അഹങ്കാരം

[ 18 - Aya Sections Listed ]
Surah No:2
Al-Baqara
34 - 34
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു.(34)
Surah No:7
Al-A'raaf
36 - 36
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ്‌ നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.(36)
Surah No:7
Al-A'raaf
40 - 40
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന്‌ പോകുന്നത്‌ വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ്‌ നാം കുറ്റവാളികള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.(40)
Surah No:7
Al-A'raaf
146 - 146
ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച്‌ കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്‌ ഞാന്‍ തിരിച്ചുകളയുന്നതാണ്‌. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ലണേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത്‌ മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച്‌ തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമാണത്‌.(146)
Surah No:8
Al-Anfaal
47 - 47
ഗര്‍വ്വോട്‌ കൂടിയും, ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന്‌ ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്‌. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.(47)
Surah No:9
At-Tawba
25 - 25
തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും (സഹായിച്ചു.) അതായത്‌ നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത്‌ നിങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക്‌ ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം.(25)
Surah No:15
Al-Hijr
33 - 33
അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.(33)
Surah No:17
Al-Israa
37 - 37
നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക്‌ ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക്‌ പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച.(37)
Surah No:18
Al-Kahf
32 - 44
നീ അവര്‍ക്ക്‌ ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട്‌ പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക്‌ നാം രണ്ട്‌ മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട്‌ വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി.(32)ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു.(33)അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട്‌ സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ്‌ നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും.(34)സ്വന്തത്തോട്‌ തന്നെ അന്യായം പ്രവര്‍ത്തിച്ച്‌ കൊണ്ട്‌ അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച്‌ പോകുമെന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല.(35)അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന്‌ ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക്‌ ലഭിക്കുക തന്നെ ചെയ്യും.(36)അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട്‌ നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ?(37)എന്നാല്‍ (എന്‍റെ വിശ്വാസമിതാണ്‌.) അവന്‍ അഥവാ അല്ലാഹുവാകുന്നു എന്‍റെ രക്ഷിതാവ്‌. എന്‍റെ രക്ഷിതാവിനോട്‌ യാതൊന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(38)നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, ഇത്‌ അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന്‌ നിനക്ക്‌ പറഞ്ഞ്‌ കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍.(39)എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നിന്‍റെ തോട്ടത്തെക്കാള്‍ നല്ലത്‌ നല്‍കി എന്ന്‌ വരാം. നിന്‍റെ തോട്ടത്തിന്‍റെ നേരെ അവന്‍ ആകാശത്ത്‌ നിന്ന്‌ ശിക്ഷ അയക്കുകയും, അങ്ങനെ അത്‌ ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന്‌ വരാം.(40)അല്ലെങ്കില്‍ അതിലെ വെള്ളം നിനക്ക്‌ ഒരിക്കലും തേടിപ്പിടിച്ച്‌ കൊണ്ട്‌ വരുവാന്‍ കഴിയാത്ത വിധം വറ്റിപ്പോയെന്നും വരാം.(41)അവന്‍റെ ഫലസമൃദ്ധി (നാശത്താല്‍) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങള്‍) അവയുടെ പന്തലുകളോടെ വീണടിഞ്ഞ്‌ കിടക്കവെ താന്‍ അതില്‍ ചെലവഴിച്ചതിന്‍റെ പേരില്‍ അവന്‍ (നഷ്ടബോധത്താല്‍) കൈ മലര്‍ത്തുന്നവനായിത്തീര്‍ന്നു. എന്‍റെ രക്ഷിതാവിനോട്‌ ആരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ അവന്‍ പറയുകയും ചെയ്ത്കൊണ്ടിരുന്നു.(42)അല്ലാഹുവിന്‌ പുറമെ യാതൊരു കക്ഷിയും അവന്ന്‌ സഹായം നല്‍കുവാനുണ്ടായില്ല. അവന്ന്‌ (സ്വയം) അതിജയിക്കുവാന്‍ കഴിഞ്ഞതുമില്ല.(43)യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിന്നത്രെ അവിടെ രക്ഷാധികാരം. നല്ല പ്രതിഫലം നല്‍കുന്നവനും നല്ല പര്യവസാനത്തിലെത്തുക്കുന്നവനും അവനത്രെ.(44)
Surah No:28
Al-Qasas
76 - 82
തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട്‌ അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന്‌ നല്‍കിയിരുന്നു. അവനോട്‌ അവന്‍റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.(76)അല്ലാഹു നിനക്ക്‌ നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന്‌ നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക്‌ നന്‍മ ചെയ്തത്‌ പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന്‌ മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല.(77)ഖാറൂന്‍ പറഞ്ഞു: എന്‍റെ കൈവശമുള്ള വിദ്യകൊണ്ട്‌ മാത്രമാണ്‌ എനിക്കിതു ലഭിച്ചത്‌. എന്നാല്‍ അവന്നു മുമ്പ്‌ അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്‌ അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട്‌ അന്വേഷിക്കപ്പെടുന്നതല്ല.(78)അങ്ങനെ അവന്‍ ജനമദ്ധ്യത്തിലേക്ക്‌ ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത്‌ കണ്ടിട്ട്‌ ഇപ്രകാരം പറഞ്ഞു: ഖാറൂന്‌ ലഭിച്ചത്‌ പോലുള്ളത്‌ ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ!(79)ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അല്ലാഹുവിന്‍റെ പ്രതിഫലമാണ്‌ കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത്‌ നല്‍കപ്പെടുകയില്ല.(80)അങ്ങനെ അവനെയും അവന്‍റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‌ പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല.(81)ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്‌) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അതു) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട്‌ അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല.(82)
Surah No:29
Al-Ankaboot
39 - 40
ഖാറൂനെയും, ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു.) വ്യക്തമായ തെളിവുകളും കൊണ്ട്‌ മൂസാ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച്‌ നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായില്ല.(39)അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന്‌ നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ്‌ അയക്കുകയാണ്‌ ചെയ്തത്‌. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു.അല്ലാഹു അവരോട്‌ അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവര്‍ അവരോട്‌ തന്നെ അക്രമം ചെയ്യുകയായിരുന്നു.(40)
Surah No:31
Luqman
18 - 18
നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക്‌ നിന്‍റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.(18)
Surah No:38
Saad
72 - 75
അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന്‌ ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന്‌ പ്രണാമം ചെയ്യുന്നവരായി വീഴണം.(72)അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു;(73)ഇബ്ലീസ്‌ ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.(74)അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട്‌ ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന്‌ നിനക്കെന്ത്‌ തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ?(75)
Surah No:39
Az-Zumar
49 - 49
എന്നാല്‍ മനുഷ്യന്‌ വല്ല ദോഷവും ബാധിച്ചാല്‍ നമ്മോടവന്‍ പ്രാര്‍ത്ഥിക്കുന്നു. പിന്നീട്‌ നാം അവന്ന്‌ നമ്മുടെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താല്‍ അവന്‍ പറയും; അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെ യാണ്‌ തനിക്ക്‌ അത്‌ നല്‍കപ്പെട്ടിട്ടുള്ളത്‌ എന്ന്‌. പക്ഷെ, അത്‌ ഒരു പരീക്ഷണമാകുന്നു. എന്നാല്‍ അവരില്‍ അധികപേരും അത്‌ മനസ്സിലാക്കുന്നില്ല.(49)
Surah No:39
Az-Zumar
51 - 51
അങ്ങനെ അവര്‍ സമ്പാദിച്ചിരുന്നതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്ക്‌ ബാധിച്ചു. ഇക്കൂട്ടരില്‍ നിന്ന്‌ അക്രമം ചെയ്തിട്ടുള്ളവര്‍ക്കും തങ്ങള്‍ സമ്പാദിച്ചതിന്‍റെ ദൂഷ്യങ്ങള്‍ ബാധിക്കാന്‍ പോകുകയാണ്‌. അവര്‍ക്ക്‌ (നമ്മെ) തോല്‍പിച്ചു കളയാനാവില്ല.(51)
Surah No:40
Al-Ghaafir
75 - 76
ന്യായമില്ലാതെ നിങ്ങള്‍ ഭൂമിയില്‍ ആഹ്ലാദം കൊണ്ടിരുന്നതിന്‍റെയും, ഗര്‍വ്വ്‌ നടിച്ചിരുന്നതിന്‍റെയും ഫലമത്രെ അത്‌.(75)നരകത്തിന്‍റെ കവാടങ്ങളിലൂടെ അതില്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാര്‍പ്പിടം ചീത്ത തന്നെ. (എന്ന്‌ അവരോട്‌ പറയപ്പെടും.)(76)
Surah No:45
Al-Jaathiya
7 - 10
വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം.(7)അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക്‌ ഓതികേള്‍പിക്കപ്പെടുന്നത്‌ അവന്‍ കേള്‍ക്കുകയും എന്നിട്ട്‌ അത്‌ കേട്ടിട്ടില്ലാത്തത്‌ പോലെ അഹങ്കാരിയായിക്കൊണ്ട്‌ ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന്‌ വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.(8)നമ്മുടെ തെളിവുകളില്‍ നിന്ന്‌ വല്ലതും അവന്‍ അറിഞ്ഞാലോ അവനത്‌ ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ.(9)അവരുടെ പുറകെ നരകമുണ്ട്‌. അവര്‍ സമ്പാദിച്ചു വെച്ചിട്ടുള്ളതോ, അല്ലാഹുവിനു പുറമെ അവര്‍ സ്വീകരിച്ചിട്ടുള്ള രക്ഷാധികാരികളോ അവര്‍ക്ക്‌ ഒട്ടും പ്രയോജനം ചെയ്യുകയില്ല. അവര്‍ക്കാണ്‌ കനത്ത ശിക്ഷയുള്ളത്‌.(10)
Surah No:75
Al-Qiyaama
5 - 6
പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.(5)എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.(6)