Advanced Hadees Search
വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശപ്പിന്റെ വിശേഷത

മലയാളം ഹദീസുകള്‍


1) നുഅ്മാന്‍(റ) വില്‍ നിന്ന് നിവേദനം: ഞാന്‍ നിങ്ങളുടെ പ്രവാചകനെ കണ്ടുമുട്ടുകയുണ്ടായി. വയര്‍ നിറക്കാന്‍ താഴ്ന്നതരം കാരക്കയും കൂടി അവിടുത്തേക്ക് ലഭിച്ചിരുന്നില്ല. (മുസ്ലിം)
 
5) അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. അല്ലാഹു പ്രദാനം ചെയ്തതില്‍ സംതൃപ്തിയും ഉപജീവനത്തിന് മാത്രം ആഹാരവുമുള്ള സത്യവിശ്വാസി വിജയം വരിച്ചവനത്രെ. (അവനത്രെ സൌഭാഗ്യവാന്‍) (മുസ്ലിം)
 
6) ഫളാലത്ത്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഇസ്ളാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെടുകയും ആഹാരം ഉപജീവനത്തിനുമാത്രം ലഭിക്കുകയും ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയും ചെയ്യുന്നവന് ഞാന്‍ ആശംസ നേരുന്നു. (തിര്‍മിദി)
 
2) ഇബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം: ഞങ്ങള്‍ നബി(സ)യൊന്നിച്ച് ഒരിടത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അന്‍സാരികളില്‍ പെട്ട ഒരാള്‍ അവിടെ വന്ന് അവിടുത്തോട് സലാം ചൊല്ലിയതിനുശേഷം അല്പം പുറകോട്ടുമാറി. റസൂല്‍(സ) ചോദിച്ചു. ഹേ, അന്‍സാറുകളുടെ സഹോദരാ! എന്റെ സഹോദരന്‍ സഅ്ദിന്റെ സ്ഥിതിയെന്താണ്? അയാള്‍ പറഞ്ഞു. നല്ലതുതന്നെ. നിങ്ങളിലാരാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് നബി(സ) അവിടെനിന്ന് എഴുന്നേറ്റപ്പോള്‍, ഞങ്ങളും അവിടുത്തോടൊപ്പം എഴുന്നേറ്റു. ഞങ്ങളപ്പോള്‍ പത്തില്‍പരം ആളുകളുണ്ടായിരുന്നു. ഞങ്ങളിലാര്‍ക്കും ചെരിപ്പോ ഷൂസോ തൊപ്പിയോ കുപ്പായമോ ഉണ്ടായിരുന്നില്ല. ആ ഉപ്പുഭൂമിയലൂടെ ഞങ്ങള്‍ നടന്നു നീങ്ങിക്കൊണ്ട് സഅ്ദ്(റ)വിന്റെ അടുത്തെത്തി ച്ചേര്‍ന്നു. തന്റെ ചുറ്റുമുണ്ടായിരുന്നവരെല്ലാം മാറിക്കൊടുത്തു. അങ്ങനെ തിരുദൂതരും ഒന്നിച്ചുണ്ടായിരുന്ന സഹാബികളും അദ്ദേഹത്തിന്റെ അടുത്തെത്തിച്ചേരുകയുണ്ടായി. (മുസ്ലിം)
 
10) അബൂഉമാമത്ത്(റ) വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ തിരുദൂതന്റെ(സ) സന്നിധിയില്‍വെച്ച് അവിടുത്തെ സന്തതസഹചാരികള്‍ ദുന്‍യാവിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. അപ്പോള്‍ തിരുദൂതന്‍(സ) പറഞ്ഞു. നിങ്ങള്‍ കേട്ടിട്ടില്ലേ? കേട്ടിട്ടില്ലേ? ലഘുജീവിതം ഈമാനില്‍പ്പെട്ടതാണ്. ലഘുജീവിതം ഈമാനില്‍ പെട്ടതാണ്. എന്ന്! (അബൂദാവൂദ്)
 
