പ്രതിഫലനാള്‍

[ 25 - Aya Sections Listed ]
Surah No:2
Al-Baqara
123 - 123
ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.(123)
Surah No:10
Yunus
54 - 54
അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത്‌ മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച്‌ തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും. അവരോട്‌ അനീതി കാണിക്കപ്പെടുകയില്ല.(54)
Surah No:14
Ibrahim
44 - 44
മനുഷ്യര്‍ക്ക്‌ ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കുക. അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക്‌ നീ സമയം നീട്ടിത്തരേണമേ. എങ്കില്‍ നിന്‍റെ വിളിക്ക്‌ ഞങ്ങള്‍ ഉത്തരം നല്‍കുകയും, ദൂതന്‍മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടിവരില്ലെന്ന്‌ നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക്‌ നല്‍കപ്പെടുന്ന മറുപടി.)(44)
Surah No:17
Al-Israa
71 - 72
എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ആര്‍ക്ക്‌ തന്‍റെ (കര്‍മ്മങ്ങളുടെ) രേഖ തന്‍റെ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ അത്തരക്കാര്‍ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല.(71)വല്ലവനും ഈ ലോകത്ത്‌ അന്ധനായിരുന്നാല്‍ പരലോകത്തും അവന്‍ അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.(72)
Surah No:18
Al-Kahf
47 - 49
പര്‍വ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ്‌ നിരപ്പായ നിലയില്‍ ഭൂമി നിനക്ക്‌ കാണുമാറാകുകയും, തുടര്‍ന്ന്‌ അവരില്‍ നിന്ന്‌ (മനുഷ്യരില്‍ നിന്ന്‌) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.)(47)നിന്‍റെ രക്ഷിതാവിന്‍റെ മുമ്പാകെ അവര്‍ അണിയണിയായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യും. (അന്നവന്‍ പറയും:) നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ച പ്രകാരം നിങ്ങളിതാ നമ്മുടെ അടുത്ത്‌ വന്നിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക്‌ നാം ഒരു നിശ്ചിത സമയം ഏര്‍പെടുത്തുകയേയില്ല എന്ന്‌ നിങ്ങള്‍ ജല്‍പിക്കുകയാണ്‌ ചെയ്തത്‌.(48)(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക്‌ കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക്‌ നാശം. ഇതെന്തൊരു രേഖയാണ്‌? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത്‌ കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ്‌ യാതൊരാളോടും അനീതി കാണിക്കുകയില്ല.(49)
Surah No:19
Maryam
67 - 72
മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?(67)എന്നാല്‍ നിന്‍റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട്‌ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നരകത്തിന്‌ ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും.(68)പിന്നീട്‌ ഓരോ കക്ഷിയില്‍ നിന്നും പരമകാരുണികനോട്‌ ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേര്‍തിരിച്ച്‌ നിര്‍ത്തുന്നതാണ്‌.(69)പിന്നീട്‌ അതില്‍ (നരകത്തില്‍) എരിയുവാന്‍ അവരുടെ കൂട്ടത്തില്‍ ഏറ്റവും അര്‍ഹതയുള്ളവരെപ്പറ്റി നമുക്ക്‌ നല്ലവണ്ണം അറിയാവുന്നതാണ്‌.(70)അതിനടുത്ത്‌ (നരകത്തിനടുത്ത്‌) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌.(71)പിന്നീട്‌ ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്‌.(72)
Surah No:20
Taa-Haa
102 - 103
അതായത്‌ കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട്‌ നാം ഒരുമിച്ചുകൂട്ടുന്നതാണ്‌.(102)അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത്‌ ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍ താമസിക്കുകയുണ്ടായിട്ടില്ല എന്ന്‌.(103)
Surah No:26
Ash-Shu'araa
88 - 102
അതായത്‌ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം(88)കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ(89)(അന്ന്‌) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്‌(90)ദുര്‍മാര്‍ഗികള്‍ക്ക്‌ നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്‌(91)അവരോട്‌ ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?(92)അല്ലാഹുവിനു പുറമെ അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?(93)തുര്‍ന്ന്‌ അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍ ‍(നരകത്തില്‍ ‍) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌(94)ഇബ്ലീസിന്‍റെ മുഴുവന്‍ സൈന്യങ്ങളും(95)അവിടെ വെച്ച്‌ അന്യോന്യം വഴക്ക്‌ കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:(96)അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ ‍തന്നെയായിരുന്നു(97)നിങ്ങള്‍ക്ക്‌ ഞങ്ങള്‍ ലോകരക്ഷിതാവിനോട്‌ തുല്യത കല്‍പിക്കുന്ന സമയത്ത്‌(98)ഞങ്ങളെ വഴിപിഴപ്പിച്ചത്‌ ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല(99)ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ ശുപാര്‍ശക്കാരായി ആരുമില്ല(100)ഉറ്റ സുഹൃത്തുമില്ല(101)അതിനാല്‍ ‍ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ‍ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു(102)
Surah No:27
An-Naml
87 - 87
കാഹളത്തില്‍ ഊതപ്പെടുന്ന ദിവസത്തെ (ഓര്‍ക്കുക). അപ്പോള്‍ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും ഭയവിഹ്വലരായിപ്പോകും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. എല്ലാവരും എളിയവരായിക്കൊണ്ട്‌ അവന്‍റെ അടുത്ത്‌ ചെല്ലുകയും ചെയ്യും.(87)
Surah No:27
An-Naml
90 - 90
ആര്‍ തിന്‍മയും കൊണ്ട്‌ വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുമോ?(90)
Surah No:31
Luqman
32 - 32
പര്‍വ്വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രമാക്കിക്കൊണ്ട്‌ അവനോട്‌ അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്‌. എന്നാല്‍ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തുമ്പോളോ അവരില്‍ ചിലര്‍ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകന്‍മാരും നന്ദികെട്ടവരും ആരെല്ലാമോ, അവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയുള്ളൂ.(32)
Surah No:36
Yaseen
