‍ക്ക് വിരിപ്പുകളില്‍ നിന്ന് എഴുന്നേല്‍ക്കുക എന്നത് വളരെ ക്ളേശകരമായി തോന്നുകയും ചെയ്യുന്നു. (ബുഖാരി. 2. 21. 254)
 
29) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഞാനൊരിക്കല്‍ ഇപ്രകാരം സ്വപ്നം കണ്ടു. എന്റെ കൈയില്‍ പട്ടിന്റെ ഒരു തുണ്ട് ഇരുന്നതായും സ്വര്‍ഗ്ഗത്തില്‍ ഏത് സ്ഥലത്ത് ഞാന്‍ പോകാനുദ്ദേശിച്ചാലും ആ പട്ടു തുണ്ട് എന്നെയും കൊണ്ട് പറന്നിരുന്നതായും രണ്ടാള്‍ എന്റെയടുക്കല്‍ വന്നു എന്നെ നരകത്തിലേക്ക് കൊണ്ടു പോകുന്നതായും. അപ്പോള്‍ അവരെ മറ്റൊരു മലക്ക് അഭിമുഖീകരിച്ചു. എന്നിട്ട് ആ മലക്ക് പറഞ്ഞു: നീ പരിഭ്രമിക്കേണ്ടതില്ല. നിങ്ങള്‍ അദ്ദേഹത്തെ വിട്ടേക്കുവീന്‍. (ബുഖാരി. 2. 21. 255)
 
30) ആയിശ(റ) നിവേദനം: നബി(സ) സുബ്ഹിന്റെ രണ്ടു റക്അത്തു നമസ്കരിച്ചാല്‍ തന്റെ വലതുഭാഗത്തേക്ക് ചെരിഞ്ഞുകിടക്കും. (ബുഖാരി. 2. 21. 257)
 
31) ആയിശ(റ) നിവേദനം: സുബ്ഹിന്റെ രണ്ട് റക്അത്ത് സുന്നത്തു നമസ്കരിക്കുന്നതില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് പോലെയുള്ള നിഷ്കര്‍ഷ മറ്റൊരു സുന്നത്തു നമസ്കാരത്തിലും നബി(സ) പ്രദര്‍ശിപ്പിച്ചിരുന്നില്ല. (ബുഖാരി. 2. 21. 260)
 
32) ആയിശ(റ) നിവേദനം: സുബ്ഹിന്റെ രണ്ടു റക്അത്തു സുന്നത്തു നബി(സ) വളരെയധികം ലഘൂകരിക്കാറുണ്ട്. നബി(സ) നമസ്കാരത്തില്‍ ഫാതിഹ ഓതിയോ എന്ന് എനിക്ക് ചിലപ്പോള്‍ സംശയം തോന്നാറുണ്ട്. (ബുഖാരി. 2. 21. 262)
 
