വിശ്വാസികളുടെ ബന്ധുക്കള്‍

[ 13 - Aya Sections Listed ]
Surah No:9
At-Tawba
111 - 112
തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു.) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്‌. അല്ലാഹുവെക്കാളധികം തന്‍റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്‌? അതിനാല്‍ നിങ്ങള്‍ (അല്ലാഹുവുമായി) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.(111)പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന്‌ വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക.(112)
Surah No:16
An-Nahl
97 - 97
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും.(97)
Surah No:24
An-Noor
55 - 55
നിങ്ങളില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കിയത്‌ പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക്‌ അവന്‍ തൃപ്തിപ്പെട്ട്‌ കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക്‌ അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന്‌ ശേഷം അവര്‍ക്ക്‌ നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന്‌ ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.(55)
Surah No:33
Al-Ahzaab
22 - 23
സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.(22)സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.(23)
Surah No:41
Fussilat
30 - 31
ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണെന്ന്‌ പറയുകയും, പിന്നീട്‌ നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട്‌ ഇപ്രകാരം പറയുന്നതാണ്‌: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ്‌ കൊള്ളുക.(30)ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്‌) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും.(31)
Surah No:47
Muhammad
35 - 35
ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ തന്നെയാണ്‌ ഉന്നതന്‍മാര്‍ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്‌. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.(35)
Surah No:48
Al-Fath
18 - 19
ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച്‌ സത്യവിശ്വാസികള്‍ നിന്നോട്‌ പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത്‌ അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക്‌ മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക്‌ പ്രതിഫലമായി നല്‍കുകയും ചെയ്തു.(18)അവര്‍ക്ക്‌ പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും (അവന്‍ നല്‍കി) അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(19)
Surah No:48
Al-Fath
29 - 29
മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌ അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക്‌ കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ്‌ തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത്‌ അതിന്‍റെ കൂമ്പ്‌ പുറത്ത്‌ കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൌതുകം തോന്നിച്ചു കൊണ്ട്‌ അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട്‌ വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.(29)
Surah No:55
Ar-Rahmaan
46 - 47
തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന്‌ രണ്ട്‌ സ്വര്‍ഗത്തോപ്പുകളുണ്ട്‌.(46)അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?(47)
Surah No:57
Al-Hadid
12 - 12
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുന്‍ഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയില്‍ നീ കാണുന്ന ദിവസം! (അന്നവരോട്‌ പറയപ്പെടും:) ഇന്നു നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത ചില സ്വര്‍ഗത്തോപ്പുകളെ പറ്റിയാകുന്നു. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കും. നിങ്ങള്‍ അതില്‍ നിത്യവാസികളായിരിക്കും. അത്‌ മഹത്തായ ഭാഗ്യം തന്നെയാണ്‌.(12)
Surah No:57
Al-Hadid
22 - 22
ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.(22)
Surah No:64
At-Taghaabun
16 - 17
അതിനാല്‍ നിങ്ങള്‍ക്ക്‌ സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.(16)നിങ്ങള്‍ അല്ലാഹുവിന്‌ ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത്‌ നിങ്ങള്‍ക്ക്‌ ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക്‌ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.(17)
Surah No:66
At-Tahrim
11 - 12
സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.(11)തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.(12)