ബഹുദൈവ ആരാധകര്‍ പരലോകത്തില്‍

[ 9 - Aya Sections Listed ]
Surah No:6
Al-An'aam
22 - 29
നാം അവരെ മുഴുവന്‍ ഒരുമിച്ചുകൂട്ടുകയും, പിന്നീട്‌ ബഹുദൈവാരാധകരോട്‌ നിങ്ങള്‍ ജല്‍പിച്ച്‌ കൊണ്ടിരുന്ന നിങ്ങളുടെ വകയായുള്ള ആ പങ്കാളികള്‍ എവിടെയെന്ന്‌ നാം ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക.)(22)അനന്തരം, അവരുടെ ഗതികേട്‌ ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെത്തന്നെയാണ സത്യം, ഞങ്ങള്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല എന്ന്‌ പറയുന്നതല്ലാതെ മറ്റൊന്നുമായിരിക്കില്ല.(23)നോക്കൂ; അവര്‍ സ്വന്തം പേരില്‍ തന്നെ എങ്ങനെ കള്ളം പറഞ്ഞു എന്ന്‌. അവര്‍ എന്തൊന്ന്‌ കെട്ടിച്ചമച്ചിരുന്നുവോ അതവര്‍ക്ക്‌ ഉപകരിക്കാതെ പോയിരിക്കുന്നു.(24)നീ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അത്‌ അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ്‌ വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട്‌ തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌.(25)അവര്‍ അതില്‍ നിന്ന്‌ മറ്റുള്ളവരെ തടയുകയും, അതില്‍ നിന്ന്‌ (സ്വയം) അകന്നു നില്‍ക്കുകയും ചെയ്യുന്നു. (വാസ്തവത്തില്‍) അവര്‍ സ്വദേഹങ്ങള്‍ക്ക്‌ തന്നെ നാശമുണ്ടാക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അവര്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.(26)അവര്‍ നരകത്തിങ്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ (ഇഹലോകത്തേക്ക്‌) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു.(27)അല്ല; അവര്‍ മുമ്പ്‌ മറച്ചുവെച്ചുകൊണ്ടിരുന്നത്‌ (ഇപ്പോള്‍) അവര്‍ക്ക്‌ വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്കപ്പെട്ടാല്‍ തന്നെയും അവര്‍ എന്തില്‍ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക്‌ തന്നെ അവര്‍ മടങ്ങിപ്പോകുന്നതാണ്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാകുന്നു.(28)അവര്‍ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല എന്ന്‌.(29)
Surah No:10
Yunus
28 - 30
അവരെയെല്ലാം നാം ഒരുമിച്ചുകൂട്ടുകയും, എന്നിട്ട്‌ ബഹുദൈവവിശ്വാസികളോട്‌ നിങ്ങളും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരും അവിടെത്തന്നെ നില്‍ക്കൂ. എന്ന്‌ പറയുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) അനന്തരം നാം അവരെ തമ്മില്‍ വേര്‍പെടുത്തും. അവര്‍ പങ്കാളികളായി ചേര്‍ത്തവര്‍ പറയും: നിങ്ങള്‍ ഞങ്ങളെയല്ല ആരാധിച്ചിരുന്നത്‌.(28)അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അറിവില്ലാത്തവരായിരുന്നു.(29)അവിടെവെച്ച്‌ ഓരോ ആത്മാവും അത്‌ മുന്‍കൂട്ടി ചെയ്തത്‌ പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക്‌ അവര്‍ മടക്കപ്പെടുകയും, അവര്‍ പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരില്‍ നിന്ന്‌ തെറ്റിപ്പോകുകയും ചെയ്യുന്നതാണ്‌.(30)
Surah No:14
Ibrahim
22 - 22
കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞാല്‍ പിശാച്‌ പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്‌ ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട്‌ വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട്‌ (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക്‌ നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക്‌ ഉത്തരം നല്‍കി എന്ന്‌ മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക്‌ നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക്‌ എന്നെയും സഹായിക്കാനാവില്ല. മുമ്പ്‌ നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌.(22)
