പാപഭാരം ആര്‍ക്കും ഏറ്റെടുക്കാന്‍ കഴിയില്ല

[ 4 - Aya Sections Listed ]
Surah No:6
Al-An'aam
164 - 164
പറയുക: രക്ഷിതാവായിട്ട്‌ അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത്‌ വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക്‌ മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ്‌ നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്‌.(164)
Surah No:7
Al-A'raaf
13 - 15
അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്‌ അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു.(13)അവന്‍ പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി നല്‍കേണമേ.(14)അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.(15)
Surah No:39
Az-Zumar
7 - 41
നിങ്ങള്‍ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന്‌ മുക്തനാകുന്നു. തന്‍റെ ദാസന്‍മാര്‍ നന്ദികേട്‌ കാണിക്കുന്നത്‌ അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട്‌ അത്‌ വഴി അവന്‍ സംതൃപ്തനായിരിക്കുന്നതാണ്‌. പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ വിവരം അറിയിക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിവുള്ളവനാകുന്നു.(7)മനുഷ്യന്‌ വല്ല വിഷമവും ബാധിച്ചാല്‍ അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക്‌ താഴ്മയോടെ മടങ്ങിക്കൊണ്ട്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ തന്‍റെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന്‌ പ്രദാനം ചെയ്താല്‍ ഏതൊന്നിനായി അവന്‍ മുമ്പ്‌ പ്രാര്‍ത്ഥിച്ചിരുന്നുവോ അതവന്‍ മറന്നുപോകുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ വഴിതെറ്റിച്ച്‌ കളയുവാന്‍ വേണ്ടി അവന്ന്‌ സമന്‍മാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അല്‍പകാലം നിന്‍റെ ഈ സത്യനിഷേധവും കൊണ്ട്‌ സുഖിച്ചു കൊള്ളുക. തീര്‍ച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു.(8)അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട്‌ സാഷ്ടാംഗം ചെയ്തും, നിന്നു പ്രാര്‍ത്ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.(9)പറയുക: വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ്‌ സല്‍ഫലമുള്ളത്‌. അല്ലാഹുവിന്‍റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌.(10)പറയുക: കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനെ ആരാധിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌(11)ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക്‌ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു.(12)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ പേടിക്കുന്നു.(13)പറയുക: അല്ലാഹുവെയാണ്‌ ഞാന്‍ ആരാധിക്കുന്നത്‌. ; എന്‍റെ കീഴ്‌വണക്കം അവന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌.(14)എന്നാല്‍ നിങ്ങള്‍ അവന്നു പുറമെ നിങ്ങള്‍ ഉദ്ദേശിച്ചതിന്‌ ആരാധന ചെയ്തുകൊള്ളുക. പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ്‌ വ്യക്തമായ നഷ്ടം(15)അവര്‍ക്ക്‌ അവരുടെ മുകള്‍ ഭാഗത്ത്‌ തിയ്യിന്‍റെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട്‌ തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്‌. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍.(16)ദുര്‍മൂര്‍ത്തിയെ -അതിനെ ആരാധിക്കുന്നത്‌- വര്‍ജ്ജിക്കുകയും, അല്ലാഹുവിലേക്ക്‌ വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ സന്തോഷവാര്‍ത്ത. അതിനാല്‍ എന്‍റെ ദാസന്‍മാര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.(17)അതായത്‌ വാക്ക്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത്‌ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്‌ .അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍.(18)അപ്പോള്‍ വല്ലവന്‍റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിനക്ക്‌ സഹായിക്കാനാകുമോ?) അപ്പോള്‍ നരകത്തിലുള്ളവനെ നിനക്ക്‌ രക്ഷപ്പെടുത്താനാകുമോ?(19)പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചവരാരോ അവര്‍ക്കാണ്‌ മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.(20)നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത്‌ ഉണങ്ങിപോകുന്നു. അപ്പോള്‍ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീട്‌ അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക്‌ ഒരു ഗുണപാഠമുണ്ട്‌.(21)അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന്‌ അകന്ന്‌ ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.(22)അല്ലാഹുവാണ്‌ ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക്‌ പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട്‌ അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന്‌ വഴി കാട്ടാന്‍ ആരും തന്നെയില്ല.(23)എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട്‌ തടുക്കേണ്ടിവരുന്ന ഒരാള്‍ (അന്ന്‌ നിര്‍ഭയനായിരിക്കുന്നവനെ പോലെ ആകുമോ?) നിങ്ങള്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നത്‌, നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. എന്ന്‌ അക്രമികളോട്‌ പറയപ്പെടുകയും ചെയ്യും.(24)അവര്‍ക്ക്‌ മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക്‌ ശിക്ഷ വന്നെത്തി.(25)അങ്ങനെ ഐഹികജീവിതത്തില്‍ അല്ലാഹു അവര്‍ക്ക്‌ അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്‌. അവര്‍ അത്‌ മനസ്സിലാക്കിയിരുന്നെങ്കില്‍!(26)തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്‌; അവര്‍ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.(27)അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ഖുര്‍ആന്‍. അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി.(28)അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ്‌ അവന്‍റെ യജമാനന്‍മാര്‍. ഒരു യജമാനന്‌ മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന്‌ സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.(29)തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.(30)പിന്നീട്‌ നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ച്‌ വഴക്ക്‌ കൂടുന്നതാണ്‌.(31)അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക്‌ വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം?(32)സത്യവും കൊണ്ട്‌ വരുകയും അതില്‍ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാര്‍ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവര്‍.(33)അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം.(34)അവര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന്‌ ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരില്‍ നിന്ന്‌ മായ്ച്ചുകളയും. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതനുസരിച്ച്‌ അവര്‍ക്കവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും.(35)തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ? അവന്ന്‌ പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന്‌ വഴി കാട്ടാന്‍ ആരുമില്ല.(36)വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?(37)ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എനിക്ക്‌ വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക്‌ അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക്‌ അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.(38)പറയുക: എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്ക്‌ അറിയുമാറാകും;(39)അപമാനകരമായ ശിക്ഷ വന്നെത്തുന്നതും, ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആര്‍ക്കാണെന്ന്‌.(40)തീര്‍ച്ചയായും നാം മനുഷ്യര്‍ക്ക്‌ വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്‍റെ മേല്‍ ഇറക്കിത്തന്നിരിക്കുന്നു. ആകയാല്‍ വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അത്‌ അവന്‍റെ ഗുണത്തിന്‌ തന്നെയാണ്‌. വല്ലവനും വഴിപിഴച്ചു പോയാല്‍ അവന്‍ വഴിപിഴച്ചു പോകുന്നതിന്‍റെ ദോഷവും അവന്‌ തന്നെ. നീ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല.(41)
Surah No:53
An-Najm
38 - 39
അതായത്‌ പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,(38)മനുഷ്യന്ന്‌ താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.(39)