59 - 65
കുറ്റവാളികളേ, ഇന്ന്‌ നിങ്ങള്‍ വേറിട്ട്‌ നില്‍ക്കുക (എന്ന്‌ അവിടെ വെച്ച്‌ പ്രഖ്യാപിക്കപ്പെടും.)(59)ആദം സന്തതികളേ, ഞാന്‍ നിങ്ങളോട്‌ അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക്‌ പ്രത്യക്ഷശത്രുവാകുന്നു.(60)നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍. ഇതാണ്‌ നേരായ മാര്‍ഗം എന്ന്‌.(61)തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ അനേകം സംഘങ്ങളെ അവന്‍ (പിശാച്‌) പിഴപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കുന്നവരായില്ലേ?(62)ഇതാ, നിങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കപ്പെട്ടിരുന്ന നരകം!(63)നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി അതില്‍ കടന്നു എരിഞ്ഞ്‌ കൊള്ളുക.(64)അന്ന്‌ നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട്‌ സംസാരിക്കുന്നതും , അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്‌.(65)
Surah No:37
As-Saaffaat
19 - 68
എന്നാല്‍ അത്‌ ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ്‌ നിന്ന്‌) നോക്കുന്നു.(19)അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക്‌ കഷ്ടം! ഇത്‌ പ്രതിഫലത്തിന്‍റെ ദിനമാണല്ലോ!(20)(അവര്‍ക്ക്‌ മറുപടി നല്‍കപ്പെടും:) അതെ; നിങ്ങള്‍ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്‍റെ ദിവസമത്രെ ഇത്‌.(21)(അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.(22)അല്ലാഹുവിനു പുറമെ. എന്നിട്ട്‌ അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക്‌ നയിക്കുക.(23)അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട്‌ ചോദ്യം ചെയ്യേണ്ടതാകുന്നു.(24)നിങ്ങള്‍ക്ക്‌ എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌(25)അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും.(26)അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ്‌ പരസ്പരം ചോദ്യം ചെയ്യും.(27)അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത്‌ കൈയ്യൂക്കുമായി വന്ന്‌ (ഞങ്ങളെ സത്യത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയായിരുന്നു.)(28)അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌.(29)ഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.(30)അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്‍റെ വചനം യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്‌.(31)അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.(കാരണം) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു.(32)അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും.(33)തീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട്‌ ചെയ്യുന്നത്‌ അപ്രകാരമാകുന്നു.(34)അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.(35)ഭ്രാന്തനായ ഒരു കവിക്ക്‌ വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച്‌ കളയണമോ എന്ന്‌ ചോദിക്കുകയും ചെയ്യുമായിരുന്നു.(36)അല്ല, സത്യവും കൊണ്ടാണ്‌ അദ്ദേഹം വന്നത്‌. (മുമ്പ്‌ വന്ന) ദൈവദൂതന്‍മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.(37)തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു.(38)നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുകയുള്ളു.(39)അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു.(40)അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം.(41)വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.(42)സൌഭാഗ്യത്തിന്‍റെ സ്വര്‍ഗത്തോപ്പുകളില്‍.(43)അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.(44)ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.(45)വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം.(46)അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല.(47)ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത്‌ ഉണ്ടായിരിക്കും.(48)സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.(49)ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട്‌ പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും(50)അവരില്‍ നിന്ന്‌ ഒരു വക്താവ്‌ പറയും: തീര്‍ച്ചയായും എനിക്ക്‌ ഒരു കൂട്ടുകാരനുണ്ടായിരുന്നു.(51)അവന്‍ പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ?(52)നാം മരിച്ചിട്ട്‌ മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക്‌ നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ?(53)തുടര്‍ന്ന്‌ ആ വക്താവ്‌ (കൂടെയുള്ളവരോട്‌) പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?(54)എന്നിട്ട്‌ അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണും.(55)അദ്ദേഹം (അവനോട്‌) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.(56)എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു.(57)(സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ(58)നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.(59)തീര്‍ച്ചയായും ഇതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.(60)ഇതുപോലെയുള്ളതിന്‌ വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌.(61)അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?(62)തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക്‌ ഒരു പരീക്ഷണമാക്കിയിരിക്കുന്നു.(63)നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.(64)അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.(65)തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും.(66)പിന്നീട്‌ അവര്‍ക്ക്‌ അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്‌.(67)പിന്നീട്‌ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാകുന്നു.(68)
Surah No:45
Al-Jaathiya
15 - 15
വല്ലവനും നല്ലത്‌ പ്രവര്‍ത്തിച്ചാല്‍ അത്‌ അവന്‍റെ ഗുണത്തിന്‌ തന്നെയാകുന്നു. വല്ലവനും തിന്‍മ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ദോഷവും അവന്‌ തന്നെ. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌.(15)
