ഏകമാനവതയിലേക്ക് നബിമാരുടെ പ്രഖ്യാപനം

[ 20 - Aya Sections Listed ]
Surah No:5
Al-Maaida
72 - 72
മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.(72)
Surah No:5
Al-Maaida
112 - 112
ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന്‌ ഞങ്ങള്‍ക്ക്‌ ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന്‌ സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.(112)
Surah No:7
Al-A'raaf
59 - 59
നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ നാം അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക്‌ ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്‌) ഞാന്‍ ഭയപ്പെടുന്നു.(59)
Surah No:7
Al-A'raaf
65 - 65
ആദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ്‌ സൂക്ഷ്മത പുലര്‍ത്താത്തത്‌?(65)
Surah No:7
Al-A'raaf
73 - 73
ഥമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ്‌ നിങ്ങള്‍ക്കു വന്നിട്ടുണ്ട്‌. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട്‌ അല്ലാഹുവിന്‍റെ ഒട്ടകമാണിത്‌. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന്‌ ഒരു ഉപദ്രവവും ചെയ്യരുത്‌. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.(73)
Surah No:7
Al-A'raaf
85 - 85
മദ്‌യങ്കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ വ്യക്തമായ തെളിവ്‌ വന്നിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്കുഅവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്‌. ഭൂമിയില്‍ നന്‍മവരുത്തിയതിന്‌ ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം.(85)
Surah No:11
Hud
50 - 50
ആദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ ഹൂദിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ കെട്ടിച്ചമച്ച്‌ പറയുന്നവര്‍ മാത്രമാകുന്നു.(50)
Surah No:11
Hud
61 - 61
ഥമൂദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്ടിച്ച്‌ വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട്‌ പാപമോചനം തേടുകയും, എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌) ഉത്തരം നല്‍കുന്നവനുമാകുന്നു.(61)
Surah No:11
Hud
84 - 84
മദ്‌യങ്കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനേയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവ്‌ വരുത്തരുത്‌. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത്‌ ക്ഷേമത്തിലായിട്ടാണ്‌. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.(84)
Surah No:16
An-Nahl
36 - 36
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ (പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി.) എന്നിട്ട്‌ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട്‌ സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട്‌ നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന്‌ നോക്കുക.(36)
Surah No:23
Al-Muminoon
23 - 23
നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ ദൂതനായി അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?(23)
Surah No:23
Al-Muminoon
32 - 32
അപ്പോള്‍ അവരില്‍ നിന്ന്‌ തന്നെയുള്ള ഒരു ദൂതനെ അവരിലേക്ക്‌ നാം അയച്ചു. (അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?(32)
Surah No:26
Ash-Shu'araa
70 - 75
അതായത്‌ നിങ്ങള്‍ എന്തൊന്നിനെയാണ്‌ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ തന്‍റെ പിതാവിനോടും, തന്‍റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം(70)അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ‍ഭജനമിരിക്കുകയും ചെയ്യുന്നു(71)അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത്‌ കേള്‍ക്കുമോ?(72)അഥവാ, അവര്‍ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?(73)അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന്‌ മാത്രം)(74)അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്തിനെയാണെന്ന്‌ നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?(75)
Surah No:27
An-Naml
45 - 45
നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൌത്യവുമായി ഥമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അന്യോന്യം വഴക്കടിക്കുന്ന രണ്ട്‌ കക്ഷികളായിത്തീരുന്നു.(45)
Surah No:29
Al-Ankaboot
16 - 16
ഇബ്രാഹീമിനെയും (നാം അയച്ചു,) അദ്ദേഹം തന്‍റെ ജനതയോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.): നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍.(16)
Surah No:29
Al-Ankaboot
36 - 36
മദ്‌യങ്കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിന്‍. നാശകാരികളായിക്കൊണ്ട്‌ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്‌.(36)
Surah No:37
As-Saaffaat
85 - 85
തന്‍റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ്‌ നിങ്ങള്‍ ആരാധിക്കുന്നത്‌?(85)
Surah No:43
Az-Zukhruf
26 - 26
ഇബ്രാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു.(26)
Surah No:71
Nooh
3 - 3
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.(3)
Surah No:109
Al-Kaafiroon
1 - 6
(നബിയേ,) പറയുക: അവിശ്വാസികളേ,(1)നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.(2)ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.(3)നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.(4)ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.(5)നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.(6)