Related Sub Topics

Riyad us saliheen Malayalam

വിവാഹം

[ 3 - Aya Sections Listed ]
Surah No:4
An-Nisaa
22 - 24
നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌; മുമ്പ്‌ ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അത്‌ ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാര്‍ഗവുമാകുന്നു.(22)നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്ത്‌ പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന്‌ പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടുസഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ്‌ ചെയ്ത്‌ പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(23)(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നിയമമത്രെ ഇത്‌. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്‌റായി) നല്‍കിക്കൊണ്ട്‌ നിങ്ങള്‍ (വിവാഹബന്ധം) തേടുന്നത്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്‌. അങ്ങനെ അവരില്‍ നിന്ന്‌ നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്‌. ബാധ്യത (വിവാഹമൂല്യം) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട്‌ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.(24)
Surah No:4
An-Nisaa
34 - 35
പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.(34)ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച്‌ പോകുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന്‌ ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന്‌ ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.(35)
Surah No:24
An-Noor
32 - 33
നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ഐശ്വര്യം നല്‍കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.(32)വിവാഹം കഴിക്കാന്‍ കഴിവ്‌ ലഭിക്കാത്തവര്‍ അവര്‍ക്ക്‌ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ സ്വാശ്രയത്വം നല്‍കുന്നത്‌ വരെ സന്‍മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന്‌ മോചനക്കരാറില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍. അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന്‌ അവര്‍ക്ക്‌ നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട്‌ നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക്‌ നിര്‍ബന്ധിക്കരുത്‌. വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം അവര്‍ നിര്‍ബന്ധിതരായി തെറ്റുചെയ്തതിന്‌ ശേഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.(33)