സ്ത്രീകളുടെ പ്രശ്നങ്ങള്‍

[ 8 - Aya Sections Listed ]
Surah No:2
Al-Baqara
222 - 223
ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.(222)നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നന്‍മയ്ക്ക്‌ വേണ്ടത്‌ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന്‌ അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.(223)
Surah No:2
Al-Baqara
228 - 228
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്‌. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്‍മാര്‍) നിലപാട്‌ നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക്‌ (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്‍മാര്‍ക്ക്‌ അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.(228)
Surah No:2
Al-Baqara
234 - 236
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.(234)(ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന്‌ അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട്‌ മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട്‌ യാതൊരു നിശ്ചയവും ചെയ്തു പോകരുത്‌. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത്‌ വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്‌. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ അല്ലാഹു അറിയുന്നുണ്ടെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.(235)നിങ്ങള്‍ ഭാര്യമാരെ സ്പര്‍ശിക്കുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍ (മഹ്‌റ്‌ നല്‍കാത്തതിന്റെ പേരില്‍) നിങ്ങള്‍ക്ക്‌ കുറ്റമില്ല. എന്നാല്‍ അവര്‍ക്ക്‌ നിങ്ങള്‍ മര്യാദയനുസരിച്ച്‌ ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണ്‌. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക്‌ ഇതൊരു ബാധ്യതയത്രെ.(236)
Surah No:2
Al-Baqara
240 - 241
നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ (വീട്ടില്‍ നിന്ന്‌) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാല്‍ അവര്‍ (സ്വയം) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.(240)വിവാഹമോചിതരായ സ്ത്രീകള്‍ക്ക്‌ ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്‌. ഭയഭക്തിയുള്ളവര്‍ക്ക്‌ അതൊരു ബാധ്യതയത്രെ.(241)
Surah No:4
An-Nisaa
15 - 16
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്‌ നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന്‌ നാലുപേരെ നിങ്ങള്‍ കൊണ്ട്‌ വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത്‌ വരെ.(15)നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(16)
Surah No:4
An-Nisaa
19 - 19
സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട്‌ അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക്‌ അനുവദനീയമല്ല. അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്‌. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട്‌ നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്‌. ഇനി നിങ്ങള്‍ക്കവരോട്‌ വെറുപ്പ്‌ തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന്‌ വരാം.(19)
Surah No:4
An-Nisaa
34 - 34
പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.(34)
Surah No:4
An-Nisaa
127 - 130
സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട്‌ വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വിധി നല്‍കുന്നു. സ്ത്രീകള്‍ക്ക്‌ നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങള്‍ നല്‍കാതിരിക്കുകയും, എന്നാല്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ മോഹിക്കുകയും ചെയ്യുന്ന അനാഥ സ്ത്രീകളുടെ കാര്യത്തിലും, ബലഹീനരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക്‌ വായിച്ചുകേള്‍പിക്കപ്പെടുന്നത്‌ (നിങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുക.) അനാഥകളോട്‌ നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കണമെന്ന കല്‍പനയും (ശ്രദ്ധിക്കുക.) നിങ്ങള്‍ ചെയ്യുന്ന ഏതൊരു നല്ലകാര്യവും അല്ലാഹു (പൂര്‍ണ്ണമായി) അറിയുന്നവനാകുന്നു.(127)ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവില്‍ നിന്ന്‌ പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക്‌ കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ്‌ കൂടുതല്‍ നല്ലത്‌. പിശുക്ക്‌ മനസ്സുകളില്‍ നിന്ന്‌ വിട്ട്‌ മാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.(128)നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്‌) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(129)ഇനി അവര്‍ ഇരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹു അവന്‍റെ വിശാലമായ കഴിവില്‍ നിന്ന്‌ അവര്‍ ഓരോരുത്തര്‍ക്കും സ്വാശ്രയത്വം നല്‍കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും യുക്തിമാനുമാകുന്നു.(130)