വിധികര്‍ത്താവ്‌ നീതി പാലിക്കണം

[ 17 - Aya Sections Listed ]
Surah No:2
Al-Baqara
188 - 188
അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്‌. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന്‌ വല്ലതും അധാര്‍മ്മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്‌.(188)
Surah No:4
An-Nisaa
3 - 3
അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.(3)
Surah No:4
An-Nisaa
58 - 58
വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക്‌ നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട്‌ കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ്‌ അവന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.(58)
Surah No:4
An-Nisaa
105 - 105
നിനക്ക്‌ അല്ലാഹു കാണിച്ചുതന്നതനുസരിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ്‌ സത്യപ്രകാരം നാം നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ വഞ്ചകന്‍മാര്‍ക്ക്‌ വേണ്ടി വാദിക്കുന്നവനാകരുത്‌.(105)
Surah No:4
An-Nisaa
135 - 135
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത്‌ നിങ്ങള്‍ക്ക്‌ തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട്‌ വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ്‌ മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.(135)
Surah No:5
Al-Maaida
8 - 8
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.(8)
Surah No:5
Al-Maaida
42 - 42
കള്ളം ചെവിയോര്‍ത്ത്‌ കേള്‍ക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍. അവര്‍ നിന്‍റെ അടുത്ത്‌ വരുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീ തീര്‍പ്പുകല്‍പിക്കുകയോ, അവരെ അവഗണിച്ച്‌ കളയുകയോ ചെയ്യുക. നീ അവരെ അവഗണിച്ച്‌ കളയുന്ന പക്ഷം അവര്‍ നിനക്ക്‌ ഒരു ദോഷവും വരുത്തുകയില്ല. എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു.(42)
Surah No:5
Al-Maaida
49 - 50
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ അവര്‍ക്കിടയില്‍ നീ വിധികല്‍പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക്‌ അവതരിപ്പിച്ച്‌ തന്ന വല്ല നിര്‍ദേശത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും (നാം കല്‍പിക്കുന്നു.) ഇനി അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക്‌ നാശം വരുത്തണമെന്നാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്‌. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു.(49)ജാഹിലിയ്യത്തിന്‍റെ (അനിസ്ലാമിക മാര്‍ഗത്തിന്‍റെ) വിധിയാണോ അവര്‍ തേടുന്നത്‌? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക്‌ അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ്‌ ആരാണുള്ളത്‌?(50)
Surah No:6
Al-An'aam
136 - 136
അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന്‌ ഒരു ഓഹരി നിശ്ചയിച്ച്‌ കൊടുത്തിരിക്കുകയാണ്‌. എന്നിട്ട്‌ അവരുടെ ജല്‍പനമനുസരിച്ച്‌ ഇത്‌ അല്ലാഹുവിനുള്ളതും, മറ്റേത്‌ തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന്‌ അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത്‌ അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത്‌ എത്രമോശം!(136)
Surah No:6
Al-An'aam
152 - 152
ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്‌. അവന്ന്‌ കാര്യപ്രാപ്തി എത്തുന്നത്‌ വരെ (നിങ്ങള്‍ അവന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം.) നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്‍റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.(152)
Surah No:16
An-Nahl
59 - 59
അവന്ന്‌ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന്‌ അവന്‍ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച്‌ മൂടണമോ (എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!(59)
Surah No:16
An-Nahl
90 - 90
തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത്‌ നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക്‌ (സഹായം) നല്‍കുവാനുമാണ്‌ . അവന്‍ വിലക്കുന്നത്‌ നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു.(90)
Surah No:29
Al-Ankaboot
4 - 4
അതല്ല, തിന്‍മചെയ്ത്‌ കൊണ്ടിരിക്കുന്നവര്‍ നമ്മെ മറികടന്ന്‌ കളയാം എന്ന്‌ വിചാരിച്ചിരിക്കുകയാണോ? അവന്‍ തീരുമാനിക്കുന്നത്‌ വളരെ മോശം തന്നെ.(4)
Surah No:38
Saad
24 - 24
അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്‌ നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട്‌ അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ്‌ ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച്‌ പേരേയുള്ളു അത്തരക്കാര്‍. ദാവൂദ്‌ വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ്‌ ചെയ്തതെന്ന്‌. തുടര്‍ന്ന്‌ അദ്ദേഹം തന്‍റെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട്‌ വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.(24)
Surah No:42
Ash-Shura
15 - 15
അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത്‌ പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന്‌ പോകരുത്‌. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത്‌ ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത്‌ ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്കുള്ളത്‌ നിങ്ങളുടെ കര്‍മ്മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്‌.(15)
Surah No:45
Al-Jaathiya
21 - 21
അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത്‌ അവരുടെ (രണ്ട്‌ കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്‌? അവര്‍ വിധികല്‍പിക്കുന്നത്‌ വളരെ മോശം തന്നെ.(21)
Surah No:49
Al-Hujuraat
9 - 9
സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട്‌ അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക്‌ മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(9)