11) അസ്മാഅ്(റ)യില്‍ നിന്ന്: റസൂല്‍(സ)യുടെ കുപ്പായക്കൈ മണികണ്ഠം വരെയായിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
 
3) അബൂഉമാമത്ത്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു. ഹേ മനുഷ്യാ! മിച്ചമുള്ള ധനം ധര്‍മ്മം ചെയ്യുന്നതാണ് നിനക്കുത്തമം. അത് സൂക്ഷിച്ചു സംഭരിച്ചുവെക്കല്‍ നിനക്ക് അനര്‍ത്ഥവുമാണ്. കഷ്ടിച്ച് ജീവിക്കാനുള്ള ധനം ആക്ഷേപാര്‍ഹമല്ല. ആശ്രിതരായ കുടുംബക്കാര്‍ക്ക് കൊടുത്തുകൊണ്ടാണ് നീ ധര്‍മ്മം തുടങ്ങേണ്ടത്. (മിച്ചം വരുന്നത് മറ്റുള്ളവര്‍ക്കും) (തിര്‍മിദി)
 
4) ഉബൈദുല്ല(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളിലാരെങ്കിലും തന്റെ കുടുംബങ്ങളില്‍ നിര്‍ഭയനും ആരോഗ്യവാനും അതാത് ദിവസത്തെ ആഹാരം കൈവശമുള്ളവനുമാണെങ്കില്‍, ഐഹിക സുഖങ്ങളാകമാനം അവനു സ്വായത്തമായതുപോലെയാണ്. (തിര്‍മിദി)
 
7) ഇബ്നുഅബ്ബാസ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതരും അവിടുത്തെ കുടുംബവും നിരന്തരമായി പട്ടിണി കിടക്കാറുണ്ടായിരുന്നു. അത്താഴം അവര്‍ക്ക് ലഭിച്ചിരുന്നില്ല. അവരുടെ റൊട്ടികളില്‍ മിക്കതും ബാര്‍ലിയുടേതായിരുന്നു. (തിര്‍മിദി)
 
8) ഫളാലത്ത്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) ജനങ്ങളോടൊപ്പം നമസ്കാരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലയാളുകള്‍ കഠിനമായ വിശപ്പുനിമിത്തം നിലംപതിക്കാറുണ്ട്. സുഫ്ഫത്തുകാരാണവര്‍. കുഗ്രാമവാസികളായ അറബികള്‍ ഇവരൊക്കെ ഭ്രാന്തന്മാരാണെന്ന് പറയാറുണ്ട്. തിരുദൂതന്‍ നമസ്കരിച്ചുകഴിഞ്ഞാല്‍, അവരോടഭിമുഖമായി പറയും. നിങ്ങള്‍ക്ക് അല്ലാഹുവിങ്കലുള്ള പ്രതിഫലം നിങ്ങളറിയുന്ന പക്ഷം, കൂടുതല്‍ കൂടുതല്‍ ദാരിദ്യ്രം നിങ്ങള്‍ക്കുണ്ടാകാന്‍ നിങ്ങളാഗ്രഹിക്കുമായിരുന്നു. (തിര്‍മിദി)
 
9) മിഖ്ദാദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. തന്റെ വയറിനേക്കാള്‍ അനര്‍ത്ഥമായ ഒരുപാത്രവും മനുഷ്യരാരും നിറച്ചിട്ടില്ല. മനുഷ്യന് തന്റെ മുതുകിനെ നിവര്‍ത്തിനിര്‍ത്തുന്ന ഭക്ഷണം മതി. ഇനി കൂടിയേ കഴിയൂ എങ്കില്‍ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊരംശം ശ്വാസോച്ഛാസത്തിനും ആയിക്കൊള്ളട്ടെ. (മൂന്നിലൊരംശത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ദൂരവ്യാപകമായ ധാരാളം വൈഷമ്യങ്ങളുണ്ടാകും) (തിര്‍മിദി)