Surah No:16
An-Nahl
86 - 87
(അല്ലാഹുവോട്‌) പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരുന്നവരെ (പരലോകത്ത്‌ വെച്ച്‌) കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ അവര്‍ (പങ്കാളികള്‍) അവര്‍ക്ക്‌ നല്‍കുന്ന മറുപടി തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും.(86)ആ ദിവസം അവര്‍ അര്‍പ്പണം അല്ലാഹുവിന്‌ നല്‍കുന്നതും അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുന്നതുമാണ്‌.(87)
Surah No:28
Al-Qasas
62 - 64
അവന്‍ (അല്ലാഹു) അവരെ വിളിക്കുകയും, എന്‍റെ പങ്കുകാര്‍ എന്ന്‌ നിങ്ങള്‍ ജല്‍പിച്ചിരുന്നവര്‍ എവിടെ? എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.)(62)(ശിക്ഷയെപ്പറ്റിയുള്ള) വാക്ക്‌ ആരുടെ മേല്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ (അന്ന്‌) ഇപ്രകാരം പറയുന്നതാണ്‌: ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ്‌ ഞങ്ങള്‍ വഴിപിഴപ്പിച്ചത്‌. ഞങ്ങള്‍ വഴിപിഴച്ചത്‌ പോലെ അവരെയും വഴിപിഴപ്പിച്ചതാണ്‌. ഞങ്ങള്‍ നിന്‍റെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവര്‍ ആരാധിച്ചിരുന്നത്‌.(63)നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന്‌ (ബഹുദൈവവാദികളോട്‌) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ (പങ്കാളികള്‍) ഇവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നെങ്കില്‍.(64)
Surah No:34
Saba
27 - 27
പറയുക: പങ്കുകാരെന്ന നിലയില്‍ അവനോട്‌ (അല്ലാഹുവോട്‌) നിങ്ങള്‍ കൂട്ടിചേര്‍ത്തിട്ടുള്ളവരെ എനിക്ക്‌ നിങ്ങളൊന്ന്‌ കാണിച്ചുതരൂ. ഇല്ല, (അങ്ങനെ ഒരു പങ്കാളിയുമില്ല.) എന്നാല്‍ അവന്‍ പ്രതാപിയും യുക്തിമാനുമായ അല്ലാഹുവത്രെ.(27)
Surah No:34
Saba
31 - 33
ഈ ഖുര്‍ആനിലാകട്ടെ, ഇതിന്‌ മുമ്പുള്ള വേദത്തിലാകട്ടെ ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല എന്ന്‌ സത്യനിഷേധികള്‍ പറഞ്ഞു. (നബിയേ,) ഈ അക്രമികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ നിര്‍ത്തപ്പെടുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍! അവരില്‍ ഓരോ വിഭാഗവും മറുവിഭാഗത്തിന്‍റെ മേല്‍ കുറ്റം ആരോപിച്ച്‌ കൊണ്ടിരിക്കും. ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചിരുന്നവരോട്‌ പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ.(31)വലുപ്പം നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോട്‌ പറയും: മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തിയതിന്‌ ശേഷം അതില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞത്‌ ഞങ്ങളാണോ? അല്ല, നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.(32)ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചവരോട്‌ പറയും: അല്ല, ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കാനും, അവന്ന്‌ സമന്‍മാരെ സ്ഥാപിക്കുവാനും നിങ്ങള്‍ ഞങ്ങളോട്‌ കല്‍പിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ (നിങ്ങള്‍) രാവും പകലും നടത്തിയ കുതന്ത്രത്തിന്‍റെ ഫലമാണത്‌. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെക്കുകയും ചെയ്യും. തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്ക്‌ നല്‍കപ്പെടുമോ(33)
Surah No:40
Al-Ghaafir
46 - 46
നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. (എന്ന്‌ കല്‍പിക്കപ്പെടും)(46)
Surah No:46
Al-Ahqaf
5 - 6
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.(5)മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.(6)