Surah No:46
Al-Ahqaf
20 - 20
സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട്‌ പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട്‌ സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്‍റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായും ഇന്നു നിങ്ങള്‍ക്ക്‌ അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു.(20)
Surah No:54
Al-Qamar
1 - 2
ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു.(1)ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത്‌ നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന്‌ അവര്‍ പറയുകയും ചെയ്യും.(2)
Surah No:70
Al-Ma'aarij
43 - 44
അതായത്‌ അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട്‌ പോകുന്നത്‌ പോലെ ഖബ്‌റുകളില്‍ നിന്ന്‌ പുറപ്പെട്ടു പോകുന്ന ദിവസം.(43)അവരുടെ കണ്ണുകള്‍ കീഴ്പോട്ട്‌ താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ്‌ അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടിരുന്ന ദിവസം.(44)
Surah No:75
Al-Qiyaama
1 - 4
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.(1)കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.(2)മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?(3)അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.(4)
Surah No:78
An-Naba
38 - 40
റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന്‌ സംസാരിക്കുകയില്ല.(38)അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.(39)ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത്‌ നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.(40)
Surah No:81
At-Takwir
1 - 14
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,(1)നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,(2)പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,(3)പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,(4)വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,(5)സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,(6)ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,(7)(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,(8)താന്‍ എന്തൊരു കുറ്റത്തിനാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌.(9)(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.(10)ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍(11)ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.(12)സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.(13)ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത്‌ എന്തെന്ന്‌ അറിയുന്നതാണ്‌.(14)
Surah No:82
Al-Infitaar
1 - 5
ആകാശം പൊട്ടി പിളരുമ്പോള്‍.(1)നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.(2)സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.(3)ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍(4)ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട്‌ മേറ്റീവ്ച്ചതും എന്താണെന്ന്‌ അറിയുന്നതാണ്‌.(5)
Surah No:82
Al-Infitaar
13 - 19
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.(13)തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും(14)പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന്‌ എരിയുന്നതാണ്‌.(15)അവര്‍ക്ക്‌ അതില്‍ നിന്ന്‌ മാറി നില്‍ക്കാനാവില്ല.(16)പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?(17)വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?(18)ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.(19)
Surah No:84
Al-Inshiqaaq
1 - 5
ആകാശം പിളരുമ്പോള്‍,(1)അത്‌ അതിന്‍റെ രക്ഷിതാവിന്‌ കീഴ്പെടുകയും ചെയ്യുമ്പോള്‍-അത്‌ (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.(2)ഭൂമി നീട്ടപ്പെടുമ്പോള്‍(3)അതിലുള്ളത്‌ അത്‌ (പുറത്തേക്ക്‌) ഇടുകയും, അത്‌ കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,(4)അതിന്‍റെ രക്ഷിതാവിന്‌ അത്‌ കീഴ്പെടുകയും ചെയ്യുമ്പോള്‍- അത്‌ (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.(5)
Surah No:88
Al-Ghaashiya
1 - 16
(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?(1)അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും(2)പണിയെടുത്ത്‌ ക്ഷീണിച്ചതുമായിരിക്കും.(3)ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.(4)ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന്‌ അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.(5)ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല.(6)അത്‌ പോഷണം നല്‍കുകയില്ല. വിശപ്പിന്‌ ശമനമുണ്ടാക്കുകയുമില്ല.(7)ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.(8)അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(9)ഉന്നതമായ സ്വര്‍ഗത്തില്‍.(10)അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.(11)അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.(12)അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,(13)തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,(14)അണിയായി വെക്കപ്പെട്ട തലയണകളും,(15)വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.(16)
Surah No:99
Az-Zalzala
1 - 8
ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .(1)ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,(2)അതിന്‌ എന്തുപറ്റി എന്ന്‌ മനുഷ്യന്‍ പറയുകയും ചെയ്താല്‍.(3)അന്നേ ദിവസം അത്‌ (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.(4)നിന്‍റെ രക്ഷിതാവ്‌ അതിന്‌ ബോധനം നല്‍കിയത്‌ നിമിത്തം.(5)അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.(6)അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത്‌ കാണും.(7)ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.(8)