33) ജാബിര്‍(റ) നിവേദനം: എല്ലാ കാര്യങ്ങളില്‍ നല്ലവശം തോന്നിപ്പിച്ചു തരുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടത് എങ്ങിനെയെന്ന് നബി(സ) ഖുര്‍ആനിലെ അധ്യായം പഠിപ്പിച്ചു തരുംപോലെ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരാറുണ്ടായിരുന്നു. നബി(സ) അരുളി: നിങ്ങളിലാരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കാനുദ്ദേശിച്ചാല്‍ ഹര്‍ള് നമസ്കാരത്തിന് പുറമെ രണ്ടു റക്അത്തു നമസ്കരിക്കട്ടെ. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ (ഞാന്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍)നല്ല വശം തോന്നിപ്പിച്ചു തരുവാന്‍ ഞാനിതാ നിന്നോട് സഹായം തേടുന്നു. നിന്റെ ശക്തി മുഖേന എനിക്ക് ശക്തി കൈവരുത്തിത്തരുവാന്‍ ഞാനിതാ നിന്നോടപേക്ഷിക്കുന്നു. നിന്റെ മഹത്തായ അനുഗ്രഹങ്ങള്‍ക്കു വേണ്ടിയും ഞാനിതാ നിന്നോട് യാചിക്കുന്നു. നിശ്ചയം എനിക്ക് കഴിവില്ല. നിനക്കാണ് കഴിവുകളെല്ലാമുള്ളത്. നീ ജ്ഞാനിയാണ്. ഞാന്‍ അജ്ഞാനിയും. നീതന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. അല്ലാഹുവേ!(ഞാനുദ്ദേശിക്കുന്ന)ഇക്കാര്യം എനിക്ക് എന്റെ ദീനിനും എന്റെ ജീവിതത്തിനും കാര്യങ്ങളുടെ പരിണാമ ഘട്ടത്തിലേക്കും നല്ലതാണെന്നു നിനക്കറിവുണ്ടെങ്കില്‍ നീ അതിന് എനിക്ക് കഴിവ് നല്‍കുകയും അക്കാര്യം കരസ്ഥമാക്കുവാനുള്ള മാര്‍ഗം സുഗമമാക്കിത്തരികയും ചെയ്യേണമേ! അങ്ങനെയല്ല. ഞാന്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന ഇക്കാര്യം എനിക്ക് എന്റെ ദീനിനും ജീവിതത്തിനും കാര്യങ്ങളുടെ പരിണാമങ്ങള്‍ക്കും - ദോഷകരമാണെന്ന് നിനക്കറിവുണ്ടെങ്കില്‍ ഇക്കാര്യത്തെ എന്നില്‍ നിന്നും ഇക്കാര്യത്തില്‍ നിന്ന് എന്നെയും നീതിരിച്ചു വിടേണമേ. എനിക്ക് നന്മ അതെവിടെയാണെങ്കിലും നീ നിശ്ചയിച്ചു തരേണമേ! അതില്‍ എന്നെ സംതൃപ്തനാക്കുകയും ചെയ്യേണമേ. നബി(സ) തുടര്‍ന്ന് അരുളി: ശേഷം തന്റെ ആവശ്യങ്ങള്‍ അവന്‍ പറയട്ടെ. (ബുഖാരി. 2. 21. 263)
 
34) അനസ്(റ) നിവേദനം: നബി(സ) ഒരു പകലില്‍ ഞങ്ങള്‍ക്ക് വേണ്ടി രണ്ട് റക്അത്തു നമസ്കരിച്ചു. അതില്‍ നിന്നു വിരമിച്ചു. (ബുഖാരി. 2. 21. 265)
 
35) അബ്ദൂല്ല(റ) നിവേദനം: നബി(സ)യുടെ കൂടെ ളുഹ്റിന് മുമ്പ് രണ്ടു റക്അത്തും അതിന് ശേഷം രണ്ടു റക്അത്തും ജുമുഅ:ക്ക് ശേഷം രണ്ട് റക്അത്തും മഗ്രിബിന് ശേഷം രണ്ടു റക്അത്തും ഇശാക്ക് ശേഷം രണ്ടു റക്അത്തും ഞാന്‍ നമസ്കരിക്കുകയുണ്ടായി. (ബുഖാരി. 2. 21. 266)
 
36) ഹഫ്സ(റ) നിവേദനം: സൂര്യന്‍ ഉദിച്ചശേഷം നബി(സ) ലഘുവായ രണ്ടു റക്അത്തു നമസ്കരിക്കാറുണ്ട്. ഇബ്നു ഉമര്‍(റ) പറയുന്നു: ഈ സമയത്ത് ഞാന്‍ നബിയുടെ സന്നിധിയില്‍ പ്രവേശിക്കാറില്ല. (ബുഖാരി. 2. 21. 269)
 
37) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ കൂടെ എട്ട് റക്അത്ത് ഒരുമിച്ച് കൊണ്ടും ഏഴ് റക്അത്തു ഒരുമിച്ച് കൊണ്ടും ഞാന്‍ നമസ്കരിക്കുകയുണ്ടായി. ഞാന്‍ ചോദിച്ചു(അംറ്)അല്ലയോ അബൂശഅ്സാഅ്. അതിന്റെ ഉദ്ദേശം നബി(സ) ളുഹ്റിനെ പിന്തിപ്പിക്കുകയും അസറിനെ മുന്തിക്കുകയും ഇശാനമസ്കാരത്തെ മുന്തിക്കുകയും മഗ്രിബിനെ പിന്തിക്കുകയും ചെയ്തു എന്നല്ലേ? അദ്ദേഹം പറഞ്ഞു: ഞാന്‍ അപ്രകാരം ഊഹിക്കുന്നു. (ബുഖാരി. 2. 21. 270)
 
38) മുവറിഖ്(റ) പറയുന്നു: ഇബ്നു ഉമര്‍(റ) നോട് താങ്കള്‍ ളുഹാ നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമര്‍(റ) നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അദ്ദേഹം അപ്പോഴും മറുപടി പറഞ്ഞു. അബൂബക്കര്‍(റ) നമസ്കരിക്കാറുണ്ടോ എന്നു ചോദിച്ച സന്ദര്‍ഭത്തിലും ഇല്ലെന്നു പറഞ്ഞു: നബി(സ) നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. നമസ്കരിച്ചതായി ഞാന്‍ വിചാരിക്കുന്നില്ലെന്ന് ഇബ്നു ഉമര്‍(റ) പറഞ്ഞു. (ബുഖാരി. 2. 21. 271)
 
39) ആയിശ(റ) നിവേദനം: നബി(സ) ളുഹാ നമസ്കരിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. എന്നാല്‍ ഞാനത് നമസ്കരിക്കാറുണ്ട്. (ബുഖാരി. 2. 21. 273)
 
40) അബൂഹുറൈറ(റ) നിവേദനം: എന്റെ ആത്മമിത്രം മൂന്നുകാര്യം അനുഷ്ഠിക്കുവാന്‍ എന്നോട് ഉപദേശിച്ചിരിക്കുന്നു. ഞാന്‍ മരിക്കുന്നതുവരെ അവ ഉപേക്ഷിക്കുകയില്ല. എല്ലാ മാസത്തിലും മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക. ളുഹാ നമസ്കാരവും. വിത്ത്റാക്കി ഉറങ്ങല്‍. (ബുഖാരി. 2. 21. 274)
 
41) ആയിശ(റ) നിവേദനം: ളുഹ്റിന് മുമ്പുള്ള നാല് റക്അത്തു സുന്നത്തും സുബ്ഹിന്റെ രണ്ട് റക്അത്തു സുന്നത്തും നബി(സ) ഉപേക്ഷിക്കാറില്ല. (ബുഖാരി. 2. 21. 276)
 
42) അബ്ദുല്ലാഹില്‍മുസ്നി(റ) നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ മഗ്രിബിന് മുമ്പ് നമസ്കരിക്കുവീന്‍ എന്നു നബി(സ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചുകൊണ്ട് പറഞ്ഞു. മൂന്നാമത്തെ പ്രാവശ്യം ഉദ്ദേശിക്കുന്നവര്‍ക്ക് എന്ന് കൂടി നബി(സ) പറഞ്ഞു. ജനങ്ങള്‍ അത് പതിവായി സുന്നത്താക്കുന്നതിനെ നബി(സ) വെറുത്തത് കൊണ്ടാണ് ഇപ്രകാരം പറഞ്ഞത്. (ബുഖാരി. 2. 21. 277)
 
