പിശാചിന്റെ ചെയ്തികള്‍ മനുഷ്യന്നു താക്കീത്

[ 12 - Aya Sections Listed ]
Surah No:7
Al-A'raaf
26 - 28
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌.(26)ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന്‌ പുറത്താക്കിയത്‌ പോലെ പിശാച്‌ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക്‌ കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന്‌ അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.(27)അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍, ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട്‌ കല്‍പിച്ചതാണത്‌ എന്നുമാണവര്‍ പറയുക. (നബിയേ,) പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക്‌ വിവരമില്ലാത്തത്‌ പറഞ്ഞുണ്ടാക്കുകയാണോ?(28)
Surah No:14
Ibrahim
22 - 22
കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞാല്‍ പിശാച്‌ പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്‌ ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട്‌ വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട്‌ (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക്‌ നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക്‌ ഉത്തരം നല്‍കി എന്ന്‌ മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക്‌ നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക്‌ എന്നെയും സഹായിക്കാനാവില്ല. മുമ്പ്‌ നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌.(22)
Surah No:15
Al-Hijr
31 - 43
ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.(31)അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം?(32)അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.(33)അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.(34)തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.(35)അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ.(36)അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.(37)ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ.(38)അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.(39)അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.(40)അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക്‌ നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌.(41)തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.(42)തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു.(43)
Surah No:17
Al-Israa
53 - 62
നീ എന്‍റെ ദാസന്‍മാരോട്‌ പറയുക; അവര്‍ പറയുന്നത്‌ ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും പിശാച്‌ അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച്‌ മനുഷ്യന്ന്‌ പ്രത്യക്ഷ ശത്രുവാകുന്നു.(53)നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളോട്‌ കരുണ കാണിക്കും.അല്ലെങ്കില്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേല്‍ മേല്‍നോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.(54)നിന്‍റെ രക്ഷിതാവ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക്‌ ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്‌. ദാവൂദിന്‌ നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു.(55)(നബിയേ,) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച്‌ പോന്നവരെ നിങ്ങള്‍ വിളിച്ച്‌ നോക്കൂ. നിങ്ങളില്‍ നിന്ന്‌ ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല.(56)അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട്‌ ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.(57)ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന്‌ മുമ്പായി നാം നശിപ്പിച്ച്‌ കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത്‌ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു.(58)നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന്‌ നമുക്ക്‌ തടസ്സമായത്‌ പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നത്‌ മാത്രമാണ്‌. നാം ഥമൂദ്‌ സമുദായത്തിന്‌ പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട്‌ ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട്‌ അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌.(59)തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന്‌ നാം നിന്നോട്‌ പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്‌. നിനക്ക്‌ നാം കാണിച്ചുതന്ന ആ ദര്‍ശനത്തെ നാം ജനങ്ങള്‍ക്ക്‌ ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്‌. ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു.) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ വലിയ ധിക്കാരം മാത്രമാണ്‌ അത്‌ അവര്‍ക്ക്‌ വര്‍ദ്ധിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്‌.(60)നിങ്ങള്‍ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ.അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന്‌ ഞാന്‍ പ്രണാമം ചെയ്യുകയോ?(61)അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും.(62)
Surah No:18
Al-Kahf
50 - 50
നാം മലക്കുകളോട്‌ നിങ്ങള്‍ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ്‌ ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട്‌ അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക്‌ (അല്ലാഹുവിന്‌) പകരം കിട്ടിയത്‌ വളരെ ചീത്ത തന്നെ.(50)
Surah No:22
Al-Hajj
52 - 53
നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത്‌ ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച്‌ (തന്‍റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍ പിശാച്‌ ചെലുത്തിവിടുന്നത്‌ അല്ലാഹു മായ്ച്ചുകളയുകയും, എന്നിട്ട്‌ അല്ലാഹു തന്‍റെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.(52)ആ പിശാച്‌ കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അക്രമികള്‍ (സത്യത്തില്‍ നിന്ന്‌) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു.(53)
Surah No:24
An-Noor
21 - 21
സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്‌. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്‌) കല്‍പിക്കുന്നത്‌ നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.(21)
Surah No:34
Saba
20 - 20
തീര്‍ച്ചയായും തന്‍റെ ധാരണ ശരിയാണെന്ന്‌ ഇബ്ലീസ്‌ അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ.(20)
Surah No:38
Saad
75 - 85
അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട്‌ ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന്‌ നിനക്കെന്ത്‌ തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ?(75)അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു.(76)അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.(77)തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌.(78)അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ.(79)(അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.(80)നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ.(81)അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.(82)അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ(83)അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ-(84)നിന്നെയും അവരില്‍ നിന്ന്‌ നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.(85)
Surah No:43
Az-Zukhruf
36 - 38
പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക്‌ വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട്‌ അവന്‍ (പിശാച്‌) അവന്ന്‌ കൂട്ടാളിയായിരിക്കും(36)തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്യും.(37)അങ്ങനെ നമ്മുടെ അടുത്ത്‌ വന്നെത്തുമ്പോള്‍ (തന്‍റെ കൂട്ടാളിയായ പിശാചിനോട്‌) അവന്‍ പറയും: എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമനസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോള്‍ ആ കൂട്ടുകാരന്‍ എത്ര ചീത്ത!(38)
Surah No:50
Qaaf
27 - 27
അവന്‍റെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു.(27)
Surah No:59
Al-Hashr
16 - 16
പിശാചിന്‍റെ അവസ്ഥ പോലെ തന്നെ. മനുഷ്യനോട്‌, നീ അവിശ്വാസിയാകൂ എന്ന്‌ അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്‌) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന്‌ വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു.(16)