വേദപ്രമാണങ്ങളുടെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ വിധിക്കണം

[ 7 - Aya Sections Listed ]
Surah No:2
Al-Baqara
213 - 213
മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്‌) താക്കീത്‌ നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു.(213)
Surah No:3
Aal-i-Imraan
23 - 23
വേദഗ്രന്ഥത്തില്‍ നിന്നും ഒരു പങ്ക്‌ നല്‍കപ്പെട്ട ഒരു വിഭാഗത്തെപ്പറ്റി നീ അറിഞ്ഞില്ലേ? അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക്‌ അവര്‍ വിളിക്കപ്പെടുന്നു. എന്നിട്ടതാ അവരില്‍ ഒരു കക്ഷി അവഗണിച്ചു കൊണ്ട്‌ പിന്തിരിഞ്ഞു കളയുന്നു.(23)
Surah No:4
An-Nisaa
65 - 65
ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത്‌ പൂര്‍ണ്ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.(65)
Surah No:5
Al-Maaida
44 - 45
തീര്‍ച്ചയായും നാം തന്നെയാണ്‌ തൌറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. (അല്ലാഹുവിന്‌) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക്‌ അതിനനുസരിച്ച്‌ വിധികല്‍പിച്ച്‌ പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും (അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു.) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക്‌ ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന്‌ സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക്‌ വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച്‌ തന്നതനുസരിച്ച്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍ .(44)ജീവന്‌ ജീവന്‍, കണ്ണിന്‌ കണ്ണ്‌, മൂക്കിന്‌ മൂക്ക്‌, ചെവിക്ക്‌ ചെവി, പല്ലിന്‌ പല്ല്‌, മുറിവുകള്‍ക്ക്‌ തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ്‌ അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക്‌ നിയമമായി വെച്ചിട്ടുള്ളത്‌. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത്‌ അവന്ന്‌ പാപമോചന (ത്തിന്‌ ഉതകുന്ന ഒരു പുണ്യകര്‍മ്മ) മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ്‌ അക്രമികള്‍.(45)
Surah No:5
Al-Maaida
47 - 47
ഇന്‍ജീലിന്‍റെ അനുയായികള്‍, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധികല്‍പിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.(47)
Surah No:24
An-Noor
48 - 48
അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു.(48)
Surah No:24
An-Noor
51 - 51
തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ്‌ വിജയികള്‍.(51)