നന്ദികേട്

[ 7 - Aya Sections Listed ]
Surah No:16
An-Nahl
112 - 112
അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത്‌ സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട്‌ ആ രാജ്യം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നത്‌ നിമിത്തം വിശപ്പിന്‍റെയും ഭയത്തിന്‍റെയും ഉടുപ്പ്‌ അല്ലാഹു ആ രാജ്യത്തിന്‌ അനുഭവിക്കുമാറാക്കി.(112)
Surah No:18
Al-Kahf
32 - 36
നീ അവര്‍ക്ക്‌ ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട്‌ പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക്‌ നാം രണ്ട്‌ മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട്‌ വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി.(32)ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു.(33)അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട്‌ സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ്‌ നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും.(34)സ്വന്തത്തോട്‌ തന്നെ അന്യായം പ്രവര്‍ത്തിച്ച്‌ കൊണ്ട്‌ അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച്‌ പോകുമെന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല.(35)അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന്‌ ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക്‌ ലഭിക്കുക തന്നെ ചെയ്യും.(36)
Surah No:27
An-Naml
40 - 40
വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക്‌ തിരിച്ചുവരുന്നതിന്‌ മുമ്പായി ഞാനത്‌ താങ്കള്‍ക്ക്‌ കൊണ്ടു വന്ന്‌ തരാം. അങ്ങനെ അത്‌ (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട്‌ തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു.(40)
Surah No:28
Al-Qasas
58 - 58
സ്വന്തം ജീവിതസുഖത്തില്‍ മതിമറന്ന്‌ അഹങ്കരിച്ച എത്രരാജ്യങ്ങള്‍ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്കു ശേഷം അപൂര്‍വ്വമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി (അവയുടെ) അവകാശി.(58)
Surah No:31
Luqman
12 - 12
ലുഖ്മാന്‌ നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട്‌ നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ്‌ അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. (എന്ന്‌ അദ്ദേഹത്തോട്‌ നാം അനുശാസിച്ചു.)(12)
Surah No:34
Saba
15 - 16
തീര്‍ച്ചയായും സബഅ്‌ ദേശക്കാര്‍ക്ക്‌ തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്‌, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട്‌ പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ്‌ തന്ന ഉപജീവനത്തില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട്‌ നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.(15)എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്‌ കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട്‌ തോട്ടങ്ങള്‍ക്ക്‌ പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട്‌ തോട്ടങ്ങള്‍ നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്തു.(16)
Surah No:44
Ad-Dukhaan
25 - 25
എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ്‌ അവര്‍ വിട്ടേച്ചു പോയത്‌.!(25)