43) മര്‍സത്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ഉഖ്ബത്തുബ്നുഅമിര്‍(റ)ന്റെ സദസ്സില്‍ വന്നു ഇപ്രകാരം പറഞ്ഞു: അബുതമീമ് എന്ന മനുഷ്യനെ സംബന്ധിച്ച് താങ്കള്‍ അല്‍ഭുതപ്പെടുന്നില്ലേ? അയാള്‍ മഗ്രിബിന് മുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കാറുണ്ട്. അപ്പോള്‍ ഉഖ്ബത്ത്(റ) പറഞ്ഞു. നബി(സ)യുടെ കാലത്ത് ഞങ്ങള്‍ അപ്രകാരം ചെയ്യാറുണ്ട്. ഞാന്‍ പറഞ്ഞു. എങ്കില്‍ താങ്കള്‍ എന്തുകൊണ്ട് മഗ്രിബിന് മുമ്പ് നമസ്കരിക്കുന്നില്ല.? ഉഖ്ബത്ത്(റ) പ്രത്യുത്തരം നല്‍കി. ജോലിത്തിരക്ക്. (ബുഖാരി. 2. 21. 278)
 
44) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ നമസ്കാരങ്ങളില്‍ നിന്ന് ഒരു ഭാഗം വീടുകളില്‍ വെച്ച് നിങ്ങള്‍ നിര്‍വ്വഹിക്കുവീന്‍. അവയെ നിങ്ങള്‍ ഖബറുകളാക്കരുത്. (ബുഖാരി. 2. 21. 280)
 
3) ആയിശ(റ) നിവേദനം: നബി(സ) രാത്രിയില്‍ പതിനൊന്ന് റക്അത്താണ് നമസ്കരിക്കാറുണ്ടായിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി നമസ്കാരം. സുജൂദില്‍ നിന്ന് തലയുയര്‍ത്തുന്നതിന് മുമ്പായി നിങ്ങളില്‍ ഒരാള്‍ അമ്പതു ആയത്തു ഓതുന്ന സമയം വരെ നബി(സ) സുജൂദ് ചെയ്യും. സുബ്ഹി നമസ്കാരത്തിന്റെ മുമ്പായി രണ്ട് റക്അത്ത്(സുബ്ഹിന്റെ സുന്നത്ത്)നമസ്കരിക്കും. ശേഷം വലഭാഗത്തേക്ക് നമസ്കാരത്തിലേക്ക് വിളിക്കുന്നവന്‍ വരുന്നതുവരെ ചെരിഞ്ഞ് കിടക്കും. (ബുഖാരി. 2. 21. 223)
 
45) ഹസന്‍ഇബ്നുഅലി(റ) നിവേദനം ചെയ്തു: അല്ലാഹുവിന്റെ ദൂതന്‍(സ) വിതര്‍ നമസ്ക്കാരത്തിന്റെ ഖൂനുത്തില്‍ ചൊല്ലേണ്ട ഏതാനും പദങ്ങള്‍ എന്നെ പഠിപ്പിച്ചു. അല്ലാഹുവേ, നീ നേര്‍മാര്‍ഗ്ഗത്തില്‍ നയിച്ചവരുടെ കൂട്ടത്തില്‍ എന്നെ നയിക്കേണമേ; നീ മാപ്പു നല്കിയവരുടെ കൂട്ടത്തില്‍ എനിക്കും മാപ്പ് നല്‍കേണമേ; നീ സ്നഹിച്ചവരുടെ കൂട്ടത്തില്‍ എന്നേയും സ്നഹിക്കേണമേ; നീ നല്‍കിയതേതോ അതില്‍ എനിക്കും അനുഗ്രഹം നല്‍കേണമേ; നീ സൃഷ്ടിച്ചിട്ടുള്ള ദോഷങ്ങളില്‍ നിന്നും എന്നെ രക്ഷിക്കേണമേ; നിശ്ചയമായും നീ തീരുമാനിക്കുന്നു; നിനക്കെതിരായി തീരുമാനിക്കുവാന്‍ കഴിയുന്നവരാരും ഇല്ല. നിശ്ചയമായും നീ സ്നേഹിച്ചവന്‍ അപമാനിക്കപ്പെടുകയില്ല. ഞങ്ങളുടെ നാഥാ, നീ പുണ്യനും, ഉന്നതനുമത്രെ(അബൂദാവൂദ്)